/indian-express-malayalam/media/media_files/2024/11/02/TdBq76w7AqnWTsGOCN87.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ വൃശ്ചികം രാശിയിൽ അനിഴം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണ പക്ഷത്തിൽ പൂരം മുതൽ വിശാഖം/അനിഴം വരെയുള്ള നക്ഷത്രങ്ങളിലാണ്. ചൊവ്വ നീചരാശിയായ കർക്കടകത്തിൽ പൂയം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ശുക്രൻ ധനുരാശിയിൽ പൂരാടം -ഉത്രാടം നക്ഷത്രങ്ങളിലാണ്. ബുധൻ വൃശ്ചികം രാശിയിൽ കേട്ട നക്ഷത്രത്തിൽ സഞ്ചരിക്കുന്നു.
ശനി കുംഭം രാശിയിലാണ്. വക്രം കഴിഞ്ഞ് നേർഗതിയായി ചതയം നക്ഷത്രത്തിലാണുള്ളത്. വ്യാഴം ഇടവം രാശിയിൽ വക്രഗതിയിലാണ്. നവംബർ 28 ന് മകയിരത്തിൽ നിന്നും രോഹിണിയിൽ പ്രവേശിക്കുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിൽ. കേതു കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലും തുടരുന്നു. ഞായർ മുഴുവനും തിങ്കൾ പ്രഭാതം വരെയും മകരക്കൂറുകാർക്ക് അഷ്ടമരാശിയാണ്. തുടർന്ന് ബുധൻ സായാഹ്നം വരെ കുംഭക്കൂറുകാർക്കാണ്. അതിനുമേൽ ശനി പുലർച്ച വരെ മീനക്കൂറുകാർക്കും തദനന്തരം മേടക്കൂറുകാർക്കും അഷ്ടമരാശിക്കൂറാകുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കാം.
അശ്വതി
അപ്രതീക്ഷിത ഉടച്ചുവാർക്കലുകൾ ഫലം കാണും. പിണക്കങ്ങളേയും വിരോധങ്ങളേയും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകും. പിന്തിരിപ്പൻ എന്നുതോന്നുന്ന ആശയങ്ങളെ പരിഗണിച്ചേക്കില്ല. മനപ്പൂർവ്വം നിസ്സഹകരിക്കുന്നവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുക പാഴ്‌വേലയാവും. പ്രവർത്തന മികവ് അധികാരികളാൽ അഭിനന്ദിക്കപ്പെടും. വ്യക്തിപരമായ സന്തോഷങ്ങളും ഭവിക്കും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ പറ്റുന്ന വാരമാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. ദാമ്പത്യസൗഖ്യം ഉണ്ടാവുന്നതാണ്. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കണം.
ഭരണി
നക്ഷത്രനാഥനായ ശുക്രൻ അനുകൂല നിലയിലാണ്. മനസ്സ് സജീവവും സക്രിയവുമാകും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. പുതിയ കാര്യങ്ങൾ ഉൾക്കൊള്ളാൻ ആത്മാർത്ഥമായ ശ്രമം നടത്തും. പാരമ്പര്യസ്വത്തുക്കൾ അനുഭവാവകാശത്തിൽ എത്തുന്നതാണ്. ആദിത്യൻ അഷ്ടമത്തിൽ സഞ്ചരിക്കുകയാൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. മക്കളുടെ പഠനത്തിലും പ്രവർത്തനത്തിലും ശ്രദ്ധയുണ്ടാവുന്നത് ഉചിതമായിരിക്കും. ദാമ്പത്യത്തിൽ സ്വസ്ഥതയുണ്ടാവും. വിദ്യാർത്ഥികൾക്ക് ആസന്നമായ കലാമത്സരങ്ങൾക്ക് ആവശ്യമായ മുന്നൊരുക്കം നടത്താൻ കഴിഞ്ഞേക്കും.
കാർത്തിക
തൻ്റെ കഴിവുകൾ പ്രദർശിപ്പിക്കാനും അതിലുപരി അവ പ്രയോജനപ്പെടുത്താനും സന്ദർഭം സമാഗതമാവും. മുൻപ് ശ്രമിച്ചു പരാജയപ്പെട്ട കാര്യങ്ങൾ ഇപ്പോൾ അയത്നേന സാധിച്ചെടുക്കുന്നതാണ്. കർമ്മമേഖലയിൽ ഉന്നതാധികാരികളുടെ പ്രോത്സാഹനം ലഭിക്കുന്നതാണ്. ഗാർഹിക രംഗത്ത് അല്പം മനസ്സമാധാനക്കുറവ് വന്നു ചേരാം. അച്ഛനും മകനും തമ്മിൽ അനൈക്യം ഏർപ്പെടാനിടയുണ്ട്. ക്ഷേത്രോത്സവാദികളിൽ മുഖ്യത്വം വഹിക്കും. സുഹൃൽബന്ധങ്ങളിൽ താല്പര്യം കുറയുന്നതാണ്. വാഹനയാത്രയിൽ ശ്രദ്ധയുണ്ടാവണം. കരാറുകൾ വ്യവസ്ഥകൾ മനസ്സിലാക്കാതെ ഏറ്റെടുക്കരുത്.
രോഹിണി
നക്ഷത്രനാഥനായ ചന്ദ്രൻ ക്ഷീണപക്ഷത്തിലാവുകയാൽ തീരുമാനങ്ങൾ ഒട്ടൊക്കെ ദുർബലങ്ങളാവും. യാഥാർത്ഥ്യബോധം കൈമോശം വരാതിരിക്കാൻ ജാഗ്രതയുണ്ടാവണം. മനസ്സിനെ ഒരുതരം ഗ്ളാനി പിടികൂടിയേക്കും. പല ആലോചനകളും അയഥാർത്ഥങ്ങളായി പരിണമിക്കുവാനാണ് സാധ്യതയുളളത്. ഉറപ്പുള്ള കാര്യങ്ങളിൽ പോലും ചിലപ്പോൾ മനസ്സ് ഉറയ്ക്കില്ല. ബിസിനസ്സിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. കുടുംബകാര്യങ്ങൾക്ക് ചെലവേറുന്നതാണ്. സഹോദരരുടെ ജോലിക്കാര്യത്തിനായി യാത്രയുണ്ടാവും. വാഗ്ദാനങ്ങൾ പാലിക്കാത്തവരോട് പിണങ്ങുന്നതാണ്. വിദേശത്ത് വസിക്കുന്നവർക്ക് തൊഴിൽ പരമായി ആശ്വാസം വന്നുചേരും.
മകയിരം
ആത്മവിശ്വാസം അല്പം ചഞ്ചലമാവുന്നതാണ്. മുറുകെ പിടിച്ച പ്രതീക്ഷയ്ക്ക് പതർച്ച വരുന്നതായി തോന്നാം. എന്നാലും ന്യായമായ കാര്യങ്ങൾക്ക് ഭംഗം വരുന്നതല്ല. വ്യാപാരം മെച്ചപ്പെടുന്നതാണ്. കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുടെ വാക്കുകൾ പിന്തുടർന്നേക്കും. ഇടക്കിടെ കടബാധ്യതകളുടെ ഓർമ്മയുണ്ടാവും. പ്രതിമാസ വായ്പാ തിരിച്ചടവുകൾ മുടങ്ങാതെ നോക്കും. എന്നിരുന്നാലും ജീവിതത്തിൻ്റെ സ്വാഭാവിക താളം തുടരപ്പെടുന്നതാണ്. പഠനത്തിലെ ആലസ്യം മാതാപിതാക്കൾക്ക് വിഷമമുണ്ടാക്കിയേക്കും. വസ്തുവിൽപ്പന നീണ്ടേക്കാനിടയുണ്ട്. പറ്റിക്കാൻ ശ്രമിക്കുന്നവരും ഒപ്പമുണ്ടെന്നത് ഓർമ്മയിലുണ്ടാവണം.
തിരുവാതിര
മനസ്സ് മാറ്റത്തിന് കൊതിക്കും. എന്നാൽ ആവർത്തനത്തിൽ നിന്നും പ്രതീക്ഷിച്ച വിധം മാറ്റം ഉണ്ടാവുന്നില്ല എന്നതാവും യാഥാർത്ഥ്യം. ഉന്നതാധികാരികളുടെ ക്രമക്കേടുകൾ സഹപ്രവർത്തകരോട് പങ്കുവെക്കുന്നത് സൂക്ഷിച്ചാവണം. തന്മൂലം ചില തിക്താനുഭവങ്ങൾ വരാനിടയുണ്ട്. സാഹിത്യകാരന്മാർക്ക് രചനയിൽ തടസ്സങ്ങൾ ഉണ്ടായേക്കും. കാലാവസ്ഥയുടെ അനിശ്ചിതത്വം തീർത്ഥയാത്രയെ ബാധിക്കാം. പണവരവ് തൃപ്തികരമായിരിക്കും. പാഴ്ച്ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. സംഭാഷണത്തിൽ പാരുഷ്യം കലരും. വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.
പുണർതം
സ്വന്തം സംരംഭത്തിൻ്റെ അഭ്യുദയത്തിനായി നിരന്തരം പ്രവർത്തിക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട ലൈസൻസും മറ്റും തുടർ ശ്രമങ്ങളിലൂടെ നേടിയെടുക്കും. സാമ്പത്തിക കാര്യങ്ങളിൽ ചെറിയ ആശങ്ക നിലനിൽക്കാം. ഔദ്യോഗികവും വ്യക്തിപരവും ആയ യാത്രകൾ അനിവാര്യമാവും. സഹപ്രവർത്തകരോട് കൂടുതൽ പിന്തുണ ആവശ്യപ്പെടും. ഉന്നത വിദ്യാഭ്യാസത്തിന് സഹായകമായ ഇടക്കാല കോഴ്സുകളിൽ ചേർന്നേക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തുന്നതാണ്. എതിർപ്പുകളെ തൃണവൽഗണിക്കും. ആക്ഷേപങ്ങളിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
പൂയം
മനസ്സ് അചഞ്ചലമാവും. ധൈര്യപൂർവ്വം മുന്നോട്ടുനീങ്ങും. നക്ഷത്രാധിപനായ ശനി നേർഗതി തുടരുകയാൽ തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതാണ്. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിക്കാതെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണ്. വ്യാപാരത്തിൽ സാമാന്യമായ ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് കുറച്ചധികം സമ്മർദങ്ങൾ ഉണ്ടാവുന്നതാണ്. പൂയം നക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ അമിതമായ വൈകാരികക്ഷോഭം ഒഴിവാക്കേണ്ടതുണ്ട്. ബന്ധങ്ങൾ നിലനിർത്തുന്നതിൽ പാളിച്ചകൾ വരാം.
ആയില്യം
അപ്രസക്ത വിഷയങ്ങൾക്കായി ഒരുപാട് ഊർജ്ജം ചെലവഴിച്ചേക്കും. ലക്ഷ്യബോധമില്ലാത്ത യാത്രകൾ നടത്താനിടയുണ്ട്. വസ്ത്രാഭരണാദികൾ പാരിതോഷികമായി ലഭിക്കുന്നതാണ്. ഉന്നതവ്യക്തികളുടെ പരിചയം നേടും. സഹപ്രവർത്തകർക്ക് പ്രായോഗികമായ നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടിക്കൊടുക്കും. ധനകാര്യ മാനേജ്മെൻ്റ് മാതൃകാപരമായി തുടരുന്നതാണ്. ഭാവിയെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നതിൽ സന്തോഷം കണ്ടെത്തും. എന്നാൽ ക്രിയാപരത വേണ്ടത്രയുണ്ടാവില്ല. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത പുലർത്തണം. ബന്ധുമിത്രാദികളോട് കയർത്ത് സംസാരിച്ചേക്കും.
മകം
വാരാദ്യം മനസ്സിനിണങ്ങിയ അതിഥികളുണ്ടാവും. അഥവാ ആതിഥ്യം സ്വീകരിക്കേണ്ടി വരും. സൽക്കാരവും സംഭാഷണവും നവമായ ഊർജ്ജം പകരുന്നതാണ്. ഹൃദയബന്ധം പുഷ്കലമാവും. ഔദ്യോഗികമായി തിരക്കേറുന്നതാണ്. സുപ്രധാന ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടിവരും. പലരുടെയും പിന്തുണ ലഭിക്കുന്നതാണ്. കാര്യസാദ്ധ്യത്തിന് ശുപാർശയുമായി എത്തുന്നവരെ നിരാകരിക്കും. വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാം. അക്കാര്യത്തിൽ കരുതൽ വേണ്ടതാണ്. അനാവശ്യമായ തിടുക്കം ഒഴിവാക്കണം. മകൾക്ക് / മകന് കലാപഠനത്തിന് അവസരം ഒരുക്കുവാനാവും.
പൂരം
സ്വയം മറന്ന സ്വതസ്സിദ്ധമായ കഴിവുകൾ ഓർമ്മവരുന്നതാണ്. സമൂഹത്തിൻ്റെ ശ്രദ്ധ നേടാനാവും. അതിനായി കൃത്രിമ വഴികൾ കൈക്കൊള്ളാതിരിക്കുക ഉചിതമായിരിക്കും. ഗൃഹമോ വാഹനമോ മോടിപിടിപ്പിച്ചേക്കും. ദാമ്പത്യത്തിൽ സ്വൈരവും സ്വൈരക്കേടുകളും ആവർത്തിക്കുന്നതാണ്. ബന്ധങ്ങളുടെ പവിത്രത നിലനിർത്താൻ പരമാവധി ശ്രമിക്കും. കൂട്ടുകാരുടെ സാമ്പത്തികച്ചെലവുള്ള സംരംഭങ്ങളിൽ പങ്കുചേരുന്നത് നല്ലവണ്ണം ആലോചിച്ചിട്ടാവണം. കേതു രണ്ടാം രാശിയിൽ രണ്ടാം നക്ഷത്രത്തിൽ സഞ്ചരിക്കുന്നത് കള്ളം പറയാനോ ചെയ്യിക്കാനോ പ്രേരണയായേക്കും.
ഉത്രം
കേതു ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നതിനാൽ എല്ലാക്കാര്യങ്ങളിലും ശ്രദ്ധയുണ്ടാവണം. അനാവശ്യമായ തിടുക്കവും ഉൽക്കണ്ഠയും ഉപേക്ഷിക്കണം. പുതിയ കൂട്ടുകെട്ടുകളിൽ ശ്രദ്ധ വേണ്ടതുണ്ട്. സാമ്പത്തിക ലാഭത്തിന് വളഞ്ഞവഴികൾ സ്വീകരിക്കുന്നത് അപകടം ഉണ്ടാക്കിയേക്കും. ഔദ്യോഗികമായ ഉയർച്ച എളുപ്പമായേക്കില്ല. ചിങ്ങക്കൂറുകാർക്ക് ചെലവധികരിക്കും. കന്നിക്കൂറുകാർക്ക് ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. ബിസിനസ്സ് യാത്രകൾ കൊണ്ട് സാമാന്യമായ നേട്ടം വരുന്നതാണ്. പ്രണയ ജീവിതത്തിൽ സമ്മർദ്ദം ഭവിച്ചേക്കാം.
അത്തം
അവസരോചിതമായി പെരുമാറാൻ കഴിയുന്നതാണ്. സാമൂഹികമായ സ്വീകാര്യത വർദ്ധിക്കും. ഗാർഹികമായി സ്വസ്ഥതയുണ്ടാവും. അഭിപ്രായം ശക്തമായി പ്രകടിപ്പിക്കുമ്പോഴും അന്യൻ്റെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏകാഗ്രതയുണ്ടാവും. കലാഭിരുചികൾ വികസിപ്പിക്കാൻ സന്ദർഭം സംജാതമാകും. രോഗഗ്രസ്തർക്ക് സുഖാവസ്ഥ വന്നുചേരുന്നതാണ്. കടബാദ്ധ്യതകൾക്ക് പോംവഴി തെളിഞ്ഞേക്കും. അനുബന്ധ തൊഴിൽ കണ്ടെത്തുന്നതിൽ ശ്രമം തുടരേണ്ടിവരും. ആദ്ധ്യാത്മിക സാധനകൾക്ക് നേരം നീക്കിവെക്കുന്നതാണ്.
ചിത്തിര
ധനലാഭയോഗമുള്ള വാരമാണ്. കിട്ടാനുള്ള പണം കൈവശം വന്നുചേരും. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. ഊഹക്കച്ചവടത്തിൽ നിന്നും ആദായം ഉണ്ടാവുന്നതാണ്. വാഗ്ദാനങ്ങൾ പാലിക്കുന്നതിനാൽ സുഹൃത്തുക്കളുടെ ഇടയിൽ സ്വാധീനമേറിയേക്കും. തൊഴിൽ അഭിവൃദ്ധി സാമാന്യമായിട്ടാവും. കമ്മീഷൻ ഏജൻ്റുമാർക്ക് ബിസിനസ്സ് അഭിവൃദ്ധിപ്പെടും. യാത്രകൾ കൂടുകയാൽ ദേഹസൗഖ്യക്കുറവ് ഭവിക്കാം. മട്ടുപ്പാവ് കൃഷിയിൽ ഉത്സാഹമേറുന്നതാണ്. കൃത്യനിഷ്ഠയില്ലാത്തതിനാൽ ഏല്പിച്ച ദൗത്യത്തിൻ്റെ പൂർത്തീകരണം വൈകുന്നതായിരിക്കും.
ചോതി
ഭാവികാര്യങ്ങൾ സംബന്ധിച്ച് വേണ്ടപ്പെട്ടവരുമായി ആശയവിനിമയം നടത്തും. സാങ്കേതിക കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്നതാണ്. സർക്കാരിലേക്ക് അപേക്ഷ നൽകിയ കാര്യങ്ങൾ സഫലമാവാൻ കാത്തിരിക്കേണ്ടി വരുന്നതാണ്. പാർട്ണർഷിപ്പ് ബിസിനസ്സിനോട് മടുപ്പുണ്ടാവും. എന്നാൽ നവസംരംഭങ്ങൾക്ക് ഗ്രഹാനുകൂല്യം ഇല്ലെന്നത് മറക്കരുത്. സഹോദരൻ്റെ ഭവനത്തിലെ മംഗളകർമ്മത്തിൽ പങ്കെടുക്കും. ജീവിത പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ അല്പം ഉൽകണ്ഠയുണ്ടാവും. സുഹൃത്തുക്കളുടെ സമാഗമത്തിന് മുൻകൈയ്യെടുക്കും.
വിശാഖം
ഏതെങ്കിലും ഒരു വിഷയത്തിൽ മനസ്സിനെ കേന്ദ്രീകരിക്കുന്നതിൽ വിഷമിക്കും. പല കാര്യങ്ങൾ; പലതരം പ്രവൃത്തി എന്ന മട്ടുണ്ടാവും. വാരാദ്യം ശുഭവാർത്തകൾ ശ്രവിക്കും. കൈവായ്പ വാങ്ങിയ തുക മടക്കിക്കിട്ടാം. തിരിച്ചടവുകൾ മുടങ്ങില്ല. പ്രതീക്ഷകൾ ഉയരുമെങ്കിലും തുടർദിവസങ്ങളിൽ ഫലം അനുകൂലമാവില്ല. വിരോധികളുടെ പ്രവർത്തനങ്ങളെ തടയാൻ വിഷമിക്കും. ഗൃഹത്തിൽ അനൈക്യം പ്രകടമാവും. ചൊവ്വയും ബുധനും ചെലവ് അധികരിക്കുന്നതാണ്. വ്യാഴാഴ്ച മുതൽ മനസ്സമാധാനം ഉണ്ടായേക്കും. കച്ചവടക്കാർക്ക് വലിയ തോതിലുള്ള ഓർഡർ ലഭിക്കാനിടയുണ്ട്.
അനിഴം
ചിന്തിച്ചെടുക്കുന്ന തീരുമാനങ്ങൾക്ക് നല്ല ഫലം പ്രതീക്ഷിക്കാം. മനസ്സിൻ്റെ ചാഞ്ചാട്ടം ഒഴിവാക്കേണ്ടതുണ്ട്. ആദിത്യൻ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ഉറക്കം കുറയാം. അനാവശ്യമായ ഉൽക്കണ്ഠ അനുഭവപ്പെടും. കലാമത്സരങ്ങൾക്ക് തയ്യാറെടുപ്പ് നടത്തുന്നതാണ്. സാമ്പത്തികമായി സ്വാശ്രയത്വമുണ്ടാവും. വായ്പാ തിരിച്ചടവ് സുഗമമാവും. ഗവേഷണ പ്രബന്ധത്തിലെ നിരീക്ഷണങ്ങൾക്ക് നല്ല സ്വീകാര്യത കൈവരുന്നതാണ്. രാഷ്ട്രീയ പ്രസ്താവനകളോട് വിയോജിപ്പേറിയേക്കും. കുടുംബാംഗങ്ങളുടെ അഭിപ്രായത്തെ മാനിക്കും. തീരുമാനങ്ങളിൽ ഐക്യത പ്രകടമാവും.
തൃക്കേട്ട
ബന്ധങ്ങൾ സുദൃഢമാവാനായി വിട്ടുവീഴ്ചക്കൊരുങ്ങിയേക്കും. സുഹൃത്തുക്കളൊത്ത് ഉല്ലാസയാത്ര ആസൂത്രണം ചെയ്യും. സാമ്പത്തിക പ്രയാസങ്ങൾ കുറഞ്ഞുതുടങ്ങുന്നതാണ്. ഉദ്യോഗസ്ഥരുടെ തൊഴിൽപരമായ സമ്മർദ്ദങ്ങൾക്ക് അയവുണ്ടാകും. മംഗളകർമ്മങ്ങളിലും വിരുന്നുകളിലും കുടുംബ സമേതം പങ്കെടുക്കുന്നതാണ്. സംഘടനകളിൽ മുറുകെ പിടിക്കുന്ന നിലപാടുകൾ വിമർശിക്കപ്പെടാം. രാശിനാഥനായ ചൊവ്വയുടെ നീചസ്ഥിതി ആത്മവിശ്വാസത്തെ ബാധിക്കാനുള്ള സാധ്യത കാണുന്നു. വസ്തുവിൽപ്പനയിൽ കബളിപ്പിക്കപ്പെടാം. വൃദ്ധജനങ്ങൾ ആരോഗ്യപരിശോധനകൾക്ക് മടിക്കരുത്.
മൂലം
സാഹചര്യം അനുകൂലമാകയാൽ ചിന്തിച്ചെടുക്കുന്ന തീരുമാനങ്ങൾ സമർത്ഥമായി പ്രാവർത്തികമാക്കാനാവും. എന്നാൽ ആദിത്യൻ പന്ത്രണ്ടിലുള്ളതിനാൽ അധികാരസ്ഥാനത്തുള്ളവരിൽ നിന്നും എതിർപ്പുണ്ടായേക്കും. ശനിയുടെ നേർഗതി പ്രതികൂലതകളെ മറികടക്കുവാൻ ശക്തിയേകും. തന്നിലും പ്രായമുള്ള വ്യക്തികൾ നല്ലവാക്കുകൾ പറഞ്ഞ് പ്രോത്സാഹിപ്പിക്കാൻ ഉണ്ടാകുന്നതാണ്. ധനാഗമമാർഗം വിപുലമാകും. ജന്മരാശിയിൽ ശുക്രൻ സഞ്ചരിക്കുന്നതിനാൽ ഭൗതികമായ വാഞ്ഛകൾ സഫലമാവുന്നതാണ്. വില കൂടിയ പാരിതോഷികങ്ങൾ ലഭിക്കാം. സുഖഭോഗമുണ്ടാവും.
പൂരാടം
കരുതിയതിലും അധികം കാര്യങ്ങൾ ചെയ്യാനാകുന്ന വാരമാണ്. ആത്മവിശ്വാസം പലനിലയ്ക്കും വർദ്ധിക്കുന്നതാണ്. ജോലിക്കാര്യത്തിൽ കുറച്ചധികം അലച്ചിലുണ്ടാവും. മേലധികാരികളുടെ വാക്കുകൾ വിഷമിപ്പിച്ചേക്കും. പ്രോജക്ടുകൾ കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാക്കുന്നതിന് കഴിയും. പിതാവിന് വൈദ്യസഹായം വേണ്ടിവന്നേക്കാം. കുടുംബത്തിൻ്റെ ചുമതലകൾ കൂടുന്നതുമൂലം അല്പം മനക്ലേശമുണ്ടാവും. ഗൃഹനിർമ്മാണത്തിന് സുഹൃത്തുക്കളിൽ നിന്നും ധനവായ്പ ലഭിച്ചേക്കാം. പ്രണയികൾക്ക് അനുകൂലമായ വാരമാണ്.
ഉത്രാടം
സാധാരണമായ കാര്യങ്ങളിൽ നേട്ടവും വിജയവും കരഗതമാവും. ഔദ്യോഗിക രംഗത്ത് സ്വാധീനമുറപ്പിക്കും. സംഘടനാ കാര്യങ്ങളിൽ തൻ്റെ അഭിപ്രായത്തിലേക്ക് ഒപ്പമുള്ളവരെ കൊണ്ടുവരാനാവും. മാനസികമായി സന്തോഷവും സൗഖ്യവും അനുഭവപ്പെടുന്നതാണ്. കുടുംബകാര്യങ്ങളിൽ ധനുക്കൂറുകാർക്ക് ആശ്വാസം വരാം. എന്നാൽ മകരക്കൂറുകാർക്ക് സ്വൈരക്കേടിന് സാധ്യതയുണ്ട്. മകൻ്റെ ആവശ്യങ്ങൾ ചെലവേറിയതാവും. അവ നിറവേറ്റുന്നതിൽ വൈമുഖ്യം കാട്ടുന്നത് ചില സംഘർഷങ്ങൾ സൃഷ്ടിക്കാം. പണയ വസ്തുവിൻ്റെ തിരച്ചടവിന് ക്ലേശിച്ചേക്കും.
തിരുവോണം
നക്ഷത്രനാഥനായ ചന്ദ്രന് പക്ഷബലഹാനി വരുന്നതിനാൽ മനശ്ശക്തി ദുർബലമാവും. പല കാര്യങ്ങളിലും ഇരട്ട മനസ്സുമൂലം തീരുമാനം എടുക്കാൻ കഴിഞ്ഞേക്കില്ല. യാത്രകൾ കൊണ്ട് നേട്ടം കുറവായിരിക്കും. പാർട്ണർഷിപ്പ് ബിസിനസ്സിൽ മടുപ്പ് ഉണ്ടാവുന്നതാണ്. "ഇങ്ങനെയൊക്കെ മതി" എന്ന് ചിന്തിക്കും. ഉത്കർഷേച്ഛ പിൻവാങ്ങുന്നതാണ്. പ്രണയികൾക്ക് തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതായിരിക്കും. പുതിയ കൂട്ടുകാരെ ലഭിക്കുന്നതാണ്. ഓൺലൈൻ വ്യാപാരത്തിൽ നിന്നും മെച്ചമുണ്ടാവും. ക്ഷമയോടെ കാര്യങ്ങളെ വിലയിരുത്തുന്നതിൽ വിജയിക്കണമെന്നില്ല.
അവിട്ടം
നക്ഷത്രാധിപനായ ചൊവ്വയുടെ ദുർബലതയാൽ അവിട്ടം നാളുകാർക്ക് കർമ്മഗുണസിദ്ധി കുറയുന്നതാണ്. ലക്ഷ്യത്തിലെത്താൻ ആവർത്തിത ശ്രമങ്ങൾ ആവശ്യമായി വന്നേക്കാം. കുടുംബാംഗങ്ങളെ ഏകോപിപ്പിക്കുന്നതിൽ വിജയം എളുപ്പമാവില്ല. മകരക്കൂറുകാർക്ക് മേലധികാരികളുടെ പ്രീതിയുണ്ടാവും. രാഷ്ട്രീയ പ്രവർത്തനത്തിൽ മുന്നേറാൻ കഴിഞ്ഞേക്കും. മത്സരാധിഷ്ഠിത കരാറുകൾ നേടിയെടുക്കുവാനാവും. കുംഭക്കൂറുകാർ ശത്രുക്കളുടെ പ്രവർത്തനങ്ങളെ ചെറുക്കുന്നതാണ്. സഹോദരർ മൂലം നേട്ടങ്ങൾ വരും. റിയൽ എസ്റ്റേറ്റ് വ്യാപാരം ലാഭം നേടും
ചതയം
വാരാദ്യം ചില മനക്ലേശങ്ങൾക്ക് സാധ്യത കാണുന്നു. എന്നാൽ പെട്ടെന്നു തന്നെ പ്രശ്നങ്ങൾ പരിഹരിക്കും. ജീവിതത്തിൻ്റെ സ്വാഭാവികമായ താളം നിലനിർത്താൻ കഴിയുന്നതാണ്. പുതിയ സംരംഭങ്ങൾ മന്ദഗതിയിലാവുന്നതായി തോന്നിയേക്കാം. മറ്റുള്ളവരുടെ ഉപദേശങ്ങൾ ചെവിക്കൊള്ളുകയില്ല. സ്വതസ്സിദ്ധമായ കഴിവുകളിൽ പൂർണമായ തോതിൽ വിശ്വാസമുണ്ടാവും. വിദ്യാർത്ഥികൾ കലാപരമായ കാര്യങ്ങളിൽ തീവ്രപരിശീലനം തുടരുന്നതാണ്. വഴി സംബന്ധിച്ച തർക്കം, വസ്തു തർക്കം മുതലായവയിൽ വിജയമുണ്ടാവും. ധനവരവ് ഉയരും.
പൂരൂരുട്ടാതി
വാരത്തിൻ്റെ തുടക്കത്തിൽ സന്ദിഗ്ദ്ധതയുണ്ടാവും. തീരുമാനങ്ങൾ നീളുവാനിടയുണ്ട്. ക്രമേണ ആശയക്കുഴപ്പത്തിന് സ്വയം പരിഹാരം കണ്ടെത്തും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ / അനുമതി എന്നിവ വൈകാനിടയുണ്ട്. അപരിചിതരുമായി ബിസിനസ്സ് ബന്ധം സ്ഥാപിക്കുന്നത് ശ്രദ്ധയോടെ വേണം. ഏജൻസികളിൽ നിന്നും ധനവരവ് മോശമാവില്ല. സാമ്പത്തിക പ്രശ്നങ്ങളാൽ നിലച്ച ഗൃഹനിർമ്മാണം പുനരാരംഭിക്കാൻ കഴിയുന്നതാണ്. കുട്ടികളുടെ മാനസികോല്ലാസത്തിന് സകുടുംബയാത്ര പ്രയോജനപ്പെടുത്തും. ഞായർ മുതൽ ചൊവ്വ വരെ മേന്മ കുറയുന്ന ദിവസങ്ങളാവും.
ഉത്രട്ടാതി
ഒന്നിൽക്കൂടുതൽ ശ്രമം വിജയത്തിനാവശ്യമായി വരുന്നതാണ്. ആത്മാഭിമാനം ഉപേക്ഷിക്കാൻ തയ്യാറാവാത്തതിനാൽ അവസരങ്ങൾ കുറയും. അർഹതയ്ക്കനുസരിച്ചുള്ള പരിഗണന വേണ്ടത്ര കിട്ടിയേക്കില്ല. പ്രതീക്ഷിച്ച ധനം കൈവശമെത്താത്തതിനാൽ ആർഭാടങ്ങൾ ഒഴിവാക്കുക ഉചിതമാവും. പുതിയ തൊഴിലിനായി ശ്രമം തുടരുന്നതായിരിക്കും. കുടുംബത്തിൻ്റെ പൂർണ്ണപിന്തുണ ലഭിക്കുന്നത് സന്തോഷമേകും. മുന്തിയ വാഹനം വാങ്ങാൻ അല്പം കൂടി കാത്തിരിക്കേണ്ടി വരും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സുപ്രധാന കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കണം.
രേവതി
സംരംഭങ്ങളിലെ മാന്ദ്യം മനപ്രയാസമുണ്ടാക്കും. കൂടുതൽ കടം വാങ്ങുന്നത് കുഴപ്പത്തിന് കാരണമാകും. സഹപ്രവർത്തകരുടെ വാക്കുകൾ വിഷമത്തിനിടവരുത്തും. മേലധികാരികളോട് വിശദീകരണം നൽകേണ്ട സാഹചര്യം ഉദയം ചെയ്യാം. ദിനചര്യകളുടെ ക്രമം തെറ്റാം. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത വേണം. എന്നാലും ന്യായമായ കാര്യങ്ങൾക്ക് ഭംഗം ഉണ്ടാവില്ല. വിദ്യാർത്ഥികൾ പഠിപ്പിലും കലാമത്സരങ്ങൾക്കും തയ്യാറെടുപ്പ് നടത്തും. ദമ്പതികളുടെ പിണക്കം പരിഹൃതമാവും. വിദേശത്തു കഴിയുന്നവർക്ക് ജോലിയിൽ തടസ്സമുണ്ടായേക്കും. സാമ്പത്തികമായ അച്ചടക്കം പ്രധാനമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.