/indian-express-malayalam/media/media_files/HzYcsXIVjnwB2F1U5yOU.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ കുംഭം രാശിയിൽ അവിട്ടം - ചതയം ഞാറ്റുവേലകളിൽ ആണ്. ചന്ദ്രൻ വെളുത്ത പക്ഷത്തിൽ; വാരാന്ത്യ ദിനമായ ഫെബ്രുവരി 24 ന് വെളുത്തവാവ് / പൗർണമി സംഭവിക്കുന്നു. രോഹിണി മുതൽ മകം വരെയുള്ള നക്ഷത്രങ്ങളിലൂടെ ചന്ദ്രൻ കടന്നുപോകുന്നുമുണ്ട്.
ചൊവ്വ ഉച്ചസ്ഥനായി മകരം രാശിയിൽ തുടരുകയാണ്. മകരത്തിൽ തന്നെ ആരോഹിയായ ശുക്രനുമുണ്ട്. മകരത്തിൽ സഞ്ചരിക്കുന്ന അവരോഹിയും മൗഢ്യവുമുള്ള ബുധൻ ഫെബ്രുവരി 20 ന് മകരത്തിൽ നിന്നും കുംഭത്തിലേക്ക് സംക്രമിക്കുന്നു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മകരം രാശിയിൽ ത്രിഗ്രഹയോഗം ഭവിക്കുന്നുണ്ട്.
അതിനു ശേഷം കുംഭം രാശിയിൽ ബുധൻ- ആദിത്യൻ- ശനി എന്നിവർ സംഗമിക്കുന്ന ത്രിഗ്രഹ യോഗം വരുന്നു. ശനി കുംഭം രാശിയിൽ മൗഢ്യാവസ്ഥയിലായിക്കഴിഞ്ഞു.
മേടം രാശിയിൽ വ്യാഴവും മീനം രാശിയിൽ രാഹുവും കന്നി രാശിയിൽ കേതുവും സഞ്ചരിക്കുകയാണ്. ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. ഞായറാഴ്ച തുലാക്കൂറിനും തിങ്കളും ചൊവ്വയും വൃശ്ചികക്കൂറിനും തുടർന്ന് വെള്ളി സായാഹ്നം വരെ ധനുക്കൂറിനും അഷ്ടമരാശിയാകുന്നു. ശനിയാഴ്ച മകരക്കൂറുകാരുടെ അഷ്ടമരാശി തുടങ്ങുന്നു. ശരാശരി രണ്ടേകാൽ ദിവസം ചന്ദ്രൻ ഒരു രാശിയിലൂടെ കടന്നുപോകും.
ജനിച്ച കൂറിൻ്റെ എട്ടാം രാശിയിൽ ഇപ്രകാരം ചന്ദ്രൻ കടന്നുപോകുന്നതിനെ അഷ്ടമരാശി / ചന്ദ്രാഷ്ടമസ്ഥിതി തുടങ്ങിയ വാക്കുകളിൽ വിശേഷിപ്പിക്കുന്നു. ശുഭാരംഭത്തിന് ഈ ദിവസങ്ങൾ വർജ്ജിക്കണം. മനസ്സിൻ്റെ സ്വൈരം കുറയാം. കാര്യതടസ്സവും ഭവിച്ചേക്കാം.
ഈ ഗ്രഹസ്ഥിതിയെ മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്.
മൂലം
ബിസിനസ്സിൽ പുതിയ പങ്കാളികളെ ചേർക്കും. മൂലധനം ഉയർത്താനുള്ള ശ്രമം വിജയിക്കുന്നതാണ്. വസ്തുക്കളുടെ ക്രയവിക്രയത്തിൽ പ്രതീക്ഷിച്ച ലാഭം കിട്ടിയേക്കില്ല. ദാമ്പത്യബന്ധം സുദൃഢമാകുന്നതാണ്. പ്രണയികൾക്ക് കാലം അനുകൂലമാണ്. ആഡംബരവസ്തുക്കൾ സ്വന്തമാക്കും. കുടുംബത്തിലെ മുതിർന്ന അംഗങ്ങളിൽ നിന്നും മാനസികമായ പിന്തുണ ലഭിക്കുന്നതാണ്. മത്സരങ്ങൾക്ക് നല്ല പരിശീലനം / തയ്യാറെടുപ്പ് നടത്താൻ കഴിയും. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് ശുഭത്വം കുറയാം.
പൂരാടം
ആപദ്ധൈര്യം പ്രദർശിപ്പിക്കും. കലാകാരന്മാർക്ക് ധാരാളം പുതിയ അവസരങ്ങൾ ലഭിക്കുന്നതാണ്. സാമ്പത്തിക ക്ലേശം മറികടക്കാനാവും. ബിസിനസ്സ് പരമായി യാത്രകൾ ഉണ്ടാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള പദവികൾ ലഭിച്ചേക്കാം. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനാവും. ദാമ്പത്യത്തിൽ പാരസ്പര്യം ദൃഢമാകും. പ്രണയ വിവാഹത്തിന് മാതാപിതാക്കളുടെ അംഗീകാരം കിട്ടുന്നതായിരിക്കും. ദൈവിക വഴിപാടുകൾക്ക് സമയം കണ്ടെത്തുന്നതാണ്.
ഉത്രാടം
വികാരവിക്ഷോഭം നിയന്ത്രിക്കപ്പെടണം. ആരോഗ്യ പരിശോധനകളിൽ ചില ആശങ്കകൾ വരാം. സാമ്പത്തികമായി ഞെരുക്കം അനുഭവപ്പെടുന്നതാണ്. വിദ്യാർത്ഥികളുടെ പഠനത്തിൽ / പരീക്ഷാതയ്യാറെടുപ്പിൽ മാതാപിതാക്കൾ സവിശേഷം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തൊഴിൽപരമായി ശരാശരിക്കാലമാണ്. പ്രോജക്ടുകൾക്ക് മേലുദ്യോഗസ്ഥരുടെ അനുമതി ലഭിച്ചേക്കില്ല. സൗഹൃദങ്ങൾ സന്തോഷമേകുന്നതാണ്. ദൂരയാത്രകൾക്കോ തീർത്ഥാടനത്തിനോ സാധ്യത കാണുന്നു.
തിരുവോണം
നക്ഷത്രനാഥന് പക്ഷബലമുള്ള കാലമാകയാൽ മനോല്ലാസവും സുഭിക്ഷതയും ഉണ്ടാകുന്നതാണ്. സ്ത്രീകളുടെ പിന്തുണ ലഭിക്കും. ഉത്സവാദികളിൽ സജീവമാകുന്നതാണ്. ഔദ്യോഗികരംഗത്തിൽ പരിശ്രമത്തിന് തക്ക പ്രതിഫലം കൈവരും. മാതാവിൻ്റെ ആരോഗ്യസ്ഥിതിയിലെ ഉൽകണ്ഠ നീങ്ങും. സംരംഭത്തിൻ്റെ വിപുലീകരണത്തിന് ആരംഭം കുറിക്കും. അതിവൈകാരിക പ്രതികരണങ്ങൾ ശത്രുക്കളെ വളർത്താനിടയുണ്ട്. നിക്ഷേപങ്ങളുടെ ഭദ്രത പരിശോധിക്കപ്പെടണം. ശനിയാഴ്ച കഫജന്യ രോഗങ്ങൾ ഉപദ്രവിക്കാം.
അവിട്ടം
നക്ഷത്രനാഥൻ ചൊവ്വയുടെ ഉച്ചബലം മാത്രമാണ് ഗുണകരം. അതിനാൽ പ്രശ്നങ്ങളെ സധൈര്യം നേരിടും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ നിസ്സാരീകരിക്കും. സൂര്യൻ ജന്മരാശിയിലാകയാൽ ദേഹാദ്ധ്വാനം വെറുതെയാവും. കരുതൽ ധനം നിഷ്പ്രയോജന കാര്യങ്ങൾക്ക് ഉപയോഗിക്കേണ്ടിവരും. വിദ്യാർത്ഥികളെ ആലസ്യം ബാധിക്കാം. ഗൃഹാന്തരീക്ഷത്തിൽ സമാധാനം കുറയുന്നതായി തോന്നും. മറ്റുള്ളവരെ പഴിക്കാൻ സമയം കണ്ടെത്തും. ആഢംബര വസ്തുക്കൾ വാങ്ങുന്നതാണ്.
ചതയം
ജന്മനക്ഷത്രത്തിൽ ശനിയും ആദിത്യനും സഞ്ചരിക്കുകയാൽ ദേഹസൗഖ്യം കുറയാം. മാനസികമായും പിരിമുറുക്കം ഉണ്ടാകും. വ്യാപാരത്തിൽ ലാഭം കുറയും. ഭൂമിയിൽ നിന്നുമുള്ള ഉല്പന്നങ്ങൾക്ക് അർഹിക്കുന്ന വില കിട്ടുകയില്ല. കടം വാങ്ങേണ്ട സാഹചര്യം ഉണ്ടാവും. കുടുംബത്തിൻ്റെ പിന്തുണ ശക്തി പകരും. വ്യവഹാരങ്ങൾ നീണ്ടുപോകും.
ഭൂമി കച്ചവടത്തിൽ നിന്നും പ്രതീക്ഷിച്ചത്ര ലാഭം ഉണ്ടായില്ലെന്ന് വരാം. ദിവസ വേതനക്കാർക്ക് തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടില്ല. വലിയ മുതൽമുടക്കുകൾക്ക് ഇപ്പോൾ അനുകൂല സന്ദർഭമല്ല.
പൂരൂരുട്ടാതി
കുംഭക്കൂറുകാരായ പൂരൂരുട്ടാതിക്കാർക്ക് സമ്മർദ്ദങ്ങളേറും. ലക്ഷ്യത്തിലെത്താൻ കൂടുതൽ നേരവും ഊർജ്ജവും വേണ്ടിവരുന്നതാണ് വിവാദങ്ങളിൽ ഉൾപ്പെടാനിടയുണ്ട്. വരവ് കുറയും; എന്നാൽ ചെലവ് കുടുന്നതുമാണ്. സ്ഥലംമാറ്റം പോലുള്ള പ്രശ്നങ്ങൾ ഉദ്യോഗസ്ഥർ നേരിട്ടേക്കാം. സജ്ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്നത് പ്രസ്താവ്യമാണ്. മീനക്കൂറുകാർക്ക് അലച്ചിലേറുമെങ്കിലും ചില ഗുണങ്ങൾ, ധനലാഭം, പദവി എന്നിവ പ്രതീക്ഷിക്കാം. ചിന്തയിൽ മുഴുകും; പ്രവൃത്തിയിൽ അത്ര ശ്രദ്ധ ഉണ്ടാവണമെന്നില്ല.
ഉത്രട്ടാതി
ചില ഗ്രഹങ്ങളുടെ പ്രാതികൂല്യമുണ്ട്. എന്നാൽ ശുക്രൻ, ചൊവ്വ, വ്യാഴം തുടങ്ങിയ ഗ്രഹങ്ങൾ അനുകൂലത്തിലുമാണ്. ദേഹാലസ്യം, യാത്ര കൊണ്ടുള്ള ക്ലേശം, അധികാരികളുടെ അവഗണന, ആലസ്യം ഇവ ഒരുഭാഗത്ത് സ്വൈരതയെ ഭഞ്ജിക്കുന്നതായി വരാം. മറുഭാഗത്ത് ചൊവ്വയുടെ സ്ഥിതിമൂലം മത്സരവിജയം, അനിരോധ്യത, വ്യവഹാരവിജയം എന്നിവയ്ക്ക് സാധ്യതയുണ്ട്. ആഢംബര വസ്തുക്കൾ ലബ്ധമാവുക, ഭോഗസുഖം എന്നിവ ശുക്രസ്ഥിതിയാൽ കൈവന്നേക്കാം.
വ്യാഴം കുടുംബ സുഖമേകും. ധനവരവ് സുഗമമാകുന്നതാണ്.
രേവതി
നക്ഷത്രനാഥനായ ബുധൻ്റെ മൗഢ്യസ്ഥിതി, രാഹുവിൻ്റെ ജന്മനക്ഷത്രസ്ഥിതി എന്നിവ മൂലം മനസ്സിൽ സകാരണമോ അകാരണമോ ആയ ഭയം തോന്നാം. ജ്ഞാതികളുടെ വിരോധം വിഷമിപ്പിക്കും. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തികരിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഭൂമി സംബന്ധിച്ച ഇടപാടുകൾ ലാഭകരമാവുന്നതാണ്. കലാകാരന്മാർക്ക് ആദരം ലഭിക്കും. സ്ത്രീകളുടെ പിന്തുണ സിദ്ധിക്കുന്നതാണ്. വിയോജിപ്പുകളെ തൃണവൽഗണിക്കുവാനാവും. പ്രണയസാഫല്യം ഭവിക്കുന്നതാണ്. ദാമ്പത്യസുഖം പ്രതീക്ഷിക്കാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.