/indian-express-malayalam/media/media_files/wZDr3gl5eWmUYOQCajvn.jpg)
Vishu Phalam 2024
Vishu Phalam 2024: 2024 ലെ വിഷു മുതൽ 2025 ലെ വിഷു വരെ നീണ്ടുനിൽക്കുന്ന അനുഭവങ്ങളാവും ഇതിലൂടെ പ്രതീക്ഷിക്കപ്പെടുന്നത്. മീനം രാശിയിൽ നിന്നും മേടം രാശിയിലേക്കുള്ള സൂര്യൻ്റെ പ്രവേശസമയത്തെ കേന്ദ്രീകരിച്ചാണ് വിഷുഫലം നിർണയിക്കുക. 1199 മീനമാസം 31 ന് (2024 ഏപ്രിൽ 13 ന്) ശനിയാഴ്ച രാത്രി എട്ട് മണി 51 മിനിട്ടിനാണ് സൂര്യൻ്റെ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്കുള്ള പ്രവേശനം.
മകയിരം നക്ഷത്രം നാലാംപാദത്തിൽ മിഥുനക്കൂറിലായാണ് ഈ സംക്രമം സംഭവിക്കുന്നത് എന്നതും ജ്യോതിഷപരമായ പ്രത്യേകതയുള്ള കാര്യമാണ്. ഇത് അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരെ ഏതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നു എന്ന പരിശോധനയാണ് വിഷുഫലത്തിൻ്റെ കാതൽ.
മേടസംക്രമം നടക്കുന്ന നക്ഷത്രത്തെയും അതിൻ്റെ മുൻപിൻ നക്ഷത്രങ്ങളെയും ആദിശൂല നക്ഷത്രങ്ങളെന്ന് പറയുന്നു. രോഹിണി, മകയിരം, തിരുവാതിര ഇവയാണ് ഇത്തവണത്തെ ആദിശൂല നക്ഷത്രങ്ങൾ. ഇവയിൽ ജനിച്ചവർക്ക് രോഗദുരിതങ്ങൾ, ധനവ്യയം, വിപത്തുകൾ എന്നിവ സാമാന്യ ഫലം.
ആദിശൂലത്തിൻ്റെ അടുത്ത ആറ് നക്ഷത്രങ്ങൾ 'ആദിഷഡ്കം' എന്ന് വിളിക്കപ്പെടുന്നു. പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം എന്നിവ അതിലുൾപ്പെടുന്നുണ്ട്. സൽകീർത്തിയും ധനോന്നതിയും അഭീഷ്ടസാഫല്യവും പ്രതീക്ഷിക്കാവുന്ന വർഷമാവും ഇത്. തുടർന്ന് വരുന്ന മൂന്ന് നക്ഷത്രങ്ങൾ-അത്തം, ചിത്തിര, ചോതി എന്നിവ-'മധ്യശൂലം' എന്ന വിഭാഗത്തിലാണ്. ഗുണാനുഭവങ്ങൾ ഇവർക്ക് കുറയാം. പ്രതിസന്ധികളെ നേരിടേണ്ടി വന്നേക്കും.
പിന്നീടുള്ള ആറ് നക്ഷത്രങ്ങൾ 'മധ്യഷഡ്കം' എന്ന വിശേഷണത്തിൽ വരുന്നു. വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം എന്നിവയാണ് ആ നക്ഷത്രങ്ങൾ. ബഹുമാന്യത, അംഗീകാരം, ഐശ്വര്യം എന്നിവ പ്രതീക്ഷിക്കാം. തുടർന്നുള്ള മൂന്ന് നക്ഷത്രങ്ങൾ 'അന്ത്യശൂലം' ആണ്. തിരുവോണം, അവിട്ടം, ചതയം എന്നിവയാണ് ഇതിലുൾപ്പെടുന്നത്. ഇവർക്ക് ക്ലേശങ്ങൾ, കാര്യതടസ്സം, അമിതവ്യയം ഇവ സാധ്യതകളാണ്.
പൂരൂരുട്ടാതി മുതൽ ആറ് നക്ഷത്രങ്ങൾ (പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി, അശ്വതി, ഭരണി, കാർത്തിക) 'അന്ത്യ ഷഡ്ക' ത്തിൽ വരുന്നു. പ്രായേണ ഗുണാനുഭവങ്ങൾക്കാവും ഈ നാളുകാരുടെ വിഷുഫലത്തിൽ മുൻതൂക്കം. 'ശൂലം' എന്ന വിഭാഗത്തിലെ ഒമ്പത് നാളുകൾക്ക് സമ്മർദങ്ങളാവും അധികം. 'ഷഡ്കം' എന്ന വിഭാഗത്തിലെ പതിനെട്ട് നാളുകൾക്കും അനായാസമായി ജീവിതത്തെ മുന്നോട്ടു നയിക്കാനും കഴിഞ്ഞേക്കും എന്ന് ഒറ്റനോട്ടത്തിൽ വിഷുഫലം വ്യക്തമാക്കുന്നു.
ഇവയോടൊപ്പം നവഗ്രഹങ്ങളുടെ സ്വാധീനവും പ്രധാനമാണ്. രാഹു, കേതു, വ്യാഴം, ശനി, സൂര്യൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളുടെ രാശിസഞ്ചാരം നിർണായകമാവും. ഇവയും കൂടി വിലയിരുത്തപ്പെടുമ്പോൾ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ വിഷുഫലത്തിന് കൃത്യതയും വ്യക്തതയും കൈവരുന്നു.
മൂലം
ആഗ്രഹസഫലീകരണം സാധ്യമാകുന്ന വർഷമാണ്. തടസ്സങ്ങളെ പ്രത്യുല്പന്നമതിത്വം കൊണ്ട് മറികടക്കും. വിദ്യാഭ്യാസത്തിൽ പിന്നിലായവർക്ക് പഠനത്തിൽ ശ്രദ്ധിക്കാനും മികച്ച വിജയം നേടാനും അവസരം ഉണ്ടാകും. ശാസ്ത്രീയ ഗവേഷണങ്ങൾക്ക് പൂർത്തീകരണം ഭവിക്കും. ജീവിത പങ്കാളിക്ക് തൊഴിൽ ലഭിക്കാനോ, തൊഴിലുള്ളവർക്ക് അതിൽ ഉന്നമനം സിദ്ധിക്കാനോ സാധ്യത കാണുന്നു. ഭൗതികതയെക്കുറിച്ച് വാതോരാതെ പറഞ്ഞെന്നുവന്നാലും ആദ്ധ്യാത്മികചര്യയിൽ താല്പര്യമേറുന്നതാണ്. സഹോദരരുമായുള്ള തർക്കം കുടുംബ സുഹൃത്തുക്കളുടെ മധ്യസ്ഥതയാൽ പരിഹരിക്കപ്പെടും. സംരംഭങ്ങളിൽ നിന്നും ധനോന്നതി പ്രതീക്ഷിക്കാം. രോഗാവസ്ഥയാൽ വലയുന്നവർക്ക് ആശാസ്വമുണ്ടാകും. ഓൺലൈൻ ബിസിനസ്സിൽ നേട്ടം വന്നേക്കും. .
പൂരാടം
വിഷുസംക്രമഫലം ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും വളർച്ചയ്ക്ക് വഴിയൊരുക്കും. സാധാരണ ചെയ്യുന്ന ജോലികൾക്ക് മുടക്കം വരുന്നതല്ല. കർത്തവ്യങ്ങൾ ഭംഗിയാക്കുവാനാവും. കൃഷികാര്യങ്ങളിൽ ശ്രദ്ധയുണ്ടാവും. പാരമ്പര്യമായി ചെയ്തുവരുന്ന തൊഴിലുകളിൽ അഭ്യുദയം ഉണ്ടാകുന്നതാണ്. കുടുംബ സമേതം തീർത്ഥാടനത്തിന് അവസരമുണ്ടാകും. മക്കളുടെ പഠനപൂർത്തീകരണം, ഉദ്യോഗം, വിവാഹം ഇത്യാദികൾക്ക് സാധ്യതയുള്ള വർഷമാണ്. ബന്ധുക്കളെ ഏകോപിച്ച് കുടുംബയോഗത്തിന് രൂപം കൊടുക്കും. സാങ്കേതിക കാര്യങ്ങൾ, പുതിയ ഭാഷ ഇവ പഠിക്കുന്നതിന് സമയം കണ്ടെത്തുന്നതാണ്. ഉപജാപങ്ങളെ തൃണവൽഗണിക്കും. വിദേശത്തു കഴിയുന്നവർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനാവും.
ഉത്രാടം
വിഷുഫലം അധികവും ഗുണകരമാണ്. ആദർശജീവിതത്തെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരാൻ കഴിയുന്നതിനാൽ ജീവിതം സുഗമമാവും. ധനസമ്പാദനത്തിൽ ലക്ഷ്യബോധം വരും. ഒന്നിലധികം തൊഴിൽ ചെയ്യാൻ താത്പര്യം കാട്ടും. മുൻ കടം വീട്ടാൻ ആത്മാർത്ഥമായ ശ്രമം നടത്തുന്നതാണ്. സാമ്പ്രദായികമായ ബിരുദപഠനത്തിന് പകരം കാലഘട്ടത്തിൻ്റെ ആവശ്യത്തിനനുസരിച്ചുള്ള കോഴ്സുകളിൽ ചേരും. കുടുംബ ബന്ധങ്ങൾ, സുഹൃൽ ബന്ധം ഇവ മെച്ചപ്പെടുത്താനും ദൃഢമാക്കാനും ശ്രമം നടത്തും. അവിവാഹിതർക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാൻ സാഹചര്യം ഒരുങ്ങും. പൊതുപ്രവർത്തകർക്ക് പുതിയ പദവി ലഭിച്ചേക്കാം. മകളുടെ ജോലിസ്ഥലത്ത് പോയി താമസിക്കാൻ സാധ്യതയുണ്ട്. മിഥുനം, കർക്കടകം, തുലാം, ധനു, മകരം എന്നീ മാസങ്ങൾക്ക് മേന്മ കുറയാം. ആരോഗ്യം, സാമ്പത്തികം, യാത്ര എന്നിവയിൽ ശ്രദ്ധ വേണം.
തിരുവോണം
വിഷുഫലം വ്യക്തമാക്കുന്നത് തിരുവേണം നക്ഷത്രക്കാർക്ക് സമ്മിശ്രഫലം ഉണ്ടാവുമെന്നാണ്. പ്രയത്നം വർദ്ധിപ്പിക്കേണ്ടിവരും. മുൻപ് സുലഭമായി നേടിയവ ഇപ്പോൾ ദുർലഭമായേക്കും. വിജയത്തിന് തിളക്കം അല്പം കുറഞ്ഞതായി തോന്നാം. ഉദ്യോഗസ്ഥർക്ക് അതൃപ്തി അനുഭവപ്പെടും. അനർഹർക്ക് സ്ഥാനക്കയറ്റം കിട്ടുന്നത് വിഷമിപ്പിക്കും. ഏജൻസി വ്യാപാരം പുഷ്ടിപ്പെടും. ചെറുകിട സംരംഭങ്ങളിൽ നേട്ടമുണ്ടാകുന്നതാണ്. യാത്ര തൊഴിലിൻ്റെ ഭാഗമായവർക്കും ഗുണമുണ്ടാകാം. ദിവസ വേതനക്കാർക്ക് തൊഴിൽ അനുസ്യൂതമാവും. വ്യാഴം അനുകൂലഭാവത്തിൽ സഞ്ചരിക്കുകയാൽ ദോഷം കുറയുകയും ഗുണം വർദ്ധിക്കുകയും ചെയ്തേക്കും. മിഥുനം,ചിങ്ങം, കന്നി, ധനു, മകരം എന്നീ മാസങ്ങളിൽ എല്ലാക്കാര്യങ്ങളിലും ജാഗ്രത വേണം.
അവിട്ടം
വിഷുഫലത്തിൽ 'അന്ത്യശൂലം' എന്ന വിഭാഗത്തിൽ വരുന്ന നക്ഷത്രമാണ് അവിട്ടം. അനുകൂല അനുഭവങ്ങൾക്കൊപ്പം പ്രതികൂല അനുഭവങ്ങളും വരാം. പ്രമാണം, കരാർ മുതലായവ നന്നായി വായിച്ചിട്ടാവണം അംഗീകരിക്കാൻ. സുഹൃത്തുക്കളുടെ സഹായ വാഗ്ദാനം പാഴായേക്കാം. അവിവാഹിതരുടെ വിവാഹത്തിന് താമസം ഭവിക്കും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അപ്രീതിക്ക് സാധ്യതയുണ്ട്. ഭാര്യാഭർത്താക്കന്മാർ ചേർന്ന് നടത്തുന്ന സംരംഭങ്ങൾ വിജയിക്കും. ഓൺലൈൻ വ്യാപാരത്തിലും നേട്ടമുണ്ടാകുന്നതാണ്. ഊഹക്കച്ചവടം, ചിട്ടി,ഇൻഷ്വറൻസ് ഇവയിലൂടെ ആദായം ലഭിച്ചേക്കും. ഭൂമി വ്യാപാരത്തിൽ പറ്റിക്കപ്പെടാനിടയുണ്ട്. മുതിർന്നവരുടെ മാനസികാരോഗ്യം ക്ഷീണിക്കാം. പൊതു പ്രവർത്തനം സമ്മിശ്രമായ ഫലമേകുന്നതാണ്.
ചതയം
അറിവ് നേടി ശക്തിപ്പെടാനും സ്വയം തിരുത്തി മുന്നേറാനും ഉതകുന്ന വർഷമാണ് മുന്നിലുള്ളത്. ആത്മാർത്ഥതയെ ചിലർ സംശയിച്ചേക്കും. എന്നാലും പിൻവാങ്ങാൻ പാടില്ല. വമ്പൻ മുതൽമുടക്കുകൾ ഉള്ള ബിസിനസ്സുകൾ നഷ്ടത്തിലെത്താം. നിലവിലെ തൊഴിൽ മാറാൻ ശ്രമിക്കുന്നത് ഗുണം ചെയ്തേക്കില്ല. കമ്മീഷൻ, ഏജൻസി, കരാർ പണികളിൽ നിന്നും ലാഭമുണ്ടാകും. നവമാധ്യമങ്ങളിൽ നടത്തുന്ന പരിപാടികൾ ചെറിയ ആദായത്തിന് കാരണമായേക്കാം. പ്രവാസികൾക്ക് പുതിയ വിസ ലഭിക്കുവാൻ കാലതാമസം വരില്ല. ജീവിത പങ്കാളിക്ക് ഉദ്യോഗത്തിൽ ഉയരാൻ പ്രതിസന്ധികളേറും. മകളുടെ വിവാഹത്തിന് വസ്തുവിൽക്കാൻ ശ്രമം നടത്തുന്നതാണ്. സംഘടനകളുടെ പ്രവർത്തനത്തിൽ നിന്നും പിൻവാങ്ങും. മേടം, കർക്കടകം, വൃശ്ചികം, ധനു എന്നീ മാസങ്ങൾ ഏറ്റവും അനുകൂലമാവും.
പൂരൂരുട്ടാതി
ന്യായമായ ആഗ്രഹങ്ങൾ നിറവേററാനാവും. അറിവ് സമ്പാദിക്കുന്നതിൽ ശുഷ്കാന്തി കാട്ടും. വിദ്യാഭ്യാസത്തിൽ മികവ് തെളിയിക്കുന്നതാണ്. സക്രിയമായ പ്രവർത്തനത്തിലൂടെ തൊഴിലിടത്തിൽ ആധിപത്യം നേടിയെടുക്കും. സുഹൃത്തുക്കളുടെ സമയോചിത സഹായം പ്രതീക്ഷിക്കാം. സഹോദരരുമായി ഒത്തുചേർന്ന്
കരാർ പണികളോ ബിസിനസ്സോ ആരംഭിക്കാനിടയുണ്ട്. പണയത്തിൽ വെച്ച ഭാര്യയുടെ ഉരുപ്പടികൾ മടക്കിയെടുക്കാനാവും. വസ്തുവില്പനയിൽ കാലവിളംബം വരാം. ഡോക്ടറുടെ ഉപദേശമനുസരിച്ച് ഭക്ഷണശീലത്തിൽ ക്രമീകരണം കൊണ്ടുവരുന്നതാണ്. വർഷത്തിൻ്റെ ആദ്യ പകുതി കൂടുതൽ മെച്ചപ്പെട്ടതായിരിക്കും.
ഉത്രട്ടാതി
പൊതുവേ അനുകൂലമായ ഫലങ്ങളാണ് മേടസംക്രമം മൂലം ഉത്രട്ടാതി നാളുകാർക്ക് ഉണ്ടാവുന്നത്. ശുഭപ്രതീക്ഷകൾ സഫലമാകുന്നതാണ്. സമൂഹത്തിനു കൂടി പ്രയോജനമുള്ള കാര്യങ്ങളിൽ മുഴുകും. മൂല്യാധിഷ്ഠിത ജീവിതം നയിക്കേണ്ടതിനെപ്പറ്റി പുതുതലമുറയെ ഉപദേശിച്ചേക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. മകൻ്റ ഉപരിവിദ്യാഭ്യാസത്തിന് ലോൺ നേടാനാവും. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിൽ ഔത്സുക്യം ഉണ്ടാവും. സാമ്പത്തികമായി അച്ചടക്കം പുലർത്തും. പൂർവ്വസുഹൃത്തുക്കളെ കണ്ടെത്തുന്നതാണ്. ബിസിനസ്സ് രംഗം വളരുന്നതിന് കഠിനമായ അദ്ധ്വാനം ആവശ്യമായി വരും. മാതാപിതാക്കളെ സംരക്ഷിക്കാൻ നാട്ടിൽ തങ്ങേണ്ട സ്ഥിതിയുണ്ടാവും. തീരുമാനങ്ങൾ ഏകപക്ഷീയമാവുന്നത് കുടുംബത്തിൽ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
രേവതി
മുൻപുണ്ടായ തിരിച്ചടികളേയും കഷ്ടങ്ങളേയും അതിജീവിക്കുവാനാവുമെന്ന് വിഷുഫലം വ്യക്തമാക്കുന്നു. ജീവിതം കൂടുതൽ സുഗമമാവുന്നതാണ്. സാമൂഹ്യമായ അംഗീകാരം ഉണ്ടാവും. കിട്ടാക്കടങ്ങൾ കൈവന്നേക്കും. സഹജമായ കഴിവുകൾ പുറത്തെടുക്കാനാവും. ബിസിനസ്സിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കും. കലാകാരന്മാർക്ക് നല്ല അവസരങ്ങൾ കൈവരുന്നതാണ്. പുരസ്കാരങ്ങൾ കിട്ടിയേക്കും. പാരമ്പര്യ തൊഴിലുകളിൽ വിജയം നേടുവാനാവും. ഭൂമി നല്ല വിലയ്ക്ക് വിറ്റഴിക്കാൻ സാധിക്കുന്നതാണ്. ഇടവം, ചിങ്ങം, ധനു, മകരം എന്നീ മാസങ്ങൾക്ക് ഗുണമേറുന്നതാണ്. ദാമ്പത്യത്തിൽ കൂടുതൽ പൊരുത്തവും സ്നേഹവും വന്നെത്തും. അയൽ തർക്കങ്ങളെ സമാധാനപൂർവ്വം പരിഹരിച്ചേക്കും.
Read More
- Daily Horoscope April 10, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- Vishu Phalam 2024: വിഷു ഫലം 2024-മകം മുതൽ തൃക്കേട്ട വരെ
- Vishu Phalam 2024: വിഷു ഫലം 2024-അശ്വതി മുതൽ ആയില്യം വരെ
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 April 08 to April 14
- സമ്പൂര്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; April 07-April 13, 2024, Weekly Horoscope
- അവിവാഹിതരുടെ വിവാഹം തീരുമാനിക്കപ്പെടാം, വാഹനം വാങ്ങാൻ അവസരം വന്നുചേരും; ഈ ഒൻപതു നാളുകാരുടെ ശുക്രഫലം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.