/indian-express-malayalam/media/media_files/BjZxPtElcyAkJfwYjoBX.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മീനം രാശിയിൽ രേവതി ഞാറ്റുവേലയിലാണ്. മീനമാസത്തിലെ അവസാന ആഴ്ചയും അവസാന ഞാറ്റുവേലയും ആണിത്. ബുധൻ ഏപ്രിൽ 9 ന് മേടം രാശിയിൽ നിന്നും വക്രഗതിയായി മീനത്തിലേക്ക് പകരുന്നു. ബുധന് മൗഢ്യവുമുണ്ട്. ശുക്രൻ ഉച്ചരാശിയായ മീനത്തിൽ ഉത്രട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ചൊവ്വ കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ തുടരുകയാണ്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ്. അടുത്തയാഴ്ച വ്യാഴം കാർത്തികയിലേക്ക് പകരുന്നു.
ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്. രാഹു മീനം രാശിയിൽ രേവതിയിലും, കേതു കന്നിരാശിയിൽ അത്തത്തിലുമായി അപ്രദക്ഷിണ ഗതി തുടരുന്നു. വാരാദ്യം ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ്. തിങ്കളാഴ്ച അമാവാസി സംഭവിക്കുന്നു. ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ വെളുത്തപക്ഷം തുടങ്ങുകയാണ്. ചാന്ദ്രവർഷം ആയ / അറുപതു വർഷങ്ങളിൽ ഒന്നായ 'ക്രോധി' എന്നുപേരുള്ള വർഷം തുടങ്ങുന്നത് അന്നാണ് എന്ന പ്രത്യേകതയുണ്ട്.
ഇനി അടുത്ത വർഷം മീനമാസത്തിലെ കറുത്തവാവ് വരെ ക്രോധിവർഷമായിരിക്കും. പൂരൂരുട്ടാതി മുതൽ മകയിരം വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ഈ ആഴ്ചയിലെ ചന്ദ്രൻ്റെ സഞ്ചാരം. ഈയാഴ്ചത്തെ അഷ്ടമരാശിക്കൂറ് നോക്കാം. ഞായറും തിങ്കളും ചിങ്ങക്കൂറുകാർക്കും തുടർന്ന് വ്യാഴം ഉച്ചവരെ കന്നിക്കൂറുകാർക്കും ശേഷം തുലാക്കൂറുകാർക്കും അഷ്ടമരാശി സംഭവിക്കുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവരി വരെയുള്ള 27 നാളുകാരുടെയും ഈയാഴ്ചയിലെ നക്ഷത്ര ഫലം ഇവിടെ വിശകലനം ചെയ്യുന്നു.
അശ്വതി
ഞായർ, തിങ്കൾ ദിവസങ്ങളിൽ അധ്വാനമേറുന്നതാണ്. മനസ്സിൻ്റെ സ്വൈരം ബാധിക്കപ്പെടാം. ആലോചനകൾ ശിഥിലമാവും. മറ്റു ദിവസങ്ങളിൽ പ്രായേണ ഗുണമായിരിക്കും ഭവിക്കുന്നത്. ഊർജ്ജദായകമാവും അന്തരീക്ഷം. ന്യായമായ രീതിയിൽ ധനവരവുണ്ടാവും. നന്നായി വിശ്രമിക്കാനും നല്ല ഭക്ഷണം കഴിക്കാനും സാധിക്കും. തൊഴിലിലെ ആത്മാർത്ഥത അഭിനന്ദിക്കപ്പെടുന്നതാണ്. സഹപ്രവർത്തകരെ ഐക്യപ്പെടുത്തുന്നതിൽ വിജയിച്ചേക്കും. സ്വന്തം കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയാം.
ഭരണി
നക്ഷത്രാധിപനായ ശുക്രൻ്റെ ഉച്ചസ്ഥിതിയാൽ നേട്ടങ്ങൾ വന്നെത്തും. ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. കൂടുതൽ റൊമാൻ്റിക്കായേക്കും. പ്രണയത്തിൻ്റെ ആഹ്ളാദം അനുഭവിക്കുന്നതാണ്. സാമ്പത്തിക കാര്യങ്ങൾ മോശമാവില്ല. ആഡംബരച്ചെലവുകൾ കൂടിയേക്കും. ധൂർത്തുകാട്ടുകയാണെന്ന് ആക്ഷേപം ഉയരാം. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. കാവ്യഭാവന പുഷ്കലമാകും. സുഹൃത്തുക്കളോടൊപ്പം ഊരുചുറ്റും. ഇടപാടുകൾ ലാഭകരമാവുന്നതാണ്.
കാർത്തിക
നല്ല തുടക്കം കിട്ടുന്ന വാരമാവും. മനസ്സിൽ പ്രസാദ ഭാവങ്ങൾ നിറയുന്നതാണ്. മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കും. വിപണിയിൽ കൂടുതൽ വിറ്റുപോകുന്ന ഉല്പന്നത്തിൻ്റെ വിതരണാവകാശം നേടിയെടുത്തേക്കും. ദാമ്പത്യത്തിൽ വിട്ടുവീഴ്ചയുണ്ടാവും. പ്രണയവഴികളിലൂടെ സഞ്ചരിക്കുന്നതാണ്. ഉത്സവാഘോഷങ്ങൾക്ക് പൊലിമ പകരുന്നതിൽ സന്തോഷം കണ്ടെത്തും. മകൻ്റെ ഉപരിപഠന സാധ്യതകൾ ഗൃഹാന്തരീക്ഷത്തിൽ ചർച്ചയാവുന്നതാണ്.
രോഹിണി
ഉന്മേഷം വാക്കുകളിൽ നിറയും. പ്രവർത്തികൾക്ക് ഊർജ്ജം ഉണ്ടാവും. സഹജമായ കർമ്മകുശലത അഭിനന്ദനം നേടിയെടുക്കും. പിതാവിൽ നിന്നും ധനം ലഭിക്കുന്നതാണ്. ലൈസൻസ്, അനുമതിപത്രം, പാസ്പോർട്ട് മുതലായവയ്ക്കായി കാത്തിരിക്കുന്നവർക്ക് അവ കൈവശമെത്തും. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള ചുമതലകൾ കൂടി വഹിക്കേണ്ടിവരും. ദാമ്പത്യത്തിലെ അപസ്വരങ്ങൾ താൽകാലികമായെങ്കിലും അവസാനിക്കും. ഗൂഢ നിക്ഷേപങ്ങളിൽ ആദായമുയരും.
മകയിരം
ബിസിനസ്സിലെ ആലസ്യം നീങ്ങുന്നതാണ്. നവ സംരംഭങ്ങൾ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിച്ചു തുടങ്ങും. തൊഴിൽ തേടുന്നവർക്ക് സ്വകാര്യസ്ഥാപനത്തിൽ ജോലി ലഭിച്ചേക്കാം. മകളുടെ ഉപരിവിദ്യാഭ്യാസത്തിന് വായ്പ അനുവദിക്കപ്പെടും. ദുർഘടമെന്ന് കരുതിയ ദൗത്യങ്ങൾ ഭംഗിയായി നിർവഹിക്കും. രാഷ്ട്രീയ കാര്യങ്ങൾക്ക് കൂടുതൽ സമയം വിനിയോഗിച്ചേക്കും. പെൺ സുഹൃത്തിൻ്റെ സഹായം സ്വീകരിക്കുന്നതാണ്. അച്ഛനമ്മമാരെ കാണാൻ കുടുംബത്തെക്കൂട്ടി നാട്ടിലേക്ക് പോകും.
തിരുവാതിര
പ്രവർത്തന മികവ് സമാദരിക്കപ്പെടും. വാഗ്ദാനങ്ങൾ പൂർത്തിയാക്കും. ലോണിൻ്റെ അടവ് തീരുന്നതിനാൽ സാമ്പത്തികമായി സമാശ്വാസമുണ്ടാകും. പാരമ്പര്യത്തൊഴിലുകൾ ചെയ്യുന്നവർക്ക് കൂടുതൽ അവസരങ്ങൾ സിദ്ധിക്കുന്നതാണ്. രാശിനാഥനായ ബുധൻ വക്രമൗഢ്യത്തോെടെ വീണ്ടും നീചത്തിലേക്ക് പോവുന്നതിനാൽ ഉപരിവിദ്യാഭ്യാസത്തിൽ അവ്യക്തത വന്നേക്കും. ബന്ധുക്കളുമായുള്ള പിണക്കം തുടരുന്നതാണ്. വാരാന്ത്യ ദിവസങ്ങൾ മേന്മയുള്ളതാവില്ല. ധനവ്യയം അധികരിച്ചേക്കും. അലച്ചിൽ ഉണ്ടാവാം.
പുണർതം
ഉദ്യോഗസ്ഥർക്ക് സക്രിയമായ ആഴ്ചയാവും. മനശ്ശക്തി വർദ്ധിക്കും. ഏല്പിച്ച ദൗത്യത്തിൽ വിജയം കാണും. സമൂഹത്തിൽ സ്വാധീനശക്തി വർദ്ധിക്കുന്നതാണ്. ഊഹക്കച്ചവടം ആദായമുണ്ടാക്കും. പണയവസ്തു മടക്കിയെടുക്കാനാവും. വിദേശത്ത് പഠനത്തിന് / തൊഴിലിന് ഒരുങ്ങുന്നവർക്ക് കാര്യവിളംബം വരാനിടയുണ്ട്. പൊതുപ്രവർത്തകർക്ക് ജനസമ്മതിയുടെ കാര്യത്തിൽ സംശയം ഉണ്ടാകുന്നതാണ്. വസ്തുവ്യാപാരം നഷ്ടത്തിലായേക്കാം. വെള്ളി, ശനി ദിവസങ്ങളിൽ ആലസ്യം ബാധിക്കുന്നതാണ്.
പൂയം
9,10,11 ഭാവങ്ങളിലായി ചന്ദ്രൻ സഞ്ചരിക്കുകയാൽ ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടുന്ന വാരമാണിത്. ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. വിഘ്നങ്ങൾ ഒഴിഞ്ഞ് കർമ്മരംഗം പ്രസന്നമാകുന്നതാണ്. കരാർപണികളിൽ ഏർപ്പെട്ടവർക്ക് അവ പുതുക്കിക്കിട്ടാം. ബിസിനസ്സ് വിപുലീകരണത്തിന് ലോൺ അനുവദിക്കപ്പെടും. വ്യക്തിജീവിതത്തിലും സന്തോഷാനുഭവങ്ങൾ ഭവിക്കുന്നതാണ്. ജീവിതപങ്കാളിക്ക് പുതിയ ജോലിയോ, പ്രൊമോഷനോ കൈവരുന്നതാണ്. കുട്ടികളുടെ കലാവാസന വികസിക്കാൻ അവസരം ഒരുക്കുവാനാവും.
ആയില്യം
നക്ഷത്രനാഥനായ ബുധൻ്റെ വക്രഗതി, നീചസ്ഥിതി എന്നിവ ഈയാഴ്ച സംഭവിക്കുന്നുണ്ട്. അതിനാൽ മനസ്സ് സന്ദിഗ്ദ്ധമാവും. തീരുമാനിച്ചവ സാക്ഷാൽകരിക്കുവാൻ ക്ലേശിക്കുന്നതാണ്. സുഹൃത്തുക്കളുടെ വാഗ്ദാനങ്ങൾ പാഴാവും. പഠനകാര്യങ്ങളിൽ തടസ്സമോ ഇഷ്ടക്കുറവോ അനുഭവപ്പെടാം. ബന്ധുക്കളുടെ വിരോധത്തിനും സാധ്യതയുണ്ട്. സാധാരണ ചെയ്യുന്ന ദൗത്യങ്ങൾ തടസ്സമില്ലാതെ ചെയ്യുവാൻ കഴിയും. സാമ്പത്തിക വരവ് മോശമാവുകയില്ല.
മകം
ശ്രദ്ധാപൂർവ്വമായ കരുനീക്കങ്ങളിലൂടെ ഭിന്നസ്വരങ്ങളെ നിർവീര്യമാക്കും. അണികളെ ഒപ്പം നിർത്തുന്നതിൽ വിജയിക്കുന്നതാണ്. ഊഹക്കച്ചവടം, ലോട്ടറി, ചിട്ടി ഇവയിൽ നിന്നും വരവുണ്ടാകും. കടബാധ്യതകൾ കുറച്ചെങ്കിലും പരിഹരിച്ചേക്കും. കുട്ടികളുടെ പഠനാവവശ്യങ്ങൾക്ക് പണം കണ്ടെത്തും. ഉദ്യോഗത്തിൽ നിന്നും വിരമിച്ചവർക്ക് പാർട്ട് ടൈം ആയിട്ടുള്ള ജോലി നേടാനാവും. വാരാദ്യം കുറച്ച് മനക്ലേശത്തിന് വകയുണ്ട്. ചെലവും കൂടാം. ആരോഗ്യപരമായി കരുതൽ വേണം.
പൂരം
ഇഷ്ടാനിഷ്ടങ്ങൾ തുറന്നു പറയുന്നതിനാൽ വീട്ടിലും തൊഴിലിടത്തിലും പരോക്ഷമായ എതിർപ്പുയരാം. നക്ഷത്രാധിപനായ ശുക്രൻ്റെ ഉച്ചസ്ഥിതി ഭോഗസുഖത്തിന് വഴിയൊരുക്കും. ആഢംബര വസ്തുക്കൾ വാങ്ങുന്നതാണ്. ഗൃഹം മോടിപിടിപ്പിക്കുന്ന പണി തുടരും. ചെറുപ്പക്കാരുടെ വിവാഹാലോചനകൾ സഫലമായേക്കും. കമ്മീഷൻ പ്രവർത്തനത്തിൽ വിചാരിച്ചതിലും ലാഭമുണ്ടാവും. ഞായർ, തിങ്കൾ ദിവസങ്ങളിൽ ശുഭകാര്യങ്ങൾ തുടങ്ങാതിരിക്കുക കരണീയം.
ഉത്രം
ഏല്പിക്കപ്പെട്ട കാര്യങ്ങളുടെ പൂർത്തീകരണം സംതൃപ്തിയേകും. ബിസിനസ്സിൽ നിന്നും വരുമാനം വർദ്ധിക്കും. വസ്തുവ്യവഹാരത്തിൽ തിരിച്ചടി വരാനിടയുണ്ട്. പ്രൊമോഷൻ സാധ്യത മങ്ങുന്നതാണ്. ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പ് നടത്തുന്ന കോഴ്സുകളിൽ ചേരും. ദാമ്പത്യത്തിൽ സമ്മിശ്രാനുഭവങ്ങൾ ഭവിക്കുന്നതാണ്. വേണ്ടപ്പെട്ടവരുടെ രോഗാവസ്ഥ വിഷമകാരണമാകും. ജന്മനാട്ടിലേക്ക് അപ്രതീക്ഷിത യാത്ര വേണ്ടി വന്നേക്കും. സ്വതസ്സിദ്ധമായ കലാപ്രവർത്തനം പൊടിതട്ടിയെടുക്കാൻ ശ്രമിക്കുന്നതാണ്.
അത്തം
യാത്രകൾ ഗുണകരമാവും. ബന്ധുക്കളെ സന്ദർശിക്കാൻ അവസരം വന്നെത്തും. തൊഴിൽ കൊണ്ട് ഉയരാനാവും എന്ന ആത്മവിശ്വാസം ഭവിക്കുന്നതാണ്. ജാമ്യം നിൽക്കുന്നതിൽ ജാഗ്രതയുണ്ടാവണം. ചെറുകടങ്ങൾ വീട്ടാനായേക്കും. സാമ്പത്തികമായി മെച്ചപ്പെട്ട വാരമാണ്. സൗഹൃദങ്ങൾ ദൃഢമാകും. പ്രണയം പൂവണിയുന്നതാണ്. ഗ്രന്ഥകാരന്മാർക്ക് സർഗാത്മകതയേറും. ആരോഗ്യസ്ഥിതി മോശമാവില്ല. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശുഭാരംഭം നല്ലതല്ല.
ചിത്തിര
സമ്മർദ്ദങ്ങൾ ഒഴിയുന്നതായി അനുഭവപ്പെടും. കുടുംബാംഗങ്ങളുമായിഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതാണ്. ചില കൂട്ടുകെട്ടുകൾ ഗുണം ചെയ്യില്ലെന്ന് ഉറപ്പാകും. സ്വർണപ്പണയത്തിൻ്റെ തിരിച്ചടവ് മുടങ്ങില്ല. സാമൂഹ്യ മാധ്യമങ്ങൾ കാണുന്നതിന് കൂടുതൽ സമയം ചെലവഴിച്ചേക്കും. മാതാവിൻ്റെ ആരോഗ്യകാര്യത്തിൽ അല്പം ഉൽക്കണ്ഠയുണ്ടാവും. അകലങ്ങളിൽ ഉള്ള ബന്ധുക്കൾ വീട്ടിൽ വരും. അതിഥികളുടെ പ്രശസ നേടും. ഔദ്യോഗികമായി ശരാശരിക്കാലമാണ്. ലീവ് ലഭിക്കാത്തത് മനക്ലേശമുണ്ടാക്കും.
ചോതി
ബിസിനസ്സുകാർക്ക് നല്ല ആഴ്ചയാണ്. ഉപഭോക്താക്കളുടെ പ്രീതി നേടുന്നതിൽ വിജയിക്കുവാൻ കഴിയും. പുതിയ ഏജൻസികൾ ലഭിച്ചേക്കും. യാത്രകൾ ഗുണകരമാവും. ദാമ്പത്യത്തിലും പ്രായേണ സംതൃപ്തി ഭവിക്കുന്നതാണ്. മകനുമായി ചില ആശയ ഭിന്നതകൾ വരാനിടയുണ്ട്. സുഹൃത്തുക്കളുമായുള്ള അഭിപ്രായാന്തരം നീങ്ങുന്നതാണ്. വളർത്തുമൃഗങ്ങളുടെ പരിപാലനച്ചിലവ് കൂടാം. രാഷ്ട്രീയ സമ്മേളനങ്ങളിൽ ശ്രോതാവായിരിക്കും. വെള്ളി, ശനി ദിവസങ്ങളിൽ ആരോഗ്യജാഗ്രത വേണം. ചെലവധികരിച്ചേക്കാം.
വിശാഖം
ഒരു പാട് കാര്യങ്ങളിൽ ശ്രദ്ധയും താല്പര്യവും ഉണ്ടാവും. പഴയ വസ്തുക്കൾ ശേഖരിക്കാൻ സമയം കണ്ടെത്തുന്നതാണ്. തൊഴിലിലെ അവഗണന പരസ്യമാക്കും. സ്വയം തിരുത്താനുള്ള ആർജ്ജവം പ്രകടിപ്പിക്കുന്നതാണ്. സഹപ്രവർത്തകരുമായി ഔദ്യോഗിക യാത്ര വേണ്ടി വന്നേക്കും. വിദ്യാർത്ഥികൾ പ്രൊഫഷണൽ കോഴ്സുകൾക്ക് ഒരുക്കം തുടങ്ങും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഇണക്കം കുറയുന്നതാണ്. സാമ്പത്തിക മാനേജുമെൻ്റിൽ പരാജയപ്പെടാം. നിർജലീകരണം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ സാധ്യതയാണ്.
അനിഴം
കണ്ടകശനി തുടരുന്നതിനാൽ ആശയക്കുഴപ്പം വാക്കിലും കർമ്മത്തിലും ഭവിക്കാം. ധീരമായ നടപടികൾ കൈക്കൊള്ളേണ്ട സമയത്ത് മാനസികമായ ഒളിച്ചോട്ടം നടത്തിയേക്കും. കലാകാരന്മാർക്ക് നല്ല കാലമാണ്. പറഞ്ഞുവെച്ച അവസരങ്ങൾ ലഭിക്കുന്നതാണ്. ഭോഗസുഖം പ്രതീക്ഷിക്കാം. ജീവിത പങ്കാളിയുടെ സ്വത്ത് സംബന്ധിച്ച തർക്കങ്ങളിൽ മനസ്സില്ലാമനസ്സോടെ പങ്കുചേർന്നേക്കും. ദൈവിക സമർപ്പണങ്ങൾക്ക് അവസരമുണ്ടാകും.
തൃക്കേട്ട
സ്വന്തം നിലപാടുകളിൽ നിന്നും പിന്തിരിയാൻ കൂട്ടാക്കില്ല. എന്നാൽ സർവ്വത്ര ആശയക്കുഴപ്പം ഭവിക്കുന്ന വാരമാണ്. നിലവിലെ തൊഴിലിൽ താല്പര്യം കുറയാം. പുതുജോലി ഉറപ്പാക്കാതെ ഇപ്പോഴത്തെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമായേക്കില്ല. കായിക വിനോദങ്ങൾ ആസ്വദിക്കാൻ കൂടുതൽ നേരം ചെലവഴിക്കുന്നതാണ്. സുഹൃത്തുക്കളോട് പഴയ വിരോധം മനസ്സിൽ സൂക്ഷിക്കും. രേഖകൾ, ലൈസൻസ് മുതലായവ നേടാൻ അല്പം അലച്ചിൽ ഉണ്ടാവും. വസ്തുവിൽപ്പന നീളുന്നതിൽ വിഷമിക്കും.
മൂലം
ആത്മവിശ്വാസം കുറയും. പുതിയ കാര്യങ്ങൾക്കുനേരെ മുഖം തിരിക്കും. ചെറുകിട വ്യാപാരികൾക്കും ദിവസവേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർക്കും ഗുണമുണ്ടാകും. വലിയ മുതൽമുടക്കുകൾക്ക് കാലം അനുകൂലമല്ല. പുതിയ വാടക വീട് കണ്ടെത്തുന്നതാണ്. വാഹനത്തിൻ്റെ അറ്റകുറ്റം കഴിഞ്ഞ് നിരത്തിലിറക്കും. ബന്ധുക്കളുടെ പക്കൽ നിന്നും വാങ്ങിയ പണം തിരികെ ചോദിച്ചേക്കും. പൊതുപ്രവർത്തകർക്ക് സമ്മർദ്ദം ഉണ്ടാവും. സ്ത്രീ സുഹൃത്തിനൊപ്പം ദീർഘയാത്ര നടത്തും. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങൾക്ക് ഗുണം കുറയും.
പൂരാടം
കൃഷികാര്യങ്ങളിൽ ഉത്സുകത്വം ഉണ്ടാവും. പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നതാണ്. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കും. ഇഷ്ടവസ്തുക്കൾ വാങ്ങാൻ സമ്പത്ത് ഒരു തടസ്സമാവില്ല. മകൻ്റെ ദാമ്പത്യക്ലേശങ്ങൾ പരിഹരിക്കാൻ ശ്രമം തുടരും. നിലവിലെ തൊഴിലിൽ പുരോഗതിയില്ലാത്തത് മനപ്രയാസമുണ്ടാക്കും. ബന്ധുക്കളുടെ സഹായം സിദ്ധിക്കുന്നതാണ്. നവസംരംഭത്തിനായി ലൈസൻസിന് അപേക്ഷിച്ചേക്കും. കവികൾക്കും കലാകാരന്മാർക്കും ഉണർവ്വുണ്ടാകുന്ന സമയമാണ്.
ഉത്രാടം
ലക്ഷ്യത്തിലെത്താൻ വളഞ്ഞവഴികളും സ്വീകരിക്കേണ്ടി വരാമെന്ന പാഠം പഠിക്കും. ഔദ്യോഗികമായി തിരക്കേറുന്നതാണ്. 'വർക്ക് അറ്റ് ഹോം' ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിലായി ചുരുങ്ങിയേക്കും. സ്ത്രീ സുഹൃത്തുമായി പിണങ്ങാനിടയുണ്ട്. കുടുംബത്തിനൊപ്പമുള്ള വെക്കേഷൻ യാത്രകൾ പ്ലാൻ ചെയ്യും. കടബാധ്യത തീർക്കാമെന്ന് വാക്കുതന്നവർ അത് പാലിച്ചേക്കില്ല. അതിനാൽ മനക്ലേശവും ധനക്ലേശവും ഉണ്ടാവും. കിടപ്പുരോഗികൾക്ക് മുഴുവൻ സമയ സഹായിയെ ഏർപ്പെടുത്തുന്നതാണ്.
തിരുവോണം
വൈകാരിക ക്ഷോഭം വർദ്ധിക്കും. തന്മൂലം സുഹൃത്തുക്കൾ അകലം പാലിക്കുന്നതാണ്. തൊഴിൽ രംഗം വിപുലീകരിക്കാനായി പുതിയ പാർട്ണർമാരെ പരസ്യത്തിലൂടെ ക്ഷണിച്ചേക്കും. കുടുംബത്തിനോടൊപ്പം ചിലവഴിക്കാൻ വേണ്ടത്ര സമയം കിട്ടിയേക്കില്ല. പ്രൊഫഷണൽ പഠനത്തിനായുള്ള തയ്യാറെടുപ്പുകളിൽ മുഴുകും. അപ്രസക്ത കാര്യങ്ങളിൽ സഹപ്രവർത്തകരുമായി തർക്കത്തിൽ ഏർപ്പെട്ടേക്കും. ചൂടുപിടിച്ച രാഷ്ട്രീയ കാലാവസ്ഥയോട് പൊരുത്തപ്പെടാനാവാതെ വിഷമിക്കുന്നതാണ്.
അവിട്ടം
പുതിയ കാര്യങ്ങൾ/പുതിയ ഭാഷ പഠിക്കാൻ അദമ്യമായി ആഗ്രഹിക്കും. ആരംഭത്തിലെ ഉത്സാഹം പിന്നീട് ഉണ്ടായേക്കില്ല. കുത്സിതമാർഗങ്ങളിലൂടെ പണമുണ്ടാക്കാൻ ക്ഷണമുണ്ടാവും. എന്നാൽ നിരാകരണത്തിന് മടിക്കില്ല. ബന്ധുക്കളുടെ ആതിഥ്യം സ്വീകരിക്കും. ഏജൻസി ഏർപ്പാടുകൾ ഗുണകരമാവുന്നതാണ്. കമ്മിറ്റികളിൽ സ്വാഭിപ്രായം പറയുന്നത് ശത്രുക്കളെ വളർത്തും. ദാമ്പത്യത്തിൽ അനുരഞ്ജനമാർഗം ഗുണം ചെയ്യുന്നതാണ്. ഭാവിയെക്കുറിച്ച് പ്രതീക്ഷ പുലർത്തണം.
ചതയം
വ്യാപാരത്തിൽ ശ്രദ്ധിക്കേണ്ട സമയമാണ്. മകൻ്റെ പഠനാവശ്യത്തിന് ലോൺ അനുവദിച്ച് കിട്ടും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കുന്നതാണ്.
കുറച്ചു നാളായി വസ്തുവിൽപ്പനയിൽ നേരിട്ട തടസ്സം നീങ്ങും. ഇടപാടുകളിൽ ലാഭം പ്രതീക്ഷിക്കാം. ഭാവനാശാലികളായ കലാകാരന്മാർക്ക് ഗുണപ്രദമായ കാലമാണ്. സഹപ്രവർത്തകർ സഹകരിക്കുന്നത് ദൗത്യങ്ങളെ വിജയകരമാക്കും. അന്യദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനാവും.
തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങൾ കൂടുതൽ അനുകൂലം.
പൂരൂരുട്ടാതി
ശനിയും ചൊവ്വയും പൂരൂരുട്ടാതി നാളിൽ തുടരുകയാൽ ദേഹക്ലേശത്തിന് സാധ്യതയുണ്ട്. മന:ക്ഷോഭം അധികരിച്ചേക്കാം. ചെറിയ കാര്യങ്ങൾക്ക് പോലും ഒച്ചയിട്ട് സംസാരിക്കുന്ന രീതി പ്രകടമാവും. ചിലർക്ക് അകാരണമായ ഭയം പിടികൂടും. സാധാരണ പ്രവൃത്തികളിൽ വിജയമുണ്ടാവും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ ശക്തിയേകും. പുതിയ കരാറുകളിൽ ഒപ്പിടുക, ജാമ്യം നിൽക്കുക, മുതലായവ ശ്രദ്ധാപൂർവ്വം ചെയ്യണം. വ്യവഹാരങ്ങളിൽ നിന്നും പിന്തിരിയുക ഉത്തമം.
ഉത്രട്ടാതി
ശുക്രൻ ഉത്രട്ടാതിയിൽ സഞ്ചരിക്കുകയാണ്. അതിനാൽ ഭൗതികനേട്ടങ്ങൾ സ്വായത്തമാകും. കർമ്മരംഗത്തും മത്സരങ്ങളിലും വിജയിക്കാനുള്ള സാഹചര്യം സഞ്ജാതമാകുന്നതാണ്. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിക്കാം. എന്നാൽ മുൻ - പിൻ നക്ഷത്രങ്ങളിൽ രണ്ടുവീതം പാപഗ്രഹങ്ങൾ, ശനിയും ചൊവ്വയും രാഹുവും സൂര്യനും സഞ്ചരിക്കുന്ന കാരണത്താൽ സമ്മർദ്ദം ഒഴിയില്ല. ചെറുപ്രശ്നങ്ങൾ വലുതായേക്കും. ചിലരുടെ ചോദ്യങ്ങൾക്ക് സമാധാനം ബോധിപ്പിക്കേണ്ടതായി വരുന്നതാണ്.
രേവതി
ഗ്രഹാനുകൂല്യവും ഗ്രഹപ്പിഴയും സമ്മിശ്രമാകയാൽ ലഘുവായ കാര്യങ്ങളിൽ പോലും കാലവിളംബം ഉണ്ടാവും. എന്നാൽ കനപ്പെട്ട കാര്യങ്ങൾ വേഗം സാക്ഷാല്ക്കരിക്കാനും കഴിഞ്ഞേക്കും. ബന്ധുക്കളുടെ കാര്യത്തിൽ ഇടപെട്ട് സന്തപിക്കുന്നതിന് സാധ്യതയുണ്ട്.
ഉപരി വിദ്യാഭ്യാസ കാര്യങ്ങളിൽ വ്യക്തത വരുന്നതാണ്. വിലകൂടിയ ഗൃഹോപകരണങ്ങൾ, വസ്ത്രാഭരണാദികൾ വാങ്ങാനിടയുണ്ട്. പ്രണയാനുഭവം, ഭോഗസുഖം, മൃഷ്ടാന്നഭോജനം, വിനോദ പരിപാടികളിൽ പങ്കെടുക്കുന്നത് തുടങ്ങിയവയും ഈ ആഴ്ചയിലെ സന്തോഷാനുഭവങ്ങൾ ആയേക്കാം.
Read More
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 April 08 to April 14
- വാരഫലം, മകം മുതൽ തൃക്കേട്ട വരെ; April 07-April 13, 2024, Weekly Horoscope
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; April 07-April 13, 2024, Weekly Horoscope
- മേടമാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Monthly Horoscope for Medam
- Weekly Horoscope (March 31– April 6, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 April 01 to April 07
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.