/indian-express-malayalam/media/media_files/6nxjRaLU4O4I5HZx3k9E.jpg)
1199 ധനു ഒന്നാം തീയതി 2023 ഡിസംബർ 17 ഞായറാഴ്ചയാണ് വരുന്നത്. 2024 ജനുവരി 14 വരെ ധനുമാസം നീളുന്നു. ഹ്രസ്വമായ മാസമാണ് ധനു; ആകെ 29 ദിവസങ്ങൾ മാത്രം. കൊല്ലവർഷത്തിലെ അഞ്ചാം മാസമാണ് ധനു. രാശിചക്രത്തിൽ ധനുരാശി പുരുഷരാശിയായും ഉഭയരാശിയായും സങ്കല്പിക്കപ്പെടുന്നു. വ്യാഴത്തിന്റെ അഥവാ ബൃഹസ്പതിയുടെ സ്വക്ഷേത്രം, മൂലക്ഷേത്രം തുടങ്ങിയ പ്രത്യേകതകൾ ജ്യോതിഷപരമായി ധനുരാശിക്കുണ്ട്. കുതിരയുടെ ഉടലും മനുഷ്യന്റെ കഴുത്തും ചേർന്നതാണ് ധനുരാശിയുടെ സ്വരൂപം.
വൃശ്ചികം 30 ന്, ഡിസംബർ 16 ന് പകൽ 4 മണിയ്ക്കാണ് സൂര്യന്റെ ധനുരാശിയിലേക്കുള്ള സംക്രമം. അപ്പോൾ മുതൽ മൂലം ഞാറ്റുവേല ആരംഭിയ്ക്കുന്നു. ധനുമാസം 13 ന് പൂരാടം ഞാറ്റുവേലയും 26 ന് ഉത്രാടം ഞാറ്റുവേലയും തുടങ്ങും. ധനു ഒന്നിന് ചന്ദ്രൻ അവിട്ടം നക്ഷത്രത്തിലാണ്. മാസാന്ത്യത്തിൽ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ചന്ദ്രൻ വീണ്ടും അവിട്ടം നക്ഷത്രത്തിലെത്തുന്നു. വെളുത്ത പക്ഷത്തിലെ പഞ്ചമി തിഥിയാണ് ധനു ഒന്നാം തീയതി. ധനു 10 ന് വെളുത്തവാവും ധനു 26 ന് കറുത്തവാവും വരുന്നു. മാസാന്ത്യം വരുന്നത് കറുത്ത ചതുർത്ഥിയിലാണ്.
മറ്റുള്ള ഗ്രഹങ്ങളുടെ സഞ്ചാരം ധനുമാസത്തിൽ എപ്രകാരമാണ് എന്നുനോക്കാം. ചൊവ്വ ധനു 11 ന്, വൃശ്ചികം രാശിയിൽ നിന്നും ധനുരാശിയിലേക്ക് സംക്രമിക്കുന്നു. കുജമൗഢ്യം ധനുമാസം മുഴുവനുമുണ്ട്. ബുധൻ ധനു രാശിയിലാണ്. എന്നാൽ ധനു 12 ന് വൃശ്ചികത്തിലേക്ക് വക്രഗതിയായി സഞ്ചരിക്കുന്നു.
ധനു 22 ന് വീണ്ടും നേർഗതിയിൽ ധനുരാശിയിലുമെത്തുന്നു. ധനു 1 മുതൽ 14 വരെ ബുധന് മൗഢ്യവുമുണ്ട്.
ശുക്രൻ ധനു 9 ന് തുലാം രാശിയിൽ നിന്നും വൃശ്ചികം രാശിയിലേക്ക് പകരുന്നു. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും വ്യാഴം മേടം രാശിയിൽ വക്രഗതിയിൽ അശ്വതി നക്ഷത്രത്തിലുമാണ്. രാഹുവും കേതുവും യഥാക്രമം മീനം രാശിയിലും (രേവതിയിൽ), കന്നിരാശിയിലും (ചിത്തിരയിൽ) തുടരുന്നു.
കൊല്ലവർഷമായ ധനുമാസത്തിലാണ് ഇംഗ്ലീഷ് 'ന്യൂ ഇയർ' സംഭവിക്കുക. കൊല്ലവർഷം ഒരു നൂറ്റാണ്ടിലെ അവസാനവർഷമാണിത്.(1199) അടുത്ത ചിങ്ങമാസം മുതൽ കൊല്ലവർഷം 1200 ആരംഭിക്കുന്നു. അങ്ങനെ നോക്കിയാൽ കൊല്ലവർഷത്തിലെ ഒരു നൂറ്റാണ്ടിലെ അവസാനത്തെ ഇംഗ്ലീഷ് പുതുവർഷം (2024) പിറക്കുന്നത് 1199 ധനുമാസം 16-ാം തീയതിയാണ് എന്നുകാണാം.
മുകളിൽ വിശദമാക്കിയ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെയും 1199 ധനുമാസത്തിലെ നക്ഷത്രഫലം ഇവിടെ പരിശോധിക്കാം.
മകം
സാധാരണ ചെയ്യുന്ന പ്രവൃത്തികൾ എല്ലാം തന്നെ ഒരുവിധം ഭംഗിയായി നടത്താനാവും. വലിയ നേട്ടങ്ങൾക്ക് സാധ്യത കുറവാണ്. ഗുണാനുഭവങ്ങൾ പതുക്കെയാവും വന്നെത്തുക. ചെറുനേട്ടങ്ങളിൽ സന്തോഷം കണ്ടെത്തുകയാവും ഇപ്പോൾ ഉചിതം. കൂടുതൽ വിയർപ്പൊഴുക്കേണ്ടി വന്നാലും പൂർണവിജയം ഉണ്ടാകുമെന്ന് പറയാനാവില്ല.
മക്കളുടെ കാര്യത്തിൽ (അവരുടെ പഠനം, തൊഴിൽ) ഉൽക്കണ്ഠയുണ്ടാവും. കുടുംബത്തിന്റെ പിന്തുണ വേണ്ടത്ര ലഭിക്കുന്നില്ലെന്ന് സങ്കടം തോന്നും . ഏജൻസികൾ നടത്തുന്നവർ, കരാർ പണികൾ, ദിവസവേതനക്കാർ തുടങ്ങിയവർക്ക് സ്ഥിതി അനുകൂലമാണ്. ഉദ്യോഗസ്ഥർ മേലധികാരികളുടെ വിരോധം നേടും.
പൂരം
വിജയിക്കാനാവും, വ്യത്യസ്തരംഗങ്ങളിൽ. മുഖ്യ തൊഴിലിനൊപ്പം ഭാഗികമായി മറ്റൊരു വരുമാനമാർഗം കൂടി കണ്ടെത്താനാവും. കുടുംബകാര്യങ്ങൾ അലോസരങ്ങൾ സൃഷ്ടിക്കാം. ആത്മസംയമനം പാലിക്കാൻ മറക്കരുത്. കൂടുതൽ ആലോചിക്കും. എന്നാൽ അവ പ്രായോഗികമാക്കുന്നതിൽ ക്ലേശമുണ്ടാകും.
മകന്റെ ഉപരിപഠനത്തിന് സാമ്പത്തിക ബാധ്യത വരും. മകളുടെ വിവാഹാലോചന നീണ്ടേക്കാം. സംഘടനാ പ്രവർത്തനത്തിലെ എതിർപ്പുകളെ പരാജയപ്പെടുത്തും. വീടിന്റെ അറ്റകുറ്റപ്പണി പൂർത്തിയാവുന്നതാണ്. പതിവ് വൈദ്യപരിശോധനകളിൽ അലംഭാവമരുത്.
ഉത്രം
ചിങ്ങക്കൂറുകാർക്ക് ആശയക്കുഴപ്പം ഉണ്ടാകും. മക്കളുടെ പഠനമോ തൊഴിലോ വിഷമകാരണമാകാം. സമയബന്ധിതമായി ചുമതലകൾ നിർവഹിക്കാത്തതിന് മേലധികാരിയുടെ ശാസന കേൾക്കും. കന്നിക്കൂറുകർക്ക് പഠനത്തിൽ ഏകാഗ്രത നഷ്ടമാകുന്നതാണ്. ഗാർഹിക ക്ലേശങ്ങൾ അനുഭവപ്പെടാം.
പഴയ വാഹനം വിൽക്കാനുള്ള ശ്രമം നീണ്ടുപോയേക്കും. നീതിബോധത്തോടെ പ്രവർത്തിക്കാനായില്ല എന്ന് പശ്ചാത്തപിക്കാം. സഞ്ചാരം കൂടാം. അതിനനുസരിച്ച് പ്രയോജനം ഉണ്ടാവില്ല. സാമ്പത്തികമായി ഇരുകൂറിൽ ജനിച്ച ഉത്രം നാളുകാർക്കും മെച്ചം ഉണ്ടാവും. ന്യായമായ ആവശ്യങ്ങൾ മുടങ്ങില്ല.
അത്തം
സാധാരണ കാര്യങ്ങൾ മിക്കതും ഒരുവിധം ഭംഗിയായി പൂർത്തീകരിക്കും. യാത്രകൾ കൊണ്ട് നേട്ടങ്ങൾ വരും. വാഗ്ദാനങ്ങൾ പാലിക്കാൻ പരമാവധി ശ്രമിക്കും. സാമ്പത്തികക്ലേശം കുറയുന്നതാണ്. ജന്മരാശിയിൽ കേതുവും നാലാമെടത്തിലെ കുജ- ആദിത്യന്മാരും ആരോഗ്യപ്രശ്നങ്ങൾ, ഗാർഹികക്ലേശങ്ങൾ എന്നിവ സൃഷ്ടിക്കാം.
രാഷ്ട്രീയ തർക്കങ്ങൾക്ക് സാധ്യതയുണ്ട്. അയൽവഴക്കുകൾ സ്വൈരക്കേടിന് കാരണമാകാം. ബൗദ്ധികമായി മികവുണ്ടാകും. ഗവേഷണത്തിൽ മുന്നേറ്റമുണ്ടായേക്കും. ആത്മീയസാധനകൾക്ക് സമയം ചെലവഴിക്കുന്നതാണ്.
ചിത്തിര
തുലാക്കൂറുകാരായ ചിത്തിരക്കാർക്ക് നേട്ടം വർദ്ധിക്കും. ജോലിയിൽ സ്ഥാനോന്നതി പ്രതീക്ഷിക്കാം. സഹപ്രവർത്തകരുടെ ഇടയിൽ ബഹുമാനിക്കപ്പെടും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ നന്നായി പ്രതിരോധിക്കാൻ കഴിയും.
ആരോഗ്യപ്രശ്നങ്ങൾ ക്ലേശിപ്പിച്ചേക്കില്ല. തൊഴിലിൽ നിന്നുമുള്ള വരുമാനം തടസ്സപ്പെടാതെ വന്നെത്തുന്നതാണ്. കന്നിക്കൂറുകാരായ ചിത്തിര നാളുകാർക്ക് ബന്ധുക്കളുടെ വിരോധം, സ്ത്രീകളുടെ എതിർപ്പ് എന്നിവ നേരിടേണ്ടി വരാം. ദുഷ്ടജനസംസർഗം ഉണ്ടാവും. സുലഭവസ്തുക്കൾ നേടിയെടുക്കാൻ ക്ലേശിക്കുന്നതാണ്. വാഹന ഉപയോഗത്തിൽ നല്ലശ്രദ്ധ വേണ്ടതുണ്ട്.
ചോതി
കുറച്ചു നാളായുള്ള അലച്ചിൽ അവസാനിക്കും. കാര്യതടസ്സം മാറി, കാര്യസാധ്യം ഭവിക്കും. തൊഴിൽ തേടുന്നവർക്ക് നല്ല സമയമാണ്. ശക്തമായ പിന്തുണ കുടുംബത്തിൽ നിന്നും ജോലി സ്ഥലത്തു നിന്നും ലഭിക്കും. പ്രതീക്ഷിച്ച ധനസഹായം കൈവരുന്നതാണ്. സാമൂഹികമായ അംഗീകാരം സിദ്ധിക്കും.
ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ അനുരഞ്ജനത്തിന് വഴിമാറുന്നതാണ്. മകന് ഉപരിപഠനത്തിന് അവസരമോ പുതിയ ജോലിയോ ലഭിക്കാനിടയുണ്ട്. വാക്ചാതുര്യം ശ്രദ്ധിക്കപ്പെടും. കടബാധ്യതകൾ പരിഹരിക്കാനുള്ള ശ്രമം വിജയം കാണുന്നതാണ്. പ്രണയബന്ധം ഊഷ്മളമാകും.
വിശാഖം
കൃത്യമായ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. ബിസിനസ്സ് രംഗത്തെ ആലസ്യം ഉണർവ്വിന് വഴിമാറും.
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വേതന വർദ്ധനവ് പ്രതീക്ഷിക്കാം. ആതുര ശുശ്രൂഷ, സാമൂഹികസേവനം മുതലായ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ജനപ്രീതിയും അംഗീകാരവും ലഭിക്കുന്നതാണ്.
ധനക്ലേശം ഒട്ടൊക്കെ പരിഹൃതമാകും. വായ്പാ സഹായം കിട്ടും. കുടുംബബന്ധത്തിൽ ഹൃദയൈക്യം ശക്തിപ്പെടുന്നതാണ്. മകളുടെ ഭാവികാര്യങ്ങളിൽ ഗുണപരമായ തീരുമാനങ്ങൾ/ അനുഭവങ്ങൾ ഉണ്ടാവും. തുലാക്കൂറുകാർക്ക് ഗുണാധിക്യവും വൃശ്ചികക്കൂറുകാർക്ക് സമ്മിശ്രഫലവും പ്രതീക്ഷിക്കാം.
അനിഴം
ആത്മവിശ്വാസം കുറയുന്ന സാഹചര്യം ഉണ്ടാവാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് കാട്ടാൻ കഴിയാതെ വരും. സാമ്പത്തിക കാര്യങ്ങളിൽ മെച്ചം പറയാനാവില്ല. വാക്കുകൾ പരുഷവും പ്രകോപനപരവും ആയേക്കും. പഴയ വീട് പുതുക്കാനുള്ള ശ്രമം തുടങ്ങും.
പഴയ കുടിശിക മടക്കിക്കിട്ടാം. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാനിടയുണ്ട്. ചിലപ്പോൾ ആലോചനയിൽ മുഴുകും. പലതും ചിന്തിക്കും. എന്നാൽ അവ പ്രാവർത്തികമാക്കാൻ കഴിയാതെ വരും. ആരോഗ്യപരമായി ജാഗ്രത വേണ്ട കാലഘട്ടമാണ്.
തൃക്കേട്ട
പരീക്ഷകളിലും അഭിമുഖങ്ങളിലും കഷ്ടിച്ച് കടന്നുകൂടും. കുടുംബത്തിൽ നിന്നും അകന്ന് നിൽക്കാൻ സാധ്യതയുണ്ട്. വരുമാനം ഭാഗികമായിട്ട് വന്നുചേരും. വൃദ്ധജനങ്ങളുടെ പരിരക്ഷയ്ക്കും പരിചരണത്തിനും സമയം കണ്ടെത്തും. വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാവും ഉചിതം.
ബന്ധുക്കളുടെ സാമ്പത്തിക സഹായമോ പിന്തുണയോ ലഭിക്കുന്നതാണ്. പൊതുപ്രവർത്തകർക്ക് എതിരാളികളുടെ പ്രവർത്തനം തടസ്സം സൃഷ്ടിച്ചേക്കും. ഭൂമിയിൽ നിന്നും ആദായമുണ്ടാകുന്നതാണ്. രഹസ്യനിക്ഷേപങ്ങൾ നടത്താനിടയുണ്ട്. കുടുംബബന്ധങ്ങളുടെ നൈസർഗിക താളം വീണ്ടെടുക്കാൻ ശ്രമിക്കുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.