scorecardresearch

കുംഭ മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ടവരെ

Monthly Horoscope for Kumbham Makam to Thrikketta: കുംഭ മാസം മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Monthly Horoscope for Kumbham Makam to Thrikketta: കുംഭ മാസം മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Monthly Horoscope: കുംഭ മാസം നിങ്ങൾക്കെങ്ങനെ?

Monthly Horoscope for Kumbham-Makam to Thrikketta: മേടത്തിലാരംഭിച്ച് മീനത്തിൽ അവസാനിക്കുന്ന പന്ത്രണ്ട് രാശികളിൽ 11-ാം രാശിയാണ് കുംഭം രാശി. എന്നാൽ കൊല്ലവർഷം ചിങ്ങം മാസം മുതൽ കണക്കാക്കുകയാൽ ഏഴാം മാസമായി വരും, കുംഭമാസം. മകരം 30 ന്, അതായത് ജനുവരി 12 ന്, രാത്രി 10 മണി അടുപ്പിച്ചാണ് കുംഭസംക്രമം വരുന്നത്. സൂര്യൻ മകരം രാശിയിൽ നിന്നും കുംഭം രാശിയിൽ പ്രവേശിക്കുന്നത് അപ്പോഴാണ് എന്നർത്ഥം. പിറ്റേപ്പകൽ കുംഭമാസം ഒന്നാം തീയതിയായി പരിഗണിക്കുന്നു. 

Advertisment

2025 ഫെബ്രുവരി 13 ന്, വ്യാഴാഴ്ചയാണ് 1200 കുംഭം ഒന്നാം തീയതി വരുന്നത്. തുടർന്ന് സൂര്യൻ മീനം രാശിയിൽ പ്രവേശിക്കുന്നതു വരെയുള്ള കാലഘട്ടം കുംഭം മാസമായി പരിഗണിക്കുന്നു. കുംഭമാസം 30 തീയതികളുണ്ട്. ( ഫെബ്രുവരി 13 മുതൽ മാർച്ച് 14 വരെ). കുംഭം 7-ാം തീയതി വരെ അവിട്ടം ഞാറ്റുവേലയും, 20-ാം തീയതി വരെ ചതയം ഞാറ്റുവേലയും, തുടർന്ന് പൂരൂരുട്ടാതി ഞാറ്റുവേലയും വരുന്നു. സൂര്യൻ ഏതേതു നക്ഷത്രമണ്ഡലങ്ങളിലൂടെ കടന്നുപോകുന്നു എന്നതാണ് ഞാറ്റുവേല എന്ന പേരിൻ്റെ അർത്ഥം. 

മാസാരംഭത്തിൽ ചന്ദ്രൻ കറുത്ത പക്ഷത്തിലാണ്. കുംഭമാസം 15 ന് കറുത്തവാവ് അഥവാ അമാവാസി വരുന്നു. കുംഭം 29-30 ന് ആണ് വെളുത്തവാവ് അഥവാ പൗർണമി. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലാണ്. കുംഭം 12 ന് ഉദയത്തിന് ശനിയുടെ മൗഢ്യം തുടങ്ങുന്നു. സൂര്യനുമായി 15 ഡിഗ്രി സമീപത്തിലെത്തുമ്പോൾ ശനിക്ക് മൗഢ്യം (Combust/Combustation) എന്ന അവസ്ഥ തുടങ്ങുന്നു. ശനിയുടെ പ്രഭാവം നിസ്തേജമാകുന്ന അവസ്ഥയാണിത്. വർഷത്തിൽ ഒരിക്കലാണ് ഇതുണ്ടാവുക. 

മീനം 16 വരെ ശനിയുടെ മൗഢ്യം തുടരും. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്. ശുക്രൻ ഉച്ചരാശിയായ മീനത്തിൽ ഉത്രട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ചൊവ്വ മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലാണ്. കുംഭം 15 വരെ വക്രഗതിയിലും (Retrograde motion), തുടർന്ന് നേർഗതിയിലും(Direct motion) സഞ്ചരിക്കുന്നു. ബുധൻ മാസാദ്യത്തിൽ കുംഭം രാശിയിലാണ്. 

Advertisment

കുംഭം 16 ന് മീനം രാശിയിലേക്ക് മാറുന്നു. മീനം രാശി ബുധൻ്റെ നീചരാശിയാണെന്നത് പ്രസ്താവ്യമാണ്. കുംഭം 2 വരെ അവിട്ടത്തിലും തുടർന്ന് കുംഭം 10 വരെ ചതയത്തിലും തുടർന്ന് കുംഭം 17 വരെ പൂരൂരുട്ടാതിയിലും, തുടർന്ന് ഉത്രട്ടാതിയിലും സഞ്ചരിക്കുന്നു. കുംഭം 12 വരെ ബുധന് ക്രമമൗഢ്യം ഉണ്ടെന്നും ഓർക്കണം. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നി രാശിയിൽ ഉത്രം നക്ഷത്രത്തിലും തുടരുന്നു. രാഹുവും കേതുവും 
പ്രതിലോമഗതിയിൽ (Anti- clockwise) സഞ്ചരിക്കുന്ന ഗ്രഹങ്ങളാണെന്നതും പ്രസ്താവ്യമാണ്.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ 1200 കുംഭമാസത്തിലെ മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

മകം

ഏഴാം ഭാവത്തിൽ മൂന്നുഗ്രഹങ്ങളും, എട്ടാം ഭാവത്തിൽ രണ്ടുഗ്രഹങ്ങളും, പത്തിലും പതിനൊന്നിലും ഓരോ ഗ്രഹവും സഞ്ചരിക്കുന്നു. നിരന്തര പരിശ്രമങ്ങൾ വിജയത്തിലെത്തിക്കും. നേട്ടങ്ങൾക്ക് കുറുക്കുവഴിയില്ലെന്ന് ഓർമ്മിക്കുക. ഒപ്പമുള്ളവരെ വിമർശിക്കും മുൻപ് സ്വയം തിരുത്തലുകൾ  വരുത്തുവാൻ സന്നദ്ധതയുണ്ടാവണം. സുഹൃത്തിൽ നിന്നും ആവശ്യപ്പെട്ട സാമ്പത്തിക സഹായം കിട്ടിയേക്കും. കൂട്ടുബിസിനസ്സിൽ പുനശ്ചിന്തയുണ്ടാവും.  വിപുലീകരണം ആഗ്രഹിക്കും. എന്നാൽ ഇപ്പോൾ തൽസ്ഥിതി തുടരുകയാവും സമുചിതം. വ്യക്തിപരവും ഔദ്യോഗികവും ആയ യാത്രകൾ നിരന്തരമാവും. ഉദ്യമങ്ങൾ ഭാഗികമായി ഫലവത്തായേക്കും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയരുത്. മകൻ്റെ പഠനത്തിലും കൂട്ടുകെട്ടിലും നിരീക്ഷണം ആവശ്യമാണ്. തത്രപ്പാടുകൾക്കിടയിൽ സ്വന്തം മാനസിക - ശാരീരിക ആരോഗ്യപാലനവും പ്രധാനമാണെന്നത് വിസ്മരിക്കരുത്.

പൂരം

ജന്മനക്ഷത്രത്തിൻ്റെ അധിപൻ ശുക്രൻ്റെ ഉച്ചസ്ഥിതിയാൽ വ്യക്തിപ്രഭാവം ഉയരുന്നതാണ്. പ്രവർത്തന മികവ് സമൂഹത്തിൽ സംസാര വിഷയമാവും. ധനപരമായ ക്ലേശങ്ങൾ ഉണ്ടാവുമെങ്കിലും അവയെ മറികടക്കും. പുതിയ കാലത്തിൻ്റെ ആവശ്യങ്ങൾ കണ്ടറിയുന്നതാണ്. ഗൃഹനിർമ്മാണം പുനരാരംഭിച്ചേക്കും. മുന്തിയ ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങും. ഭൂമിവ്യാപാരം ലാഭം നേടിത്തരുന്നതാണ്. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കാനാവും.  കൂട്ടുകച്ചവടത്തിൽ വേണ്ടത്ര ആദായം കിട്ടിക്കൊള്ളണമെന്നില്ല. പകരക്കാരെ ചുമതല ഏല്പിച്ചേക്കും. പഠനത്തിനോ തൊഴിലിനോ ദേശാന്തര യാത്രകൾക്ക് കളമൊരുങ്ങുന്നതാണ്. വീട്ടുകാര്യങ്ങളിൽ താല്പര്യം കുറയാം. കടമകൾ മറക്കരുത് എന്ന് ആരെങ്കിലും ഉപദേശിച്ചേക്കും. ആരോഗ്യധനവും സർവ്വധനാൽ പ്രധാനമാണ്.

ഉത്രം

ഊഷരാവസ്ഥ മാറി മനസ്സ് മുന്നേപ്പോലെ ഉന്മേഷഭരിതമാവും. സാഹചര്യങ്ങൾ അല്പാല്പമായി അനുകൂലമാവുന്നതാണ്. കാര്യതടസ്സങ്ങൾ ഒരു പഴങ്കഥയാവും. ചെറുപ്പക്കാർ സമൂഹത്തോട് ഇണങ്ങാൻ സ്വയം തയ്യാറാവും. ബന്ധുക്കളുമായുള്ള സ്വത്തുതർക്കത്തിൽ പരിഹാരം തെളിയുന്നതാണ്. ജോലിയില്ലാതെ വിഷമിക്കുന്നവർക്ക് സ്വന്തം കാലിൽ നിൽക്കാൻ സാഹചര്യം അനുകൂലമായി വന്നേക്കും. പൈതൃക സ്വത്ത് അനുഭവ അവകാശത്തിൽ വരുന്നതാണ്. സുഹൃത്തുക്കൾ പ്രശ്ന പരിഹാരത്തിന് മുന്നിൽ നിൽക്കുന്നതായിരിക്കും. വീടുവിട്ടുപോയവർക്ക് വീണ്ടും ഒത്തുചേരാൻ കഴിയുന്നതാണ്. ഉപരിപഠന കാര്യത്തിൽ വ്യക്തത വരും. ദാമ്പത്യത്തിലെ അലോസരങ്ങൾക്ക് അധികം നിലനിൽപ്പുണ്ടാവില്ല. പണമെടപാടിൽ സൂക്ഷ്മതയുണ്ടാവണം.

അത്തം

ആദിത്യൻ ആറിലും ഗുരു ഒമ്പതിലും സഞ്ചരിക്കുകയാൽ ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. തൊഴിൽ രംഗത്ത് ഉണർവ്വുണ്ടാകും. പ്രധാനകാര്യങ്ങളിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളും. ഭാഗ്യപുഷ്ടിയുള്ള കാലമാകയാൽ കർമ്മത്തിൽ വിജയിക്കാനാവും. സാമ്പത്തിക ഞെരുക്കം മാറിക്കിട്ടുന്നതാണ്. വിരഹത്തിൻ്റെ കാലഘട്ടം അവസാനിച്ച് കാമുകീകാമുകന്മാർക്ക് ഒരുമിക്കാനാവും.  കർമ്മരംഗത്തെ പ്രയത്നങ്ങൾ സഫലമാവുന്നതാണ്. വിരോധത്തിലിരുന്നവർ അനുകൂലികളായേക്കും. സ്വതസ്സിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്. രാഷ്ട്രീയമായും ഗുണകരമായ കാലഘട്ടമാണ്. പാരമ്പര്യസ്വത്തുക്കളിൽ നിന്നും ആദായം വന്നെത്തും. കബളിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുന്നതാണ്.

ചിത്തിര

സാമൂഹ്യ പ്രശ്നങ്ങളിൽ സക്രിയമായ ഇടപെടലുകൾ നടത്തുന്നതാണ്. എതിർപ്പുകളെ തുച്ഛീകരിച്ച് മുന്നേറും. ആത്മവിശ്വാസം അമിതവിശ്വാസം ആകാതിരിക്കാൻ ശ്രദ്ധയുണ്ടാവണം. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ സഹകരണത്തോടെ വലിയ ദൗത്യങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്നതാണ്. മുതൽ മുടക്കിയ പ്രോജക്ടുകളിൽ നിന്നും ലാഭം കിട്ടിത്തുടങ്ങാം. മക്കളുടെ പഠനകാര്യത്തിലും കൂട്ടുകെട്ട് മുതലായവയിലും ശ്രദ്ധയുണ്ടാവണം. രണ്ടിടത്തായി ജോലിചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് സ്ഥലംമാറ്റം മാസാവസാനത്തോടെ കിട്ടിയേക്കാം. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനം നീണ്ടേക്കാം. മത്സരാധിഷ്ഠിതമായ കരാറുകളിൽ വിജയിക്കുന്നതാണ്. വീടുപണിക്കായി  സാമ്പത്തികം സ്വരൂപിക്കാൻ കിണഞ്ഞ് പരിശ്രമിക്കും.

ചോതി

സ്വാഭാവികമായ പ്രവർത്തന ശൈലിയും ആർജവവും സമൂഹത്തിൻ്റെ അഭിനന്ദനം ഏറ്റുവാങ്ങും. പുതിയ കാര്യങ്ങൾ പഠിച്ചുൾക്കൊള്ളാൻ തുടർച്ചയായ ശ്രമം നടത്തുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ പുതിയ ജോലിയിൽ പ്രവേശിക്കാനാവും. പാർട്ണർഷിപ്പ് വ്യാപാരത്തിൽ നിന്നും അല്പലാഭം പ്രതീക്ഷിച്ചാൽ മതി. നവസംരംഭങ്ങൾ തുടങ്ങാൻ കുറച്ചു കൂടി കാത്തിരിപ്പ് ആവശ്യമാണ്. ആറാമെടത്തിലെ ശുക്രൻ സ്ത്രീകളിൽ നിന്നുമുള്ള ശത്രുത സൃഷ്ടിച്ചേക്കാം. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റത്താൽ ഗുണം ഭവിക്കുന്നതാണ്. ഭൂമി വ്യാപാരത്തിൽ ആദായം ഉണ്ടാവുമെങ്കിലും കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. പ്രണയവിഘ്നം മനക്ലേശം വരുത്താം. ദാമ്പത്യത്തിൽ അനുരഞ്ജനമാർഗം അനിവാര്യമാണ്.

വിശാഖം

ജീവിതത്തിൻ്റെ സ്വാഭാവിക ഗതി തുടരുന്നതാണ്. പ്രവർത്തന രംഗത്തിൽ കയറ്റിറക്കങ്ങൾ ആവർത്തിച്ചേക്കാം. എന്നാൽ മാനസിക ശക്തി ചോരുകയില്ല. നിലവിലെ തൊഴിൽ ഉപേക്ഷിച്ചുകൊണ്ട് പുതിയ ജോലി തേടുന്നത് ചിലപ്പോൾ ദോഷകരമാവും. ജീവിത പങ്കാളി നടത്തുന്ന ഓൺലൈൻ വ്യാപാരം മെച്ചപ്പെടുന്നതാണ്. പൈതൃകസ്വത്ത് മകളുടെ വിവാഹത്തിനായി വിൽക്കാൻ തീരുമാനിച്ചേക്കും.  വാഗ്ദാനങ്ങൾ പാലിക്കാൻ ക്ലേശിക്കുന്നതാണ്. കലാകാരന്മാർക്ക് അഞ്ചാം ഭാവത്തിലെ ഉച്ചസ്ഥനായ ശുക്രനാൽ നല്ല അവസരങ്ങൾ ലഭ്യമായേക്കും. ക്ഷേത്രോത്സവാദികളുടെ നടത്തിപ്പിന് സമയം കണ്ടെത്തുന്നതാണ്. വിദേശത്തുള്ള ബന്ധു / സുഹൃത്ത് ധനപരമായി സഹായിക്കുവാൻ സാധ്യത കാണുന്നു. ആരോഗ്യ പരിശോധനയിൽ അലംഭാവമരുത്.

അനിഴം

ലക്ഷ്യം നേടാൻ ആവർത്തിത ശ്രമം ആവശ്യമായി വരുന്ന കാലഘട്ടമാണ്. അദ്ധ്വാനഭാരം ചിലപ്പോൾ മടുപ്പുളവാക്കാം. ഔദ്യോഗിക യാത്രകൾ കൂടുന്നത് ദേഹക്ഷീണത്തിന് കാരണമാകുന്നതാണ്. ഏജൻസി / കമ്മീഷൻ / ചെറുകിട വ്യാപാരം എന്നിവ ലാഭകരമായേക്കും. സ്വകാര്യസ്ഥാപനത്തിലെ ജോലിയിൽ വേതനം വർദ്ധിക്കാനിടയുണ്ട്. ബിസിനസ്സ് വിപുലീകരണത്തിന് സുഹൃൽ സഹായം തേടുന്നതാണ്. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് കരുതലോടെ വേണം. ദുരാരോപണങ്ങൾ ഉന്നയിക്കപ്പെടാം. വാഹനം മോടിപിടിപ്പിക്കും. നവീനമായ ഇലക്ട്രോണിക് ഉല്പന്നങ്ങൾ 
പ്രതിമാസ അടവിൽ വാങ്ങുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉത്സാഹമേറാം. വ്യവഹാരങ്ങൾ കോടതിക്ക് പുറത്ത് രാജിയായേക്കും. മകളുടെ ജോലിസ്ഥലത്ത് താമസിക്കേണ്ട സാഹചര്യം വരാം.

തൃക്കേട്ട

പ്രവർത്തനരംഗത്ത്  മികവ് തുടരുന്നതാണ്. കഴിവ് പ്രദർശിപ്പിക്കാനുള്ള കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കും. സാമൂഹിക മേഖലയിൽ നീതിബോധവും മനുഷ്യപ്പറ്റും കൈവിടില്ല. സഹപ്രവർത്തകരുടെ പ്രശ്നങ്ങളിൽ ഇടപെടുകയാൽ മേലധികാരികളുടെ വിരോധം നേടിയേക്കും. വ്യാഴം, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ ഇഷ്ടഭാവ സഞ്ചാരത്താൽ കലാരംഗത്തുള്ളവർക്ക് കഴിവുകൾക്ക് അർഹമായ പുരസ്കാരം ലഭിക്കാനിടയുണ്ട്. കുടുംബത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ ഊർജ്ജം പകരുന്നതാണ്. അന്യദേശത്ത് പഠന - തൊഴിൽ സാധ്യതകൾ ആരായും. സിമ്പോസിയങ്ങളിൽ / സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവസരം കൈവരുന്നതാണ്. ചൊവ്വ അഷ്ടമത്തിൽ സഞ്ചരിക്കുകയാൽ ആരോഗ്യ ജാഗ്രത പുലർത്തണം. വസ്തുവ്യാപാരം കൊണ്ട് നഷ്ടം വരാനിടയുണ്ട്.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: