/indian-express-malayalam/media/media_files/2024/11/16/KXp1NhklvhvW0Q0xzuYo.jpg)
Effects of Saturn's Direct Motion on stars
Effects of Saturn's Direct Motion on stars, Ashwathy to Revathy: 2024 ജൂലൈ 4 മുതൽ നവംബർ 17 വരെ ഏതാണ്ട് നാലര മാസക്കാലം ശനി (Saturn) വക്രഗതിയിലായിരുന്നു ( Retrograde Motion). വർഷത്തിലൊരിക്കൽ ശനിക്ക് ഇപ്രകാരം വക്രഗതി സംഭവിക്കും. കുംഭം രാശിയിൽ തന്നെയാണ് ശനി ഇക്കാലത്ത് സ്ഥിതി ചെയ്തത്. രാശിമാറ്റമുണ്ടായില്ല. എന്നാൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ നിന്നും വക്രഗതിയായി അഥവാ പിൻഗതിയായി സഞ്ചരിച്ച് ചതയം നക്ഷത്രത്തിലെത്തി.
ശനിയുടെ ഈ വക്രഗതി, വിവിധ രാശികളിൽ ജനിച്ചവർക്ക് ഗുണവും ദോഷവുമായ ഫലങ്ങൾ നൽകുകയുണ്ടായി. ഇപ്പോൾ, 2024 നവംബർ 18 ന് ശനി വീണ്ടും നേർഗതി (Direct motion) സഞ്ചാരത്തിലാവുന്നു. 2025 മാർച്ച് 29 ന് ശനി കുംഭം രാശിയിൽ പ്രവേശിക്കുന്നതുവരെ നേർഗതിയിൽ തന്നെയാവും സഞ്ചരിക്കുക. 2024 ഡിസംബർ 27 വരെ ചതയം നക്ഷത്രത്തിൽ തന്നെ ശനി തുടരുന്നതാണ്. അതിനുശേഷം പൂരൂരുട്ടാതിയിലേക്ക് മാറുന്നതാണ്.
ശനി ഒരുരാശിയിൽ സഞ്ചരിക്കുന്ന 30 മാസക്കാലയളവിൽ (രണ്ടരവർഷത്തിൽ) അവസാന 10 മാസക്കാലമാണ് ഗുണമോ ദോഷമോ ആയ ഫലങ്ങൾ ശക്തമായി നൽകുക. ഇപ്പോൾ ആ കാലയളവിലാണ് ശനി. അതിനാൽ ശനിയുടെ ഇപ്പോഴത്തെ ഫലങ്ങൾ കൂടുതൽ നിർണ്ണായകമാണെന്ന് പറയേണ്ടിവരും.
ഈ പശ്ചാത്തലത്തിൽ മേടക്കൂറിൽ തുടങ്ങി മീനക്കൂറിൽ അവസാനിക്കുന്ന പന്ത്രണ്ടുകൂറുകളിലായി വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരുടെ ഫലങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
ശനിയുടെ വക്രം കഴിഞ്ഞുള്ള നേർഗതി മേടക്കൂറുകാർക്ക് അത്യന്തം ഗുണകരമാണ്. പതിനൊന്നാം ഭാവത്തിലാണ് ശനിയുള്ളത്. വക്രത്തിലായ കഴിഞ്ഞ അഞ്ചുമാസക്കാലം പതിനൊന്നിൽ സഞ്ചരിക്കുമ്പോൾ കിട്ടേണ്ട നേട്ടങ്ങൾ ശനിയിൽ നിന്നും കിട്ടുകയുണ്ടായില്ല. വീണ്ടും ശനി വലിയ ഗുണദാതാവായി മാറുകയാണ്. ന്യായമായ അഭിലാഷങ്ങൾ തടസ്സം കൂടാതെ നേടപ്പെടും. ഭൗതിക സുഖങ്ങളുയരും. പ്രണയപുഷ്ടിയും ദാമ്പത്യസൗഖ്യവും ഭവിക്കുന്നതാണ്. പദവിയിലെ ഉയർച്ച ഉറപ്പിക്കാം. ശത്രുക്കളുടെ പ്രവർത്തനങ്ങളെ തിരിച്ചറിയാനും സമർത്ഥമായി പ്രതിരോധിക്കാനുമാവും. ഫലത്തിൽ ശത്രുവിജയം തന്നെയാവും. സാമ്പത്തിക ക്ലേശങ്ങൾ അകലും. വരുമാന വർദ്ധനവ് പ്രതീക്ഷിക്കാം. അടിസ്ഥാന ശമ്പളം ഉയരുന്നതാണ്. കടബാധ്യതയ്ക്ക് പരിഹാരം കണ്ടെത്തും. ചുരുക്കത്തിൽ പലതരം അഭ്യുദയങ്ങൾ അനുഭവത്തിലെത്തുന്ന കാലമായിരിക്കും.
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
കർമ്മരംഗമായ പത്താമെടത്ത് ശനി വക്രം കഴിഞ്ഞ് നേർഗതി തുടങ്ങുന്നത് ഇടവക്കൂറുകാർക്ക് പ്രായേണ സമ്മിശ്രമായ അനുഭവങ്ങൾ ലഭിക്കാൻ കാരണമാകും. പത്താം ഭാവത്തിലെ ഗോചര ശനി കണ്ടകശ്ശനിയായി പറയപ്പെടുന്നതിനാൽ ദോഷാനുഭവണ്ടളെയും നേരിടേണ്ടി വന്നേക്കാം. മുഖ്യമായും തൊഴിലിടത്തിൽ ശ്രദ്ധയുണ്ടാവണം. നിലവിലെ തൊഴിൽ ഉപേക്ഷിച്ചാൽ പുതിയ തൊഴിൽ കിട്ടിക്കൊള്ളണമെന്നില്ല. അനുകൂലമായ സ്ഥലം മാറ്റ ഉത്തരവിനായി കാത്തിരിക്കുന്നവർക്ക് വിഷാദിക്കേണ്ടിവരും. തന്നെക്കാൻ കഴിവ് കുറഞ്ഞവർക്ക് പദവിക്കയറ്റം കിട്ടിയേക്കാം. മേലധികാരികളുടെ വിരോധം സമ്പാദിക്കാൻ ഇടയുണ്ട്. മുതൽ മുടക്കി പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് ഇപ്പോൾ ഗ്രഹാനുകൂല്യം കുറവായ സമയമാണെന്നത് ഓർമ്മയിലുണ്ടാവണം. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ ജനവിരോധത്തിൻ്റെ കയ്പുനീർ കുടിക്കേണ്ടി വരാം.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
ഒമ്പതാം ഭാവത്തിലാണ് ശനി. സ്വന്തം വീട് തന്നെയാണ് ശനിക്ക് കുംഭം രാശി. അതിനാൽ ഭാഗ്യാനുഭവങ്ങൾ സമ്മാനിക്കും. നല്ലതീരുമാനങ്ങൾ കൈക്കൊള്ളുവാൻ സാധിക്കുന്നതാണ്. മങ്ങിപ്പോയ സഹജസിദ്ധികൾ പുറത്തെടുക്കാനാവും. ധനാഗമത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. പൂർവ്വിക സ്വത്ത് സംബന്ധിച്ച വ്യവഹാരങ്ങളിൽ അനുകൂലവിധി വന്നുചേരും. നറുക്കെടുപ്പ്, ചിട്ടി മുതലായവയിൽ വിജയിക്കാനാവും. മാതാപിതാക്കൾക്കും അനുകൂലമായ അന്തരീക്ഷം പുലരുന്നതായിരിക്കും. തീർത്ഥാടനങ്ങൾക്ക് അവസരമുണ്ടാകും. ധാർമ്മിക പ്രവർത്തനങ്ങളിലൂടെ സൽകീർത്തി നേടുന്നതാണ്. ക്ഷേത്രപുനരുദ്ധാരണത്തിൽ മുഖ്യചുമതല വഹിക്കും. മൂന്നാം തലമുറയെ കാണാനും വാത്സല്യം പകരാനും സന്തോഷിക്കാനും അവസരം സംജാതമാകുന്നതാണ്.
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)
അഷ്ടമരാശിയിലാണ് ശനി സഞ്ചരിക്കുന്നത്. ദോഷപ്രദമാണ് പൊതുവേ എട്ടാം ഭാവത്തിൽ സഞ്ചരിക്കുന്ന ശനി. എന്നാൽ സ്വക്ഷേത്രസ്ഥനാകയാൽ ഗുണാനുഭവങ്ങൾ മുൻതൂക്കം നേടും. കടബാധ്യതകൾ ഭാഗികമായെങ്കിലും തീർക്കാൻ അവസരം വരുന്നതാണ്. പണയവസ്തു വീണ്ടെടുക്കാനാവും. ഇക്കാര്യത്താൽ കുടുംബത്തിൽ ഉണ്ടായ സമ്മർദ്ദങ്ങൾ അവസാനിക്കുന്നതാണ്. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിച്ചേക്കാം. ആരോഗ്യപരിശോധനകളിൽ അലംഭാവമരുത്. തൊഴിൽ രംഗത്ത് വിശ്വാസവഞ്ചന വരാം. അതിനാൽ, കരുതൽ വേണ്ടതുണ്ട്. ബിസിനസ്സ് രഹസ്യങ്ങൾ മറ്റുള്ളവരോട് പങ്കുവെക്കുന്നത് ഉചിതമായേക്കില്ല. ബന്ധുക്കളുമായി നെടുനാളായി തുടർന്നുവന്ന കലഹം ഒത്തുതീരാനുള്ള സാഹചര്യം ഉദിക്കാം. വസ്തുതർക്കങ്ങൾ വ്യവഹാരത്തിലേക്ക് നീങ്ങാതിരിക്കാൻ കരുതൽ വേണം.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ചിങ്ങക്കൂറുകാർക്ക് ശനി ഏഴാം ഭാവത്തിലാണ്. കണ്ടകശനിക്കാലം തുടരപ്പെടുന്നുവെന്ന് അർത്ഥമായി. ദാമ്പത്യത്തിൽ അപസ്വരങ്ങൾ ഉയരാനിടയുണ്ട്. വിട്ടുവീഴ്ചാ മനോഭാവം നഷ്ടമാകുന്നതാണ്. ദമ്പതികൾക്ക് വ്യത്യസ്ത ജില്ലകളിലായി ജോലി ചെയ്യേണ്ടി വരുന്നതായിരിക്കും. സ്ഥലംമാറ്റം പരിഗണിക്കാനിടയില്ല. പ്രണയത്തിലും പൊരുത്തക്കേടിനും പിണക്കത്തിനും സാധ്യത കാണുന്നു.ഒരു പങ്കുകച്ചവടത്തിൽ ഐക്യം കുറയും. ലാഭവിഹിതത്തെച്ചൊല്ലി സഹകാരികൾ തർക്കിച്ചേക്കും. അവിവാഹിതരുടെ ദാമ്പത്യ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ അല്പം കൂടി കാത്തിരിപ്പ് ആവശ്യമായി വന്നേക്കും. പഠനം,തൊഴിൽഇവ സംബന്ധിച്ചുള്ള വിദേശയാത്രയ്ക്ക് അവസരം തെളിയുന്നതാണ്. വൃദ്ധജനങ്ങളുടെ ആവശ്യങ്ങൾക്കായി കഴിയുന്ന പോലെ പ്രവർത്തിക്കും. ന്യായത്തിൻ്റെ പക്ഷത്ത് നിലയുറപ്പിക്കുന്നതിന് ആത്മാർത്ഥമായ ശ്രമം ആവശ്യമായി വരും.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
ശനി ആറാം ഭാവത്തിൽ സഞ്ചരിക്കുന്ന കാലമാണ്. ഗോചരാൽ 3, 6, 11 എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുമ്പോഴാണ് ശനി കൂടുതൽ അനുകൂലമാവുന്നത്. അതിനാൽ ഇപ്പോൾ മുതൽ കന്നിക്കൂറുകാർക്ക് പലതരം നേട്ടങ്ങൾ വന്നുചേരുന്നതാണ്. അസാദ്ധ്യമെന്ന് തോന്നിയിരുന്ന കാര്യങ്ങൾ സുസാദ്ധ്യമായിത്തീരാം. ഋണബാധ്യതകളാൽ ജീവിതം വഴിമുട്ടിപ്പോയവർക്ക് പ്രശ്നപരിഹാരം സാധ്യമായേക്കും. കർമ്മരംഗം പുഷ്ടിപ്പെടും. ഒപ്പം തൊഴിൽ തേടുന്നവർക്ക് സ്വപ്നസമാനമായ അവസരങ്ങൾ കരഗതമാവുന്നതാണ്. വസ്തുവിൽപ്പനയിലെ തടസ്സങ്ങൾ അകലുന്നതായിരിക്കും. ഗൃഹനിർമ്മാണം പുരോഗതിയിലാവും. ദാമ്പത്യത്തിലെ സ്വൈരക്കേടുകളൊഴിയും. സുഹൃൽബന്ധങ്ങൾ പുഷ്ടിപ്പെടും. അനാരോഗ്യത്താൽ ക്ലേശിക്കുന്നവർക്ക് ചികിൽസാ മാറ്റം മൂലം ആശ്വാസം ലഭിച്ചേക്കും. ശത്രുവിജയത്തിലൂടെ സമാധാനാന്തരീക്ഷം ഒരുക്കപ്പെടുന്നതാണ്.
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
ശനി അഞ്ചാം ഭാവത്തിൽ സഞ്ചരിക്കുന്നു. സന്താനങ്ങൾ, കാര്യാലോചന, പ്രതിഭാവിലാസം, ബുദ്ധിശക്തി തുടങ്ങിയവ അഞ്ചാം ഭാവത്തിൻ്റെ വിഷയങ്ങളാണ്. ചില കാര്യങ്ങളിൽ അനാവശ്യമായ പിടിവാശി ഉണ്ടായേക്കും. തന്മൂലം ഒപ്പമുള്ളവർ വിഷമിക്കുന്നതാണ്. ബുദ്ധി ഉണർന്ന് പ്രവർത്തിക്കാതിരിക്കുക, അതിബുദ്ധി കാട്ടുക - ഇവ രണ്ടും ഭവിക്കും. ഔദ്യോഗിക കാര്യങ്ങളിൽ സുഗമത ശരാശരിയായിരിക്കും. സ്വന്തം അഭിപ്രായങ്ങളെയും നിർദ്ദേശങ്ങളെയും മേലധികാരികൾ സ്വീകരിക്കും. കാര്യാലോചനാ യോഗങ്ങളിൽ വിലമതിക്കപ്പെടും. സാഹിത്യകാരന്മാർക്ക് പകുതിയിൽ നിന്നുപോയ രചനകൾ മുഴുമിപ്പിക്കാൻ കഴിയുന്നതാണ്. കലാപ്രവർത്തനം അഭംഗുരമാവും. ഉപരിപഠന കാര്യത്തിൽ ഉചിതതീരുമാനം കൈക്കൊള്ളുന്നതിന് വിഷമിക്കും. മക്കളുടെ പഠനം, പ്രവർത്തനങ്ങൾ എന്നിവയിൽ നിരീക്ഷണം വേണ്ടതുണ്ട്. മന്ത്രോപാസനകളിൽ താല്പര്യമേറുന്നതാണ്.
വൃശ്ചികക്കൂറിന് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
ശനി നാലാം ഭാവത്തിൽ വക്രഗതി കഴിഞ്ഞ് മുന്നേറുന്നതിനാൽ വീടുവിട്ടു കഴിയുന്നവർക്ക് വീട്ടിലേക്ക് മടങ്ങാനാവും. കുടുംബാംഗങ്ങൾ തമ്മിലുള്ള അനൈക്യം തീർന്നേക്കും. തൊഴിൽ തേടുന്നവർക്ക് അല്പം കൂടി കാലതാമസം വരാം. എന്നാൽ ഉപരിപഠന സാധ്യത വളരെക്കൂടുതലുണ്ട്. പഴയ വാഹനം വാങ്ങാനിടയുണ്ട്. പഴയ വീട്ടിൽ താമസിക്കാനും സാധ്യത കാണുന്നു. സ്വതന്ത്രമായ ബിസിനസ് തുടങ്ങുന്നതിനെക്കാൾ നിലവിലുള്ള ബിസിനസ്സിലെ പ്രശ്നങ്ങൾ പരിഹരിക്കയാവും ഉചിതകർമ്മം. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിൽ സന്തോഷം കണ്ടെത്തും. തന്നിൽ നിന്നും പ്രായം കൂടിയ സുഹൃത്തുക്കളെ ലഭിക്കുന്നതാണ്. കരാർപണികളിൽ നേട്ടമുണ്ടാവും. ദേഹസൗഖ്യം അല്പം കുറയാം. വൈദ്യപരിശോധനകളിൽ അലംഭാവമരുത്. മാതാവിൻ്റെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധയുണ്ടാവണം.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ശനി മൂന്നാം ഭാവത്തിൽ വക്രം കഴിഞ്ഞ് നേർഗതിയിൽ സഞ്ചരിക്കുകയാൽ തടസ്സങ്ങൾ നീങ്ങി പ്രധാനപ്പെട്ട കാര്യങ്ങൾ നിർവഹിക്കാനാവും. എതിർപ്പുകളെ സമർത്ഥമായി പ്രതിരോധിക്കാൻ സാധിക്കുന്നതാണ്. പഠനത്തിൽ ഉയരങ്ങളിലെത്താനും ഗവേഷണത്തിന് ചേരാനും കഴിയും. സംവാദങ്ങളിൽ ശോഭിക്കാനാവും. തൊഴിലിൽ മികച്ച നേട്ടം പ്രതീക്ഷിക്കാം. തൊഴിലില്ലാത്തവർക്ക് വരുമാനമാർഗം തുറന്നു കിട്ടുന്നതാണ്. സ്വാഭാവികമായിട്ടുള്ള കഴിവുകൾ പ്രയോജനപ്പെടുത്താൻ അവസരമുണ്ടാവും. നിക്ഷേപങ്ങളിലും ഊഹക്കച്ചവടത്തിലും ലാഭം അധികരിച്ചേക്കും. സഹോദരരെക്കൊണ്ട് തനിക്കും തന്നെക്കൊണ്ട് സഹോദരർക്കും ഗുണമുണ്ടാകുന്നതായിരിക്കും. സൗഹൃദം പുഷ്ടിപ്പെടുന്നതാണ്. ദാമ്പത്യം ശോഭനമാവും. സന്താന തടസ്സം അനുഭവപ്പെട്ടവർക്ക് ശുഭവാർത്ത ഭവിക്കും.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
രണ്ടാം ഭാവത്തിലാണ് ശനി സഞ്ചരിക്കുന്നത്. ധനപരമായി മെച്ചമുണ്ടാകും. കിട്ടാനുള്ള തുക കുറയൊക്കെ കൈവശം വന്നുചേരും. എന്നാൽ വലിയ മുതൽമുടക്കുകളിൽ ശ്രദ്ധ വേണം. ബിസിനസ്സ് രഹസ്യങ്ങൾ പരസ്യപ്പെടുത്തുന്നത് ഒഴിവാക്കുന്നതാവും ഉചിതം. കളവ് പറയേണ്ടി വരാം. വസ്തു വില്പനയിൽ അമളി പറ്റാതിരിക്കാൻ ശ്രദ്ധ വേണം. ഉന്നതവിദ്യാഭ്യാസ കാര്യത്തിൽ അവ്യക്തത തുടരപ്പെടും. തീർത്ഥയാത്രകൾക്ക് വ്യക്തമായ ആസൂത്രണത്തോടെ പോവുകയാവും ഉചിതം. പണമെടപാടുകളിൽ ജാഗ്രതയുണ്ടാവണം.ആരോഗ്യ പരിപാലനത്തിൽ അലംഭാവമരുത്. കുടുംബ ബന്ധങ്ങൾ ദൃഢമാവുന്നതിന് വിട്ടുവീഴ്ച അനിവാര്യമാണ്. അകലങ്ങളിൽ കഴിയുന്നവർക്ക് ജന്മനാട്ടിലെത്താൻ അല്പകാലം കൂടി കാത്തിരിപ്പ് തുടരേണി വരുന്നതാണ്.
കുംഭക്കൂറ് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3)
ജന്മരാശിയിൽ ശനി സഞ്ചരിക്കുകയാണ്. ജന്മശനി എന്നു പറയുന്ന കാലഘട്ടമാകയാൽ ക്ഷോഭങ്ങളെ നിയന്ത്രിക്കണം. പ്രകോപനങ്ങളെ ആത്മസംയമനത്തോടെ നേരിടുവാൻ മാനസിക പക്വത പുലർത്തേണ്ടതുമുണ്ട്. ന്യായമായ വരുമാനം സിദ്ധിക്കുമെങ്കിലും
സാമ്പത്തിക അച്ചടക്കം വേണം. പാഴ്ച്ചെലവുകൾക്ക് പ്രേരണയുണ്ടാവാം. അവിവാഹിതരുടെ ദാമ്പത്യസ്വപ്നം സഫലമാവാൻ അല്പകാലം കൂടി കാത്തിരിക്കേണ്ടി വരും. പ്രണയത്തിൽ തടസ്സത്തിന് സാധ്യതയുണ്ട്. ജന്മനാട്ടിൽ നിന്നും മാറേണ്ടി വരാം - തൊഴിലോ, പഠനമോ അതിന് കാരണമായേക്കും. ജാമ്യം നിൽക്കുക, സാക്ഷി പറയുക തുടങ്ങിയവയിൽ ജാഗ്രത വേണ്ടതുണ്ട്. പ്രതീക്ഷിച്ച സ്ഥാനക്കയറ്റം വൈകിയേക്കും. അനർഹർ സ്ഥാനമാനങ്ങൾ കൈക്കലാക്കുന്നതിൽ അമർഷം തോന്നും. കടബാധ്യതകൾ ഭാഗികമായി തീർക്കാനാവും. ബഹുമാന്യതയുള്ളവരെ അവഹേളിക്കാൻ ദുഷ്പ്രേരണ വരാം.
മീനക്കൂറിന് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)
പന്ത്രണ്ടാം ഭാവത്തിലാണ് ശനിയുടെ സഞ്ചാരം. ഏഴരശ്ശനിയുടെ ആദ്യഘട്ടമാണ് ഇത്. പഠനം സംബന്ധിച്ചോ, തൊഴിൽപരമായോ അകലങ്ങളിലേക്ക് പോകേണ്ടി വരുന്നതാണ്. പൊതുവേ യാത്രകൾ നിരന്തരമാവുന്ന ഒരു കാലമാവും. അന്യനാട്ടിൽ തൊഴിൽ പ്രശ്നങ്ങൾ നേരിടുന്നവർക്ക് പരിഹാരം ഉണ്ടാവാൻ സാധ്യതയുണ്ട്. ഏതുകാര്യം നേടാനും കൂടുതൽ അദ്ധ്വാനം ആവശ്യമായി വരുന്ന കാലഘട്ടമാണ്. ഏകാഗ്രത ശിഥിലമാവും. താത്പര്യങ്ങൾ മാറിമറിഞ്ഞു കൊണ്ടിരിക്കും. അവസരോചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ വിഷമിക്കുന്നതുമാണ്. ടൂർ ഓപ്പറേറ്റേഴ്സ്, വഴിവാണിഭം, ചെറുകിട സംരംഭം, നടന്നു ചെയ്യുന്ന കച്ചവടം, മാർക്കറ്റിംഗ് രംഗം തുടങ്ങിയവയുമായി ബന്ധപ്പെട്ടവർക്ക് ഗുണാനുഭവങ്ങൾ ഉണ്ടായേക്കും. ഗൃഹനിർമ്മാണം മെല്ലയായാലും, നിലയ്ക്കില്ല. കുടുംബ സ്വത്തിനെച്ചൊല്ലി വ്യവഹാരത്തിന് സാധ്യതയുണ്ട്. രാഷ്ട്രീയ ശത്രുക്കൾ വർദ്ധിച്ചേക്കും.
Read More
- Daily Horoscope November 21, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- ശുക്രൻ ധനുരാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെയുള്ള നാളുകാരുടെ ഫലങ്ങൾ
- നിങ്ങളെ തേച്ചിട്ടു പോകുമോ? പ്രണയിനിയുടെ നക്ഷത്രം നോക്കി ഫലമറിയാം
- Monthly Horoscope Vrischikam: വൃശ്ചിക മാസഫലം, അശ്വതി മുതൽ രേവതി വരെ
- Monthly Horoscope November 2024: നവംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.