/indian-express-malayalam/media/media_files/2024/11/02/wRLD9eNokD1w6r6cr0Zj.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ
ആദിത്യൻ വൃശ്ചികം രാശിയിൽ വിശാഖം - അനിഴം ഞാറ്റുവേലകളിൽ. ചന്ദ്രൻ കൃഷ്ണപക്ഷത്തിലെ തിഥികളിലാണ്. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ. എന്നാൽ വൃശ്ചികം മൂന്നാം തീയതി മുതൽ ശനി വക്രഗതി തീർന്ന് നേർഗതിയിൽ സഞ്ചരിക്കുന്നു. വ്യാഴം ഇടവം രാശിയിൽ വക്ര ഗതിയിൽ മകയിരം നക്ഷത്രത്തിലാണ്. രാഹുവും കേതുവും യഥാക്രമം മീനം, കന്നി രാശികളിലാണ്. രാഹു ഉത്രട്ടാതിയിലും കേതു ഉത്രത്തിലും സഞ്ചരിക്കുന്നു.
ചൊവ്വ നീചരാശിയായ കർക്കടകത്തിൽ പൂയം നക്ഷത്രത്തിലാണ്. ശുക്രൻ ധനുരാശിയിൽ വൃശ്ചികം 2ാം തീയതി വരെ മൂലം നക്ഷത്രത്തിലും തുടർന്ന് പൂരാടത്തിലും സഞ്ചരിക്കുന്നു. ബുധൻ വൃശ്ചികം രാശിയിൽ കേട്ട നക്ഷത്രത്തിൽ തുടരുകയാണ്. ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. ഞായർ മുഴുവനും തുലാക്കൂറുകാർക്കാണ് അഷ്ടമരാശി. തുടർന്ന് തിങ്കളും ചൊവ്വയും ബുധൻ രാവിലെ ഒന്‍പത് മണി വരെയും വൃശ്ചികക്കൂറുകാർക്ക്. തുടർന്ന് അഷ്ടമരാശി വെള്ളിയാഴ്ച സായാഹ്നം വരെ ധനുക്കൂറുകാർക്കാണ്. ശനിയാഴ്ച മകരക്കൂറുകാർക്ക് അഷ്ടമരാശി തുടങ്ങുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
അശ്വതി
സാഹചര്യങ്ങൾക്ക് അനുസൃതമായി മാറാൻ കഴിഞ്ഞേക്കും. കർമ്മരംഗത്തെ വെല്ലുവിളികളെ സഹജജ്ഞാനത്തോടെ നേരിടുന്നതാണ്. അമിതമായ ആത്മവിശ്വാസം ഗുണകരമായേക്കില്ല. സഹപ്രവർത്തകരുടെ കഴിവുകളെ ഏകോപിപ്പിക്കുന്നതിൽ വിജയിക്കുന്നതാണ്. ഒപ്പമുള്ളവരുടെ മാനസികമായ പിന്തുണ ശക്തി പകരും. സുഹൃൽ സമാഗമങ്ങൾ സന്തോഷമേകുന്നതാണ്. സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ പരിശീലനവും അറിവും ആവശ്യമായി വരും. സമയബന്ധിതമായി ചുമതലകൾ നിർവഹിക്കുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കുജ ചന്ദ്രയോഗമുള്ളത് മാനസിക പിരിമുറുക്കം സൃഷ്ടിക്കാനിടയുണ്ട്.
ഭരണി
പ്രവർത്തനങ്ങൾ കൗശലപൂർവ്വം നിർവഹിക്കും. വഞ്ചിക്കാനുള്ള എതിരാളികളുടെ കണക്കുകൂട്ടിയുള്ള ശ്രമങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. വ്യവഹാരങ്ങളിൽ മനപ്രയാസമുണ്ടായാലും മുന്നോട്ടു പോകാൻ തന്നെ തീരുമാനിക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രതയുണ്ടാവും. പരീക്ഷകൾക്ക് വേണ്ട തയ്യാറെടുപ്പിൽ മുഴുകും. ചെറുപ്പക്കാരുടെ പ്രണയ ജീവിതം സുഗമമായി തന്നെ മുന്നേറുന്നതാണ്. ഗാർഹികമായ സ്വൈരക്കേടുകൾ കടന്നുവരാം. അമ്മയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. കുടുംബക്ഷേത്രത്തിൽ പോയി തൊഴാൻ അവസരമുണ്ടാകും.
കാർത്തിക
തൊഴിലിടത്തിൽ സമാധാനം പുലരും. സഹപ്രവർത്തകരുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നതാണ്. ദുർഘട പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരം കണ്ടെത്തുവാനാവും. കാര്യതടസ്സത്തിനുള്ള കാരണങ്ങൾ കണ്ടെത്തി അവയ്ക്ക് പോംവഴി കാണും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുവാൻ അവസരമുണ്ടാവും. വരവ് പ്രതീക്ഷിച്ചതുപോലെ തന്നെയാവും. ചെലവിൽ നിയന്ത്രണം അനിവാര്യമാണ്. ആഢംബരം അധികരിച്ചേക്കും. സഹോദരരുടെ പിന്തുണ പ്രതീക്ഷിച്ചത്ര ഉണ്ടാവില്ല. വ്യാപാര കാര്യങ്ങളിൽ അലച്ചിലുണ്ടാവും. നിസ്സാര കാര്യങ്ങളെച്ചൊല്ലി ഭാര്യാഭർത്താക്കന്മാർ കലഹിച്ചേക്കും.
രോഹിണി
ജന്മരാശിയിലൂടെ ചന്ദ്രൻ കടന്നു പോവുന്നത് വാരാദ്യം ഉന്മേഷം പകരും. സകുടുംബം വിരുന്നുകളിൽ പങ്കെടുക്കാൻ കഴിയുന്നതാണ്. ചില ബന്ധങ്ങൾ പുതുക്കാനാവും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബിസിനസ്സിൽ ജാഗ്രത വേണം. പ്രതീക്ഷിച്ച ഓർഡറുകൾ വൈകാം. മേലധികാരിയുടെ അനിഷ്ടം നേരിടേണ്ടി വന്നേക്കും. ആലസ്യം അനുഭവപ്പെടുന്നതാണ്. മറ്റുള്ള ദിവസങ്ങളിൽ ധനപരമായി മികവുണ്ടാവും. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. കർത്തവ്യങ്ങൾ അഭംഗുരം നിറവേറ്റുന്നതാണ്. കാര്യാലോചനകളിൽ അഭിനന്ദനം ലഭിക്കും. മനസ്സ് സ്വസ്ഥമാവും.
മകയിരം
ഗുണദോഷ സമ്മിശ്രമായ വാരമാണ്. ന്യായമായ കാര്യങ്ങളിൽ നേട്ടം ഭവിക്കുന്നതായിരിക്കും. അദ്ധ്വാനം വിലമതിക്കപ്പെടും. എന്നാൽ ബിസിനസ്സിൽ അശ്രദ്ധയാൽ കൈനഷ്ടം വരാനുമിടയുണ്ട്. ചിലരെ അമിതമായി വിശ്വസിക്കുന്നത് കുഴപ്പത്തിന് കാരണമാകുന്നതാണ്. ചതിക്കുഴികൾ തിരിച്ചറിയുകയുമില്ല. മനസ്സിൽ പ്രസാദവും വിഷാദവും മാറി മാറി അനുഭവപ്പെടും. പ്രധാന കാര്യങ്ങൾ കുടുംബാംഗങ്ങളോട് ആലോചിച്ച് കൈക്കൊള്ളാൻ തയ്യാറാവണം. യാത്രകളിൽ വിലപ്പെട്ട രേഖകൾ നഷ്ടപ്പെടാനിടയുണ്ട്. പ്രബന്ധാവതരണത്തിൽ
സഭാകമ്പം ഉണ്ടാകും.
തിരുവാതിര
ചില പ്രവൃത്തികളെക്കുറിച്ച് പശ്ചാത്താപം തോന്നും. ആകസ്മിക യാത്രകൾ വേണ്ടി വരുന്നതാണ്. ചിലവ് നിയന്ത്രാണതീതം ആകുന്നതിൽ വിഷമമുണ്ടാവും. വാരാദ്യദിവസങ്ങൾ ഇങ്ങനെയാവും. എന്നാൽ വാരമധ്യത്തിൽ മനസ്സ് സ്വതന്ത്രമായിരിക്കും. ചലനോർജ്ജം കൈവരിക്കുന്നതാണ്. പ്രതീക്ഷിച്ചതിലും ഭംഗിയായി പല കാര്യങ്ങളും നിറവേറ്റി അധികാരികളുടെ പ്രീതി സമ്പാദിക്കുന്നതാണ്. സംതൃപ്തി അനുഭവപ്പെടും. വാരാന്ത്യ ദിവസങ്ങളിൽ നാക്കിൽ നിന്നും പരുഷമായ വാക്കുകൾ പുറപ്പെടാനിടയുണ്ട്. കുടുംബാംഗങ്ങളുടെ തെറ്റുകളെ കഠിനമായി വിമർശിക്കുന്നതാണ്.
പുണർതം
യത്നങ്ങൾ മടി കൂടാതെ തുടർന്നാൽ ലക്ഷ്യം നേടാനാവുന്ന കാലമാണ്. സമൂഹത്തിൻ്റെ സ്വീകാര്യത നിലനിർത്താനാവും. ഔദ്യോഗികയാത്രകൾ വേണ്ടി വരും. സഹപ്രവർത്തകൻ്റെ അവധിയെത്തുടർന്ന് അധികച്ചുമതലയുണ്ടാവുന്നതാണ്. ജന്മനക്ഷത്രാധിപനായ വ്യാഴത്തിന് വക്രം ഭവിക്കുകയാൽ മുൻതീരുമാനങ്ങളിൽ നിന്നും പിറകോട്ടു പോയേക്കും. വരവിനനുസരിച്ചുള്ള ചെലവായിരിക്കില്ല. സൽകാര്യങ്ങൾക്കായി ധനം അധികം വ്യയം ചെയ്യുന്നതാണ്. വ്യാപാരരംഗം വിപുലപ്പെടുത്തുന്നത് സംബന്ധിച്ച് കൂടിയാലോചന വേണ്ടതുണ്ട്. ആത്മീയസാധനകൾക്ക് നേരം കണ്ടെത്തും.
പൂയം
നക്ഷത്രനാഥനായ ശനി വക്രം നീങ്ങി നേർഗതിയിൽ സഞ്ചരിക്കുന്നതിനാൽ ഗുണാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. തീരുമാനങ്ങൾ ചടുലമാവും. കർമ്മരംഗവും കൂടുതൽ ക്രിയാപരമാവുന്നതാണ്. ആശയ വൈരുദ്ധ്യം പുലർത്തുന്നവരെയും കൂട്ടിച്ചേർത്തുകൊണ്ട് മുന്നോട്ടു പോകുന്നതിന് കഴിയും. സാമ്പത്തിക ഞെരുക്കത്തിന് തെല്ല് അയവുണ്ടാവും. എഴുതിത്തള്ളിയ കടം ഭാഗികമായെങ്കിലും മടക്കിക്കിട്ടുന്നതാണ്. മുതിർന്നവരുടെ അഭിപ്രായം സ്വീകരിക്കുന്നതിൽ ശ്രദ്ധയുണ്ടാവും. മകളുടെ വിവാഹകാര്യത്തിലെ ഉൽക്കണ്ഠ നീങ്ങുന്നതാണ്. ആരോഗ്യസംരക്ഷണം മാറ്റിവെക്കരുത്.
ആയില്യം
പതിനൊന്നാമെടത്തിൽ ചന്ദ്രൻ സഞ്ചരിക്കുകയാൽ വാരാരംഭം ശോഭനമാവും. മനസ്സന്തോഷത്തിന് പല കാരണങ്ങൾ വരുന്നതാണ്. ശുഭവാർത്താശ്രവണം പ്രതീക്ഷിക്കാം. ഒരുപാട് കാലമായി കാണാനാവാത്ത ബന്ധുക്കളെ കാണാനാവുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അധികച്ചെലവ് വരാം. ഔദ്യോഗിക യാത്രകൾ വേണ്ടിവരുന്നതാണ്. യാത്രാക്ലേശം, കാര്യവിഘ്നം ഇവ അനുഭവങ്ങളായേക്കും. വ്യാപാരത്തിലും പ്രതീക്ഷിച്ച ലാഭം ഉണ്ടായേക്കില്ല. മറ്റു ദിവസങ്ങളിൽ സ്വതസ്സിദ്ധമായ കഴിവുകളാൽ വിജയം നേടുന്നതാണ്. ഗൃഹത്തിൽ സ്വസ്ഥതയുണ്ടാവും. സംതൃപ്തി ഭവിക്കും.
മകം
സ്വതസിദ്ധമായ കഴിവുകളാൽ കാര്യസാധ്യം അനായാസമാകും. മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ പരാശ്രയം ഉപേക്ഷിച്ചേക്കും. ഉചിതമെന്ന് ബോധ്യപ്പെട്ട കാര്യങ്ങൾ ഉന്മേഷത്തോടെ നടപ്പിൽ വരുത്തും. എതിർപ്പുകളെ തൃണവൽഗണിക്കും. ധനാഗമം സുഗമമാകുന്നതാണ്. ഭാഗ്യം തുണയ്ക്കുന്നതിനാൽ ചില അനുകൂലതകൾ വീണുകിട്ടുകയും ചെയ്യും. ക്രിയാത്മകത ആദരിക്കപ്പെടുന്നതാണ്. സുഹൃത്തുക്കളുടെ സഹകരണമുണ്ടാവും. മകളുടെ ജോലിക്കാര്യത്തിൽ ആശാവഹമായ കാര്യങ്ങൾ നടക്കുന്നതാണ്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധയുണ്ടാവും.
പൂരം
ഭാവനാകുശലതയും ക്രിയാപരതയും അഭിനന്ദനങ്ങൾ നേടിത്തരും. സ്വന്തം വീട്ടിലെ അനൈക്യം പരിഹരിക്കും. എന്നാൽ അയൽ തർക്കങ്ങൾ തീർക്കുന്നതിൽ ആർജ്ജവം ഉണ്ടാവണം. പ്രയോജനമുള്ള ഡീലർഷിപ്പുകൾ ലഭിക്കുന്നതാണ്. കച്ചവടരംഗത്തിൽ വളർച്ചയുണ്ടാവും. മക്കളുടെ ഭാവിക്കായുള്ള നിക്ഷേപങ്ങളിൽ കൂടി ശ്രദ്ധാലുക്കളാവേണ്ട സന്ദർഭമാണ്. ധനവിനിയോഗത്തിൽ മിതത്വം അനിവാര്യമാണ്. ഇഷ്ടജനങ്ങളുമായി ഒത്തുചേരുന്നത് മനസ്സിനും ശരീരത്തിനും ആഹ്ളാദം പകരും. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് ശുഭത്വം കുറയുന്നതാണ്.
ഉത്രം
കന്നിക്കൂറുകാർക്ക് ആദിത്യൻ്റെയും ചന്ദ്രൻ്റെയും സഞ്ചാരം സംതൃപ്തി നൽകും. ഔദ്യോഗികമായി കീർത്തിയുണ്ടാവും. സഹപ്രവർത്തകർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതാണ്. പ്രധാന തീരുമാനങ്ങൾ എതിർപ്പുകളില്ലാതെ നടപ്പിലാക്കും. ചിങ്ങക്കൂറുകാർക്ക് കാര്യസാധ്യത്തിന് ചിലരെ ആശ്രയിക്കേണ്ടി വരുന്നതായിരിക്കും. പിതൃ-പുത്രബന്ധത്തിൽ രമ്യത കുറയാം. ജീവിത പങ്കാളി പക്ഷം പിടിക്കുന്നത് വേദനിപ്പിക്കും. വരുമാന വർദ്ധനവ് സന്തോഷിപ്പിക്കും. സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായങ്ങൾക്ക് അമിതപ്രാധാന്യം നൽകുന്നതാണ്.
അത്തം
ഗ്രഹാനുകൂല്യം ഉള്ളതിനാൽ പ്രവർത്തനങ്ങൾക്ക് സ്വാഭാവിക താളം കണ്ടെത്തുന്നതാണ്. ഗാർഹികമായ മനപ്രയാസങ്ങളെ മറികടക്കാനാവും. പുതുസംരംഭത്തിനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോവും. സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷിച്ച അവസരം ലഭിച്ചേക്കും. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ഉചിതമായ പ്രവർത്തന സമയത്തിലേക്ക് മാറാൻ കഴിയും. സാമ്പത്തിക കാര്യങ്ങളിലെ തടസ്സം നീങ്ങിക്കിട്ടുന്നതാണ്. പൂർവ്വ സുഹൃത്തുക്കളുടെ സമാഗമത്തിന് മുൻകൈയ്യെടുക്കും. തിങ്കൾ മുതൽ വെള്ളി വരെ കൂടുതൽ നല്ല അനുഭവങ്ങളുണ്ടാവും.
ചിത്തിര
സ്വന്തം തീരുമാനങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേല്പിക്കുന്നതായി ആരോപണം ഉയരുന്നതാണ്. വീട്ടിനകത്തു നിന്നും പുറത്തുനിന്നെന്ന പോലെ ഈ പരാതി പ്രത്യക്ഷപ്പെടാം. കൃത്യനിഷ്ഠ തെല്ല് കുറയുന്നതാണ്. പല കാര്യങ്ങളിൽ ശ്രദ്ധയും സമയവും ചെലവഴിക്കേണ്ടി വരുന്നതിൻ്റെ ഫലമായിരിക്കുമിത്. വസ്തുവില്പനയിൽ അമളി പിണയാതിരിക്കാൻ കരുതൽ വേണം. വ്യാപാരത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാനായി ചെയ്യുന്ന എല്ലാക്കാര്യങ്ങളും വിജയിക്കണമെന്നില്ല. പ്രണയികൾക്ക് ഭാവിയെ സംബന്ധിച്ച തീരുമാനം കൈക്കൊള്ളാൻ സമ്മർദ്ദമുണ്ടായേക്കും.
ചോതി
വാരാദ്യത്തിൽ അഷ്ടമരാശിയുള്ളതിനാൽ ശുഭകാര്യാരംഭം ഒഴിവാക്കണം. ധനം കൈകാര്യം ചെയ്യുന്നതിൽ സൂക്ഷ്മത വേണ്ടതുണ്ട്. ചൊവ്വ മുതൽ ആത്മശക്തി വർദ്ധിക്കുന്നതാണ്. കാര്യതടസ്സങ്ങളെ മുൻകൂട്ടിത്തന്നെ കണ്ടറിയും. അതിനെ മറികടക്കാൻ സഹജജ്ഞാനവും പ്രവൃത്തിപരിചയവും തുണയ്ക്കുന്നതാണ്. കുടുംബത്തിലെ വയോജനങ്ങൾക്ക് ചികിൽസാമാറ്റം ആശ്വാസമുണ്ടാക്കും. തൊഴിൽ തേടുന്നവർക്ക് കഴിവിനൊത്ത ജോലി ലഭിക്കുന്നതാണ്. ആത്മാഭിമാനം ഉയരുന്നതായിരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രതയുണ്ടാവും.
വിശാഖം
നക്ഷത്രാധിപനായ വ്യാഴത്തിന് വക്രസഞ്ചാരം നടക്കുകയാൽ തീരുമാനങ്ങൾ പലതും പിന്നീടത്തേക്കാക്കും. പണമെടപാടുകളിൽ സൂക്ഷ്മത വേണം. സഹപ്രവർത്തകരുടെ വിരോധം നേടിയേക്കും. ഗവേഷകരുടെ നിഗമനങ്ങളും നിരീക്ഷണങ്ങളും അംഗീകരിക്കപ്പെട്ടേക്കും. സ്ഥലംമാറ്റം പ്രതീക്ഷിച്ച ദിക്കിലേക്കാവും. പൊതു പ്രവർത്തനത്തിൽ ചില വെല്ലുവിളികൾ ഉയരാം. ബന്ധുവിവാഹത്തിന് ധനസഹായം ചെയ്യും. ബൗദ്ധികവ്യായാമങ്ങൾക്ക് നേരം കണ്ടെത്തും. കൈവായ്പകൾ മടക്കിക്കിട്ടുന്നതാണ്. കെട്ടിടം പണിയിൽ മന്ദഗതി വന്നേക്കാം. അന്യനു വേണ്ടി അധ്വാനിക്കുന്ന ശീലം നിറുത്തി സ്വന്തം കാര്യത്തിന് അധ്വാനിക്കും.
അനിഴം
ജന്മനക്ഷത്രാധിപനായ ശനിയുടെ നേർഗതിയാൽ നല്ലതീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും. അതിൽ അക്ഷോഭ്യതയോടെ ഉറച്ചുനിൽക്കുവാനും കഴിയുന്നതാണ്. രാഷ്ട്രീയ ശത്രുക്കളെ വീണ്ടും വിമർശിക്കും. സ്വാശ്രയ വ്യാപാരത്തിൽ ലാഭം വർദ്ധിക്കുന്നതാണ്. മനസ്സന്തോഷത്തിന് പല കാരണങ്ങൾ വന്നെത്തും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അഷ്ടമരാശിക്കൂറ് ആകയാൽ സുപ്രധാനകാര്യങ്ങൾക്ക് തുടക്കം കുറിക്കാതിരിക്കുക ഉത്തമം. സാമ്പത്തികമായി ക്ലേശിക്കുന്ന സുഹൃത്തിനെ സഹായിക്കുന്നതാണ്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കും.
തൃക്കേട്ട
മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി ചില ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. എന്നാലും അവയിൽ വിജയം വരിക്കും. ആദിത്യൻ ജന്മരാശിയിൽ ഉള്ളതിനാൽ അലച്ചിലും ദേഹക്ലേശവും ഭവിക്കും. കരുതി വെച്ച ധനം മറ്റു കാര്യങ്ങൾക്ക് വിനിയോഗിക്കേണ്ടി വരുന്നതാണ്. കുടുംബപരമായ താല്പര്യം കൂടും. കുടുംബാംഗങ്ങളുടെ ക്ഷേമത്തിൽ ഉത്സുകത ഉണ്ടാവുന്നതാണ്. രണ്ടാം ഭാവത്തിൽ ശുക്രൻ സഞ്ചരിക്കുകയാൽ വചോവിലാസം ആകർഷണീയമാവും. പ്രണയത്തിൽ തല്പരത പ്രകടമായേക്കും. ആഗ്രഹിച്ച പദവികൾ ലഭിക്കാൻ കാലതാമസം ഭവിക്കുന്നതാണ്.
മൂലം
സ്വതന്ത്ര തീരുമാനം കൈക്കൊള്ളുമ്പോഴും അതിൻ്റെ വരുംവരായ്കകൾ പരിഗണിച്ചേക്കും. തൊഴിൽ മേഖലയിൽ ഉണർവുണ്ടാകുന്നതാണ്. പുതിയ സംരംഭങ്ങളുടെ പിറകേ പോവുന്നതിനെക്കാൻ നിലവിലുള്ളതിനെ കൂടുതൽ മെച്ചപ്പെടുത്തുകയല്ലേ ഉചിതമെന്ന അഭിപ്രായം കുടുംബാംഗങ്ങളിൽ നിന്നും ഉയരും. വില ഒത്തുവരാത്തതിനാൽ വസ്തുവില്പനയിൽ നിന്നും തത്കാലം പിൻവാങ്ങിയേക്കും. ആഢംബരച്ചെലവുകൾ കൂടും. ഭോഗസുഖമുണ്ടാവും. പ്രണയനഷ്ടത്തിൻ്റെ ഖേദം അകന്നേക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ മനോവാക്കർമ്മങ്ങളിൽ ജാഗ്രത വേണ്ടതുണ്ട്.
പൂരാടം
കാര്യാലോചനകളിൽ മുഖ്യത്വം ലഭിക്കുന്നതാണ്. സ്വന്തം കാര്യത്തിനൊപ്പം സമൂഹത്തിൻ്റെ കാര്യങ്ങളും ചിന്തയിൽ ഇടം പിടിക്കും. രാഷ്ട്രീയ വ്യക്തിത്വമുള്ളവർക്ക് പലതരത്തിലുള്ള അഭ്യുദയം ഭവിക്കുന്ന സന്ദർഭമാണ്. ഗവേഷകർക്ക് അനുകൂലമായ വാരമായിരിക്കും. അവതരിപ്പിച്ച നിരീക്ഷണങ്ങൾ സമൂഹത്തിൻ്റെ ശ്രദ്ധ കവരും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി രേഖകൾ വൈകാനിടയുണ്ട്. യാത്രകൾ വേണ്ടിവരുന്നതാണ്. നവീനമായ ഗാർഹികോപകരണങ്ങൾ വാങ്ങിയേക്കും. ആരോഗ്യപരമായി ശ്രദ്ധയുണ്ടാവണം. കുടുംബ ബന്ധത്തിൽ സമാധാനമനുഭവപ്പെടും.
ഉത്രാടം
കച്ചവടത്തിൽ പുരോഗതി ദൃശ്യമാകുന്നതാണ്. സീസണൽ ആയിട്ടുള്ള ബിസിനസ്സിൽ ലാഭം വന്നുചേരും. ചിട്ടി, വായ്പ ഇവയിൽ നിന്നും ധനം സമാഹരിച്ച് ബിസിനസ്സിൽ പ്രയോജനപ്പെടുത്തിയേക്കും. മക്കളുടെ ഭാവിയെക്കുറിച്ച് ഉൽക്കണ്ഠയുണ്ടാവും. ശത്രുക്കളുണ്ടെന്ന തോന്നൽ ഭയമായി മാറാം. ആരോഗ്യ പരിശോധനയിൽ അലംഭാവമരുത്. ഉദ്യോഗസ്ഥർക്ക് സമാധാനം കുറയാനിടയുണ്ട്. പ്രശ്നപരിഹാരത്തിന് കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നതാണ്. ബന്ധുസമാഗമത്തിൽ സന്തോഷമുണ്ടാകും. തീർത്ഥാടനത്തിന് ഒരുക്കം തുടങ്ങുന്നതായിരിക്കും.
തിരുവോണം
വാരാദ്യം ചിന്താപരതയ്ക്കാവും മേൽക്കൈ വരിക. ക്രിയാപരത പിൻവാങ്ങി നിൽക്കുന്നതായി തോന്നിയേക്കും. ക്രമേണ കർമ്മമേഖല ഊർജ്ജസ്വലമാകുന്നതാണ്. പുതിയ തന്ത്രങ്ങളും പരസ്യവും ഉപഭോക്താക്കളെ ആകർഷിച്ചേക്കും. ബിസിനസ്സ് യാത്രകൾ ഗുണകരമാവും. പുതിയ പാഠങ്ങൾ പഠിക്കുന്നതാണ്. തൊഴിൽ തേടുന്നവർക്ക് ചെറിയ വരുമാനമാർഗം കൈവരുന്നതായിരിക്കും. കഠിനാദ്ധ്വാനം ആവശ്യമായി വരും. ദാമ്പത്യത്തിൽ മുഴുസംതൃപ്തി അനുഭവപ്പെടണമെന്നില്ല. അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കും. മകൻ്റെ പഠനാവശ്യങ്ങൾക്കായി കുറച്ച് തുക കരുതിവെക്കുന്നതാണ്.
അവിട്ടം
സ്വന്തം കാര്യം മാറ്റിവെച്ച് അന്യർക്കു വേണ്ടി ഓടി നടക്കും. അതിനാൽ തൊഴിൽ രംഗം അല്പം മ്ളാനമാവുന്നതാണ്. വസ്തു വില്പന നീളുന്നത് മനക്ലേശമുണ്ടാക്കും. കിട്ടിയ വിലയ്ക്ക് കൊടുക്കാൻ കുടുംബാംഗങ്ങൾ പ്രേരിപ്പിച്ചാലും തയ്യാറാവില്ല. കടബാധ്യത പെരുകുന്നതിൽ ആശങ്കയുയരും. കലാപ്രവർത്തകർക്ക് ശുക്രൻ അനുകൂല ഭാവത്തിലാണ് സഞ്ചരിക്കുന്നത്. കൂടുതൽ അവസരങ്ങൾ ലഭിക്കുവാനിടയുണ്ട്. കരാറുകൾ മോഹവിലയ്ക്ക് സ്വന്തമാക്കുന്നത് കനത്ത സാമ്പത്തിക നഷ്ടത്തിന് ഇടവരുത്തും. പൊതുവേ ജാഗ്രത വേണ്ട കാലമാണ്.
ചതയം
പ്രവർത്തന മേഖലയിൽ ശക്തമായ ഇടപെടൽ നടത്താനാവും. കൂടുതൽ കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അറിയാനുണ്ടെന്നും ബോധ്യമാകും. അതിനായി ശ്രമം തുടരുന്നതാണ്. സുഹൃത്തിൻ്റെ ഉപദേശം തള്ളിക്കളയുന്നതാണ്. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. കടബാധ്യതകൾ പരിഹരിക്കാൻ ചില മാർഗങ്ങൾ തെളിഞ്ഞേക്കും. ആഢംബരച്ചെലവുകളുടെ പേരിൽ കുടുംബത്തിൽ തർക്കത്തിന് ഇടവരും. ഗൃഹനവീകരണത്തിനുള്ള ശ്രമം നീണ്ടേക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കും. ദൈവിക സമർപ്പണങ്ങൾക്ക് സമയം കണ്ടെത്തും.
പൂരൂരുട്ടാതി
പലരുടെയും സഹായത്തോടെ പുതുസംരംഭത്തിന് തുടക്കം കുറിക്കും. ആവശ്യത്തിലധികം കവിഞ്ഞ് അധ്വാനിച്ചാലും മേലധികാരികൾ ഉദ്യോഗസ്ഥരോട് കനിഞ്ഞേക്കില്ല. കളവുപോയ വസ്തുക്കൾ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ നശിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏകാഗ്രതയുണ്ടാവും. പ്രോജക്ടുകൾക്ക് അംഗീകാരം കിട്ടാം. വയോജനങ്ങൾക്ക് താത്കാലികമായി മകളുടെ വീട്ടിൽ താമസം മാറ്റേണ്ടി വരുന്നതാണ്. വിദേശത്തുള്ളവർക്ക് തൊഴിൽ പ്രശ്നത്തിൽ അല്പം ആശ്വാസം ഭവിക്കാം. വിരുന്നുകളിൽ പങ്കെടുക്കുവാനാവും.
ഉത്രട്ടാതി
പ്രവൃത്തികൾ നിർബാധമായും നിർഭയമായും ചെയ്യും. വേണ്ടപ്പെട്ടവരാൽ കഠിനമനസ്സിൻ്റെ ഉടമയായി ചിത്രീകരിക്കപ്പെടാം. ഭൗതിക താല്പര്യങ്ങൾക്കൊപ്പം ആത്മീയവിഷയങ്ങളിലും ഇഷ്ടമുണ്ടാവും. സാമ്പത്തിക കാര്യത്തിൽ അച്ചടക്കം പുലർത്താത്തതിനാൽ കടം വാങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടാം. വ്യാപാരത്തിൽ സാമാന്യമായ ഉണർവ്വ് ദൃശ്യമാകുന്നതാണ്. വീട്ടുകാര്യങ്ങളിലെ ശുഷ്കാന്തി അതിഥികളാൽ പ്രശംസിക്കപ്പെടും. മക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഔൽസുക്യം പുലർത്തും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണ്ടതുണ്ട്.
ഉത്രട്ടാതി
പ്രവൃത്തികൾ നിർബാധമായും നിർഭയമായും ചെയ്യും. വേണ്ടപ്പെട്ടവരാൽ കഠിനമനസ്സിൻ്റെ ഉടമയായി ചിത്രീകരിക്കപ്പെടാം. ഭൗതിക താല്പര്യങ്ങൾക്കൊപ്പം ആത്മീയവിഷയങ്ങളിലും ഇഷ്ടമുണ്ടാവും. സാമ്പത്തിക കാര്യത്തിൽ അച്ചടക്കം പുലർത്താത്തതിനാൽ കടം വാങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടാം. വ്യാപാരത്തിൽ സാമാന്യമായ ഉണർവ്വ് ദൃശ്യമാകുന്നതാണ്. വീട്ടുകാര്യങ്ങളിലെ ശുഷ്കാന്തി അതിഥികളാൽ പ്രശംസിക്കപ്പെടും. മക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഔൽസുക്യം പുലർത്തും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണ്ടതുണ്ട്.
രേവതി
നക്ഷത്രനാഥനായ ബുധന് നിപുണയോഗം ഭവിച്ചതിനാൽ പാണ്ഡിത്യത്തോടെ സംസാരിക്കുന്നതാണ്. കൃത്യതയുണ്ടാവും, തീരുമാനങ്ങളിലും പ്രവൃത്തിയിലും അടക്കം എല്ലാക്കാര്യങ്ങളിലും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സാഹചര്യമാണ്. അഞ്ചിലെ ചൊവ്വ ചിത്തകാഠിന്യത്തിന് കാരണമാകുന്നതാണ്. അനാവശ്യ തർക്കങ്ങൾക്ക് മുതിരാതിരിക്കുന്നത് കരണീയം. വസ്തുവിൽപ്പനയിൽ അമളി പറ്റാതിരിക്കാൻ കരുതൽ വേണം. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ അലംഭാവമരുത്. സുഹൃത്തുക്കളുടെ പിന്തുണയിൽ സംതൃപ്തിയുണ്ടാവും. സദുദ്യമങ്ങൾക്കുള്ള കാത്തിരിപ്പ് തുടരപ്പെടുന്നതാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.