/indian-express-malayalam/media/media_files/8xq9V69GBuMXVnHq7G2f.jpg)
ഫൊട്ടോ-സ്ക്രീൻ ഗ്രാബ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ വിമാനങ്ങൾ സർവ്വീസ് റദ്ദാക്കിയതോടെ ദുരിതത്തിലായി യാത്രക്കാർ. നെടുമ്പാശേരിയിൽ നിന്നുള്ള നാലും കണ്ണൂരിൽ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാലും എയർ ഇന്ത്യ വിമാനങ്ങളുമടക്കം പന്ത്രണ്ടോളം സർവ്വീസുകാണ് എയർ ഇന്ത്യ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. ഇതോടെ വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാർ എയർ ഇന്ത്യക്കെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി.
എന്നാൽ പണിമുടക്കിന്റെ ഭാഗമായി ക്യാബിൻ ക്രൂവിലെ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തതാണ് സർവ്വീസുകൾ മുടങ്ങാൻ കാരണമെന്നാണ് എയർ ഇന്ത്യ നൽകുന്ന വിശദീകരണം. വിമാനങ്ങൾ റദ്ദാക്കിയത് ചോദ്യം ചെയ്ത് വ്യോമയാന മന്ത്രാലയം എയർ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോർട്ട് തേടി. പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കാൻ മന്ത്രാലയം ടാറ്റ-ഗ്രൂപ്പ് എയർലൈനിനോട് ആവശ്യപ്പെട്ടു. ഡിജിസിഎ മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രാലയം വിമാനക്കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മാനവ വിഭവശേഷി നയത്തിലെ മാറ്റങ്ങളിൽ പ്രതിഷേധിച്ചാണ് ക്യാബിൻ ക്രൂവിലെ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനേക്കുറിച്ച് രണ്ട് മണിക്കൂർ മുൻപ് മാത്രമാണ് അറിഞ്ഞതെന്ന് എയർ ഇന്ത്യ പ്രതികരിച്ചു. കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി, ഷാർജ, മസ്കറ്റ്, ദമാം വിമാനങ്ങളും കണ്ണൂരിൽ നിന്നുള്ള അബുദാബി, മസ്കറ്റ്, ഷാർജ വിമാനങ്ങളും കൊച്ചി വിമാനത്താവളത്തിൽ ഇന്ന് എത്തേണ്ടിയിരുന്ന നാല് വിമാനങ്ങളും തിരുവനന്തപുരത്ത് എത്തേണ്ട ഒരു വിമാനവുമാണ് റദ്ദാക്കിയത്.
ചൊവ്വാഴ്ച രാത്രി മുതൽ 200-ലധികം ക്യാബിൻ ക്രൂ ജോലിക്കാർ മെഡിക്കൽ ലീവെടുത്തുകൊണ്ടാണ് പണിമുടക്കിലേക്ക് കടന്നത്. രാജ്യത്താകമാനം 80 ഓളം എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ഇതുമൂലം തടസ്സപ്പെട്ടു. പ്രതിദിനം 350-ലധികം ഫ്ലൈറ്റുകളുടെ സർവ്വീസാണ് എയർ ഇന്ത്യ നടത്തുന്നത്. ഈ വർഷത്തെ വേനൽക്കാല ഷെഡ്യൂൾ അനുസരിച്ച് പ്രതിദിനം 400 ഓളം ഫ്ലൈറ്റുകൾ വരെ പോകാനുള്ള സൗകര്യവും എയർലൈൻ ക്രമീകരിച്ചിരുന്നു.
എന്നാൽ ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ടിക്കറ്റ് റീഫണ്ടോ കോംപ്ലിമെന്ററി റീഷെഡ്യൂളോ ഉറപ്പാക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. “റദ്ദാക്കലുകളാൽ ബാധിക്കപ്പെട്ട അതിഥികൾക്ക് പൂർണ്ണമായ റീഫണ്ടോ മറ്റൊരു തീയതിയിലേക്ക് കോംപ്ലിമെന്ററി റീഷെഡ്യൂളോ വാഗ്ദാനം ചെയ്യും. ഇന്ന് ടിക്കറ്റ് എടുത്തിരിക്കുന്ന യാത്രികർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ വിമാനത്തെ പ്രതിസന്ധി ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു, ”എയർലൈനിന്റെ വക്താവ് പറഞ്ഞു.
ഏപ്രിലിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് എംപ്ലോയീസ് യൂണിയൻ, 300 സീനിയർ ക്യാബിൻ ക്രൂ അംഗങ്ങളുടെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ടാറ്റ ഗ്രൂപ്പിനും എയർ ഇന്ത്യ ചെയർമാൻ എൻ ചന്ദ്രശേഖരനും കത്തെഴുതിയിരുന്നു. ജീവനക്കാരോടുള്ള നയങ്ങളിൽ തുല്യത ഉറപ്പാക്കാൻ എയർ ഇന്ത്യ പരാജയപ്പെടുന്നുവെന്നും ഇതിൽ അടിയന്തിര നടപടി ആവശ്യമാണെമന്നും ജീവനക്കാരുടെ സംഘടന എയർ ഇന്ത്യയോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും പരിഗണിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് നിലവിലെ മിന്നൽ സമരമെന്നാണ് സൂചന.
Read More
- കോഴിക്കോട് വെസ്റ്റ് നൈല് പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു
- വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിന്റേയും കെഎസ്ഇബിയുടേയും കെടുകാര്യസ്ഥത; വി.ഡി സതീശൻ
- ഐഎസ്സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
- ചൂട് കുറയുമോ? സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു
- ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പുതുക്കിയ മാർഗനിർദ്ദേശങ്ങൾ ഇവയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us