/indian-express-malayalam/media/media_files/Sr4ml18fMDG0Yck0ElqX.jpg)
1199 ധനു ഒന്നാം തീയതി 2023 ഡിസംബർ 17 ഞായറാഴ്ചയാണ് വരുന്നത്. 2024 ജനുവരി 14 വരെ ധനുമാസം നീളുന്നു. ഹ്രസ്വമായ മാസമാണ് ധനു; ആകെ 29 ദിവസങ്ങൾ മാത്രം. കൊല്ലവർഷത്തിലെ അഞ്ചാം മാസമാണ് ധനു. രാശിചക്രത്തിൽ ധനുരാശി പുരുഷരാശിയായും ഉഭയരാശിയായും സങ്കല്പിക്കപ്പെടുന്നു.
വ്യാഴത്തിന്റെ അഥവാ ബൃഹസ്പതിയുടെ സ്വക്ഷേത്രം, മൂലക്ഷേത്രം തുടങ്ങിയ പ്രത്യേകതകൾ ജ്യോതിഷപരമായി ധനുരാശിക്കുണ്ട്. കുതിരയുടെ ഉടലും മനുഷ്യന്റെ കഴുത്തും ചേർന്നതാണ് ധനുരാശിയുടെ സ്വരൂപം.
വൃശ്ചികം 30 ന്, ഡിസംബർ 16 ന് പകൽ 4 മണിയ്ക്കാണ് സൂര്യന്റെ ധനുരാശിയിലേക്കുള്ള സംക്രമം. അപ്പോൾ മുതൽ മൂലം ഞാറ്റുവേല ആരംഭിയ്ക്കുന്നു. ധനുമാസം 13 ന് പൂരാടം ഞാറ്റുവേലയും 26 ന് ഉത്രാടം ഞാറ്റുവേലയും തുടങ്ങും.
ധനു ഒന്നിന് ചന്ദ്രൻ അവിട്ടം നക്ഷത്രത്തിലാണ്. മാസാന്ത്യത്തിൽ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ചന്ദ്രൻ വീണ്ടും അവിട്ടം നക്ഷത്രത്തിലെത്തുന്നു. വെളുത്ത പക്ഷത്തിലെ പഞ്ചമി തിഥിയാണ് ധനു ഒന്നാം തീയതി. ധനു 10 ന് വെളുത്തവാവും ധനു 26 ന് കറുത്തവാവും വരുന്നു. മാസാന്ത്യം വരുന്നത് കറുത്ത ചതുർത്ഥിയിലാണ്.
മറ്റുള്ള ഗ്രഹങ്ങളുടെ സഞ്ചാരം ധനുമാസത്തിൽ എപ്രകാരമാണ് എന്നുനോക്കാം. ചൊവ്വ ധനു 11 ന്, വൃശ്ചികം രാശിയിൽ നിന്നും ധനുരാശിയിലേക്ക് സംക്രമിക്കുന്നു. കുജമൗഢ്യം ധനുമാസം മുഴുവനുമുണ്ട്.
ബുധൻ ധനു രാശിയിലാണ്. എന്നാൽ ധനു 12 ന് വൃശ്ചികത്തിലേക്ക് വക്രഗതിയായി സഞ്ചരിക്കുന്നു. ധനു 22 ന് വീണ്ടും നേർഗതിയിൽ ധനുരാശിയിലുമെത്തുന്നു. ധനു 1 മുതൽ 14 വരെ ബുധന് മൗഢ്യവുമുണ്ട്.
ശുക്രൻ ധനു 9 ന് തുലാം രാശിയിൽ നിന്നും വൃശ്ചികം രാശിയിലേക്ക് പകരുന്നു. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും വ്യാഴം മേടം രാശിയിൽ വക്രഗതിയിൽ അശ്വതി നക്ഷത്രത്തിലുമാണ്. രാഹുവും കേതുവും യഥാക്രമം മീനം രാശിയിലും (രേവതിയിൽ), കന്നിരാശിയിലും (ചിത്തിരയിൽ) തുടരുന്നു.
കൊല്ലവർഷമായ ധനുമാസത്തിലാണ് ഇംഗ്ലീഷ് 'ന്യൂ ഇയർ' സംഭവിക്കുക. കൊല്ലവർഷം ഒരു നൂറ്റാണ്ടിലെ അവസാനവർഷമാണിത്. (1199) അടുത്ത ചിങ്ങമാസം മുതൽ കൊല്ലവർഷം 1200 ആരംഭിക്കുന്നു. അങ്ങനെ നോക്കിയാൽ കൊല്ലവർഷത്തിലെ ഒരു നൂറ്റാണ്ടിലെ അവസാനത്തെ ഇംഗ്ലീഷ് പുതുവർഷം (2024 ജനുവരി) പിറക്കുന്നത് 1199 ധനുമാസം 16-ാം തീയതിയാണ് എന്നുകാണാം.
മുകളിൽ വിശദമാക്കിയ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെ നക്ഷത്രഫലം ഇവിടെ പരിശോധിക്കാം.
അശ്വതി
ചൊവ്വയും സൂര്യനും അഷ്ടമത്തിൽ നിന്നും മാറുന്നത് ഗുണകരമാണ്. തർക്കം, കലഹം, ആലസ്യം ഇവ ഒഴിയും. ജന്മനക്ഷത്രത്തിൽ വ്യാഴം വക്രഗതിയായി സഞ്ചരിക്കുന്നത് തടസ്സങ്ങൾക്കോ ആത്മഗ്ളാനിക്കോ കാരണമായേക്കാം. പതിനൊന്നിൽ ശക്തനായ ശനി തുടരുന്നതിനാൽ കർമ്മഗുണം വർദ്ധിക്കും. അദ്ധ്വാനത്തിന് ന്യായമായ പ്രതിഫലം ലഭിക്കുന്നതാണ്. സ്വജനങ്ങൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ബഹുമാന്യത പ്രതീക്ഷിക്കാം. ശുക്രസ്ഥിതിയാൽ കുടുംബാന്തരീക്ഷം സമാധാനപൂർണമാകും.ഭാര്യാഭർത്താക്കന്മാർ കൂടുതൽ ഐക്യപ്പെടുന്നതാണ്. ജീവിതം പുരോഗതിയിലേക്ക് നീങ്ങുകയാണ് എന്ന ബോധ്യം ദൃഢമായേക്കും.
ഭരണി
വൃശ്ചിക മാസത്തെക്കാൾ സ്ഥിതി മെച്ചപ്പെടും. മനസ്സിനെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ്. ബന്ധുക്കളുടെ അകാരണമായ വിരോധവും നിസ്സഹകരണവും അവസാനിച്ചേക്കും. പൊതുവേയുള്ള സ്തംഭനാവസ്ഥയ്ക്ക് മാറ്റം വരുകയും ജീവിതം കൂടുതൽ ചലനാത്മകമാവുകയും ചെയ്യും. പൈതൃകമായി ലഭിച്ച വസ്തുവിന്റെ വില്പനയിൽ പ്രതീക്ഷിച്ചത്ര വില കിട്ടിയേക്കില്ല. എന്നാലും തീരെ കുറയാനിടയില്ല. പഠനത്തിൽ ദിശാബോധമുണ്ടാകും. വരുമാനം ഉയരുന്നതാണ്. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ ശുഭ തീരുമാനമുണ്ടാകാം.
കാർത്തിക
മേടക്കൂറുകാർക്ക് ഗുണാനുഭവങ്ങൾ വർദ്ധിക്കും. സർക്കാർ സംബന്ധിച്ച അനുമതികൾ/ ലൈസൻസ് മുതലായവ പ്രതീക്ഷിക്കുന്നവർക്ക് ആയത് ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ പെരുമാറാൻ അവസരം ഉണ്ടാകും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണ്ടതുണ്ട്. ഇടവക്കൂറുകാർക്ക് കാര്യതടസ്സമുണ്ടാകും. വിദേശത്തു പോകാനുള്ള ശ്രമം നീളാം. സഹോദരരുമായി സ്വത്തുതർക്കം സംഭവിക്കാനിടയുണ്ട്. മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കേണ്ടി വരാം. സാമ്പത്തികമായി മോശസ്ഥിതി ഉണ്ടാവില്ല. വളഞ്ഞ വഴികളിലൂടെയും ധനം കൈവശമെത്തും.
രോഹിണി
അഷ്ടമരവിയും അഷ്ടമ കുജനും കുറെശ്ശേ അലോസരങ്ങൾ സൃഷ്ടിക്കാം. അച്ഛന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ഉദ്യോഗസ്ഥർക്ക് കഠിനമായ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടിവരും. വൈകാരിക പ്രതികരണങ്ങൾ ഒഴിവാക്കുക ഉചിതം. ഭൂമി സംബന്ധിച്ച വ്യവഹാരങ്ങളോ അയൽ തർക്കങ്ങളോ വരാതെ നോക്കണം. സഹോദരരുടെ പിന്തുണ കുറയുന്നതാണ്. രാഹു പതിനൊന്നിൽ തുടരുകയാൽ ന്യായമായ മാർഗങ്ങളിൽ കൂടിയല്ലാതെയും ധനം വന്നുചേരും. ക്ഷേത്രാടനത്തിനായി ദൂരദേശ സഞ്ചാരം ഒരു സാധ്യതയാണ്. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനം നീണ്ടേക്കും. വ്യാപാരത്തിൽ സ്ഥിരതയുണ്ടാവും. പ്രശ്നങ്ങളുണ്ടായാലും താല്പര്യം കുറയില്ല.
മകയിരം
വ്യക്തി ജീവിതത്തിലുമതെ, വ്യാപാരത്തിലുമതെ തന്ത്രങ്ങൾ ആലോചിച്ചുറപ്പിക്കും.
പക്ഷേ അവ പ്രായോഗികമാക്കുന്നതിൽ പരാജയപ്പെടും. ആശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് മുന്നൊരുക്കം നടത്തും. ഇടവക്കൂറുകാർക്ക് അല്പം വളഞ്ഞ വഴികളിൽ കൂടിയും മിഥുനക്കൂറുകാർക്ക് നേർവഴികളിലൂടെയും ധനാഗമം പ്രതീക്ഷിക്കാം. ഏജൻസി ഏർപ്പാടുകളിൽ വിജയിക്കുന്നതാണ്. പ്രണയികൾക്ക് അനുകൂലമായ കാലമല്ല. സപ്തമ ഭാവത്തിലെ പാപഗ്രഹങ്ങൾ പ്രണയം, ദാമ്പത്യം എന്നിവയെ കലുഷമാക്കിയേക്കും. വിലകൂടിയ ഇലക്ട്രോണിക് / ഗാർഹിക ഉപകരണങ്ങൾ വാങ്ങിയേക്കും.
തിരുവാതിര
ദുഷ്കരമെന്ന് തോന്നുന്ന കാര്യങ്ങൾ രണ്ടും കല്പിച്ച് ഏറ്റെടുക്കും. സഹപ്രവർത്തകരുടെ പിന്തുണ വേണ്ടത്ര കിട്ടിയേക്കില്ല.
ഏഴിൽ പാപഗ്രഹങ്ങൾ സ്ഥിതിചെയ്യുന്നതിനാൽ കൂട്ടുകച്ചവടത്തിൽ പ്രശ്നങ്ങൾ വരാം. ബിസിനസ്സ് ചർച്ചകൾ ഊർജ്ജ/ സമയനഷ്ടത്തിന് കാരണമായേക്കും. ഭാര്യാഭർത്താക്കന്മാർ രണ്ടിടത്തായി കഴിയേണ്ട സ്ഥിതിയുണ്ടാവാം. വയോജനങ്ങളുടെ ആരോഗ്യനിലയിൽ ഭേദമുണ്ടാകുന്നതാണ്. സാമ്പത്തികാവസ്ഥ അനുകൂലം തന്നെയാവും. കൈവായ്പകൾ മടക്കിക്കൊടുക്കാൻ സാധിക്കുന്നതാണ്. കലാകാരന്മാർക്ക് പ്രതീക്ഷിച്ച അവസരം കിട്ടിയെന്ന് വരുന്നതല്ല.
പുണർതം
ജോലിഭാരം കൂടാനിടയുണ്ട്. കൃത്യാന്തരങ്ങളാൽ വിഷമിക്കും. തൊഴിലിൽ പുരോഗതി പ്രതീക്ഷിക്കാം. സർക്കാർ സംബന്ധിച്ച കാര്യങ്ങളിൽ അനുകൂല മറുപടി വൈകുന്നതാണ്. കരാർപണികളുടെ നിബന്ധനകൾ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. നവമാധ്യമങ്ങളിലെ അഭിപ്രായങ്ങൾക്ക് കടുത്ത വിമർശനം നേരിടേണ്ടതായി വന്നേക്കും. ആരോഗ്യപരമായി ശ്രദ്ധ വേണ്ടതുണ്ട്. മകന്റെ ഉപരിപഠന കാര്യം മാനസികസംഘർഷം സൃഷ്ടിക്കാം. ഗാർഹികാന്തരീക്ഷം മുഴുവനായും സുഖകരമാവും എന്ന് കരുതാനാവില്ല. പ്രണയികൾക്ക് കാലം പ്രതികൂലമാണ്.
പൂയം
ധാരാളം നേട്ടങ്ങളും പ്രയത്നത്തിന് അർഹമായ പ്രതിഫലവും ലഭിക്കുന്ന കാലഘട്ടമാണ്. തൊഴിൽ രംഗത്ത് വളർച്ച പ്രതീക്ഷിക്കാം. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറുന്നതിൽ വിജയിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമോ വേതനവർദ്ധനയോ ഉണ്ടാകും. സാമൂഹികമായ അംഗീകാരം തേടിവരും. എതിർശക്തികളെ നന്നായി പ്രതിരോധിക്കാൻ സാധിക്കുന്നതാണ്. ഗാർഹികമായി സ്വസ്ഥത ഭവിക്കും. സുഹൃത്തുക്കളുടെ പിന്തുണ, കൂടിച്ചേരൽ, വിനോദയാത്ര ഇവയും അനുഭവത്തിൽ വന്നെത്തും. സാമ്പത്തികമായ പിരിമുറുക്കത്തിന് അയവുണ്ടാകും. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ കുറയരുത്.
ആയില്യം
ആദിത്യൻ, ചൊവ്വ, കേതു തുടങ്ങിയ പാപഗ്രഹങ്ങൾ അനുകൂലസ്ഥിതിയിലാവുകയാൽ ഗുണാനുഭവങ്ങൾക്ക് മുൻതൂക്കമുള്ള സന്ദർഭമാണ്.
തടസ്സം നീങ്ങി കർമ്മരംഗം അനുകൂലമാവും. വിദ്യാർത്ഥികൾ പഠനത്തിൽ മികവുണ്ടാക്കും. കലാമത്സരങ്ങളിലും പരീക്ഷ, അഭിമുഖം തുടങ്ങിയവയിലും ഉയർന്നമാർക്കോടെ വിജയിക്കാനാവും. സാമ്പത്തിക രംഗം ഉണരും. ഊഹക്കച്ചവടത്തിൽ ആദായം ഭവിക്കും. പുതുജോലി തേടുന്നവർക്ക് ശുഭവാർത്തയുണ്ടാകും. പ്രണയികൾക്ക് ഹൃദയൈക്യം ഉണ്ടാകുന്നതാണ്. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്. ജീവിതശൈലി രോഗങ്ങൾക്ക് ചികിൽസ വേണ്ടിവരാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us