/indian-express-malayalam/media/media_files/AyefUs23F0kGug9bXeKA.jpg)
2024 Horoscope and Astrological Predictions
2024 Horoscope Astrology and Astrological Predictions: ശുഭഗ്രഹങ്ങളിൽ ഏറ്റവും പ്രമുഖത്വമുള്ള വ്യാഴം അഥവാ ഗുരു 2024 മേയ് മാസം ഒന്നാം തീയതി വരെ മേടം രാശിയിലും തുടർന്ന് ഇടവം രാശിയിലും സഞ്ചരിക്കുന്നു. ശരാശരി ഒരുവർഷക്കാലമാണ് വ്യാഴം ഒരുരാശിയിൽ സഞ്ചരിക്കുക. ജനിച്ച കൂറിലോ അതുതൊട്ടെണ്ണിയാൽ വരുന്ന 3, 6, 8, 12 എന്നീ രാശികളിലോ സഞ്ചരിക്കുമ്പോൾ വ്യാഴം അശുഭഫലങ്ങളെ നൽകും. ജന്മരാശിയുടെ 4,10 എന്നീ രാശികളിൽ സമ്മിശ്രമായ ഫലത്തെയാവും നൽകുക. ജനിച്ച കൂറിന്റെ 2,5,7,9,11 എന്നീ രാശികളിൽ സഞ്ചരിക്കുന്ന വർഷത്തിൽ വ്യാഴം അനുകൂലമായിട്ടുള്ള ഫലങ്ങളേയും സൃഷ്ടിക്കുന്നു.
ശനി കുംഭം രാശിയിലാണ് 2023 ൽ സഞ്ചരിക്കുന്നത്. 2024 ൽ ശനിക്ക് രാശിമാറ്റമില്ല. കുംഭത്തിൽ തന്നെ തുടരും എന്ന് സാരം. രണ്ടരവർഷക്കാലമാണ് ശനി ഒരു രാശിയെ കടക്കാൻ കൈക്കൊള്ളുന്ന കാലം. മകരം, കുംഭം, മീനം എന്നീ കൂറുകാരുടെ ഏഴരശനിക്കാലം തുടരുകയാണ്. ഇടവം, ചിങ്ങം, വൃശ്ചികം എന്നീ കൂറുകാരുടെ കണ്ടകശനിക്കാലവുമാണ്. കർക്കിടകക്കൂറിൽ ജനിച്ചവരുടെ അഷ്ടമശനിക്കാലമാണിപ്പോൾ. തുലാം, മിഥുനം എന്നീ കൂറുകളിൽ ജനിച്ചവർക്ക് ശനി യഥാക്രമം 5,9 എന്നീ ഭാവങ്ങളിലാകയാൽ സമ്മിശ്രഫലങ്ങൾ നൽകും. അഥവാ ശുഭാശുഭരഹിത ഗ്രഹമായി പ്രവർത്തിക്കും. ചുരുക്കത്തിൽ ജന്മരാശിയുടെ 3, 6, 11 എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ മാത്രമാണ് ശനി ഉന്നതമായ സൽഫലങ്ങൾ നൽകുന്നത്. അതു പ്രകാരം നോക്കിയാൽ 2025 വരെ കുംഭം രാശിയിൽ തുടരുന്ന ശനി ധനു, കന്നി, മേടം എന്നീ കൂറുകളിൽ ജനിച്ചവർക്കാവും 2024 ൽ കൂടുതൽ ഗുണഫലങ്ങൾ നൽകുകയെന്ന് വ്യക്തമാണ്.
രാഹുവിനെ ശനിയെപ്പോലെയും കേതുവിനെ ചൊവ്വയെപ്പോലെയും കരുതണം എന്നാണ് ജ്യോതിഷനിയമങ്ങൾ വ്യക്തമാക്കുന്നത്. രാഹുവും കേതുവും 2023 ഒക്ടോബർ അവസാനം മുതൽ യഥാക്രമം മീനം, കന്നി എന്നീ രാശികളിലാണ് സഞ്ചരിക്കുന്നത്. ഒന്നരവർഷക്കാലമാണ് ഒരുരാശിയിൽ രാഹുകേതുക്കളുടെ സഞ്ചാരം.
2024 ൽ രാഹുകേതുക്കൾക്ക് രാശിപ്പകർച്ചയില്ല. മീനം, ചിങ്ങം, മേടം എന്നീ കൂറുകളിൽ ജനിച്ചവർക്ക് രാഹുവും, കന്നി, കുംഭം, തുലാം എന്നീ കൂറുകളിൽ ജനിച്ചവർക്ക് കേതുവും പ്രായേണ ഈ വർഷം അനിഷ്ടകാരികളാവും. ധനു മുതൽ കർക്കടകം വരെയുള്ള എട്ട് രാശികളിലായി 2024 ൽ ചൊവ്വ കടന്നു പോകുന്നു. ശരാശരി ഒന്നര മാസക്കാലമാണ് ചൊവ്വ ഒരുരാശിയിൽ ഉണ്ടാവുക. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ചൊവ്വ തന്റെ ഉച്ചരാശിയായ മകരം രാശിയിലാണ്. നവംബർ, ഡിസംബർ മാസങ്ങളിൽ നീചരാശിയായ കർക്കടകത്തിലും സഞ്ചരിക്കുന്നു.
ആദിത്യൻ, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ ശരാശരി ഒരുമാസക്കാലം ഒരു രാശിയിൽ സഞ്ചരിക്കുന്നു. ആദിത്യൻ പൂരാടം ഞാറ്റുവേലയിൽ സഞ്ചരിക്കുമ്പോഴാണ് പ്രായേണ പുതിയ ഇംഗ്ലീഷ് വർഷം പിറക്കുക. ചന്ദ്രൻ ഒരു ദിവസം ഒരു നക്ഷത്രമണ്ഡലത്തെ കടക്കുന്നു.
വ്യാഴം മേടരാശിയിൽ നിന്നും സംക്രമിക്കുന്നതു വരെ (മെയ് 1, 2024) ലോകത്തിൽ യുദ്ധത്തിന്റെ ഭീഷണി തുടരാം. സമാധാന ശ്രമങ്ങൾ പാളിയേക്കും. പണപ്പെരുപ്പം മൂലമുളള ആശങ്കകൾ ഉയരുന്നതാണ്. ജനാധിപത്യത്തിന്റെ ധ്വംസനം എവിടെയും ഒരു സാധാരണകാര്യം എന്നനിലയിൽ അരങ്ങേറാനിടയുണ്ട്. മനുഷ്യത്വം മരവിച്ചു പോകുന്ന അനുഭവങ്ങൾ ഉണ്ടായേക്കാം.
ഫെബ്രുവരിയിൽ ശനിക്കും മേയ്, ജൂൺ മാസങ്ങളിൽ വ്യാഴത്തിനും മൗഢ്യം വരികയാൽ പലതരത്തിലുള്ള കെടുതികൾ ഇക്കാലയളവിൽ അരങ്ങേറിയേക്കും. സാംക്രമിക രോഗങ്ങൾ ജീവിതത്തിന്റെ സ്വാഭാവിക താളങ്ങളെ ബാധിക്കാനിടയുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിലക്കാത്ത രാഷ്ട്രീയ തർക്കങ്ങൾ ഉയർന്നുവരുവാൻ ഇടയുണ്ട്.
ജൂൺ മാസം തൊട്ട് വ്യാഴം ഇടവം രാശിയിലൂടെ സഞ്ചരിക്കുകയാൽ പുത്തൻ പ്രതീക്ഷകൾ മനുഷ്യരാശിയെ ആഹ്ളാദിപ്പിക്കും. മനുഷ്യപ്രതിഭ ശാസ്ത്രീയമായ കണ്ടെത്തലുകളിൽ അഭിരമിക്കും. കലാപരമായ സംഭാവനകൾ ആഗോളമനുഷ്യന്റെ മനസ്സിനെ സന്തോഷിപ്പിച്ചേക്കാം.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടേയും 2024 ലെ സമ്പൂർണ്ണ വാർഷികഫലം ഇവിടെ അപഗ്രഥിക്കപ്പെടുന്നു.
Read Here
അശ്വതി
ശനിയുടെ അനുകൂലത ഈ വർഷം മുഴുവൻ തുടരുന്നതിനാൽ സാമ്പത്തികമായ ഉന്നമനം പ്രതീക്ഷിക്കാം. നിക്ഷേപങ്ങൾക്കും തൊഴിൽപരമായ വളർച്ചയ്ക്കും സ്ഥാനക്കയറ്റത്തിനും ശനിയുടെ ബലം കാരണമാകുന്നതാണ്. ഏപ്രിൽ അവസാനം വരെ വ്യാഴം ജന്മരാശിയിൽ തുടരുകയാൽ മാനസിക ക്ലേശങ്ങളും സാമൂഹികമായ അംഗീകാരം കിട്ടാതിരിക്കലും ആശയക്കുഴപ്പങ്ങളും സാധ്യതകളാണ്.
മേയ് മാസം മുതൽ ഇക്കാര്യങ്ങൾ അനുകൂലമായിത്തീരും. ആഗ്രഹിച്ച വിഷയങ്ങളിൽ ഉപരിവിദ്യാഭ്യാസത്തിന് അവസരം ഉണ്ടാകുന്നതാണ്. വർഷത്തിന്റെ രണ്ടാം പകുതിയിൽ അവിവാഹിതർക്ക് വിവാഹസിദ്ധി ഭവിച്ചേക്കാം. രാഹുവിന്റെ അനിഷ്ടസ്ഥിതിയാൽ അപ്രതീക്ഷിത യാത്രകളും അധികച്ചെലവുകളും ഉണ്ടാവാം. പാദരോഗം, ഇഷ്ടബന്ധുക്കളിൽ ചിലർക്ക് ദുരിതങ്ങൾ, ശത്രുക്കളുടെ ഉപജാപം എന്നിവ വന്നുകൂടായ്കയില്ല.
ഭരണി
സ്വന്തം അഭിപ്രായമനുസരിച്ച് പ്രവർത്തിക്കാനും അത് കുടുംബത്തെക്കൊണ്ട് അംഗീകരിപ്പിക്കാനും സാധിക്കും. തൊഴിൽ തുടങ്ങാനും നിലവിലെ സംരംഭങ്ങളിൽ വിജയിക്കാനും കഴിയും. സാമ്പത്തിക ക്ലേശങ്ങൾക്ക് പരിഹാരമാവും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ഭവിച്ചേക്കാം. ജോലിതേടുന്നവർക്ക് നിരാശപ്പെടേണ്ടിവരില്ല. പഠനഗവേഷണാദികൾ പ്രതീക്ഷിച്ചവിധം തന്നെ പുരോഗമിക്കുന്നതാണ്. മേയ്മാസത്തിനു ശേഷം പ്രണയസാഫല്യം, വിവാഹസിദ്ധി ഇവയുണ്ടാകുന്നതാണ്. സന്താനങ്ങളുടെ പഠനം, ജോലി എന്നിവ സംബന്ധിച്ച ആശങ്കകൾ ദൂരീകരിക്കപ്പെട്ടേക്കും. ആരോഗ്യപരായി ശ്രദ്ധ വേണ്ടതുണ്ട്. രാഹുവിന്റെ അനിഷ്ടസ്ഥിതിയാൽ മാനസിക പിരിമുറുക്കം, വാതജന്യരോഗങ്ങൾ എന്നിവയുണ്ടാവാം. ദുശ്ശീലങ്ങൾ ഉള്ളവർക്ക് അവമൂലം ക്ലേശസാധ്യത കാണുന്നു.
കാർത്തിക
ഗുണവും ദോഷവും കലർന്ന ഫലങ്ങളാവും ഇക്കൊല്ലത്തെ ഗ്രഹസ്ഥിതിമൂലം സംജാതമാവുക. ഗുണാനുഭവങ്ങളിൽ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പൂർത്തീകരണം, യോഗ്യതക്കനുസരിച്ചുള്ള ഉദ്യോഗപ്രാപ്തി, നിലവിലെ ജോലിയിൽ അധികച്ചുമതല, സ്ഥാനക്കയറ്റം എന്നിവ പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണം പൂർത്തിയായേക്കും. അന്യദേശത്ത്/ വിദേശത്ത് പഠന-തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തും. കുടുംബജീവിതത്തിൽ സമാധാനം പുലരും. മക്കളുടെ ശ്രേയസും പിന്തുണയും സന്തോഷത്തിനും സംതൃപ്തിക്കും കാരണമാകുന്നതാണ്. പ്രതികൂല ഫലങ്ങളിൽ വയോജനങ്ങളുടെ രോഗം, അകാരണമായ മാനസിക പിരിമുറുക്കം എന്നിവ സാധ്യതകൾ. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കാതിരിക്കൽ, ജീവിതശൈലി രോഗങ്ങളുടെ ഉപദ്രവം, വീടുവിട്ട് നിൽക്കേണ്ട സ്ഥിതി എന്നിവയും ചില വിപരീത ഫലങ്ങളാണ്.
രോഹിണി
രാഹു അനുകൂലസ്ഥിതിയിൽ തുടരുന്ന വർഷമാകയാൽ നിഗൂഢമായ വരുമാനം വർദ്ധിക്കും. രാഷ്ട്രീയ ഗുണം, ഉപജാപങ്ങളിൽ വിജയം എന്നിവയുണ്ടാവും. എതിർപ്പുകളെ മറികടന്ന് ലക്ഷ്യത്തിലെത്തും. മേയ് മാസം മുതൽ ജന്മവ്യാഴം ഭവിക്കുകയാൽ ഗാർഹികമായും ഔദ്യോഗികമായും പലതരം സമ്മർദ്ദങ്ങളെ നേരിടേണ്ടി വരാം. പഠനത്തിനോ തൊഴിലിനോ വിദേശത്ത് കൂടുതൽ അവസരം ലഭിച്ചേക്കാം. കണ്ടകശനി തുടരുന്നതിനാൽ വലിയ തോതിൽ പണം മുടക്കിയുള്ള പുതിയ തൊഴിൽ ഗുണകരമാവണമെന്നില്ല. നിലവിലെ ബിസിനസ്സ് രംഗത്ത് നന്നായി അധ്വാനിച്ചിട്ടും പുരോഗതി ഉണ്ടാവാത്തതിൽ വിഷമമുണ്ടാവും. ചിലപ്പോൾ ആലസ്യം ബാധിച്ചേക്കാം. ആരോഗ്യപരിശോധനകൾ കൃത്യമായി നടത്തേണ്ടതുണ്ട്.
മകയിരം
ഗുണദോഷഫലങ്ങൾ ആവർത്തിക്കുന്ന വർഷമാണ്. സങ്കീർണ്ണമായ അനുഭവങ്ങളും ആശയക്കുഴപ്പങ്ങളും ഭവിക്കും. തൊഴിലിൽ പരീക്ഷണങ്ങൾക്ക് മുതിരാതിരിക്കുകയാവും അഭികാമ്യം. നിലവിലെ ഉദ്യോഗം മടുപ്പിക്കാം. എന്നാൽ ജോലി ഉപേക്ഷിച്ചശേഷം പുതിയ അവസരങ്ങൾ തേടുന്നത് അത്ര അഭിലഷണീയം ആയിരിക്കില്ല. വസ്തു/ ഭൂമി ഇടപാടുകൾ നടന്നുകിട്ടുമെങ്കിലും പ്രതീക്ഷിച്ച ആദായം ഉണ്ടായേക്കില്ല. രഹസ്യ ഇടപാടുകൾ ലാഭകരമാവും. സർക്കാർ ധനസഹായം, ചിട്ടി, വായ്പ തുടങ്ങിയവ പ്രയോജനപ്പെടുത്തും. അവിവാഹിതർക്ക് വിവാഹജീവിതത്തിൽ പ്രവേശിക്കാനാവും. ദമ്പതികൾക്കിടയിൽ ഭിന്നസ്വരങ്ങൾ ഉയരാം. ആത്മീയസാധനകൾ മന്ദീഭവിക്കുന്നതാണ്. കുടുംബത്തിലെ മുതിർന്ന വ്യക്തികളുടെ പരിരക്ഷയിലും വൈദ്യസഹായത്തിലും ശ്രദ്ധ വേണ്ടതുണ്ട്.
തിരുവാതിര
ഗുണാനുഭവങ്ങളും സാമ്പത്തിക മെച്ചവും ഏപ്രിൽ മാസം വരെ അഭംഗുരമായി വളരും. സ്ഥാനോന്നതി, പഠനപുരോഗതി, രാഷ്ട്രീയ നേട്ടം എന്നിവ തുടരപ്പെടും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ നല്ലതീരുമാനം കൈവരും. പുതുവീട്ടിൽ താമസം ആരംഭിക്കും. ആശിച്ച വാഹനം സ്വന്തമാക്കുന്നതാണ്. പതിനൊന്നിൽ നിന്നും വ്യാഴം പന്ത്രണ്ടിൽ വരികയാൽ വർഷത്തിന്റെ രണ്ടാം പകുതിക്ക് മേന്മകുറയുന്നതാണ്. ഈശ്വരാധീനം മങ്ങുന്നതായി തോന്നും. രാഹുകേതുക്കളുടെ വിപരീതസ്ഥിതി മാനസികസ്വസ്ഥത, ഗൃഹസൗഖ്യം, തൊഴിൽ ഭദ്രത എന്നിവയെ ബാധിക്കാനിടയുണ്ട്. ദുർവാസനകൾ അധികരിച്ചേക്കാം. സുപ്രധാനകാര്യങ്ങളിൽ ആലോചനാശൂന്യമായ തീരുമാനം കൈക്കൊള്ളാനിടയുണ്ട്. ആരോഗ്യപരിരക്ഷ അനിവാര്യമാണ്.
പുണർതം
മിഥുനക്കൂറുകാരായ പുണർതം നാളുകാർക്ക് ഏപ്രിൽ മാസം വരെ നല്ലഫലങ്ങളും അതിനുശേഷം വർഷാന്ത്യം വരെ സമ്മിശ്രമായ ഫലങ്ങളും അനുഭവത്തിൽ വരും. എന്നാൽ കർക്കടകക്കൂറിൽ വരുന്ന പുണർതം നാളുകാർക്ക് ഏപ്രിൽ-മേയ് മാസം വരെ ഗുണദോഷപ്രദമായ അനുഭവങ്ങളും അതിനുശേഷം പതിനൊന്നാം വ്യാഴം ആരംഭിക്കുകയാൽ മെച്ചപ്പെട്ട ഫലങ്ങളും പ്രതീക്ഷിക്കാം. ദോഷാനുഭവങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനവൈകല്യം, ആരോഗ്യപ്രശ്നങ്ങൾ, കടബാധ്യത, അർഹമായ പദവിയും ശമ്പളവർദ്ധനവും ലഭിക്കാതിരിക്കുക, ഭാഗ്യക്കുറവ് തുടങ്ങിയവ സാധ്യതകളാണ്. ഗ്രഹാനുകൂല്യം വരുമ്പോൾ
തൊഴിൽ മുന്നേറ്റം ഉണ്ടാകുന്നതാണ്. അർഹമായ അവകാശങ്ങൾ ലഭിക്കും. അനാരോഗ്യം നീങ്ങും. മന:ശക്തിയുണ്ടാവും. ന്യായമായ ആഗ്രഹങ്ങളെല്ലാം നിറവേറപ്പെടുന്നതുമാണ്.
പൂയം
കർക്കടകക്കൂറിൽ വരുന്ന നക്ഷത്രമായതിനാൽ പ്രായേണ ഇക്കൊല്ലം ഗുണാനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കും. എന്നാൽ ആദ്യമാസങ്ങളിൽ കാര്യങ്ങൾ അത്ര ആശാവഹമാവില്ല. ഒമ്പതാം ഭാവത്തിലെ രാഹുസ്ഥിതി ഭാഗ്യഭ്രംശം, പിതാവിന് ക്ലേശം, ഉപാസനാഭംഗം എന്നിവ സൃഷ്ടിക്കാം. അഷ്ടമശനി സ്വക്ഷേത്രസ്ഥനാകയാൽ ദോഷശക്തി കുറയും. പത്തിലെ വ്യാഴസ്ഥിതിയും അനുകൂലമല്ല. കർമ്മരംഗം ഉദാസീനമായി കാണപ്പെടും. എന്നാൽ 2024 ജൂൺമാസം മുതൽ വ്യാഴത്തിന്റെ പതിനൊന്നിലേക്കുള്ള മാറ്റത്താൽ പലതരം ശുഭാനുഭവങ്ങളും ചിരകാല സ്വപ്നങ്ങളുടെ സാക്ഷാൽകാരവും അനുഭവത്തിൽ വരും. മൂന്നിലെ കേതു അസാധ്യമെന്ന് കരുതിയ കാര്യങ്ങൾ നേടാൻ പ്രേരണയേകും. ഉന്നതരുടെ വിശ്വാസമാർജ്ജിക്കും. കച്ചവടത്തിൽ ലാഭം ഉയരുന്നതാണ്. വസ്തുവോ വീടോ വാങ്ങാനായേക്കും.
ആയില്യം
പ്രധാനപ്പെട്ട ഗ്രഹങ്ങൾ ഏപ്രിൽ മാസം വരെ പ്രതികൂല സ്ഥിതി തുടരുന്നു. അതിനാൽ അക്കാലത്ത് ഗുണപരമായ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. സാധാരണകാര്യങ്ങൾ മുടക്കം കൂടാതെ നടന്നേക്കും. കൂടുതൽ കടബാധ്യത വരാതെ ശ്രദ്ധിക്കണം. നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് അഭിലഷണീയമാവില്ല. മക്കളുടെ ജോലി, വിവാഹം മുതലായവ നീണ്ടുപോയേക്കാം. എന്നാൽ മേയ് മാസം മുതൽ വ്യാഴത്തിന്റെ ശക്തമായ ആനുകൂല്യം കൈവരുന്നതിനാൽ ഗുണാനുഭവങ്ങൾ വന്നുതുടങ്ങും. സ്വന്തം തൊഴിലിൽ മെച്ചമുണ്ടാവുന്നതാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ പിണക്കം പരിഹരിക്കപ്പെടും. കടക്കെണിയിൽ നിന്നും അല്പാല്പമായി മോചനം കണ്ടുതുടങ്ങും. ഗൃഹം മോടി പിടിപ്പിക്കാനും പുതിയ വാഹനം വാങ്ങാനും സാധിക്കുന്നതാണ്. കുടുംബസമേതമുള്ള വിനോദയാത്രകൾക്ക് അവസരമൊരുങ്ങും.
Read Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us