/indian-express-malayalam/media/media_files/2025/07/05/karkkidakam-horoscope-2025-1-2025-07-05-17-19-03.jpg)
Karkidakam Horoscope: കർക്കടക മാസത്തെ നക്ഷത്രഫലം
Karkidakam Monthly Horoscope: മിഥുനം 32ന് , ജൂലൈ 16 ന് വൈകിട്ട് 5 മണി 32 മിനിട്ടിന് ആണ് കർക്കടക സംക്രമം. അതിനാൽ തൊട്ടു പിറ്റേദിവസം ആയ ജൂലൈ 17ന് വ്യാഴാഴ്ച കർക്കടകം ഒന്നാം തീയതിയായി കണക്കാക്കുന്നു. കർക്കടകം 31 തീയതികളുള്ള മാസമാണ്.
ആഗസ്റ്റ് 16 ന് കർക്കടകം അവസാനിക്കുന്നു. ആദിത്യൻ കർക്കടകം രാശിയിൽ പുണർതം, പൂയം, ആയില്യം എന്നീ ഞാറ്റുവേലകളിലൂടെ സഞ്ചരിക്കുന്നു. കർക്കടകം തുടങ്ങുന്നത് കൃഷ്ണ അഥവാ കറുത്തപക്ഷത്തിലാണ്. കർക്കടകം 8 ന്, ജൂലൈ 24 ന് ആണ്, പിതൃതർപ്പണത്തിന് പ്രസിദ്ധമായ 'കർക്കടക വാവ്'. പിറ്റേന്ന്, കർക്കടകം 9 ന്, ജൂലൈ 25 ന് ചാന്ദ്രമാസങ്ങളിൽ അഞ്ചാമത്തേതായ 'ശ്രാവണം' തുടങ്ങുന്നു. കർക്കടകം 23-24 , ആഗസ്റ്റ് 8, 9 തീയതികളിലായി പൗർണ്ണമി വരുന്നു.
കർക്കടകം 10 വരെ ശുക്രൻ ഇടവത്തിലും തുടർന്ന് മിഥുനം രാശിയിലും സഞ്ചരിക്കുന്നു. ചൊവ്വ കർക്കടകം 12 വരെ ചിങ്ങം രാശിയിലാണ്. തുടർന്ന് കന്നി രാശിയിൽ പ്രവേശിക്കുന്നു. ബുധൻ കർക്കടക മാസം മുഴുവൻ കർക്കടകത്തിൽ തുടരുകയാണ്. കർക്കടകം 8 മുതൽ 25 വരെ ബുധന് വക്രമൗഢ്യം ഉണ്ട്.
Also Read: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ശനി മീനം രാശിയിൽ ഉത്രട്ടാതിയിലാണ്. എന്നാൽ ശനിക്ക് രാശിയിൽ തന്നെ വക്രഗതിയുണ്ട്.
രാഹു കുംഭം രാശിയിൽ പൂരുരുട്ടാതി മൂന്നാം പാദത്തിലാണ് മാസാദ്യം. പിന്നീട് രണ്ടാം പാദത്തിലേക്ക് കടക്കുന്നു. ഇതനുസരിച്ച് കേതുവും കർക്കടകം 5 ന് ചിങ്ങം രാശിയിൽ ഉത്രം നക്ഷത്രത്തിൽ നിന്നും പൂരം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു. രാഹുവും കേതുവും പിൻഗതിയായാണ് സഞ്ചരിക്കുക എന്നത് ഓർമ്മിക്കത്തക്കതാണ്.
വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. കർക്കടകം 28 ന് വ്യാഴം പുണർതം നക്ഷത്രത്തിൽ പ്രവേശിക്കുകയാണ്. ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ കർക്കടക മാസഫലം ഇവിടെ വിശദീകരിക്കുന്നു.
അശ്വതി
ആത്മവിശ്വാസം കുറയില്ല. കർമ്മമേഖലയിൽ ഉത്സാഹമുണ്ടാവും. കാര്യങ്ങളുടെ മർമ്മം കണ്ടറിയാനുള്ള സഹജമായ കഴിവ് തുണക്കെത്തുന്നതായിരിക്കും. കാലത്തിൻ്റെ സ്പന്ദനം തിരിച്ചറിയാനും ചിന്തകളിലും പ്രവർത്തനങ്ങളിലും കാലത്തിനൊപ്പം തന്നെ സഞ്ചരിക്കാനും സാധിക്കുന്നതാണ്. സ്ത്രീകളിൽ നിന്നും ക്രിയാത്മകമായ പിന്തുണയുണ്ടാവും. മാസത്തിൻ്റെ രണ്ടാം വാരത്തിൽ രാശ്യധിപനായ ചൊവ്വ ആറാമെടത്തിലേക്ക് മാറുന്നതിനാൽ തടസ്സങ്ങളെ പ്രതിരോധിക്കാനാവും. വിരോധികൾക്ക് എല്ലാക്കാലത്തും പിണങ്ങിയിരിക്കാൻ കഴിയാതെ വന്നേക്കും. സാങ്കേതികമായ അറിവുകൾ നേടാൻ ശ്രമം തുടരുന്നതാണ്. ലഘുയാത്രകൾ ആവർത്തിക്കാം. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടാതിരിക്കില്ല. കുടുംബ ജീവിതത്തിൽ അലോസരങ്ങൾ കുറയുന്നതാണ്. ധനവിനിയോഗത്തിൽ മിതവ്യയം നിർബന്ധമാക്കണം.
Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
ഭരണി
ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവും. സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ കഴിഞ്ഞെന്നുവരില്ല. തന്മൂലമുണ്ടാവുന്ന ക്ലേശങ്ങളിൽ മനപ്രയാസം അനുഭവിക്കും. സാമ്പത്തികമായി മോശമില്ലാത്ത സ്ഥിതിയാണ്. നിക്ഷേപം, ചിട്ടി, ഊഹക്കച്ചവടം ഇവകളിൽ നിന്നും ആദായം വരുന്നതാണ്. പുതിയ സംരംഭങ്ങൾക്ക് മുതൽമുടക്കുന്നതിന് സമയം അനുകൂലമല്ലെന്ന് ഓർക്കണം. ബന്ധുക്കളുടെ സഹായം സ്വീകരിക്കുന്നതിൽ അസന്ദിഗ്ധതയുണ്ടാവും. വാഹനത്തിന് അറ്റകുറ്റപ്പണി വേണ്ടിവരുന്നതാണ്. എതിർപ്പുകളെ അതിജീവിച്ചേക്കും. സർഗപ്രവർത്തനങ്ങൾ തടസ്സമില്ലാതെ പുരോഗമിക്കും. പഴയ കടബാധ്യതകൾ കൊടുത്തുതീർക്കാൻ കഴിയുന്നതാണ്.
കാർത്തിക
പലതരം മാറ്റങ്ങൾ ജീവിതത്തിൽ വന്നെത്തുന്ന കാലമാണ്. മുൻപ് കൈമെയ് മറന്ന് പ്രവർത്തിച്ചതിൻ്റെ ഫലം അനുഭവിക്കാറാവും. ഭൗതികമായ നേട്ടങ്ങൾ ഒന്നൊന്നായി വന്നെത്തും. പുതിയ ജോലിക്കുള്ള ശ്രമം വിജയം കാണുന്നതാണ്. ഉന്നതരുടെ സഹകരണം കിട്ടും. സാമൂഹികമായ ചലനങ്ങളിൽ വലിയ താത്പര്യമൊന്നും കാണിക്കില്ല. മക്കളുടെ ഭാവികാര്യത്തിൽ ചില ഉത്കണ്ഠകൾ ഉണ്ടാവും. പൂർവ്വിക സ്വത്തുക്കളിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. സഹോദരരുടെയും ബന്ധുക്കളുടെയും സഹകരണം ഉണ്ടാവുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉൽസുകത്വം വരും. വചോവിലാസം അഭിനന്ദിക്കപ്പെടും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാവണം.
രോഹിണി
ആദിത്യൻ മൂന്നാമെടത്തിൽ സഞ്ചരിക്കുകയാൽ അധികാരലബ്ധി ഉണ്ടാവും. ജോലിയിൽ വേതനം ഉയരുന്നതാണ്. സാങ്കേതിക പരിശീലനം ഭംഗിയായി പൂർത്തിയാക്കും. ന്യായമായ ആഗ്രഹങ്ങൾ സാധിക്കുന്നതാണ്. അന്യദേശത്തുനിന്നും സ്വദേശത്ത് ജോലിമാറ്റം പ്രതീക്ഷിക്കാം. രണ്ടാമെടത്തെ ശുക്രവ്യാഴയോഗം വാഗ്വിലാസത്തിനും തൊഴിൽ വളർച്ചയ്ക്കും കാരണമാകും. കുടുംബാംഗങ്ങൾക്കിടയിലെ അനൈക്യം പരിഹൃതമാവും. ഭോഗസുഖവും പ്രണയികൾക്ക് സന്തോഷവും സംജാതമാവും. ശത്രുക്കളുടെ കുത്സിതകർമ്മങ്ങളെ സമർത്ഥമായി നേരിടുന്നതായിരിക്കും. ഗൃഹനിർമ്മാണത്തിന് വേണ്ട മുന്നൊരുക്കം തുടങ്ങും. കിടപ്പുരോഗികളായ ബന്ധുക്കളെ സന്ദർശിച്ച് വിദഗ്ദ്ധ ചികിൽസക്കാവശ്യമായ സൗകര്യംചെയ്തുകൊടുക്കും.
മകയിരം
സാമ്പത്തികോന്നമനം ലക്ഷ്യമാക്കിച്ചെയ്യുന്ന പ്രവൃത്തികൾ ഫലം കാണുന്നതാണ്. കഠിനാദ്ധ്വാനം സഫലമാവുന്നതിൽ സന്തോഷിക്കും. വ്യാപാര വ്യവസായങ്ങളിൽ വിപണി ലക്ഷ്യമാക്കി പല പദ്ധതികൾ ആവിഷ്കരിക്കും. വായ്പയ്ക്ക് ഉള്ള ശ്രമം വിജയം കണ്ടേക്കും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടിവരില്ല. പൊതുപ്രവർത്തനത്തിൽ ശത്രുക്കളേറും. എന്നാൽ പ്രതിരോധം സഫലമാവും. കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്.മകന് പരീക്ഷാ വിജയത്തിൻ്റെ പാരിതോഷികമായി വാഹനം വാങ്ങിക്കൊടുക്കും. കുടുംബ ക്ഷേത്രത്തിൽ പോയി തൊഴുതു വരും. ആഡംബരച്ചെലവുകൾ നിയന്ത്രിക്കണം. വസ്തുവിൽപ്പന നീളാനിടയുണ്ട്. കരാർ ജോലികളിൽ ചേരുമ്പോൾ വ്യവസ്ഥകൾ മനസ്സിലാക്കണം.
തിരുവാതിര
അനുകൂലവും പ്രതികൂലവുമായ അനുഭവങ്ങൾ ഉണ്ടാവും. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കുറച്ചൊക്കെ കരകേറാനാവും. പുതിയ കാര്യങ്ങൾ തുടങ്ങുന്നത് സംബന്ധിച്ച ആലോചനകൾ പുരോഗമിക്കും. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ചെറിയ തോതിൽ വേതനവർദ്ധനവിന് സാധ്യതയുണ്ട്. പ്രണയകാര്യത്തിൽ എതിർപ്പുണ്ടാവുമെങ്കിലും ഉറച്ചു നിൽക്കുവാൻ കഴിയും. പ്രിയജനങ്ങളുമൊത്ത് ലഘുഉല്ലാസയാത്രകൾ ഉണ്ടാവുന്നതാണ്. വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെട്ടതായി പറയാൻ കഴിയില്ല. പിതാവിന് മികച്ച ചികിൽസ നൽകാൻ കഴിഞ്ഞേക്കും. രണ്ടാം വാരം മുതൽ ജന്മരാശിയിൽ ശുക്ര - ഗുരു യോഗം വരുന്നത് ജീവിതകാമനകളെ വളർത്തും. പുതുജീവിത പാഠങ്ങൾ പഠിക്കാനും തന്മൂലം അവസരം ലഭിക്കാം.
Also Read: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും
പുണർതം
സ്വന്തം കഴിവുകളിൽ വിശ്വസിക്കും. സ്വാശ്രയ ബിസിനസ്സിൽ നടത്തിയ പരിഷ്കാരങ്ങൾ ഫലം കാണുന്നതാണ്.സ്വകാര്യ കമ്പനികളിൽ ജോലിചെയ്യുന്നവർക്ക് / സാങ്കേതിക വിദഗ്ദ്ധന്മാർക്കസ്വതന്ത്രചുമതലകളോ വേതന വർദ്ധനവോ പ്രതീക്ഷിക്കാം. പുതുതലമുറയുടെ കാര്യത്തിൽ ശുഭവാർത്തകൾ കേൾക്കും.കുടുംബത്തിൽ സമാധാനമുണ്ടാവും. അഭിപ്രായസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നതിനാൽ ശത്രുക്കളും കുറയില്ല. പഠനത്തിൽ സാമാന്യമായ പുരോഗതി ഉണ്ടായേക്കും. ഭോഗസുഖം, സുഹൃത്തുക്കളുമായി ഉല്ലാസം ഇവയ്ക്ക് അവസരം സംജാതമാകും. കൊടുക്കാനുള്ള ധനത്തിൻ്റെ കുറച്ചുഭാഗം കൊടുക്കാനായേക്കും. എന്നാൽ കിട്ടാനുള്ള ധനത്തിന് അവധി പറയപ്പെടും. പതിവ് ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.
പൂയം
ജന്മരാശിയിൽ ആദിത്യനും ബുധനും സഞ്ചരിക്കുകയാൽ കൃത്യാന്തരങ്ങളിൽ മുഴുകേണ്ടിവരും. ഔദ്യോഗികമായും അനൗദ്യോഗികമായും യാത്രകൾ വേണ്ടിവന്നേക്കും. കാര്യാലോചനകളിൽ നിലപാടുകൾതുറന്നു പറയുന്നതാണ്. സഹപ്രവർത്തകരുമായി സംവാദത്തിലേർപ്പെടാനിടയുണ്ട്. ബിസിനസ്സിൽ തത്കാലം കൂടുതൽ ധനം മുടക്കാതിരിക്കുകയാണ് അഭികാമ്യം. രണ്ടാം ആഴ്ചയുടെ ഒടുവിൽ ചൊവ്വ മൂന്നാമെടത്തിലേക്ക് മാറുന്നത് അല്പം ആശ്വാസമുണ്ടാക്കും.സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. സൽകാര്യങ്ങൾക്കായും കുറച്ചൊക്കെ ധാടിമോടികൾക്കായും ധനം വിനിയോഗിക്കും. കുടുംബ കാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതിനാൽ ചില പ്രശ്നങ്ങൾ ഉദയം ചെയ്യാം. അഷ്ടമത്തിലെ രാഹു അനാരോഗ്യത്തിന് ഇടവരുത്താമെന്നതിനാൽ ആരോഗ്യത്തിൽ ശ്രദ്ധവേണം.
ആയില്യം
ഭൂമിയോ വീടോ വിൽക്കുന്നതിന് അനുഭവപ്പെട്ടിരുന്ന തടസ്സം നീങ്ങാം. കൃത്യമായ ആസൂത്രണം കാര്യവിജയമുണ്ടാക്കും. ആദിത്യൻ ജന്മരാശിയിലൂടെ കടന്നുപോകുന്നത് അലച്ചിലിനും അലംഭാവത്തിനും ഇടവരുത്തിയേക്കും. തൊഴിലിൽ സ്ഥാനചലനത്തിന് സാധ്യതയുണ്ട്. അനർഹന്മാർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് മനക്ലേശം സൃഷ്ടിച്ചേക്കും. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിളംബത്തിന് സാധ്യതയുണ്ട്. മനസ്സാന്നിധ്യം തുണയ്ക്കും, പലപ്പോഴും. ധനവിനിയോഗത്തിൽ അച്ചടക്കം അനിവാര്യമാണ്. നല്ലതും കൊള്ളരുതാത്തതുമായ കാര്യങ്ങൾക്ക് പണച്ചെലവുണ്ടാവും. പുനരാലോചനകളോടെ പ്രവൃത്തിയിൽ ഏർപ്പെടുന്നത് വിജയത്തിന് കാരണമാകുന്നതാണ്.
Read More: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.