scorecardresearch

Weekly Horoscope Feb 02 -Feb 08: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ

Weekly Horoscope, February 2 to February 8: ഫെബ്രുവരി 2 ഞായർ മുതൽ ഫെബ്രുവരി 8 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, February 2 to February 8: ഫെബ്രുവരി 2 ഞായർ മുതൽ ഫെബ്രുവരി 8 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope: ആദിത്യൻ മകരം രാശിയിൽ സഞ്ചാരം തുടരുന്നു. ഫെബ്രുവരി 6 ന് രാവിലെ വരെ തിരുവോണം ഞാറ്റുവേലയും തുടർന്ന് അവിട്ടം ഞാറ്റുവേലയുമാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിലാണ്. ചതുർത്ഥി മുതൽ ഏകാദശി വരെയുള്ള തിഥികളുണ്ട്. ഉത്രട്ടാതി മുതൽ മകയിരം വരെയുള്ള നക്ഷത്രങ്ങളിൽ ചന്ദ്രൻ സഞ്ചരിക്കുന്നു. 

Advertisment

ചൊവ്വ മിഥുനം രാശിയിൽ വക്രഗതിയായി പുണർതം നക്ഷത്രത്തിലാണ്. ബുധൻ മകരം രാശിയിൽ തിരുവോണം - അവിട്ടം നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ബുധന് മൗഢ്യവുമുണ്ട്.  ശുക്രൻ ഉച്ചരാശിയായ മീനത്തിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ തുടരുന്നു. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്. ഫെബ്രുവരി 6 ന് ശേഷം വ്യാഴത്തിന്, ഒക്ടോബർ പകുതി മുതലാരംഭിച്ച വക്രഗതി ( Retrograde) നീങ്ങുകയും ക്രമഗതി (Direct motion) ആരംഭിക്കുകയും ചെയ്യും. 

രാഹു മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. കേതു കന്നിരാശിയിൽ അത്തം നക്ഷത്രത്തിലും. രാഹു കേതുക്കളുടെ സഞ്ചാരം പിൻഗതിയായിട്ടാണെന്ന് (Anti-clockwise) ഓർക്കുമല്ലോ?. ഈയാഴ്ചയിൽ ഞായറും തിങ്കൾ അർദ്ധരാത്രി വരെയും ചിങ്ങക്കൂറുകാർക്കാണ് അഷ്ടമരാശി വരുന്നത്. തുടർന്ന് ബുധൻ അർദ്ധരാത്രി കന്നിക്കൂറുകാർക്കാണ്. തദനന്തരം ശനിയാഴ്ച പുലർച്ച വരെ തുലാക്കൂറിനും മേൽ വൃശ്ചികക്കൂറിനും അഷ്ടമരാശിക്കൂറ് ഭവിക്കുന്നു. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

Advertisment

അശ്വതി

വാരാദ്യം രാഹു-ശുകൻ - ചന്ദ്രൻ എന്നീ മൂന്നുഗ്രഹങ്ങൾ പന്ത്രണ്ടാമെടത്തിലുണ്ട്. അതിനാൽ വ്യയാധിക്യമോ, യാത്രകളോ വരാം.  മാനസിക പിരിമുറുക്കവും സാധ്യതയാണ്. ചൊവ്വ മുതൽ മറ്റുള്ള ദിവസങ്ങളിൽ മനോനിലയും സാഹചര്യവും സന്തുലിതമായേക്കും. തൊഴിലിടത്തിൽ സുഗമതയുണ്ടാവും.  കരുതിയ കാര്യങ്ങൾ അടുക്കായും ചിട്ടയായും നിർവഹിക്കാൻ കഴിയുന്നതാണ്. ധനവരവുണ്ടാവും.  ഇഷ്ടജനങ്ങളുടെ സാമീപ്യം സന്തോഷിപ്പിക്കും. ദൃഢതയുള്ള പിന്തുണ ലഭിക്കുന്നതിനാൽ ആത്മവിശ്വാസമേറും. പാരിതോഷിക ലബ്ധി, ശുഭവാർത്ത കേൾക്കുക ഇവയും സാധ്യതകളാണ്.

ഭരണി

പന്ത്രണ്ടിലെ മൂന്നു ഗ്രഹങ്ങളുടെ സംയോഗം ഞായർ - തിങ്കൾ ദിവസങ്ങളിൽ സൗഖ്യക്കുറവ് സൃഷ്ടിച്ചേക്കാം. ചെലവ് നിയന്ത്രിക്കാൻ കഴിഞ്ഞേക്കില്ല. അപ്രതീക്ഷിത യാത്രകൾ വേണ്ടിവരുന്നതാണ്. തീരുമാനിച്ച കാര്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ക്ലേശിക്കും. ചൊവ്വ മുതൽ ഗ്രഹാനുകൂല്യം ഫലവത്താകും. അശനശയന സുഖമുണ്ടാവും. കാര്യവിഘ്നങ്ങൾ അകന്ന് കാര്യപ്രാപ്തിയിലേക്ക് കുതിക്കും. ബന്ധുസമാഗമം സന്തോഷകരമാവും. സുഹൃത്തുക്കളുടെ അവസരോചിതമായ സഹകരണം മനസ്സ് കുളിർപ്പിക്കുന്നതാണ്. പ്രവൃത്തിവിജയം ഭവിക്കും.

കാർത്തിക

വ്യക്തികളെയും സമൂഹത്തെയും നന്നായി നിരീക്ഷിക്കും.   സമയോചിതമായ ഇടപെടലിലൂടെ കാര്യപ്രാപ്തി തെളിയിക്കുന്നതാണ്. ഇടവക്കൂറുകാർക്ക്
 നല്ല തുടക്കം കിട്ടുന്ന വാരമായിരിക്കും.  ബിസിനസ്സിൽ മുന്നേറ്റമുണ്ടാവും. വരുമാനം ആശിച്ചതുപോലെ ഉയരുന്നതാണ്. മേടക്കൂറുകാർക്ക് ആരംഭത്തിൽ ചില പിരിമുറുക്കങ്ങൾ ഉണ്ടാവും. ക്രമേണ കാര്യങ്ങൾ വരുതിയിലാവും. ബന്ധങ്ങൾ ദൃഢമാവുന്നതിൽ സന്തോഷിക്കും. കൈവായ്പകൾ മടക്കിക്കൊടുക്കാനാവും. ക്ഷേത്രോത്സവങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. ആരോഗ്യപരിരക്ഷയിൽ അലംഭാവമരുത്.

രോഹിണി

വിജയപ്രതീക്ഷകൾ ഒട്ടൊക്കെ സഫലമാവുന്നതാണ്. കൂടുതൽ അധ്വാനം വേണ്ടിടത്ത് ലഘുപ്രയത്നത്താൽ കാര്യസാധ്യം ഭവിക്കും.  ഉദ്യോഗസ്ഥരുടെ വാക്കുകൾ മേലധികാരികൾ ചെവിക്കൊള്ളാൻ തയ്യാറാവുന്നതാണ്. വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നവർക്ക് യാത്രാരേഖകൾ കൈവശം വന്നുചേരും. വിരുന്നുകളിലും മംഗളകർമ്മങ്ങളിലും പങ്കെടുക്കുന്നതാണ്. പ്രണയജീവിതത്തിലെ തടസ്സങ്ങൾ ഒഴിയും. ഭാര്യക്ക് / ഭർത്താവിന് അനുകൂലമായ സ്ഥലംമാറ്റം ഉണ്ടാവുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ പുതിയ പ്രോജക്ടിൻ്റെ മേൽനോട്ടച്ചുമതല ലഭിച്ചേക്കാം.

മകയിരം

നക്ഷത്രനാഥനായ ചൊവ്വ വക്രഗതിയിൽ ശത്രുഗ്രഹമായ ബുധൻ്റെ സ്വക്ഷേത്രത്തിൽ സഞ്ചരിക്കുന്നതിനാൽ നേട്ടങ്ങൾക്കൊപ്പം മനക്ലേശവും ഉണ്ടാവും. മനസ്സിൻ്റെ സന്ദിഗ്ദ്ധത പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. വേണോ വേണ്ടയോ എന്നിങ്ങനെ ചെറുകാര്യങ്ങളുടെ നിർവഹണത്തിൽ പോലും മനസ്സ് ചഞ്ചലമാവും. പുതിയ കാര്യങ്ങൾ തുടങ്ങാൻ വൈകിയേക്കും. ബിസിനസ്സിൽ നിന്നും സാമാന്യമായ വിജയം പ്രതീക്ഷിക്കാം. ബന്ധങ്ങളുടെ ദൃഢത അയയുന്നതായി തോന്നും. വളഞ്ഞവഴികളിലൂടെ ധനാഗമത്തിന് സാധ്യതയുണ്ട്. സ്ത്രീകളുടെ നിർലോഭമായ പിന്തുണയുണ്ടാവും.

തിരുവാതിര

നക്ഷത്രനാഥനായ രാഹുവിന് ശുക്രനുമായി യോഗം വരികയാൽ സുഖഭക്ഷണം, ആവശ്യത്തിന് വിശ്രമം, അധ്വാനത്തിന് തക്ക പ്രതിഫലം എന്നിവ കൈവരും. മാനസിക പിരിമുറുക്കം ഒഴിയുന്നതാണ്. കർമ്മരംഗത്ത് പൂർവ്വാധികം ശ്രദ്ധയോടെ മുഴുകാനാവും. കുടുംബത്തിൻ്റെ പിന്തുണ എല്ലാക്കാര്യങ്ങളിലും ലഭിക്കും. മകൻ്റെ പഠന നിലവാരം തൃപ്തിയേകും. കച്ചവടവുമായി ബന്ധപ്പെട്ട യാത്രകൾ വിജയിക്കുന്നതാണ്. കരാറുകളിൽ ഏർപ്പെടുന്നതിനുമുന്നേ അതിൻ്റെ വ്യവസ്ഥകൾ മനസ്സിലാക്കേണ്ടതുണ്ട്. കലാപ്രവർത്തനം അഭംഗുരമാവും. പ്രണയം ജീവിതത്തെ സുരഭിലമാക്കും.

പുണർതം

മൂന്നരമാസക്കാലമായി തുടരുന്ന വ്യാഴത്തിൻ്റെ (നക്ഷത്രാധിപൻ) വക്രഗതി അവസാനിക്കുന്നത് ഗുണകരമാണ്. പുണർതം നാളുകാർക്ക് പുതിയ പ്രോജക്ടുകൾ ലഭിക്കും. തൊഴിൽ തടസ്സങ്ങൾ നീങ്ങുന്നതാണ്. വിദേശത്തു പോകാനോ, നാട്ടിൽ പുതിയ ജോലിയിൽ പ്രവേശിക്കാനോ അവസരം വന്നെത്തും. ധനവരവ് സുഗമമാവും. മാനസിക പിരിമുറുക്കം കുറയുന്നതുമാണ്. കരാർ പണികളിൽ നിന്നും കിട്ടേണ്ട തുക ലഭിക്കും. കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുന്നതാണ്. ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുന്നത് രക്തസമ്മർദ്ദം ഉയരാനും മനക്ഷോഭത്തിനും കാരണമാകാം. കരുതൽ വേണ്ടതുണ്ട്.

പൂയം

ചന്ദ്രഗതി ഒമ്പതു മുതൽ 12 വരെ രാശികളിലാകയാൽ പലനിലയ്ക്കും അനുകൂലമായ വാരമാണ്. ആഗ്രഹങ്ങൾക്ക് അനുസരിച്ച വിധം പ്രവർത്തിക്കാനാവും. ബാഹ്യമായ ഇടപെടലുകൾ ഉണ്ടാവാത്തതിനാൽ സ്വാതന്ത്ര്യം പ്രതീക്ഷിക്കാം. പാരമ്പര്യമായിട്ടുള്ള തൊഴിൽ ചെയ്യുന്നവർക്ക് ലാഭം വന്നെത്തുന്നതാണ്. കൂടുതൽ ഓർഡറുകൾ ലഭിച്ചേക്കും. ആരോഗ്യപരമായി മെച്ചം ഉണ്ടാവും. സാങ്കേതികമായ അറിവ് നേടുവാൻ പരിശ്രമിക്കുന്നതാണ്. കുടുംബത്തോടൊപ്പം ആത്മിയ യാത്രകൾക്ക് അവസരം ഭവിക്കും. സുഹൃൽ ബന്ധങ്ങൾ നിലനിർത്താൻ ജാഗരൂകരാവും.

ആയില്യം

നക്ഷത്രത്യുല്പന്നമതിനാഥനായ ബുധന് ആദിത്യയോഗം ഉള്ളതിനാൽ പ്രവൃത്തിയിൽ നിപുണതയുണ്ടാവും. ദൗത്യങ്ങൾ ഉത്തരവാദിത്വത്തോടെ പൂർത്തിയാക്കും. പ്രത്വം പ്രശ്നങ്ങളിൽ നിന്നും കരകയറ്റും.  ബിസിനസ്സിനോട് തോന്നിയിരുന്ന വിപ്രതിപത്തി മാറുകയും അതിൽ ശ്രദ്ധയൂന്നുകയും ചെയ്യും. കാര്യസാധ്യത്തിന് യാത്രകൾ വേണ്ടിവരുന്നതാണ്. നോക്കാനേല്പിച്ചവരിൽ നിന്നും സ്ഥാപനം ഏറ്റെടുക്കാൻ കഴിയും. പണക്കഷ്ടത്തിന് അയവ് വരുന്നതാണ്. വായ്പകൾക്കുള്ള ശ്രമം സഫലമായേക്കും. ആരോഗ്യപരമായി സമ്മിശ്രമായ കാലമാണ്. ഞായർ, തിങ്കൾ ദിവസങ്ങൾക്ക് മേന്മകുറയാം.

മകം

അഷ്ടമരാശിക്കൂറ് ആകയാൽ ഞായറും തിങ്കളും ശുഭകാര്യങ്ങൾ തുടങ്ങരുത്. സാമ്പത്തികമായിട്ടുള്ള കാര്യങ്ങളിൽ കൂടുതൽ കരുതൽ വേണ്ടതുണ്ട്.  ചൊവ്വാഴ്ച സമ്മിശ്ര ഫലമായിരിക്കും. ബുധൻ മുതൽ അനുകൂലമാണ്. തൊഴിലിൽ സ്ഥിരതയുണ്ടാവും. കൂട്ടായ തീരുമാനം കൈക്കൊള്ളുന്നതിൽ വിജയിക്കും. ഒപ്പം സ്വന്തം അനിവാര്യത മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനും കഴിയുന്നതാണ്.  ഭൂമിവ്യാപാരം കൂടുതൽ വിപുലമാക്കിയേക്കും.  ഗൃഹനിർമ്മാണം ത്വരിതഗതിയിലാവും. തൊഴിൽ തേടുന്നവർക്ക് താത്കാലികമായ അവസരമെങ്കിലും കൈവരുന്നതായിരിക്കും.

പൂരം

വാരാദ്യം പലതരം തടസ്സങ്ങളുണ്ടാവും. തീരുമാനങ്ങൾ നടപ്പിലാക്കാൻ കഴിയാതെ വിഷമിക്കുന്നതാണ്. ദേഹക്ലേശവും അനുഭവപ്പെടാം. തുടർ ദിവസങ്ങൾക്ക് മേന്മയുണ്ടാവും. സഹപ്രവർത്തകരെ ഏകോപിപ്പിക്കുന്നതിൽ വിജയിക്കുന്നതാണ്. ലഘുപ്രയത്നത്താൽ വലിയ കാര്യങ്ങൾ നേടാനും കഴിഞ്ഞേക്കും.  സാമ്പത്തിക സ്രോതസ്സുകൾ തുറന്നുകിട്ടും. ഊഹക്കച്ചവടത്തിൽ ധനലാഭത്തിന് സാധ്യത. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗം നടന്നുകിട്ടും. പ്രണയ ജീവിതം  സുരഭിലമാവും. ദാമ്പത്യത്തിൽ പാരസ്പര്യം ദൃഢീഭവിക്കുന്നതാണ്.

ഉത്രം

ആലസ്യം അനുഭവപ്പെട്ടേക്കും. ചുമതലകൾ നീട്ടിവെക്കുന്നതാണ്. വാരമധ്യം വരെ കാര്യവിജയത്തിന് വളരെ ക്ലേശിക്കേണ്ട സ്ഥിതിയുണ്ടാവും. ആരോഗ്യപരിശോധന അനിവാര്യമാണ്. വ്യാപാരത്തിൽ കൂടുതൽ മുതൽമുടക്കുന്നത് കരുതലോടെ വേണം. കളവിലും ചതിയിലും പെടാതിരിക്കാൻ ശ്രദ്ധ വേണ്ടതുണ്ട്. വ്യാഴം മുതൽ ഗുണാനുഭവങ്ങൾ വന്നെത്തും. ജീവിതപങ്കാളിയുടെ അഭിപ്രായം സ്വീകാര്യമാവും. നറുക്കെടുപ്പിലും ചിട്ടിയിലും വിജയിക്കാം. കടം ബാധ്യത ഭാഗികമായി തീർക്കാൻ വ്യവസ്ഥയാവും. വ്യവഹാരങ്ങളിൽ ആശിച്ച തീർപ്പുണ്ടാവുന്നതാണ്. സംഘടനകളിൽ  സ്വാധീനശക്തി ഉയരും.

അത്തം

ഞായർ, തിങ്കൾ ദിവസങ്ങളിൽ കുടുംബത്തോടൊപ്പം യാത്ര, വിനോദം, വിരുന്ന് ഇവ സാധ്യതകൾ. ബന്ധു/സുഹൃൽസമാഗമം സന്തോഷമേകും. ശുഭവാർത്തകൾ കേൾക്കുന്നതാണ്. ചൊവ്വയും ബുധനും അഷ്ടമരാശിക്കൂറ് ആകയാൽ സ്വൈരം കുറയാനിടയുണ്ട്. ജോലിസ്ഥലത്ത് അദ്ധ്വാനമേറും. വാക്കും കർമ്മവും പൊരുത്തപ്പെടാത്തത്  ശത്രുക്കൾക്ക് ആയുധമാവും. ആശുപത്രിച്ചെലവും സാധ്യതയാണ്. വ്യാഴം മുതലുള്ള ദിവസങ്ങളിൽ ആശ്വാസം അനുഭവപ്പെടും. സാമ്പത്തിക വരവ് പ്രതീക്ഷിച്ചമാതിരി തന്നെയാവും.

ചിത്തിര

സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കുറയാം. ബിസിനസ്സിൽ പകരക്കാരെ ഏല്പിക്കുന്നത് ദോഷഹേതുവാകും. വായ്പ തിരിച്ചടവിൽ വീഴ്ച വരാനിടയുണ്ട്. കൂടുതൽ കടം വാങ്ങാനുള്ള പ്രേരണ നിയന്ത്രിക്കപ്പെടണം. ക്ഷോഭശീലം അധികമായേക്കും. ചിലപ്പോൾ കർമ്മമേഖലയിൽ സ്വാതന്ത്ര്യക്കുറവ് അനുഭവപ്പെടുന്നതാണ്. വസ്തുവ്യാപാരത്തിൽ അമളി വരാനിടയുണ്ട്. അഭിപ്രായങ്ങൾ അടിച്ചേല്പിക്കുന്നതായി വീട്ടിലും തൊഴിലിടത്തിലും ആക്ഷേപം ഉയരുന്നതാണ്. ഞായർ, തിങ്കൾ, വെള്ളി, ശനി ദിവസങ്ങളിൽ . കാര്യസാധ്യം പ്രതീക്ഷിക്കാനാവും.

ചോതി

ആഴ്ചയുടെ ആദ്യ പകുതിക്ക് മിഴിവേറുന്നതാണ്. ആസൂത്രണം ചെയ്ത ജോലികൾ തടസ്സമില്ലാതെ പൂർത്തിയാക്കുവാനാവും. ലഘുയാത്രകൾ ഉണ്ടാവുന്നതാണ്. സാമ്പത്തികമായി ഗുണകരമായിരിക്കും. ഉല്പന്നങ്ങൾക്ക് ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനാവും. തൊഴിലിടത്തിൽ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കാം. വിലകൂടിയ സമ്മാനങ്ങൾ ലഭിക്കാനിടയുണ്ട്. പൊതു പ്രവർത്തനത്തിൽ സ്വീകാര്യതയേറും. വ്യാഴം മുതൽ ചെലവ് അധികരിച്ചേക്കാം. വേണ്ടപ്പെട്ടവരോട് മുഷിഞ്ഞ് സംസാരിച്ചേക്കും. പതിവുള്ള ആരോഗ്യ പരിശോധനകൾ ഒഴിവാക്കരുത്.

വിശാഖം

പ്രവർത്തന മേഖലയിൽ ഏകാഗ്രതയുണ്ടാവും. കുടുംബത്തിൻ്റെ പിന്തുണയും പ്രോൽസാഹനവും വേണ്ടത്ര ലഭിക്കുന്നതാണ്. വായ്പകൾ പ്രയോജനപ്പെടുത്തും. ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുപ്പുകൾ തുടങ്ങുന്നതാണ്. വ്യാഴത്തിന് വക്രഗതി അവസാനിക്കുന്നത്  ആശ്വാസമാണ്. ധനപരമായ ഞെരുക്കം കുറഞ്ഞേക്കും. കൂട്ടുബിസിനസ്സ് തുടങ്ങുന്ന കാര്യം ആലോചനയിൽ വരും.  ബന്ധുക്കൾ പഴയ പിണക്കം മറന്ന് ഇണങ്ങുന്നതാണ്. കക്ഷിരാഷ്ട്രീയത്തിൽ പരിഗണന കിട്ടുന്നില്ലെന്ന് തോന്നാം. വീടുമാറാനുള്ള തീരുമാനം പുനപ്പരിശോധിക്കും.

അനിഴം

ഏഴിലെ വ്യാഴത്തിന് വക്രഗതി തീരുകയാൽ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഭവിക്കാം. സൂര്യൻ്റെ അനുകൂലതയാൽ വിദേശ യാത്രക്ക് ശ്രമിക്കുന്നവർക്ക് അവസരം ലഭിക്കുന്ന സാഹചര്യം ഉണ്ടാവും.  ജീവിതനിലവാരം മെച്ചപ്പെടുന്നതാണ്. സ്വാശ്രയ ബിസിനസ്സിലെ ഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്തുവാൻ കഴിയും. കരാർ പണികൾ മുടങ്ങില്ല. പിതാവിൻ്റെ പിന്തുണയും സാമ്പത്തിക സഹായവും കൈവരുന്നതാണ്. അഞ്ചിലെ ശുക്രസ്ഥിതി ഭാവനയുണർത്തും. ബൗദ്ധിക പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെടും. ശനിയാഴ്ചക്ക് മേന്മ കുറയാം.

തൃക്കേട്ട

സൂര്യബുധയോഗം സഹായസ്ഥാനത്ത് വരികയാൽ അച്ഛൻ്റെ പ്രോൽസാഹനം ലഭിക്കും. സംരംഭങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. പുതിയ കാലത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവുന്നതാണ്.സ്ഥിരമായ വരുമാനം ഉണ്ടാവാൻ സാധ്യത കാണുന്നു. പെൻഷൻ പറ്റിയവർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ കിട്ടിയേക്കും. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. സംഘടനകളിൽ നേതൃപദവി ആഗ്രഹിക്കാതെ തന്നെ കൈവന്നേക്കും. ഊഹക്കച്ചവടത്തിൽ ആദായം വരും. അഷ്ടമരാശിക്കൂറ് തുടങ്ങുന്നതിനാൽ ശനിയാഴ്ച ശുഭകാര്യങ്ങൾ ചെയ്യരുത്.

മൂലം

സഹജമായ കഴിവുകൾ തിരിച്ചറിയുന്നതിനൊപ്പം  അവയെ പ്രായോഗിക തലത്തിൽ കൊണ്ടുവരും. ബുധൻ രണ്ടാമെടത്തിൽ സഞ്ചരിക്കുകയാൽ ബുദ്ധിപരത സംഭാഷണത്തിൽ പ്രകടമാവുന്നതാണ്. പരിസര യാഥാർത്ഥ്യങ്ങളെ ക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവും.  പ്രതികരിക്കാൻ ഒരുമ്പെടുന്നതിനാൽ ശത്രുക്കൾ ഉണ്ടായേക്കാം.  സ്വാശ്രയ ബിസിനസ്സിൽ കുറച്ചൊക്കെ നേട്ടങ്ങൾ പ്രതീക്ഷിക്കാം. വാഹനം മോടിപിടിപ്പിക്കും. ബന്ധുക്കളുടെ വ്യാപാരത്തിൽ സഹകരിക്കുന്നതാണ്. മകൻ്റെ / മകളുടെ ജോലിക്കായി ശ്രമം തുടരും.

പൂരാടം

ഔദ്യോഗികമായി തിരക്കുകളേറുന്ന വാരമാണ്. ചുമതലകൾ വർദ്ധിക്കാനിടയുണ്ട്. ആത്മാർത്ഥത അധികാരികളാൽ അഭിനന്ദിക്കപ്പെടും. വ്യക്തിപരമായ  മനക്ളേശങ്ങൾക്ക് പോംവഴികൾ വന്നുചേരുന്നതാണ്. കുടുംബാന്തരീക്ഷം സംതൃപ്തി നൽകും.  സുഹൃത്തുക്കളുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കും. പഴയ വാഹനം വിൽക്കുവാനുള്ള ശ്രമം വിജയിക്കുന്നതാണ്. വിദ്യാർത്ഥികൾ അന്യനാട്ടിലെ പഠനാവസരങ്ങൾ അന്വേഷിച്ചറിയും. അക്കാര്യം കുടുംബത്തിൽ ചർച്ച ചെയ്യപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. ഭാവിയിൽ പ്രയോജനം ചെയ്യുന്ന നിക്ഷേപങ്ങൾ നടത്തിയേക്കും.

ഉത്രാടം

കർത്തവ്യ നിർവഹണത്തിൽ  ശ്രദ്ധയുണ്ടാവും. ആലോചിച്ചെടുക്കുന്ന തീരുമാനങ്ങൾ ഫലവത്താകുന്നതാണ്. പ്രാദേശിക രാഷ്ട്രീയത്തിൽ താല്പര്യം കൂടിവരും. നീതിക്കു വേണ്ടി നടക്കുന്ന സമരങ്ങൾക്ക് പിന്തുണ നൽകുന്നതാണ്. ബിസിനസ്സ് നോക്കിനടത്താനായി പകരക്കാരെ എല്പിക്കുന്നത് ഗുണകരമായേക്കില്ല. ദേഹക്ഷീണം അനുഭവപ്പെടാം. സഹപ്രവർത്തകരുടെ അനാവശ്യ പ്രവണതകളെ വിമർശിക്കുന്നത് ശത്രുക്കളെ സൃഷ്ടിച്ചേക്കും. മാതാപിതാക്കൾക്ക് മകളുടെ വീട്ടിലേക്ക് താമസം മാറേണ്ടി വരുന്നതാണ്.

തിരുവോണം

ആദിത്യബുധന്മാർ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നത് സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നതാണ്. എന്നാൽ അവയുടെ യഥാർത്ഥ കാരണം കണ്ടുപിടിക്കാനും കഴിയില്ല. മക്കളുടെ പഠനത്തിൽ പുരോഗതി ദൃശ്യമാകുന്നതാണ്. തൊഴിലിടത്തിൽ സമ്മിശ്ര ഫലങ്ങളാവും അനുഭവപ്പെടുക. കരാറുകൾ നീട്ടിക്കിട്ടുന്നതിലെ ആശങ്ക തുടരന്നതാണ്. കടബാധ്യത കുറയ്ക്കാനായേക്കും. വരുമാനം തൃപ്തികരമാവും. എന്നാൽ ശ്രമിച്ചിട്ടും ചിലവ് കുറയ്ക്കാൻ കഴിഞ്ഞേക്കില്ല. ശത്രുക്കളുടെ എതിർപ്പിനെ തൃണവൽഗണിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ശ്രദ്ധ കുറയാം.

അവിട്ടം

സ്ഥാനലബ്ധിയോ പുതിയ ചുമതലകളോ പ്രതീക്ഷിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. മത്സരങ്ങളിൽ വിജയിക്കാനാവും. ബന്ധുക്കളുടെ സഹകരണം ലഭിക്കുന്നതാണ്. സുഹൃത്തുക്കളുടെ അഭിപ്രായം സ്വീകാര്യമാവും. നവസംരംഭങ്ങളുമായി മുന്നോട്ടു പോകുന്നതാണ്. ആവശ്യമായ ചെറിയ മുതൽമുടക്ക്  സ്വർണ്ണപ്പണയത്തിലൂടെ കണ്ടെത്തുന്നതാണ്. എന്നാൽ പാരമ്പര്യ തൊഴിലുകൾ ചെയ്യുന്ന സഹോദരർക്കൊപ്പം ബിസിനസ്സ് പങ്കാളിയാവാൻ ഒട്ടും താല്പര്യമുണ്ടാവില്ല. മകൻ്റെ നിർബന്ധശീലം മനപ്രയാസം സൃഷ്ടിക്കാം. പഠനയാത്രകൾ നടത്തുവാനും ചില നിരീക്ഷണങ്ങൾ വികസിപ്പിക്കാനും കഴിയുന്നതാണ്.

ചതയം

പാപഗ്രഹങ്ങൾ മുൻ, പിൻ, ജന്മ രാശികളിൽ സഞ്ചരിക്കുകയാൽ എപ്പോഴും ഏതെങ്കിലും മാനസിക സമ്മർദ്ദം ഉണ്ടായിക്കൊണ്ടിരിക്കും. തീരുമാനങ്ങൾ സമാലോചനകൾക്ക് ശേഷം നടപ്പിലാക്കിയാൽ മതി. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തടസ്സങ്ങൾ ഏർപ്പെടാം. എത്ര ശുഷ്കാന്തിയുണ്ടായിരുന്നാലും ആലസ്യം ഇടക്കിടെ പിടികൂടാം. രണ്ടാം ഭാവത്തിലെ ശുക്രൻ്റെ മുഴുഗുണങ്ങളും അനുഭവമാകാത്തത് രാഹു ഒപ്പമുള്ളതിനാലാവാം. കാര്യസാധ്യത്തിനായി ആദർശത്തിൽ നിന്നും വ്യതിചലിക്കും. ശരിയായ വഴിയാണ് സ്വീകരിച്ചതെന്ന് തീർത്തും ഉറപ്പിക്കാനും കഴിയില്ല. ഗൃഹത്തിൽ സ്വസ്ഥത യുണ്ടാവുന്നതാണ്.

പൂരൂരുട്ടാതി

ശരിതെറ്റുകളുടെ വിവേകബോധം ചിലപ്പോൾ നഷ്ടപ്പെടാം. ആരോഗ്യപ്രശ്നങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ട്. സ്വപ്നപദ്ധതികൾ സാക്ഷാല്കരിക്കാനുള്ള പോംവഴി തേടുന്നത് ആലോചനകളുടെ സിംഹഭാഗമാവും. ദമ്പതികൾക്ക് വ്യത്യസ്ത ദിക്കുകളിൽ താമസിക്കേണ്ട സാഹചര്യം വരാം. വാരാദ്യം മൂന്നുഗ്രഹങ്ങൾ രണ്ടാമെടത്താകയാൽ ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ ഭവിക്കും. പിതാവിൻ്റെ വാക്കുകൾ കേൾക്കാത്തതിൽ കുണ്ഠിതം തോന്നാം. ആത്മീയസാധനകൾക്ക് സമയം നീക്കിവെക്കുന്നതാണ്. വാരമധ്യത്തിൽ കൂടുതൽ സൗഖ്യമനുഭവപ്പെടും.

ഉത്രട്ടാതി

ഞായറും തിങ്കളും മനസ്സ്വസ്ഥത പ്രതീക്ഷിക്കാം. ബന്ധുഭവനങ്ങൾ സന്ദർശിക്കുന്നതാണ്. സുഹൃത്തുക്കളോടൊപ്പം ലഘുവിനോദയാത്ര ഉണ്ടാകുന്നതാണ്. ഭക്ഷണസുഖം ഉണ്ടാവും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ധനവരവ് പ്രതീക്ഷിക്കാം. എന്നാൽ ചെലവും അല്പം കൂടിയേക്കും. നവീന ഗൃഹോപകരണം വാങ്ങാനിടയുണ്ട്. തൊഴിലിടത്തിൽ അദ്ധ്വാനമേറുന്നതാണ്. ദിനചര്യകളുടെ സമയ വ്യവസ്ഥ തെറ്റാനുള്ള സാധ്യതയുണ്ട്. വെള്ളിയും ശനിയും ശുഭവാർത്തകൾ കേൾക്കുന്നതാണ്. മക്കളുടെ ഭാവി കാര്യത്തിൽ നല്ല തീരുമാനങ്ങൾ കൈക്കൊണ്ടേക്കും. മനസ്സ് സ്വതന്ത്രമായിരിക്കും.

രേവതി

മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ തടസ്സം കൂടാതെ നടന്നുകിട്ടുന്നതാണ്. പ്രമുഖ വ്യക്തികളുടെ പരിചയം കാര്യസാധ്യത്തിന് പ്രയോജനപ്പെടുത്തും. പ്രതികരണശേഷി മൂലം ചിലരുടെ ശത്രുത സമ്പാദിക്കാം. പ്രധാനകാര്യങ്ങൾക്ക് കുടുംബത്തിൻ്റെ ഇഷ്ടാനിഷ്ടങ്ങൾ ആരായുന്നില്ലെന്ന ആക്ഷേപമുയരും. പ്രണയികൾക്ക് ജീവിതം സുരഭിലമായി അനുഭവപ്പെടും. ചുമതലകൾ തൃപ്തികരമായി നിർവ്വഹിക്കാൻ കഴിയുന്നതാണ്. ദൈവിക സമർപ്പണങ്ങൾക്കായി ജന്മനാട്ടിൽ  പോകേണ്ടി വരും. വ്യാപാരത്തിൽ കുറച്ചുകൂടി ലാഭം പ്രതീക്ഷിക്കും. നവീനമായ ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങിക്കുന്നതാണ്.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: