/indian-express-malayalam/media/media_files/9AANz1SMGf4qEjqVzKhU.jpg)
ചിത്രം: സ്ക്രീൻ ഗ്രാബ്
കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മൗനം വെടിഞ്ഞ് മലയാളം സിനിമയിലെ താരസംഘടനയായ 'അമ്മ.' ഹേമ കമ്മറ്റി റിപ്പോർട്ട് പരിപൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും, ശക്തമായ അന്വേഷണം വേണമെന്നും, ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. പുറത്തു വന്നിരിക്കുന്നത് അമ്മയ്ക്കെതിരായ റിപ്പോർട്ട് അല്ലെന്നും, പുകമറ സൃഷ്ടിച്ച് കുറ്റക്കാരല്ലാത്തവരെ നാണം കെടുത്തരുതെന്നും സിദ്ദിഖ് പറഞ്ഞു.
'ഹേമ കമ്മറ്റി റിപ്പോർട്ടിനോടുള്ള അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ പരാതി ഉയർന്നിട്ടുണ്ട്. റിഹേഴ്സലിന്റെ തിരക്കാണ് പ്രതികരണം വൈകാൻ കാരണമായത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളും, ശുപാർശകളും സ്വാഗതാർഹമാണ്. അത് നടപ്പിലാക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടു വർഷം മുൻപ് മന്ത്രി സജി ചെറിയാൻ ചർച്ചയ്ക്ക് വിളിച്ചിരുന്നു. അവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഞങ്ങളുടെ ഭാഗത്തു നിന്നുള്ള നിർദേശം നൽകിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് 'അമ്മ'യ്ക്കെതിരായ റിപ്പോർട്ട് അല്ല. പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത് അമ്മയെ അല്ല. സിനിമ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ച് പഠിക്കാനുള്ള കമ്മറ്റിയാണ് ഹേമ കമ്മറ്റി. സിനിമയിൽ സുരക്ഷതിയായി സ്ത്രീകൾ തൊഴിൽ ചെയ്യണമെന്ന് മറ്റാരെക്കാളും അമ്മയുടെ ആവശ്യമാണെന്ന്' സിദ്ദിഖ് പറഞ്ഞു.
'കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ തീർച്ചയായും പൊലീസ് കേസെടുക്കണം. മലയാളം സിനിമയിലെ എല്ലാവരും കുറ്റക്കാരാണെന്ന തരത്തിൽ പ്രചാരണം ഉണ്ടായതിനെതിരെ മാത്രമാണ് എതിർപ്പ്. എല്ലാ തൊഴിലിടങ്ങളിലും ഇത്തരം ചൂഷണങ്ങളുണ്ട്. അതിൽ അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല.
പവർ ഗ്രൂപ്പിനെ കുറിച്ച് ആരാണ് പറഞ്ഞതെന്ന് അറിയില്ല. അവർക്ക് വേണമെങ്കിൽ വ്യക്തമായിട്ട് പവർ ഗ്രൂപ്പിലെ അംഗങ്ങളെ കുറിച്ച് വെളിപ്പെടുത്താമല്ലോ? താൻ നാൽപതോളം വർഷമായിട്ട് സിനിമയിൽ നിൽക്കുന്നയാളാണ്. ഒരു പവർ ഗ്രൂപ്പും ഉള്ളതായിട്ട് തനിക്ക് അറിയില്ലെന്ന്' സിദ്ദിഖ് പറഞ്ഞു.
സിനിമയിൽ ആരുടെയും അവസരങ്ങൾ വിലക്കിയിട്ടില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. 'അമ്മ സിനിമയിൽ ഒരാളുടെയും അവസരങ്ങൾ വിലക്കിയിട്ടില്ല. 'നടിമാരുടെ പരാതിക്ക് പരിഹാരം കാണാൻ ഏതറ്റം വരെയും പോകുമെന്നും, സിനിമയിൽ മാറ്റം കൊണ്ടിവരേണ്ടത് സർക്കാരാണെന്നും, സിദ്ദിഖ് കൂട്ടിച്ചേർത്തു.
Read More
- കതക് തുറന്നില്ല: സീനുകൾ വെട്ടിച്ചുരുക്കിയെന്ന് വെളിപ്പെടുത്തലുമായി നടി
- ഹേമാ കമ്മിറ്റി റിപ്പോർട്ട്; നിർണായക ഭാഗങ്ങൾ വെട്ടിമാറ്റി
- നിശബ്ദത പരിഹാരമല്ല; ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ലിജോ ജോസ് പെല്ലിശേരി
- പോലീസിൽ പരാതി നൽകേണ്ടതും ഇരകളോ? ചോദ്യവുമായി പാർവ്വതി തിരുവോത്ത്
- വേട്ടക്കാരെ ചേർത്ത് പിടിക്കുന്ന മുഖ്യമന്ത്രി; അന്വേഷണം നടന്നില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കെന്ന് വി.ഡി സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us