/indian-express-malayalam/media/media_files/2025/05/02/rahu-ketu-horoscope-2025-astrological-predictions-aswathi-to-ayilyam-970280.jpg)
രാഹു കേതു രാശി മാറുന്നു
2025 മേയ് മാസം 18 ന്, 1200 ഇടവം 4 ന് ഞായറാഴ്ച രാത്രി 9:30 ന്  രാഹുവും കേതുവും രാശിമാറുന്നു. രാഹു മീനത്തിൽ നിന്നും കുംഭം രാശിയിലേക്കും കേതു കന്നിയിൽ നിന്നും ചിങ്ങത്തിലേക്കുമാണ് മാറുന്നത്. രാഹു പൂരൂരുട്ടാതി നക്ഷത്രത്തിലും 
കേതു ഉത്രം നക്ഷത്രത്തിലുമാണ് തുടരുന്നത്. രാഹുകേതുക്കൾ എപ്പോഴും പിൻഗതിയായാണ് (Anti Clock wise) സഞ്ചരിക്കുക എന്നതും ഓർക്കേണ്ട വസ്തുതയാണ്.
രാഹുവും കേതുവും തമ്മിൽ 180 ഡിഗ്രി അകലത്തിലാവും രാശിചക്രത്തിൽ നിലയുറപ്പിക്കുന്നത്. ഇരുവരും പരസ്പരം ഏഴാം രാശികളിലാവും. സൈഹിംകേയൻ എന്ന അസുരൻ്റെ ശിരസ്സാണ് രാഹുവെന്നും ഉടലാണ് കേതുവെന്നും പുരാണകഥകളിൽ നിന്നറിയാം.
'ശനിയെപ്പോലെ രാഹു' എന്നും 'ചൊവ്വയെപ്പോലെ കേതു' എന്നും പറയാറുണ്ട്. രാഹുകേതുക്കളെ യഥാക്രമം Dragon's Head എന്നും Dragon's Tail എന്നും വിശേഷിപ്പിക്കുന്നു. Northern Node, Southern Node എന്നിങ്ങനെയും വിളിക്കപ്പെടുന്നുണ്ട്.
ഒരുരാശിയിൽ ശരാശരി 18 മാസം അഥവാ ഒന്നരവർഷം വീതമാണ് രാഹുവും കേതുവും സഞ്ചരിക്കുന്നത്. ഗോചരാൽ അവരവരുടെ ജനിച്ച കൂറിൻ്റെ
3,6,11 എന്നീ രാശികളിൽ സഞ്ചരിക്കുമ്പോൾ മാത്രമാണ് രാഹുവും കേതുവും ഗുണം നൽകുക. മറ്റുഭാവങ്ങളിൽ പ്രായേണ ദുഃഖപ്രദന്മാരായിരിക്കും. 
രാഹു-കേതു എന്നിവയെ സംബന്ധിച്ച ഈ അടിസ്ഥാന വസ്തുതകളെ അവലംബിച്ചുകൊണ്ട് രാഹുകേതുമാറ്റം ഓരോ കൂറിലും ജനിച്ചവർക്ക് എന്തെന്ത് ഫലങ്ങൾ നൽകുന്നുവെന്ന് ഇവിടെ വിശദമാക്കുന്നു.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
രാഹുവിൻ്റെ രാശിമാറ്റം കൊണ്ട് ഏറ്റവും ഗുണഫലം അനുഭവിക്കുന്നവർ മേടക്കൂറിലെ നക്ഷത്രക്കാരാണ്. വ്യയവും വേദനയും ച്യുതിയും നിറഞ്ഞ പന്ത്രണ്ടിൽ നിന്നും സൗഭാഗ്യങ്ങളെ സമ്മാനിക്കുന്ന പതിനൊന്നാമെട ത്തിലേക്ക് രാഹു സഞ്ചരിക്കുന്നു. മുഖ്യമായും അനാവശ്യമായിട്ടുള്ള ചെലവുകൾ നിയന്ത്രിക്കാനാവും. വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ പ്രതികൂലസ്ഥാനങ്ങളിലെ സഞ്ചാരത്തെ രാഹുവിൻ്റെ അനുകൂല ഭാവ സഞ്ചാരം ഒരുപരിധിവരെ സന്തുലിതമാക്കും. വിദേശത്ത് പഠിപ്പിന് / തൊഴിലിന് ആയി പോകാൻ കഴിയും. മുഖ്യതൊഴിലിനൊപ്പം ഉപതൊഴിലും തുടങ്ങാനായേക്കും. ധനാഗമത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. പ്രണയ സാഫല്യം, വിവാഹസിദ്ധി, തൊഴിൽ മുന്നേറ്റം ഇവ ഫലവത്താകും. കേതു ആറിൽ നിന്നും അഞ്ചാമെടത്തിലേക്ക് മാറുന്നതിനാൽ ഉപാസനാദികൾക്ക് തടസ്സം വരാം. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉണ്ടാവുന്നതാണ്. ഉദരരോഗത്തിന് ചികിൽസ വേണ്ടിവന്നേക്കും. കാര്യാലോചനകളിൽ വിമർശനം ഉയരുന്നതാണ്.
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
രാഹു-കേതു മാറ്റം ഇടവക്കൂറുകാർക്ക് അത്ര അനുകൂലമല്ല. ശനി, വ്യാഴം എന്നീ ഗ്രഹങ്ങൾ നൽകുന്ന നേട്ടങ്ങളുടെയും പുരോഗതിയുടെയും മേൽ രാഹുവും കേതുവും നിഴൽവീഴ്ത്തും. രാഹു കർമ്മഭാവത്തിൽ മാറിയതിനാൽ തൊഴിലിൽ എന്നും ഓരോ തലവേദനകൾ വന്നെത്താം. പ്രശ്നങ്ങൾ പരിഹരിക്കാൻ സമയവും ഊർജ്ജവും കൂടുതലായി ചെലവാകുന്നതാണ്. നവസംരംഭങ്ങൾ വിജയിക്കാൻ ഇരട്ടി അധ്വാനം വേണ്ടിവന്നേക്കും.  പ്രതീക്ഷിച്ച നിയമനം വൈകുന്നതാണ്.
കേതു സുഖസ്ഥാനത്തിൽ വരികയാൽ ദേഹാരോഗ്യം ബാധിക്കപ്പെടാം. മാനസിക നിലയും പരീക്ഷിതമാവും. വീട്ടിൽ സ്വൈരം കുറയുന്നതാണ്. സുഹൃത്തുക്കളും ബന്ധുക്കളും മറുചേരിയിലായാൽ അത്ഭുതപ്പെടാനില്ല. വാഹനം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത കുറയരുത്.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
രാഹു പത്തിൽ നിന്നും ഒമ്പതിലേക്കും കേതു നാലിൽ നിന്നും മൂന്നിലേക്കും സഞ്ചരിക്കുന്നു. തൊഴിലിനെ സൂചിപ്പിക്കുന്ന പത്താം ഭാവത്തിൽ നിന്നും രാഹു മാറിയത് കർമ്മരംഗത്ത് തെല്ല് ആശ്വാസമുണ്ടാക്കും. എന്നാൽ ഭാഗ്യസ്ഥാനത്തേക്ക് ആണ് മാറ്റം എന്നതിനാൽ ഭാഗ്യഭ്രംശത്തിന് രാഹുമാറ്റം കാരണമായേക്കാം. പിതാവിൻ്റെയും ഗുരുജനങ്ങളുടെയും വിരോധം നേടാൻ ഇടയുള്ളതിനാൽ കരുതൽ വേണം. ചിലപ്പോൾ 'മനസ്സാക്ഷിയില്ലാതെ പെരുമാറി' എന്ന ദുഷ്പ്പേരുണ്ടാവും.കേതുവിൻ്റെ മാറ്റം വളരെ അനുകൂലമാണ്. ഗാർഹികമായ അലട്ടലുകൾ ഇല്ലാതാവും. മനസ്സുഖം പ്രതീക്ഷിക്കാം.രോഗഗ്രസ്തർക്ക് ആശ്വാസം വരുന്നതാണ്. കരാറുകൾ, ഏജൻസി പ്രവർത്തനങ്ങൾ എന്നിവയിൽ വിജയിക്കും. പരാശ്രയം അവസാനിക്കുന്നതാണ്.
കർക്കടകക്കൂറിന് (പുണർതം 4, പൂയം, ആയില്യം)
രാഹു ഒമ്പതിൽ നിന്നും എട്ടിലേക്കും, കേതു മൂന്നിൽ നിന്നും രണ്ടിലേക്കും മാറുകയാണ്. ഒട്ടും സുഖകരമായ ഗ്രഹാവസ്ഥയല്ലിത്. പാപഗ്രഹം അഷ്ടമത്തിൽ ഉണ്ടാവുന്നത് കാര്യതടസ്സം, രോഗാദികൾ, ധനക്ളേശം, ഭാഗ്യഭ്രംശം എന്നിവയ്ക്ക് കാരണമാകും. മൃത്യുഭയം, വിഷാദചിന്ത, ഉറ്റവരുടേയും ഉടയവരുടേയും വേർപാടുകൾ മുതലായവയ്ക്കും രാഹുവിൻ്റെ അഷ്ടമസ്ഥിതി വഴിയൊരുക്കാനിടയുണ്ട്. എന്നാൽ മിഥുനവ്യാഴം രാഹുവിനെ നോക്കുന്നത് ദോഷശക്തിയെ കുറയ്ക്കുന്നതാണ്. രണ്ടാമെടമെന്നത് മുഖ്യമായും വാക്സ്ഥാനമാണ്. കൂടാതെ കുടുംബം, ധനം, വിദ്യാഭ്യാസം ഇവയും രണ്ടാമെടം കൊണ്ട് ചിന്തിക്കും. ഇപ്പറഞ്ഞവക്കെല്ലാം ഏതെങ്കിലും തരത്തിൽ ദോഷമോ, അപചയമോ കേതുസ്ഥിതിയാൽ സംഭവിക്കാം. അതിനാൽ കരുതൽ പുലർത്തണം.
Read More
- Daily Horoscope May 05, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- Jupiter Transit 2025: വ്യാഴം രാശിമാറുന്നു, ഗുണം ഏതൊക്കെ കൂറുകൾക്ക്? അശ്വതി മുതൽ രേവതിവരെ
- Medam Month Horoscope: മേട മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- Vishu Phalam 2025: സമ്പൂർണ വിഷു ഫലം; അശ്വതി മുതൽ രേവതി വരെ, എസ് ശ്രീനിവാസ അയ്യർ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us