/indian-express-malayalam/media/media_files/uploads/2018/05/nipah-2018_5largeimg221_May_2018_182705277.jpg)
പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് ചികിൽസയിലുള്ള പതിനാലുകാരന് നിപ സ്ഥിരീകരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. കുട്ടിയുടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലെ ഫലവും പുണെ വൈറോളജി ലാബിലെ പരിശോധന ഫലവും പോസിറ്റീവാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
2018 നുശേഷം ഇത് അഞ്ചാം തവണയാണ് കേരളത്തിൽ നിപ രോഗം സ്ഥിരീകരിക്കുന്നത്. പനി, ഛർദി ഉൾപ്പെടെയുള്ള നിപ ലക്ഷണങ്ങളോടെ വെള്ളിയാഴ്ച വൈകീട്ടാണ് കുട്ടിയെ മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ നിപയെന്ന് സംശയം തോന്നിയതോടെയാണ് സ്രവം പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചത്.
കുട്ടിക്ക് ചെള്ള് പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ചെള്ള് പനി സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറയുന്നു.
നിപ ബാധയെന്ന് സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശിച്ചു. ജില്ലയിൽ ജാഗ്രതാ നിര്‍ദ്ദേശം നൽകി. നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. കൺട്രോൾ റൂം നമ്പറുകൾ- 0483-2732010, 0483-2732050, 0483-2732060, 0483-2732090.
Read Now
- അർജുനായുള്ള തിരച്ചിൽ രാവിലെ പുനരാംരംഭിച്ചു
- അർജുൻ ഇപ്പോഴും കാണാമറയത്ത്; അന്വേഷണം ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് സിദ്ദരാമയ്യയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
- കേരളംവിടുന്ന മലയാളികൾ; 45 ശതമാനവും വിദ്യാർത്ഥികൾ
- ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; സംസ്ഥാനത്ത് കനത്ത മഴ തുടരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.