scorecardresearch

കുംഭ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യംവരെ

Monthly Horoscope for Kumbham Aswathy to Ayillyam: കുംഭ മാസം അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Monthly Horoscope for Kumbham Aswathy to Ayillyam: കുംഭ മാസം അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Monthly Horoscope: കുംഭ മാസം നിങ്ങൾക്കെങ്ങനെ?

Monthly Horoscope for Kumbham Aswathy to Ayillyam: മേടത്തിലാരംഭിച്ച് മീനത്തിലവസാനിക്കുന്ന പന്ത്രണ്ട് രാശികളിൽ 11-ാം രാശിയാണ് കുംഭം രാശി. എന്നാൽ കൊല്ലവർഷം ചിങ്ങം മാസം മുതൽ കണക്കാക്കുകയാൽ ഏഴാം മാസമായി വരും, കുംഭമാസം. മകരം 30 ന്, അതായത് ജനുവരി 12 ന്, രാത്രി 10 മണി അടുപ്പിച്ചാണ് കുംഭസംക്രമം വരുന്നത്. സൂര്യൻ മകരം രാശിയിൽ നിന്നും കുംഭം രാശിയിൽ പ്രവേശിക്കുന്നത് അപ്പോഴാണ് എന്നർത്ഥം. പിറ്റേപ്പകൽ കുംഭമാസം ഒന്നാം തീയതിയായി പരിഗണിക്കുന്നു. 

Advertisment

2025 ഫെബ്രുവരി 13 ന്, വ്യാഴാഴ്ചയാണ് 1200 കുംഭം ഒന്നാം തീയതി വരുന്നത്. തുടർന്ന് സൂര്യൻ മീനം രാശിയിൽ പ്രവേശിക്കുന്നതു വരെയുള്ള കാലഘട്ടം കുംഭം മാസമായി പരിഗണിക്കുന്നു. കുംഭമാസം 30 തീയതികളുണ്ട്. ( ഫെബ്രുവരി 13 മുതൽ മാർച്ച് 14 വരെ). കുംഭം 7-ാം തീയതി വരെ അവിട്ടം ഞാറ്റുവേലയും, 20-ാം തീയതി വരെ ചതയം ഞാറ്റുവേലയും, തുടർന്ന് പൂരൂരുട്ടാതി ഞാറ്റുവേലയും വരുന്നു. സൂര്യൻ ഏതേതു നക്ഷത്രമണ്ഡലങ്ങളിലൂടെ കടന്നുപോകുന്നു എന്നതാണ് ഞാറ്റുവേല എന്ന പേരിൻ്റെ അർത്ഥം. 

മാസാരംഭത്തിൽ ചന്ദ്രൻ കറുത്ത പക്ഷത്തിലാണ്. കുംഭമാസം 15 ന് കറുത്തവാവ് അഥവാ അമാവാസി വരുന്നു. കുംഭം 29-30 ന് ആണ് വെളുത്തവാവ് അഥവാ പൗർണമി. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലാണ്. കുംഭം 12 ന് ഉദയത്തിന് ശനിയുടെ മൗഢ്യം തുടങ്ങുന്നു. സൂര്യനുമായി 15 ഡിഗ്രി സമീപത്തിലെത്തുമ്പോൾ ശനിക്ക് മൗഢ്യം (Combust/Combustation) എന്ന അവസ്ഥ തുടങ്ങുന്നു. ശനിയുടെ പ്രഭാവം നിസ്തേജമാകുന്ന അവസ്ഥയാണിത്. വർഷത്തിൽ ഒരിക്കലാണ് ഇതുണ്ടാവുക. 

മീനം 16 വരെ ശനിയുടെ മൗഢ്യം തുടരും. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്. ശുക്രൻ ഉച്ചരാശിയായ മീനത്തിൽ ഉത്രട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ചൊവ്വ മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലാണ്. കുംഭം 15 വരെ വക്രഗതിയിലും (Retrograde motion), തുടർന്ന് നേർഗതിയിലും(Direct motion) സഞ്ചരിക്കുന്നു. ബുധൻ മാസാദ്യത്തിൽ കുംഭം രാശിയിലാണ്. 

Advertisment

കുംഭം 16 ന് മീനം രാശിയിലേക്ക് മാറുന്നു. മീനം രാശി ബുധൻ്റെ നീചരാശിയാണെന്നത് പ്രസ്താവ്യമാണ്. കുംഭം 2 വരെ അവിട്ടത്തിലും തുടർന്ന് കുംഭം 10 വരെ ചതയത്തിലും തുടർന്ന് കുംഭം 17 വരെ പൂരൂരുട്ടാതിയിലും, തുടർന്ന് ഉത്രട്ടാതിയിലും സഞ്ചരിക്കുന്നു. കുംഭം 12 വരെ ബുധന് ക്രമമൗഢ്യം ഉണ്ടെന്നും ഓർക്കണം. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നി രാശിയിൽ ഉത്രം നക്ഷത്രത്തിലും തുടരുന്നു. രാഹുവും കേതുവും 
പ്രതിലോമഗതിയിൽ (Anti- clockwise) സഞ്ചരിക്കുന്ന ഗ്രഹങ്ങളാണെന്നതും പ്രസ്താവ്യമാണ്.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ 1200 കുംഭമാസത്തിലെ അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

അശ്വതി

പതിനൊന്നിലെ ഗ്രഹസമൃദ്ധി - ശനി, സൂര്യൻ, ബുധൻ എന്നീ ഗ്രഹങ്ങളുടെ സാന്നിദ്ധ്യം - നേട്ടങ്ങൾ അനുഭവത്തിലെത്തിക്കുന്നതായിരിക്കും. കാര്യതടസ്സങ്ങൾ കെട്ടുകഥയാവും. പരസ്യ - രഹസ്യ ശത്രുക്കുളെ പരാജയപ്പെടുത്തും. നിലപാടുകൾക്കും നയങ്ങൾക്കും പ്രവർത്തനരംഗത്ത് വലിയ സ്വീകാര്യത വന്നുചേരുന്നതാണ്. സാമ്പത്തികമായ ആശങ്കകൾ അസ്ഥാനത്തെന്ന് തെളിയും. ഔദ്യോഗികരംഗത്തെന്നപോലെ വ്യാപാര മേഖലയിലും പുഷ്ടിയുണ്ടാകും. ഗാർഹികമായ സ്വൈരം പ്രതീക്ഷിക്കാം. പിണക്കം തീർന്ന് ഭാര്യാപുത്രാദികൾക്കൊപ്പം കഴിയാനാവും. വസ്തുവാങ്ങാനുള്ള സുവർണ്ണാവസരമാണ് സംജാതമാവുന്നത്. പന്ത്രണ്ടാം ഭാവത്തിലെ രാഹു- ശുക്ര യോഗം നന്നല്ല. അനാവശ്യ കാര്യങ്ങളിൽ ചിലവ് വന്നേക്കും. കൂട്ടുകെട്ടുകളുടെ കാര്യത്തിൽ ജാഗ്രത പുലർത്തണം. സുഹൃത്തുക്കൾ ദുസ്സ്വാധീനം ചെലുത്തുകയാണോ എന്ന് സ്വയം പരിശോധിക്കേണ്ടതു മുണ്ട്.

ഭരണി

ആദിത്യനും ശനിയും പതിനൊന്നിലും വ്യാഴം രണ്ടിലും ചൊവ്വ മൂന്നാം ഭാവത്തിലും സഞ്ചരിക്കുന്നതിനാൽ പലനിലയ്ക്കും വിജയിക്കാനും ലക്ഷ്യപ്രാപ്തി കൈവരിക്കാനുമാവും. തടസ്സങ്ങൾ ഉണ്ടാവില്ലെന്നല്ല. അവയെ അനായാസം മറികടക്കാൻ കഴിയുന്നതാണ്. സർക്കാർ കാര്യങ്ങളിൽ നേട്ടം ഭവിക്കും. പാരമ്പര്യ തൊഴിലിൽ നിന്നും ലാഭമുണ്ടാവും. കുടുംബത്തിലെ വയോജനങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്.  വ്യവഹാരത്തിൽ അനുകൂലത പ്രതീക്ഷിക്കാം. വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ഉറച്ച മനസ്സോടെ മുന്നോട്ടു പോകാൻ കഴിയുന്നതാണ്. നിഗൂഢ ശത്രുക്കളെ പ്രതിരോധിക്കാനാവും. പന്ത്രണ്ടിൽ ശുക്രനും രാഹുവും തുടരുന്നത് ആഢംബരച്ചെലവുകൾക്ക് കാരണമായേക്കും.  ദുശ്ശീലങ്ങൾ ഉണ്ടെങ്കിൽ സ്വയം നിയന്ത്രണം ആവശ്യമാണ്. വ്യയം, ദുർവ്യയമാകുന്നില്ല എന്ന് ഉറപ്പുവരുത്തുക അഭിലഷണീയം.

കാർത്തിക

കർമ്മമേഖലയിൽ വിജയം നേടുന്നതാണ്. തൊട്ടതെല്ലാം പൊന്നാക്കും. പരാശ്രയം ഒഴിവാക്കി സഹജമായ കഴിവുകൾ  പ്രയോജനപ്പെടുത്തും. തൊഴിൽ തേടുന്നവർക്ക് 
സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിക്കുന്നതാണ്.  വ്യാപാര-വാണിജ്യ മേഖലകളിൽ നിന്നും ആദായം കൂടും. നിക്ഷേപങ്ങൾ സാധ്യമാവും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ഉയർച്ച പ്രതീക്ഷിക്കാം. ജനസ്വാധീനം വർദ്ധിക്കുന്നതാണ്. നവസംരംഭങ്ങൾ  സാക്ഷാല്കരിക്കാൻ കഴിഞ്ഞേക്കും. അതിനുവേണ്ട സർക്കാർ അനുമതി ക്ലേശം കൂടാതെ കൈവരുന്നതാണ്. പ്രണയത്തിൽ വിജയം, സുഖഭോഗം, എന്നിവയും ഫലങ്ങൾ. ഇടവക്കൂറുകാർക്ക് ദേഹക്ലേശത്തിന് സാധ്യതയുണ്ട്. ചൊവ്വ രണ്ടാം ഭാവത്തിൽ തുടരുകയാൽ വാക്കുകൾ ശത്രുക്കളെ സൃഷ്ടിച്ചേക്കാം.  മേടക്കൂറുകാർ ആഢംബരച്ചെലവുകൾ കുറയ്ക്കുന്നത് നന്നായിരിക്കും.

രോഹിണി

പത്താമെടത്തിൽ ശനിക്കൊപ്പം ആദിത്യ ബുധന്മാർ സഞ്ചരിക്കുകയാൽ ആത്മവിശ്വാസം നിറയും. പുരോഗതിക്കുള്ള ആലോചനകളിൽ മുഴുകുന്നതിനാവും. പാരമ്പര്യമായിട്ടുള്ള തൊഴിലുകളിൽ ഏർപ്പെട്ടവർക്ക് ധാരാളം അവസരങ്ങൾ സിദ്ധിക്കുന്നതാണ്. തൊഴിൽരാഹിത്യം മൂലമുള്ള വിഷമം തീരും. അർഹതയ്ക്ക് ഉപരിയായ തൊഴിൽ ലഭിക്കുവാനിടയുണ്ട്. ഗവേഷണം പൂർത്തീകരിക്കും. സാങ്കേതികജ്ഞാനം കൈവരിക്കുന്നതാണ്. പതിനൊന്നിൽ രാഹു-ശുക്രസ്ഥിതി ഭൗതിക നേട്ടങ്ങൾക്ക് കാരണമാകും. പ്രണയബന്ധം ദൃഢപ്പെടും. വിവാഹസാഫല്യം പ്രതീക്ഷിക്കാം. നേർവഴിയിലൂടെയും അല്ലാതെയും വരുമാനം വന്നുചേരുന്നതാണ്. വീടിൻ്റെ പണി പൂർത്തിയാക്കി കേറിത്താമസിക്കാൻ സാധിക്കും. വിലകൂടിയ വസ്തുക്കൾ പാരിതോഷികമായി ലഭിക്കാം. ചൊവ്വ അനിഷ്ടനാകയാൽ വാഹന, യന്ത്ര ഉപയോഗത്തിൽ ശ്രദ്ധവേണ്ടതുണ്ട്.

മകയിരം

സ്വയം തൊഴിലിൽ കൂടുതൽ ശ്രദ്ധിക്കണം. ധനപരമായി ജാഗ്രത പുലർത്തണം. കഴിവുകൾ നല്ലകാര്യങ്ങൾക്കാണ് പ്രയോജനപ്പെടുത്തുന്നത് എന്ന് ഉറപ്പിക്കേണ്ടതുണ്ട്. വീട്ടിലെ സാഹചര്യം സമ്മിശ്രമായിരിക്കും. സഹോദരർക്കിടയിൽ ഐക്യം കുറയും. ജോലി തേടുന്നവർക്ക് താത്കാലികമായ വരുമാനം ലഭിച്ചേക്കാം. കൂട്ടുബിസിനസ്സിൽ സംതൃപ്തി കുറയും. വാടകക്കെട്ടിടം ഒഴിയാൻ തീരുമാനിക്കും. കലാപ്രവർത്തനത്തിൽ പുരസ്കാരം പ്രതീക്ഷിക്കാം. കലാകാരന്മാർക്ക് അവസരങ്ങൾ നിരന്തരമാവും. വിനോദ യാത്രകളിൽ സന്തോഷിക്കും. സ്ത്രീ സൗഹൃദം ഹൃദയബന്ധമായേക്കാം. മുന്തിയ ആടയാഭരണങ്ങൾ വാങ്ങിയേക്കും. സഹപ്രവർത്തകരുടെ വാക്കുകൾ വിഷമിപ്പിക്കും. വാഹനം വാങ്ങുന്നതിന് കാത്തിരിക്കേണ്ടി വരുന്നതാണ്.

തിരുവാതിര

സ്ഥിരവരുമാനമുള്ള ജോലിക്കായി നടത്തിക്കൊണ്ടിരുന്ന പരിശ്രമങ്ങൾ വിജയിക്കുന്നതാണ്. സ്വന്തമായി വ്യാപാരം ചെയ്യുന്നവർക്ക് തടസ്സങ്ങൾ അകലും. നക്ഷത്രാധിപനായ രാഹുവിന് ശുക്രയോഗം ഭവിക്കുകയാൽ സൗഹൃദം പുഷ്ടിപ്പെടും. മിത്രങ്ങൾ മൂലം നേട്ടങ്ങൾ / അവസരങ്ങൾ കരഗതമാവുന്നതാണ്. കടബാധ്യതകൾ ഭാഗികമായിട്ടെങ്കിലും പരിഹരിക്കാനാവും. അവിവാഹിതർക്ക് മാലയോഗം തെളിയാം. ദൂരയാത്രകൾ കാംക്ഷിക്കുന്നവർക്ക് കാത്തിരിപ്പ് സഫലമാവുന്നതാണ്. ജന്മത്തിൽ ചൊവ്വയും നാലിൽ കേതവും സഞ്ചരിക്കുന്നതിനാൽ  വാഹനം വാങ്ങാനുള്ള തീരുമാനം നീളാം. സാമ്പത്തിക മാനേജുമെൻ്റിൽ അമളി പറ്റാനിടയുണ്ട്. ബന്ധുക്കളാൽ ചില സ്വൈരക്കേടുകൾ വരുന്നതാണ്. വ്യവഹാരങ്ങൾക്ക് മുതിരരുത്. ജീവകാരുണ്യ പ്രവർത്തനം മനസ്സമാധാനം നൽകുന്നതായിരിക്കും.

പുണർതം

പുതിയ ജോലി ലഭിച്ചേക്കും.  സ്വയം തൊഴിലിലും ദോഷമില്ലെന്ന സ്ഥിതിയുണ്ടാവും. ഒപ്പമുള്ളവരെ വിശ്വാസത്തിലെടുക്കും. നിലവിലെ ജോലിയിൽ പ്രൊമോഷൻ പ്രതീക്ഷിക്കുമെങ്കിലും അതിനുള്ള സാധ്യത വിരളമാണ്. സന്താനങ്ങളുടെ ശ്രേയസ്സിൽ സംതൃപ്തിയുണ്ടാവും.  പൂർവ്വികസ്വത്ത് വിൽക്കാൻ ശ്രമിക്കുന്നതാണ്. എന്നാൽ  വില ഒത്തുവരാത്തതുമൂലം കച്ചവടം നടന്നേക്കില്ല. വാടകക്കാരെ ഒഴിപ്പിക്കാൻ നിയമവശം തേടുന്നതാണ്. ഉപരിപഠനത്തിന് വ്യക്തത കൈവരും. മത്സരാധിഷ്ഠിത കരാറുകളിൽ നിന്നും പിന്മാറിയേക്കും. മകളോടൊപ്പം അന്യ സംസ്ഥാനത്ത് താമസിക്കേണ്ട കുടുംബസാഹചര്യം ഉദയംചെയ്യും. ആത്മീയ കാര്യങ്ങൾ, തീർത്ഥാടനാദികൾ എന്നിവ വിജയിക്കും. സാമ്പത്തിക കാര്യങ്ങളിൽ കരുതൽ അനിവാര്യമാണ്.

പൂയം

ലക്ഷ്യപ്രാപ്തിക്ക് കൂടുതൽ അദ്ധ്വാനം ആവശ്യമായി വരുന്ന സാഹചര്യമാണുള്ളത്. പ്രതീക്ഷിച്ച ജോലിയുടെ നിയമനോത്തരവ് നീളാനിടയുണ്ട്. സ്വാശ്രയ വ്യാപാരത്തിലും കരാർ പണികളിലും സാമാന്യമായ ലാഭം വന്നുചേരുന്നതാണ്. നേർവഴി കൊണ്ടു കാര്യമില്ലെന്ന് നിരാശപ്പെടാം. ക്ഷമ ആവശ്യമായ കാലഘട്ടമാണ്. കിട്ടാനുള്ള സാമ്പത്തികം ഭാഗികമായി പിരിഞ്ഞുകിട്ടും. പഠിത്തത്തിൽ കൂടുതൽ ഏകാഗ്രത ഉണ്ടാവണം. മകളുടെ വിവാഹം  ഉറപ്പിക്കാനാവും. ആദിത്യൻ അഷ്ടമത്തിൽ സഞ്ചരിക്കുന്നത് പിതാവിന് അനുകൂലമല്ല. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. രാഷ്ട്രീയ പ്രവർത്തനത്തിൽ മനക്ലേശമുണ്ടാവും. സ്വന്തക്കാരെ സാമ്പത്തികമായി സഹായിക്കേണ്ടി വന്നേക്കും.

ആയില്യം

വ്യാഴം പതിനൊന്നാം ഭാവത്തിൽ നേർഗതി തുടരുകയാൽ സാമ്പത്തികമായ സ്വയംപര്യാപ്തത വന്നുചേരുന്നതാണ്. ആസൂത്രണം ചെയ്ത കാര്യങ്ങൾ ഒട്ടൊക്കെ പൂർത്തീകരിക്കും. ആദിത്യൻ എട്ടാമെടത്തിൽ സഞ്ചരിക്കുന്നത് സർക്കാരുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സഫലമാവാൻ വൈകുമെന്നതിൻ്റെ സൂചനയാണ്. മനസ്സിന് ഉന്മേഷം തരുന്ന പ്രവൃത്തികളിൽ ഏർപ്പെടുവാനാവും. പതിവിലും കൂടുതൽ സഞ്ചരിക്കേണ്ടി വന്നേക്കാം. വീടുവിട്ടു നിൽക്കുന്നവർക്ക് കൂടിച്ചേരൽ വൈകുന്നതാണ്. പ്രണയിക്കുന്നവർക്ക് തടസ്സങ്ങളെ മറികടക്കാനാവും. ഭൂമിവ്യാപാരത്തിൽ  മുതൽമുടക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഗുണകരമായേക്കില്ല. വ്യവഹാര സാധ്യതകൾ ഒഴിവാക്കേണ്ടതുണ്ട്. ഗുരുജനങ്ങളെ സതീർത്ഥ്യർക്കൊപ്പം സന്ദർശിക്കുന്നതാണ്. സഹോദര ബന്ധത്തിൽ ദാർഢ്യം കുറയാനിടയുണ്ട്.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: