scorecardresearch

വാരഫലം, മൂലം മുതൽ രേവതി വരെ; March 17-March 23, 2024, Weekly Horoscope

Weekly Horoscope: മാർച്ച് 17 ഞായറാഴ്ച മുതൽ മാർച്ച് 23-ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: മാർച്ച് 17 ഞായറാഴ്ച മുതൽ മാർച്ച് 23-ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Weekly Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മീനം രാശിയിൽ ഉത്രട്ടാതി ഞാറ്റുവേലയിലാണ്. ശനി കുംഭം രാശിയിൽ ചതയത്തിൽ തുടരുന്നു. ശനിയുടെ വാർഷിക മൗഢ്യം മാർച്ച് 18 ന് തീരുകയാണ് എന്നത് പ്രസ്താവ്യമത്രെ!

Advertisment

വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ്. രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നി രാശിയിൽ അത്തത്തിലും സഞ്ചരിക്കുന്നു. ബുധൻ നീചരാശിയായ മീനത്തിൽ രേവതി നക്ഷത്രത്തിലാണ്. ശുക്രൻ കുംഭം രാശിയിൽ പൂരൂരുട്ടാതി നാളിൽ സഞ്ചരിക്കുന്നു. ചൊവ്വ കുംഭം രാശിയിൽ അവിട്ടം നക്ഷത്രത്തിലുമാണ്. ചന്ദ്രൻ മകയിരം മുതൽ പൂരം വരെയുള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. വെളുത്ത പക്ഷത്തിൽ അഷ്ടമി മുതൽ ചതുർദ്ദശി വരെയുള്ള തിഥികളാണ് ഈയാഴ്ച വരുന്നത്. 

ഈയാഴ്ചത്തെ അഷ്ടമരാശിക്കൂറ് വരുന്നത് ഏതൊക്കെ കൂറുകാർക്കാണെന്ന് നോക്കാം. ഞായറും തിങ്കളും ചൊവ്വ മദ്ധ്യാഹ്നം വരെയും വൃശ്ചികക്കൂറുകാർക്കാണ്. തദനന്തരം വെള്ളി പുലർച്ചവരെ ധനുക്കൂറുകാർക്കാണ് അഷ്ടമരാശി സംഭവിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളും കടന്ന് അടുത്ത ആഴ്ചയുടെ തുടക്കത്തോളം മകരക്കൂറുകാർക്ക് അഷ്ടമരാശി വരുന്നു.  

മുകളിൽ വ്യക്തമാക്കിയ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽമൂലം മുതൽ രേവതി  വരെയുള്ള ഒന്‍പത് നാളുകാരുടെയും വാരഫലം ഇവിടെ പരിശോധിക്കുന്നു.

മൂലം

Advertisment

അറിവും കഴിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തേണ്ട കാര്യത്തെക്കുറിച്ച് അവ്യക്തതയുണ്ടാവും. ജീവിതപങ്കാളിയുടെ പിന്തുണയും നിർേദ്ദശങ്ങളും സന്തോഷപൂർവ്വം സ്വീകരിക്കുന്നതാണ്. ബന്ധുഭവനത്തിലെ മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പഠനാദികളിൽ ഏകാഗ്രത കുറയാം. പങ്കുകച്ചവടത്തോട് താത്പര്യം മങ്ങിവരുന്നതാണ്. ഉപഭോക്തക്കളുടെ മനസ്സറിയുന്നതിൽ സാമാന്യം വിജയമുണ്ടാകും. കരാർ പണികളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് അവ പുതുക്കപ്പെടും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കൂടുതൽ ജാഗ്രത വേണം.

പൂരാടം

നക്ഷത്രനാഥനായ ശുക്രൻ്റെ പാപഗ്രഹങ്ങളുമായുളള ചേർച്ച ഗുണകരമല്ല. കഴിവുകൾ പുറത്തെടുക്കാൻ പ്രയാസമുണ്ടാവും. ചില വിധേയത്വങ്ങളെ പൊട്ടിച്ചെറിയാൻ ക്ലേശിക്കുന്നതാണ്. കലാപ്രവർത്തകർക്ക് ഉറപ്പിച്ച അവസരങ്ങൾ വൈകിയേക്കും. അന്യനാട്ടിലെ താമസം അവസാനിപ്പിക്കാനുള്ള തീരുമാനം സ്വയം മാറ്റുന്നതാണ്. ഏജൻസി പ്രവർത്തനം ഫലപ്രദമാകും. ഇൻഷ്വറൻസ്, ചിട്ടി, ഊഹക്കച്ചവടം മുതലായവയിൽ നിന്നും വരവുണ്ടാകുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം സംതൃപ്തിയുണ്ടാക്കും.

ഉത്രാടം

നക്ഷത്രനാഥനായ ആദിത്യന് രാഹുയോഗം ഉള്ളതിനാൽ മനക്ലേശമുണ്ടാവും. സുഗമമെന്ന് കരുതിയ കാര്യങ്ങൾ ക്ലേശസാധ്യങ്ങളാവാം.ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പ്രത്യേക കാരണമില്ലാതെ  പിണങ്ങേണ്ട സ്ഥിതിയുണ്ടാവും. വിദേശ യാത്രയ്ക്ക് കൂടുതൽ രേഖകൾ സമർപ്പിക്കേണ്ട സാഹചര്യം വരുന്നതാണ്. ആരോഗ്യപരമായി സമ്മിശ്രസ്ഥിതിയാണ് കാണുന്നത്. ചെലവ് നിയന്ത്രിക്കാൻ ഒട്ടൊക്കെ സാധിക്കുന്നതാണ്. വൃദ്ധജനങ്ങളുടെ ചികിൽസാരീതിയിലെ മാറ്റം ഗുണകരമായി അനുഭവപ്പെട്ടേക്കും

തിരുവോണം

പ്രവർത്തനത്തിൽ തടസ്സമുണ്ടാവില്ല. മുൻനിശ്ചയങ്ങൾ സാക്ഷാൽക്കരിക്കാൻ സാധിക്കും. പുതുജോലിക്ക് ശ്രമിക്കുന്നവർക്ക് ശുഭവാർത്തയുണ്ടാവും. സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുന്നതുമൂലം വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നതാണ്. സാങ്കേതിക വിഷയങ്ങൾ ഉൾക്കൊള്ളാൻ ആത്മാർത്ഥമായ ശ്രമം നടത്തും. യുവതലമുറയുടെ അഭിപ്രായം കേട്ടില്ലെന്ന് നടിക്കും. ജീവിതപങ്കാളിക്ക്  ഇഷ്ടവസ്തുക്കൾ പാരിതോഷികം നൽകും. യാത്രാസാധ്യത കാണുന്നു.

അവിട്ടം

ഗ്രഹങ്ങൾ അനുകൂലാവസ്ഥയിൽ അല്ലാത്തതിനാൽ കാര്യതടസ്സം ഉണ്ടാകും. ചെറുനേട്ടങ്ങൾക്കായി കൂടുതൽ പ്രയത്നം ആവശ്യമായി വരുന്നതാണ്. അഡ്വാൻസ് നൽകിയ വസ്തു വേണ്ടെന്നുവച്ചേക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റത്തിന്  സാധ്യതയുണ്ട്. പ്രണയികൾക്ക് മനക്ലേശമനുഭവപ്പെടാം. വിശ്രമം കുറയുന്നതാണ്. പിതാവിൻ്റെ അഭിപ്രായം അസ്വീകാര്യമായി തോന്നിയേക്കും. അകലങ്ങളിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് വരാനായേക്കും. ധനവിഷയത്തിൽ സാമാന്യം തൃപ്തിയുണ്ടാവും.

ചതയം

പരുഷോക്തികൾ പറഞ്ഞ് ഉറ്റസുഹൃത്തുക്കളുടെ ശത്രുത നേടിയേക്കും. കാര്യസാധ്യത്തിനായി കളവ് പറയേണ്ടി വരാം. പഠനത്തിലെ ശ്രദ്ധയില്ലായ്മയുടെ കാരണം രക്ഷാകർത്താക്കൾ കണ്ടെത്തുന്നതാണ്. കച്ചവട സ്ഥാപനത്തിനുവേണ്ടി പുതിയ ബിസിനസ്സ് പങ്കാളികളെ ക്ഷണിച്ചേക്കും. ദൈവിക സമർപ്പണത്തിന് ധാരാളം സമയം നീക്കിവെക്കുന്നതാണ്. സകുടുംബം ബന്ധുഗൃഹത്തിലെ വിരുന്നിൽ പങ്കെടുക്കും. വിവാഹാലോചന നീണ്ടുപോകുന്നതിൽ നിരാശ തോന്നും.

പൂരൂരുട്ടാതി

മുൻപിൻ നക്ഷത്രങ്ങളിൽ പാപഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ അരക്ഷിതത്വം തോന്നും. ബുദ്ധിമാന്മാരായ സുഹൃത്തുക്കൾ പിന്തുണയ്ക്കുന്നത് പ്രതിസന്ധികളിൽ കരകയറാൻ സഹായകമാവുന്നതാണ്.  നവസംരംഭങ്ങളിൽ നേരിയ പുരോഗതി ഉണ്ടാവാം. മകൻ്റെ വിദേശയാത്രയ്ക്ക് ഒരുക്കം തുടങ്ങും. രഹസ്യപ്രണയം പരസ്യമായേക്കാം. ഭക്ഷണത്തിലെ ക്രമമില്ലായ്മ ആരോഗ്യത്തെ ബാധിക്കുന്നതാണ്. സംഘടനാ പ്രവർത്തനത്തിന് സമയം കണ്ടെത്താൻ വിഷമിച്ചേക്കും. 

ഉത്രട്ടാതി

ജന്മരാശിയിൽ, ജന്മനക്ഷത്രത്തിൽ സൂര്യൻ സഞ്ചരിക്കുന്നതും ജന്മരാശിയിൽ രാഹുവുള്ളതും പ്രതികൂലതയാണ്. അതിനാൽ പൊതുവേ അകാരണമായ ഭയം, സമ്മർദ്ദം ഇവ ഉണ്ടാകുന്നതാണ്. അപ്രിയസുഹൃത്തുക്കളുടെ സഹായം തേടേണ്ടി വന്നേക്കും. ആരോഗ്യപരമായും അത്ര ഗുണമുള്ള സമയമല്ല. പരീക്ഷയിൽ സംതൃപ്തി കുറയുന്നതാണ്. ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. തടസ്സങ്ങൾ അനുഭവപ്പെട്ട കാര്യങ്ങൾ വാരാന്ത്യത്തിൽ സഫലമാകുന്നതാണ്.

രേവതി

വാരാദ്യത്തിന് മെച്ചം കുറയുന്നതാണ്. മനസ്സിനെ എന്തെങ്കിലും ഖേദം ബാധിച്ചേക്കാം. വീടുവിട്ടുനിൽക്കേണ്ട സാഹചര്യം സംജാതമായേക്കും. ആവശ്യങ്ങൾ കഷ്ടിച്ച് നിർവഹിക്കാനാവും. പുതുസംരംഭങ്ങൾ തുടങ്ങാൻ കാലം അനുകൂലമല്ല. അർഹമായ സ്ഥാനക്കയറ്റം വൈകിയേക്കും. സഭകളിലോ സംഘടനകളിലോ ആശയപരമായ തർക്കങ്ങൾ ഉടലെടുക്കുന്നതാണ്. പണയവസ്തുക്കളുടെ തിരിച്ചടവിന് കൂടുതൽ സമയം ലഭിക്കും. പിതാവിൻ്റെ അഭിപ്രായവുമായി പൊരുത്തപ്പെടില്ല. വാഹനയാത്രയിൽ ജാഗ്രത പുലർത്തണം.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: