/indian-express-malayalam/media/media_files/5Vy8iVkOs3FKa6PBrHBq.jpg)
ഗംഗാവലി പുഴയുടെ അടിയിൽ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഷിരൂർ: കുത്തിയൊലിച്ച് ഒഴുകുന്ന ഗംഗാവലി പുഴയിൽ അർജൂന് വേണ്ടിയുള്ള തിരച്ചിൽ ഞായറാഴ്ചയും തുടരുന്നു. നീണ്ട പതിമൂന്ന് ദിവസം തിരച്ചിൽ നടത്തിയിട്ടും അർജുനെ കണ്ടെത്താൻ ദൗത്യസംഘത്തിന് ആയിട്ടില്ല. കിട്ടാവുന്ന എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ചുള്ള തിരച്ചിൽ. നാവിക സേനയ്ക്കൊപ്പം പ്രാദേശിക മുങ്ങൽ വിദഗ്ധനായ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തിയുള്ള പഴുതടച്ച പരിശോധന. ലക്ഷ്യം ഒന്ന് മാത്രം, അർജുനെ കണ്ടെത്തണം. സർവ്വരും ഒത്തൊരുമിച്ചുള്ള രക്ഷാദൗത്യം ഞായറാഴ്ചയും തുടരുന്നു.
ഡ്രഡ്ജർ പുഴയിലെത്തിച്ചാണ് ഇന്നത്തെ പരിശോധന. രണ്ടു ദിവസമായി പ്രദേശത്ത് മഴയില്ലാത്തതിനാൽ രക്ഷാദൗത്യം ഇന്ന് കൂടുതൽ സുഗമമായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാൻവാർ എംഎൽഎ സതീശ് സെയിൽ പറഞ്ഞു. മഴയിലും മണ്ണിടിച്ചിലിലും വ്യാപകമായി കല്ലും മരങ്ങളും പുഴയിൽ പതിച്ചിട്ടുണ്ട്. അതിനൊപ്പം വനത്തിനുള്ളിൽ മഴ പെയ്യുന്നതിനാൽ നദിയിലെ വെള്ളം കലങ്ങിമറിഞ്ഞ സ്ഥിതിയിലും. രക്ഷാപ്രവർത്തനത്തിന് പ്രധാന വെല്ലുവിളി ഇതാണെന്ന് എംഎൽഎ കൂട്ടിചേർത്തു.
ജീവൻ പണയം വെച്ചുള്ള തിരച്ചിൽ
നദിയിൽ നിന്ന് നാലാമത്തെ സിഗ്‌നൽ ലഭിച്ചിടത്തായിരുന്നു ശനിയാഴ്ച പ്രധാനമായും തിരച്ചിൽ നടത്തിയത്. സിഗ്‌നൽ ലഭിച്ച സ്ഥലങ്ങൾ, നദിയിൽ മൺകൂഞ്ഞ രൂപപ്പെട്ട സ്ഥലം എന്നിവടങ്ങളിലെല്ലാം മത്സ്യത്തൊഴിലാളികളും നാവിക സേനയും പരിശോധന നടത്തി. തിരച്ചിൽ സംഘത്തിലെ തലവൻ ഈശ്വർ മൽപെ ശനിയാഴ്ച ഗംഗാവലി നദിയിൽ ആറ് തവണയാണ് മുങ്ങിതപ്പിയത്. എന്നാൽ നദിയിലെ ശക്തമായ അടിയൊഴുക്കും കയവും കാരണം അധികനേരം മുങ്ങിതപ്പാൻ സംഘത്തിന് കഴിഞ്ഞില്ല.
ബോട്ടിന്റെ എഞ്ചിൻ ഓഫാക്കി, നൂറ് കിലോ ഭാരമുള്ള വടം ശരീരത്തിൽ കെട്ടിയാണ് ഈശ്വർ മൽപെ പുഴയിലിറങ്ങി തിരച്ചിൽ നടത്തിയത്. എന്നാൽ, പുഴയിലെ കുത്തൊഴുക്ക് കാരണം ബോട്ടിന്റെ എൻജിൻ നിർത്തി പരിശോധന തുടരാനാകാത്ത സ്ഥിതിയായിരുന്നു. ഇതിനിടയിൽ ഒരുതവണ വടം പൊട്ടി, ഈശ്വർ മൽപെ നദിയിലെ കുത്തൊഴുക്കിൽ അകപെട്ട് പോയെങ്കിലും നാവിക സേന രക്ഷപ്പെടുത്തുകയായിരുന്നു. വൈകീട്ട് ആറരവരെയും പ്രാദേശിക സംഘം തിരച്ചിൽ തുടർന്നെങ്കിലും ഇരുട്ടും കുത്തൊഴുക്കും കാരണം തിരച്ചിൽ മുന്നോട്ട് കൊണ്ടുപോകാനാവാത്ത സ്ഥിതിയായിരുന്നു.
ലോറി പുഴയിൽ തന്നെ
ഗംഗാവലി പുഴയുടെ അടിയിൽ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം. ലോറിയിൽ മനുഷ്യ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കളക്ടർ പറഞ്ഞു. ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണെമന്നും കളക്ടർ പറഞ്ഞു.
അതേ സമയം, പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ തിരച്ചിൽ തുടരുമെന്നും നേവൽ ബേസിൽ നിന്ന് വിദഗ്ധരെ വിട്ടുനൽകാൻ കേന്ദ്രത്തോട് കേരളം ആവശ്യപ്പെടുമെന്നും മന്ത്രി പിഎ മുഹമ്മദ്ദ് റിയാസ് പറഞ്ഞു. പുഴയിൽ സീറോ വിസിബിലിറ്റിയാണെന്നും ആരെയും കുറ്റം പറയാനാകില്ലെന്നും മന്ത്രി എകെ ശശീന്ദ്രനും പറഞ്ഞു.
Read More
- വെല്ലുവിളിയായി അടിയൊഴുക്ക്; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി
- നിപ; നാലുപേരുടെ ഫലം കൂടി നെഗറ്റീവ്
- മഴ തുടരും; മൂന്ന് ജില്ലകളിൽ നാളെ ഓറഞ്ച്
- പുഴയിൽ അടിയൊഴുക്ക് അതിശക്തം, അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ
- തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ച സംഭവം; ആത്മഹത്യയെന്ന് നിഗമനം
- നഗ്ന വീഡിയോ പ്രചരിപ്പിച്ചു; വ്ലോഗറെ കെട്ടിയിട്ട് തല്ലി തമിഴ്നാട്ടിൽ നിന്നെത്തിയ സ്ത്രീകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.