scorecardresearch

Monthly Horoscope for Makaram: 1199 മകരമാസത്തെ നക്ഷത്രഫലം; മൂലം മുതൽ രേവതി വരെ

Monthly Horoscope for Makaram-Moolam to Revathy: മകരമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം-മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെ എന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Monthly Horoscope for Makaram-Moolam to Revathy: മകരമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം-മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെ എന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Makaram  Horoscope

Monthly Horoscope: മകരമാസം നിങ്ങൾക്കെങ്ങനെ?

2024 ജനുവരി 15-ാം തീയതി തിങ്കളാഴ്ചയാണ്  മകരം ഒന്നാം തീയതി വരുന്നത്. ഫെബ്രുവരി 13 ന് മകരം മുപ്പതാം തീയതിയുമാണ്. (മാസാവസാനം). മലയാള     മാസങ്ങളിൽ ആറാമത്തേതാണ് മകരമാസം. മകരമത്സ്യമാണ്, രാശി ചിഹ്നം. എന്നാൽ മാനിനെ വിഴുങ്ങുന്ന മുതലയാണ് മകരം രാശിയുടെ സ്വരൂപമെന്നും പറയാറുണ്ട്. അതിനാൽ മകരം, നക്രം, മൃഗം, ഏണം തുടങ്ങിയ പര്യായങ്ങളുണ്ട്, മകരത്തിന്. ഉത്തരായനം തുടങ്ങുന്നത് മകരമാസം ഒന്നിനാണ്. മിഥുനം 31 വരെ, ആറുമാസക്കാലം ഉത്തരായനകാലം തുടരുന്നു.

Advertisment

മകരമാസത്തിൽ സൂര്യൻ മകരം രാശിയിൽ സഞ്ചരിക്കുന്നു. ഉത്രാടം ഞാറ്റുവേല മകരം 10 വരെ തുടരുന്നുണ്ട്. തുടർന്ന് തിരുവോണം ഞാറ്റുവേലയാണ്. മകരം 24 മുതൽ അവിട്ടം ഞാറ്റുവേല ആരംഭിക്കും. മകരം ഒന്നിന് ചതയം- പൂരൂരുട്ടാതി നക്ഷത്രങ്ങളാണ്. മകരം 30ന് ചന്ദ്രൻ ഒരുവട്ടം രാശി ചക്രഭ്രമണം പൂർത്തിയാക്കി ഉത്രട്ടാതി നക്ഷത്രത്തിലെത്തുന്നു. ശുക്ലപക്ഷ പഞ്ചമിയിൽ തുടങ്ങി ശുക്ലചതുർത്ഥി വരെയാണ്  മകരത്തിലെ തിഥികൾ. 

മകരം 11ന് (ജനുവരി 25 ന്) വെളുത്തവാവും മകരം 26ന്  (ഫെബ്രുവരി 9 ന്) കറുത്തവാവും വരുന്നു. ചൊവ്വ, മകരം 22ന് ധനുവിൽ നിന്നും മകരം രാശിയിലേക്ക് സംക്രമിക്കും. മകരരാശി ചൊവ്വയുടെ ഉച്ചരാശിയാണ്. 

മകരം 4ന്, കഴിഞ്ഞ നാലഞ്ചു മാസക്കാലമായി തുടരുന്ന ചൊവ്വയുടെ മൗഢ്യം തീരുന്നു. അതോടെ ചൊവ്വ കൂടുതൽ ബലവാനാകുന്നതാണ്. ബുധൻ മകരം 18ന് ധനുവിൽ നിന്നും മകരത്തിലെത്തും. ശുക്രൻ മകരം 4 മുതൽ 28 വരെ ധനുരാശിയിലും തുടർന്ന് മകരത്തിലും സഞ്ചരിക്കും.  

Advertisment

ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ തുടരുന്നു. വ്യാഴം മേടം രാശിയിലാണ്. മകരം 20 ന് അശ്വതിയിൽ നിന്നും  ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കും. രാഹു മീനം രാശിയിൽ രേവതി നക്ഷത്രത്തിലും കേതു കന്നിയിൽ ചിത്തിരയിലും സഞ്ചാരം  തുടരുന്നു. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ മകരമാസഫലം ഇവിടെ വിശദമായി പരിശോധിക്കുന്നു.

മൂലം

ധനുമാസത്തെക്കാൾ കുറച്ചെങ്കിലും മെച്ചപ്പെട്ടതാവും മകരമാസം. മാനസികപിരിമുറുക്കം കുറയുന്നതാണ്. വിഷാദഭാവത്തിന് അയവുണ്ടാകും. മറ്റുള്ളവരുടെ ആക്ഷേപങ്ങൾ സ്വയം അവസാനിച്ചേക്കും. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ പരസ്പരമുള്ള തുറന്ന സംഭാഷണത്തിലൂടെ പരിഹരിക്കാനാവും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ പൂർണപിന്തുണ ലഭിക്കുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. വാഹനം കൈകാര്യം ചെയ്യുമ്പോഴും നല്ല ജാഗ്രത പുലർത്തണം.
ചൊവ്വ ജന്മരാശിയിൽ തുടരുന്നതിനാൽ വൈകാരിക ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ കുറച്ചൊക്കെ സന്ദിഗ്ദ്ധാവസ്ഥ ഉണ്ടായേക്കും.

പൂരാടം

ജന്മനക്ഷത്രാധിപനായ ശുക്രൻ ജന്മരാശിയിൽ ഭൂരിഭാഗം ദിവസങ്ങളും സഞ്ചരിക്കുന്നതിനാൽ ഭോഗസുഖം, ഇഷ്ടഭക്ഷണ യോഗം എന്നിവ പ്രതീക്ഷിക്കാം. ചൊവ്വയും ജന്മരാശിയിൽ തന്നെ ഉള്ളതിനാൽ പെട്ടെന്ന് ക്ഷുഭിതരാകുന്ന സാഹചര്യം ഉണ്ടാവാം. ആലസ്യം, കർമ്മപരാങ്മുഖത്വം എന്നിവ അനുഭവപ്പെടാനിടയുണ്ട്. വേഗത്തിൽ പലതും ചെയ്തുതീർക്കും. എന്നാൽ വേണ്ടതുപോലെ ആയില്ലെന്ന് പിന്നീട് ബോധ്യമാകുന്നതാണ്. അനാവശ്യമായ തിടുക്കം ഒഴിവാക്കുകയാവും ഉചിതം. കലാകാരന്മാർക്ക് ഭേദപ്പെട്ട സമയമാണ്. പ്രണയബന്ധം ഉടലെടുക്കാം. വലിയമുതൽ മുടക്കിയുള്ള സംരംഭങ്ങൾക്ക് കാലം അത്ര ഗുണകരമല്ല.

ഉത്രാടം

ആത്മസംഘർഷം കൂടാം. പ്രശ്നങ്ങൾക്ക് പരിഹാരമില്ലാതെ വിഷമിച്ചേക്കും. ചില പിന്തുണകൾ പിടിച്ചുനിൽക്കാൻ തുണയേകുന്നതാണ്. സാമ്പത്തിക സ്ഥിതി ഉയരുമെങ്കിലും ചെലവും വർദ്ധിക്കുന്നതാണ്. അനാവശ്യമായ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാവും ഉചിതം. കരാർപണികൾ പുതുക്കപ്പെടാം. പക്ഷേ അതിലെ  സേവനവേതന വ്യവസ്ഥകൾ അസ്വീകാര്യങ്ങളാവും. ഉപരിപഠനത്തിൽ ആലസ്യമുണ്ടായേക്കും. പൊതുപ്രവർത്തനം ഊർജ്ജമേകുന്നതാണ്. ജീവകാരുണ്യത്തിന് സമയം നീക്കിവെക്കാൻ കഴിയും. വസ്തുവില്പന തടസ്സപ്പെടാം. അഥവാ വസ്തുവിൽക്കുകയാണെങ്കിൽ പ്രതീക്ഷിച്ചതിലും ലാഭം കുറയും. ആരോഗ്യപരമായി ജാഗ്രത പുലർത്തേണ്ടതുണ്ട്.

തിരുവോണം

ഉന്മേഷരാഹിത്യം അനുഭവപ്പെടാം. ചൊവ്വ പന്ത്രണ്ടിലും പിന്നെ സൂര്യനുമൊത്ത് ജന്മരാശിയിലും സഞ്ചരിക്കുകയാൽ അലച്ചിലും, പ്രയോജനമില്ലാത്ത യാത്രകളും ദേഹാലസ്യവും  ഉണ്ടാവും. ഊർജ്ജനഷ്ടവും സമയവ്യയവും കൂടി ഭവിേച്ചക്കാം. കരുതിവെച്ചിരുന്ന ധനം മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കേണ്ടി വന്നേക്കാം. ഭൂമിവ്യാപാരത്തിൽ ശ്രദ്ധ വേണം.  സാമ്പത്തിക പ്രയാസങ്ങൾ കൂടുന്നതാണ്. വ്യാഴം നാലാമെടത്താകയാൽ ഗൃഹത്തിൽ സമാധാനം ഉണ്ടാകും. മംഗളകാര്യങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുടെ നന്ദികേട് വിഷമിപ്പിക്കും. അവിവാഹിതരുടെ വിവാഹാലോചനകളിൽ ഉണർവുണ്ടാകുന്നതാണ്.

അവിട്ടം

കഴിഞ്ഞമാസത്തെ അനുഭവങ്ങൾ തന്നെയാവും, ഈ മാസവും ഒട്ടൊക്കെ ആവർത്തിക്കുക. ആത്മസംയമനം പാലിക്കേണ്ടതുണ്ട്. വിശ്വസിച്ചവരിൽ നിന്നും തിരിച്ചടി വരാം. സമൂഹത്തിൽ സ്വന്തം കഴിവുകൾക്ക് വേണ്ടത്ര അംഗീകാരം കിട്ടിയേക്കില്ല. അല്പകാലം വീടുവിട്ടു നിൽക്കേണ്ട സ്ഥിതി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധികച്ചുമതലകൾ ഏല്പിക്കപ്പെടാം.  ധനവിനിയോഗത്തിൽ  കണിശത വേണം. വിലപിടിച്ച വസ്തുക്കൾ കളവുപോകാൻ സാധ്യതയുണ്ട്. പിതാവിന്റെ ആരോഗ്യസ്ഥിതി അല്പം ദുർബലമാവാം. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതാണ്. പണവരവും ചെലവും തമ്മിൽ പൊരുത്തപ്പെട്ടു പോകില്ല.

ചതയം

ആനുകൂല്യങ്ങളും  പ്രാതികൂല്യങ്ങളും കുറഞ്ഞും കൂടിയും അനുഭവത്തിലെത്തും. തർക്കങ്ങളിൽ, വിശേഷിച്ചും ഭൂമി സംബന്ധിച്ച വ്യവഹാരങ്ങളിൽ വിജയിക്കുന്നതാണ്. സഹോദരരിൽ നിന്നും നേട്ടങ്ങളുണ്ടാകും. പ്രൊമോഷൻ തരാൻ അധികാരികൾ നിർബന്ധിതരാവും. സംരംഭങ്ങളിൽ നിന്നും ആദായം ഉയരുന്നതാണ്. വീട്ടുകൃഷി പുഷ്ടിപ്പെടുന്നതാണ്. വിദ്യാർത്ഥികൾ പഠനത്തിൽ പൂർണ്ണശ്രദ്ധയർപ്പിക്കും. ഇഷ്ടജനങ്ങളുമായി യാത്രപോകാൻ അവസരമുണ്ടാകും. മാസത്തിന്റെ രണ്ടാം പകുതിയിൽ ചിലവ് ഉയരുന്നതാണ്. സ്ഥിരം രോഗങ്ങളോ പുതിയ ആരോഗ്യപ്രശ്നങ്ങളോ വലയ്ക്കാനിടയുണ്ട്. നേർവഴിവിട്ട് സഞ്ചരിക്കാൻ സമ്മർദ്ദങ്ങളുണ്ടായേക്കും.

പൂരൂരുട്ടാതി
 
സ്വരം കടുപ്പിച്ചിട്ടോ തിണ്ണമിടുക്ക് കാട്ടിയിട്ടോ ചില കാര്യങ്ങൾ നേടേണ്ടിവരും. ശത്രുക്കളെ മാനസികമായി തളർത്താൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. സഹോദരരുമായുള്ള ഭൂമി വ്യവഹാരം രാജിയാകുന്നതാണ്.  സംഘടനാ പ്രവർത്തനങ്ങളിൽ മുൻകൈയ്യെടുക്കും. ഉദ്യോഗാർത്ഥികൾക്ക്പുതിയ ജോലി / പദവി ഏറ്റെടുക്കാനാവും. പൊതുവേ ആദായം പ്രതീക്ഷക്കനുസരിച്ച് സിദ്ധിക്കുന്നതാണ്. മാതൃബന്ധുക്കളാൽ ചില ഗുണാനുഭവങ്ങൾ വന്നെത്തും. വിനോദയാത്രകൾ ഉണ്ടാവും. ഔദ്യോഗിക യാത്രകളും വേണ്ടിവരും. മകരം അവസാന ആഴ്ചകളിൽ ഗുണാനുഭവങ്ങൾ കുറയുന്നതാണ്. ചെലവേറും. വീഴ്ച, അപകടം ഇത്യാദികൾക്ക് സാധ്യതയുണ്ട്.

ഉത്രട്ടാതി

ഗ്രഹാനുകൂലം മാറ്റുമാസങ്ങളെക്കാൾ കാണുന്നതിനാൽ സ്വതേ ഗുണഫലങ്ങൾക്ക് മുൻതൂക്കം ലഭിക്കും. പഠനം, ഗവേഷണം, ഗ്രന്ഥരചന, ശാസ്ത്രീയ അന്വേഷണങ്ങൾ തുടങ്ങിയ ബൗദ്ധിക പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാനാവും. സ്വതസ്സിദ്ധമായ കഴിവുകൾ പുറത്തെടുക്കാനാവും. സംഭാഷണത്തിലൂടെ ബഹുമാന്യത നേടും. വരവ് അധികരിക്കുന്നതാണ്. ബിസിനസ്സിന്റെ തുടർ പുരോഗതിക്ക് സാദ്ധ്യമായ വഴികൾ തേടും.  കുടുംബാംഗങ്ങളുടെ ഉന്നമനത്തിനായി നടത്തുന്ന ശ്രമങ്ങൾ അഭിനന്ദിക്കപ്പെടും. ജീവിതശൈലി രോഗങ്ങൾ ഉപദ്രവിക്കാം. സമയോചിതമായി പ്രവർത്തിക്കാത്തത് കൊണ്ട് ചില നഷ്ടങ്ങൾ ഉണ്ടാവാം.

രേവതി

സൂര്യൻ പതിനൊന്നാമെടത്തിൽ സഞ്ചരിക്കുകയാൽ പകൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ വിജയമുണ്ടാകും. മറ്റു ഗ്രഹങ്ങളും ഏറിയും കുറഞ്ഞും  ഇഷ്ടഭാവങ്ങളിലാകയാൽ ന്യായമായ കാര്യങ്ങൾ അനുഭവത്തിലെത്തും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ ഉയരും. സ്ഥാനക്കയറ്റം, ശമ്പളവർദ്ധനവ് തുടങ്ങിയവയും സാധ്യതകളാണ്. ഗൃഹനിർമ്മാണം പൂർത്തിയാവും. ആഢംബര വസ്തുക്കൾ സ്വന്തമാക്കാനാവും. പൊതുപ്രവർത്തകർക്ക് അവരുടെ രാഷ്ട്രീയ സ്വപ്നങ്ങൾ നിർവഹണസന്ധിയിൽ എത്തിയ പ്രതീതിയുണ്ടാവും. ജന്മത്തിൽ രാഹു സഞ്ചരിക്കുകയാൽ മറവിയോ കർമ്മപരാങ്മുഖത്വമോ ഉണ്ടാവാം. ഏഴാമെടത്തിലെ കേതു പ്രണയികളെ സന്തോഷിപ്പിക്കാനിടയില്ല. മൃദുലഭാവങ്ങൾ നഷ്ടമാവുകയും പരുക്കത്തം സ്വഭാവത്തിലേറുകയും ചെയ്യുന്നതായി വേണ്ടപ്പെട്ടവർ പരാതിപ്പെട്ടേക്കാം.

Check out More Horoscope Stories Here 

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: