/indian-express-malayalam/media/media_files/ul8lkdaHTuhnbzyhK3xP.jpg)
Vishu Phalam 2024
Vishu Phalam 2024: 2024 ലെ വിഷു മുതൽ 2025 ലെ വിഷു വരെ നീണ്ടുനിൽക്കുന്ന അനുഭവങ്ങളാവും ഇതിലൂടെ പ്രതീക്ഷിക്കപ്പെടുന്നത്. മീനം രാശിയിൽ നിന്നും മേടം രാശിയിലേക്കുള്ള സൂര്യൻ്റെ പ്രവേശസമയത്തെ കേന്ദ്രീകരിച്ചാണ് വിഷുഫലം നിർണയിക്കുക.
1199 മീനമാസം 31 ന് (2024 ഏപ്രിൽ 13 ന്) ശനിയാഴ്ച രാത്രി എട്ട് മണി 51 മിനിട്ടിനാണ് സൂര്യൻ്റെ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്കുള്ള പ്രവേശനം. മകയിരം നക്ഷത്രം നാലാംപാദത്തിൽ മിഥുനക്കൂറിലായാണ് ഈ സംക്രമം സംഭവിക്കുന്നത് എന്നതും ജ്യോതിഷപരമായ പ്രത്യേകതയുള്ള കാര്യമാണ്. ഇത് അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരെ ഏതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നു എന്ന പരിശോധനയാണ് വിഷുഫലത്തിൻ്റെ കാതൽ.
മേടസംക്രമം നടക്കുന്ന നക്ഷത്രത്തെയും അതിൻ്റെ മുൻപിൻ നക്ഷത്രങ്ങളെയും ആദിശൂല നക്ഷത്രങ്ങളെന്ന് പറയുന്നു. രോഹിണി, മകയിരം, തിരുവാതിര ഇവയാണ് ഇത്തവണത്തെ ആദിശൂല നക്ഷത്രങ്ങൾ. ഇവയിൽ ജനിച്ചവർക്ക് രോഗദുരിതങ്ങൾ, ധനവ്യയം, വിപത്തുകൾ എന്നിവ സാമാന്യ ഫലം.
ആദിശൂലത്തിൻ്റെ അടുത്ത ആറ് നക്ഷത്രങ്ങൾ 'ആദിഷഡ്കം' എന്ന് വിളിക്കപ്പെടുന്നു. പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം എന്നിവ അതിലുൾപ്പെടുന്നുണ്ട്. സൽകീർത്തിയും ധനോന്നതിയും അഭീഷ്ടസാഫല്യവും പ്രതീക്ഷിക്കാവുന്ന വർഷമാവും ഇത്.
തുടർന്ന് വരുന്ന മൂന്ന് നക്ഷത്രങ്ങൾ-അത്തം, ചിത്തിര, ചോതി എന്നിവ-'മധ്യശൂലം' എന്ന വിഭാഗത്തിലാണ്. ഗുണാനുഭവങ്ങൾ ഇവർക്ക് കുറയാം. പ്രതിസന്ധികളെ നേരിടേണ്ടി വന്നേക്കും. പിന്നീടുള്ള ആറ് നക്ഷത്രങ്ങൾ 'മധ്യഷഡ്കം' എന്ന വിശേഷണത്തിൽ വരുന്നു. വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം എന്നിവയാണ് ആ നക്ഷത്രങ്ങൾ. ബഹുമാന്യത, അംഗീകാരം, ഐശ്വര്യം എന്നിവ പ്രതീക്ഷിക്കാം.
തുടർന്നുള്ള മൂന്ന് നക്ഷത്രങ്ങൾ 'അന്ത്യശൂലം' ആണ്. തിരുവോണം, അവിട്ടം, ചതയം എന്നിവയാണ് ഇതിലുൾപ്പെടുന്നത്. ഇവർക്ക് ക്ലേശങ്ങൾ, കാര്യതടസ്സം, അമിതവ്യയം ഇവ സാധ്യതകളാണ്. പൂരൂരുട്ടാതി മുതൽ ആറ് നക്ഷത്രങ്ങൾ (പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി, അശ്വതി, ഭരണി, കാർത്തിക) 'അന്ത്യ ഷഡ്ക' ത്തിൽ വരുന്നു. പ്രായേണ ഗുണാനുഭവങ്ങൾക്കാവും ഈ നാളുകാരുടെ വിഷുഫലത്തിൽ മുൻതൂക്കം.
'ശൂലം' എന്ന വിഭാഗത്തിലെ ഒമ്പത് നാളുകൾക്ക് സമ്മർദങ്ങളാവും അധികം. 'ഷഡ്കം' എന്ന വിഭാഗത്തിലെ പതിനെട്ട് നാളുകൾക്കും അനായാസമായി ജീവിതത്തെ മുന്നോട്ടു നയിക്കാനും കഴിഞ്ഞേക്കും എന്ന് ഒറ്റനോട്ടത്തിൽ വിഷുഫലം വ്യക്തമാക്കുന്നു. ഇവയോടൊപ്പം നവഗ്രഹങ്ങളുടെ സ്വാധീനവും പ്രധാനമാണ്. രാഹു, കേതു, വ്യാഴം, ശനി, സൂര്യൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളുടെ രാശിസഞ്ചാരം നിർണായകമാവും.
ഇവയും കൂടി വിലയിരുത്തപ്പെടുമ്പോൾ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ വിഷുഫലത്തിന് കൃത്യതയും വ്യക്തതയും കൈവരുന്നു.
മകം
'ആദിഷഡ്കം' എന്ന വിഭാഗത്തിൽ വരുന്ന നക്ഷത്രമാകയാൽ വിഷുഫലം അനുകൂലവും പ്രായോഗികമായി ഒട്ടനവധി ഗുണങ്ങൾക്ക് വഴിവെക്കുന്നതുമാണ്. കൃത്യമായ ആസൂത്രണത്തിലൂടെ മികവ് കൈവരിക്കാനാവും. സ്ഥിരജോലിയില്ലാത്തവർക്ക് സ്വകാര്യ സ്ഥാപനത്തിൽ നിയമനം കിട്ടും. കുടുംബാംഗങ്ങൾക്കിടയിലെ അനൈക്യം പരിഹരിക്കാൻ സാധിക്കുന്നതാണ്. മകളുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടാകും. ജീവിതപങ്കാളിയുടെ സ്വത്തിൽ നിന്നും ആദായമുണ്ടായേക്കാം. സുപ്രധാനമായ ചില തീർത്ഥയാത്രകൾ നടത്തുവാനാവും. സാമ്പത്തികമായി ഏറ്റക്കുറച്ചിലുകൾ വരുന്നതാണ്. ജീവിതശൈലീ രോഗങ്ങൾ പിടിമുറുക്കാനിടയുണ്ട്. അനാവശ്യമായ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണം. തുലാം, മകരം, ഇടവം, മിഥുനം, എന്നീ നാല് മാസങ്ങൾക്ക് ശുഭദായകത്വമേറും.
പൂരം
വിഷുഫലമനുസരിച്ച് ഗുണകരമാണ് പൂരം നാളുകാരുടെ ഈ വർഷം. അനുബന്ധ ജോലികളിലൂടെ കൂടുതൽ വരുമാനം ഉയർത്താനാവും. ബിസിനസ്സ് ശാഖകൾ മറ്റിടത്തേക്ക് വ്യാപിപ്പിക്കാൻ ശ്രമം തുടരുന്നതാണ്. പാരമ്പര്യ തൊഴിലുകളിൽ പുതിയ ഉണർവ്വുണ്ടാക്കാൻ കഴിയുന്നതാണ്. കുടുംബ ജീവിതത്തിൽ ഗുണമുണ്ടാകുന്ന കാലമായിരിക്കും. വേർപെട്ടവർക്ക് വീണ്ടും ഒന്നാകാനായേക്കും. മക്കളുടെ വിജയവും ശ്രേയസ്സും മനസ്സിൽ ആഹ്ളാദവും സംതൃപ്തിയും നിറയ്ക്കും. ദൂരയാത്രകൾ ചെയ്യേണ്ടി വരുന്നതാണ്. ബന്ധുവിൻ്റെ വിവാഹത്തിന് മുൻകൈയ്യെടുക്കും. ആരോഗ്യകാര്യത്തിൽ അനാസ്ഥ പാടില്ല. വാക് തർക്കങ്ങൾ നിയമപ്രശ്നവും വ്യവഹാരവും ആയി വളരാനിടയുള്ളതിനാൽ പ്രേത്യേകം ശ്രദ്ധവേണം.
ഉത്രം
വിഷുഫലത്തിൽ ഗുണാനുഭവങ്ങൾക്ക് മുഖ്യത്വമുണ്ട്. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം, അഭീഷ്ട വിഷയങ്ങളിൽ ഉപരിപഠനം എന്നിവ പ്രതീക്ഷിക്കാം. ചെറുകിട വ്യവസായികൾക്ക് ലോൺ ലഭിക്കും. പൊതുവേ ബിസിനസ്സിൽ വിജയം ഭവിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ നല്ല പദവി കിട്ടാം. പൊതുപ്രവർത്തകർക്ക് സ്വീകാര്യതയുണ്ടാവും. എതിർപക്ഷത്തിൻ്റെ ദുരാരോപണങ്ങളെ പ്രതിരോധിച്ചേക്കും. വിദേശത്തു കഴിയുന്നവർക്ക് നാട്ടിൽ മടങ്ങാനാവുന്നതാണ്. ഉന്നത വ്യക്തികളുടെ സൗഹൃദം ലഭിക്കാം. വാഹനം വാങ്ങാൻ തീരുമാനിക്കും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കൂടുന്നതാണ്. ക്ഷേത്ര ദർശനം പതിവാക്കും. കടബാധ്യത പരിഹരിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നതാണ്. പൂർവ്വിക സ്വത്തിന്മേൽ തർക്കമോ നിയമ പ്രശ്നങ്ങളോ അതിരുവഴക്കോ വരാനിടയുണ്ട്.
അത്തം
വിഷുഫല പ്രകാരം 'മധ്യശൂലം' എന്ന വിഭാഗത്തിൽ വരികയാൽ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാവും അനുഭവത്തിൽ വരിക. വ്യാഴവും ശനിയും അഭീഷ്ടരാശികളിൽ സഞ്ചരിക്കുകയാൽ ഇഷ്ടാനുഭവങ്ങൾക്കും സൗഖ്യത്തിനും മേൽക്കൈ ലഭിക്കുന്നതാണ്. ജോലിയിൽ മാറ്റം, അനുബന്ധ തൊഴിലുകളിലൂടെ ധനാഗമം ഇവയ്ക്ക് സാധ്യതയുണ്ട്. മറുനാട്ടിൽ ജോലി തേടുന്നവർക്ക് വേഗത്തിൽ അവസരങ്ങൾ വന്നുചേരുന്നതാണ്. കൃഷിയിൽ താല്പര്യമുണ്ടാവുകയാൽ ആ വഴിക്കുള്ള ശ്രമങ്ങൾ ലാഭകരമാവും. കടബാധ്യത ഒരു ഘട്ടത്തിൽ കൂടാം. എന്നാൽ വർഷാന്ത്യത്തോടെ കുറയാനുള്ള സാധ്യതയുമുണ്ട്. പിതാവിന് അനുകൂലമായ കാലം കൂടിയാണ്. ഔദ്യോഗിക ജോലിയിൽ നിന്നും പിരിഞ്ഞാലും ശമ്പളം ലഭിക്കുന്ന തൊഴിലുകളിൽ ഏർപ്പെടേണ്ടി വരുന്നതായിരിക്കും.
ചിത്തിര
വിഷുഫലമനുസരിച്ച് ഗുണവും ദോഷവും സമമാണ് ചിത്തിര നാളിന്. അദ്ധ്വാനത്തിന് അവസരം വരും. അദ്ധ്വാന ഫലം പാഴാവുകയുമില്ല. കൃത്യനിഷ്ഠയും ധനപരമായ അച്ചടക്കവും നേട്ടങ്ങൾക്ക് വഴിതുറക്കാം. തിടുക്കപ്പെടാതെ കാത്തിരിക്കുന്നവർക്ക് കൂടുതൽ നേട്ടങ്ങൾ വന്നെത്തുന്നതാണ്. വിദേശത്തുള്ള മകനിൽ നിന്നുള്ള സഹായത്താൽ വീടുപണി പൂർത്തിയാക്കും. രോഗക്ലേശമനുഭവിക്കുന്നവർക്ക് ചികിൽസാ മാറ്റം ഗുണമാകും. കൂട്ടുകച്ചവടത്തിന് മുതിരാതിരിക്കുന്നത് ഉത്തമം. ഏജൻസി, കമ്മീഷൻ പ്രവർത്തനങ്ങളിൽ ഗുണമുണ്ടാവും. ഉദ്യോഗസ്ഥർക്ക് അർഹമായ പ്രൊമോഷൻ കിട്ടാൻ വൈകുന്നതാണ്. സംഘടനകളിൽ പിന്തുണക്കുന്നവർ കുറയുന്നതായി മനസ്സിലാക്കും. വൃശ്ചികം, ധനു, കുംഭം, മിഥുനം, കർക്കടകം മാസങ്ങൾക്ക് ശുഭത്വം കൂടുന്നതാണ്.
ചോതി
വിഷുഫലം വിരൽ ചൂണ്ടുന്നത് ഗുണസമ്മിശ്രമായ അനുഭവങ്ങളിലേക്കാണ്. ന്യായമായ ആവശ്യങ്ങൾ നിറവേറ്റപ്പെടും. ഭൂമി വിൽപ്പനയിൽ തടസ്സങ്ങൾ വരുമെങ്കിലും വർഷത്തിൻ്റെ പകുതി മുതൽ കാര്യസാധ്യം ഉണ്ടാകുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റമുണ്ടാവും. സഹപ്രവർത്തകരുടെ തീരുമാനങ്ങൾ അംഗീകരിക്കില്ല. ജന്മസ്ഥലത്ത് മടങ്ങാൻ ആഗ്രഹിക്കും. വരവറിയാതെ ചെലവു ചെയ്യുന്ന ശീലമേറുന്നതാണ്. സ്വന്തം അഭിപ്രായം മക്കൾ ചെവിക്കൊള്ളുന്നില്ലെന്നത് വിഷമിപ്പിക്കാം. ഭാര്യയുടെ വസ്തുവിൽക്കുന്നത് തർക്കങ്ങളുണ്ടാക്കും. തീവ്രരാഷ്ട്രീയ നിലപാടുകളോട് മുഖം തിരിക്കും. എന്നാൽ പൊതുപ്രവർത്തനത്തിന് നിർബന്ധിതരാവും. കലാപ്രവർത്തനം പൂർണതോതിൽ തന്നെ പുനരാരംഭിച്ചേക്കും. ആരോഗ്യപരിശോധനകളിൽ ആലസ്യമരുത്.
വിശാഖം
ഗുണാനുഭവങ്ങളാണ് വിശാഖം നാളിന് ഏറെയുമെന്ന് വിഷുഫലം വ്യക്തമാക്കുന്നു. ബഹുശാഖകളിൽ മിടുക്ക് തെളിയിക്കാനാവും. സമൂഹത്തിൻ്റെ ആദരം നേടും. ഉദ്യോഗസ്ഥർക്ക് ഒപ്പമുള്ളവരുടെ നിർലോഭമായ പിന്തുണയുണ്ടാവും. ഭക്ഷ്യോല്പാദന വിതരണ രംഗം വിപുലീകരിക്കും. ചെറുകിട സംരംഭങ്ങളിൽ ആയാലും തനതുമുദ്ര പുലർത്തുന്നതാണ്. പണയ വസ്തുക്കൾ തിരിച്ചെടുക്കും. ഇൻഷ്വറൻസ് മേഖലയിൽ ബിസിനസ്സ് വർദ്ധിക്കും. പ്രൊഫഷണൽ വിദ്യാഭാസത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കാനാവും. പ്രണയവിവാഹത്തിന് കുടുംബത്തിൻ്റെ അംഗീകാരം കിട്ടും. തറവാട് വീട് ജീർണോദ്ധരിക്കാനാവും. ബന്ധുക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ മാദ്ധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതാണ്. മകളുടെ ഒപ്പം അന്യനാട്ടിൽ താമസം തുടരും. സാമ്പത്തികമായ അച്ചടക്കം ഉറപ്പാക്കും.
അനിഴം
അഭ്യുദയത്തിലേക്കും ആത്മഹർഷത്തിലേക്കും വഴിതുറക്കുപ്പെടുന്ന വർഷമായിരിക്കും. വിശ്വസിച്ചേല്പിക്കപ്പെട്ട ദൗത്യങ്ങൾ വിജയപര്യവസാനിയാകുന്നതാണ്. സ്വതന്ത്ര നിലപാടുകൾക്ക് വീട്ടിലും പുറത്തും പിന്തുണ ലഭിച്ചേക്കും. വ്യാഴത്തിൻ്റെ ആനുകൂല്യം കൂടി ലഭിക്കുകയാൽ നേട്ടങ്ങൾ സ്ഥായിയാവും. കുറഞ്ഞ മുതൽമുടക്കു കൊണ്ട് കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചില ഉല്പന്നങ്ങളുടെ വിപണനം ഏറ്റെടുക്കും. അവിവാഹിതർക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാൻ സാധിക്കും. പെൻഷനുശേഷവും കരാർ ജോലികളിൽ സജീവമായേക്കും. കുടുംബാംഗങ്ങളുടെ ധനപരമായ ആവശ്യങ്ങൾ നിറവേറ്റും. ഗവേഷണം പൂർത്തിയാക്കാനും ഗവേഷണ പ്രബന്ധം വായനക്കാരുടെ മുന്നിലെത്തിക്കാനും സാധിക്കുന്നതാണ്. വിദേശ രാജ്യങ്ങളിൽ തുടരാനുള്ള തൊഴിൽ വിസ പുതുക്കപ്പെടാം.
തൃക്കേട്ട
വിദ്യാഭ്യാസത്തിൽ ആശിച്ച വിധത്തിൽ പുരോഗതിയുണ്ടാവും. പഠിച്ചിറങ്ങിയതും നല്ല ജോലിയിൽ പ്രവേശിച്ചേക്കും. കുടുംബാംഗങ്ങളുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക നിമിത്തം വീട്ടിൽ തന്നെ ശത്രുക്കളുണ്ടാവും. ന്യായമായ ആഗ്രഹങ്ങൾ അനായാസം സഫലമാവുന്നതാണ്. രാഷ്ട്രീയ മത്സരങ്ങളിൽ നേരിയ മുൻതൂക്കം നേടും. സ്ഥാനോന്നതി സ്വാഭാവികമായി കരഗതമാവും. കലാകായിക വിഭാഗങ്ങളോട് എന്നും താല്പര്യം പുലർത്തും. കൂട്ടുകച്ചവടത്തിൽ നേട്ടങ്ങളാർജ്ജിക്കും. വില കൂടിയ ഗൃഹോപകരണങ്ങൾ വാങ്ങും. സുഹൃത്തുക്കളുടെ പ്രശ്നങ്ങളിൽ സജീവമായിടപെടും. പ്രണയികൾക്ക് ദാമ്പത്യപ്രവേശം സാധ്യമാകുന്നതാണ്. നീണ്ടുപോയ വ്യവഹാരങ്ങൾക്ക് വിരാമമുണ്ടാവും. സാമ്പത്തിക പുഷ്ടി പ്രതീക്ഷിക്കാൻ സാധിക്കുന്ന വർഷമായിരിക്കും.
Read More
- Daily Horoscope April 9, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- Vishu Phalam 2024: സമ്പൂർണ്ണ വിഷു ഫലം 2024-അശ്വതി മുതൽ ആയില്യം വരെ
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 April 08 to April 14
- സമ്പൂര്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; April 07-April 13, 2024, Weekly Horoscope
- അവിവാഹിതരുടെ വിവാഹം തീരുമാനിക്കപ്പെടാം, വാഹനം വാങ്ങാൻ അവസരം വന്നുചേരും; ഈ ഒൻപതു നാളുകാരുടെ ശുക്രഫലം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.