/indian-express-malayalam/media/media_files/Rbw2AIkmuQvArBhkrx8h.jpg)
Monthly Horoscope: മകരമാസം നിങ്ങൾക്കെങ്ങനെ?
Monthly Horoscope for Makaram:: 2024 ജനുവരി 15-ാം തീയതി തിങ്കളാഴ്ചയാണ് മകരം ഒന്നാം തീയതി വരുന്നത്. ഫെബ്രുവരി 13 ന് മകരം മുപ്പതാം തീയതിയുമാണ്. (മാസാവസാനം). മലയാള മാസങ്ങളിൽ ആറാമത്തേതാണ് മകരമാസം. മകരമത്സ്യമാണ്, രാശി ചിഹ്നം. എന്നാൽ മാനിനെ വിഴുങ്ങുന്ന മുതലയാണ് മകരം രാശിയുടെ സ്വരൂപമെന്നും പറയാറുണ്ട്. അതിനാൽ മകരം, നക്രം, മൃഗം, ഏണം തുടങ്ങിയ പര്യായങ്ങളുണ്ട്, മകരത്തിന്. ഉത്തരായനം തുടങ്ങുന്നത് മകരമാസം ഒന്നിനാണ്. മിഥുനം 31 വരെ, ആറുമാസക്കാലം ഉത്തരായനകാലം തുടരുന്നു.
മകരമാസത്തിൽ സൂര്യൻ മകരം രാശിയിൽ സഞ്ചരിക്കുന്നു. ഉത്രാടം ഞാറ്റുവേല മകരം 10 വരെ തുടരുന്നുണ്ട്. തുടർന്ന് തിരുവോണം ഞാറ്റുവേലയാണ്. മകരം 24 മുതൽ അവിട്ടം ഞാറ്റുവേല ആരംഭിക്കും. മകരം ഒന്നിന് ചതയം- പൂരൂരുട്ടാതി നക്ഷത്രങ്ങളാണ്. മകരം 30ന് ചന്ദ്രൻ ഒരുവട്ടം രാശി ചക്രഭ്രമണം പൂർത്തിയാക്കി ഉത്രട്ടാതി നക്ഷത്രത്തിലെത്തുന്നു. ശുക്ലപക്ഷ പഞ്ചമിയിൽ തുടങ്ങി ശുക്ലചതുർത്ഥി വരെയാണ് മകരത്തിലെ തിഥികൾ.
മകരം 11ന് (ജനുവരി 25 ന്) വെളുത്തവാവും മകരം 26ന് (ഫെബ്രുവരി 9 ന്) കറുത്തവാവും വരുന്നു. ചൊവ്വ, മകരം 22ന് ധനുവിൽ നിന്നും മകരം രാശിയിലേക്ക് സംക്രമിക്കും. മകരരാശി ചൊവ്വയുടെ ഉച്ചരാശിയാണ്.
മകരം 4ന്, കഴിഞ്ഞ നാലഞ്ചു മാസക്കാലമായി തുടരുന്ന ചൊവ്വയുടെ മൗഢ്യം തീരുന്നു. അതോടെ ചൊവ്വ കൂടുതൽ ബലവാനാകുന്നതാണ്. ബുധൻ മകരം 18ന് ധനുവിൽ നിന്നും മകരത്തിലെത്തും. ശുക്രൻ മകരം 4 മുതൽ 28 വരെ ധനുരാശിയിലും തുടർന്ന് മകരത്തിലും സഞ്ചരിക്കും.
ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ തുടരുന്നു. വ്യാഴം മേടം രാശിയിലാണ്. മകരം 20 ന് അശ്വതിയിൽ നിന്നും ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കും. രാഹു മീനം രാശിയിൽ രേവതി നക്ഷത്രത്തിലും കേതു കന്നിയിൽ ചിത്തിരയിലും സഞ്ചാരം തുടരുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ മകരമാസഫലം ഇവിടെ വിശദമായി പരിശോധിക്കുന്നു.
മകം
പൊതുവേ നേട്ടങ്ങൾ കൂടുന്ന മാസമാണ്. കർമ്മരംഗത്ത് സോന്മേഷം പ്രവർത്തിക്കാൻ സന്ദർഭങ്ങൾ വന്നെത്തും. മത്സരങ്ങളിൽ വിജയിക്കാൻ കഴിയുന്നതാണ്. ഇഴഞ്ഞുനീങ്ങിയ വീടുനിർമ്മാണം പൂർത്തീകരണത്തോടടുക്കുന്നതാണ്. അയൽബന്ധങ്ങൾ രമ്യമായി തുടരും. തൊഴിൽ തേടുന്ന ചെറുപ്പക്കാർക്ക് നിരാശപ്പെടേണ്ടി വരില്ല. സാമ്പത്തിക ക്ലേശങ്ങളാൽ മുൻപ് മാറ്റിവെച്ചിരുന്ന ചില പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചേക്കുന്നതാണ്. സഹോദരരുമായും മറ്റു കുടുംബാംഗങ്ങളുമായും നല്ലബന്ധം പുലർത്തുവാനാവും. മാസത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ നേട്ടങ്ങൾ, ആരോഗ്യ സൗഖ്യം എന്നിവയും പ്രതീക്ഷിക്കാം.
പൂരം
വ്യക്തിജീവിതത്തിൽ ആലസ്യം അകലും. ദിശാബോധത്തോടെ പ്രവൃത്തികളിൽ നിരതനാവുന്നതാണ്. ഔദ്യോഗികമായ കൃത്യനിർവഹണം അഭംഗുരം നടക്കും. പ്രതീക്ഷിച്ച സ്ഥാനക്കയറ്റം സിദ്ധിച്ചേക്കും. കുടുംബസ്വത്ത് സംബന്ധിച്ച വ്യവഹാരത്തിൽ അനുകൂലവിധിയുണ്ടാവുന്നതാണ്. പ്രണയികൾക്ക് സന്തോഷിക്കാനാവുന്ന സന്ദർഭങ്ങൾ കൂടുതലായി വന്നെത്തും. സാമ്പത്തികമായ അരക്ഷിതാവസ്ഥയ്ക്ക് മാറ്റം പ്രതീക്ഷിക്കാം. മക്കളുടെ വിദ്യാഭ്യാസാവശ്യത്തിന് വായ്പ പ്രയോജനപ്പെടുത്തും. കച്ചവടത്തിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന പലതും ഏർപ്പെടുത്തും. വയോജനങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടേക്കും.
ഉത്രം
സ്വകാര്യ ജീവിതത്തിലുമതേ, ഔദ്യോഗിക രംഗത്തിലുമതേ പ്രതീക്ഷിച്ച നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞേക്കില്ല. അദ്ധ്വാനം അധികരിച്ചെന്നാലും പൂർണവിജയം അനുഭവത്തിലെത്താൻ സാധ്യത കുറവാണ്. പണവരവ് മന്ദഗതിയിലായേക്കും. ചെലവ് പലവഴികളിൽ വർദ്ധിക്കുന്നതാണ്. ചിന്തിക്കുന്ന ശീലം കൂടും. അതിനനുസരിച്ച് പ്രവർത്തിയിൽ മുഴുകാനും നേട്ടങ്ങളുണ്ടാക്കാനും കഴിഞ്ഞേക്കില്ല. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉണ്ടാവാം.
മകൾക്ക് വരുന്ന കല്യാണാലോചനകൾ ഉറച്ചുകിട്ടണമെന്നില്ല. സാധാരണ ചെയ്യുന്ന കർമ്മങ്ങൾക്ക് മുടക്കം വരുന്നതല്ല. ഉപാസനാദികളിൽ ചിലത് ഒഴിവാക്കിയേക്കും.
അത്തം
നാലിലും അഞ്ചിലുമായി ചൊവ്വ, ജന്മത്തിൽ കേതു, അഞ്ചിൽ ആദിത്യൻ എന്നിങ്ങനെ പ്രതികൂല ഗ്രഹസ്ഥിതി തുടരുകയാൽ മനക്ലേശം തുടർക്കഥയാവും.
ഒരു പ്രശ്നങ്ങൾക്കും പോംവഴി കിട്ടാതെ വിഷമിക്കും. എന്നാൽ ചെറിയ പിന്തുണകളും നാമമാത്രമായ സഹായവും കിട്ടാതിരിക്കില്ല. ധനപരമായി വലിയ മുതൽ മുടക്കുകൾക്ക് മുതിരരുത്. കൈവായ്‌പകൾ വാങ്ങേണ്ടിവരും. അതിർതർക്കങ്ങൾ വരാം. ബൗദ്ധികമായ ചില പ്രവർത്തനങ്ങളിലൂടെ എതിർപ്പുകളെ മറികടക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി അലച്ചിലിനുശേഷം കൈവരുന്നതാണ്. ബന്ധുക്കളുടെ കലഹത്തിൽ ഇടപെടേണ്ടി വന്നേക്കാം. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിക്കാനിടയുണ്ട്. മാസത്തിന്റെ രണ്ടാം പകുതിയിൽ സ്ഥിതി മെച്ചപ്പെടാം.
ചിത്തിര
മേലധികാരികളിൽ നിന്നും വൈഷമ്യം വരാം. കർമ്മസ്ഥാനത്ത് ഉറച്ചുനിൽക്കാതെ പുതിയ തൊഴിലിനെപ്പറ്റി ചിന്തിക്കുന്നതാണ്. സാമ്പത്തിക നിലയിൽ ഗുണപരമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. പണയവസ്തു വീണ്ടെടുക്കാൻ വലിയ പ്രയത്നം വേണ്ടിവരും. മക്കളുടെ വിദ്യാഭ്യാസത്തിൽ പുരോഗതി കാണാനാവും. സഹോദരരുടെ വാഗ്ദാനങ്ങൾ പാഴായേക്കും. കലാരംഗത്തുള്ളവർക്ക് പ്രതിഭ തെളിയിക്കാൻ സാഹചര്യം സംജാതമാകുന്നതാണ്. നാലാംഭാവത്തിലെ പാപഗ്രഹസ്ഥിതിയാൽ ചിലർക്ക് വീടുവിട്ടുനിൽക്കേണ്ടി വന്നേക്കാം. വീട്ടിലെ കൃഷി പുഷ്ടിപ്പെടുത്താൻ സമയം കണ്ടെത്തുന്നതാണ്. ചെറിയ ചില ആദായങ്ങൾ അത്യാവശ്യത്തിനുതകിയേക്കും.
ചോതി
സമ്മിശ്രഫലങ്ങളാണ് അധികവും. സഹോദരരുടെ പിന്തുണ ശക്തമായി തുടരും. വസ്തുക്കളിൽ നിന്നും ആദായമുണ്ടാകുന്നതാണ്. മത്സരങ്ങളിൽ വിജയിക്കും. ഭോഗസുഖം പ്രതീക്ഷിക്കാം. വ്യാഴം ഏഴിൽ സഞ്ചരിക്കുകയാൽ ദാമ്പത്യത്തിൽ സംതൃപ്തിയും സമാധാനവും തുടരുന്നതാണ്. ഇഷ്ടജനങ്ങളുമായി സല്ലപിക്കാനാവും. ബിസിനസ്സ് യാത്രകൾ ലക്ഷ്യം നേടുന്നതാണ്. കൂട്ടുകച്ചവടത്തിൽ നിന്നും നേട്ടങ്ങൾ വരും. ദേഹസുഖം തെല്ല് കുറയാം. കിടപ്പ് രോഗികൾക്ക് ചികിത്സ മാറ്റേണ്ട സാഹചര്യം ഉണ്ടാവാം. ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതാണ്. സർക്കാർ അനുമതി കിട്ടേണ്ടവയിൽ കാലവിളംബം വന്നേക്കും. ന്യായമായ ആവശ്യങ്ങൾക്ക് പണം തടസ്സമാകുന്നതല്ല.
വിശാഖം
ഗുണാനുഭവങ്ങളിൽ പ്രധാനം സാമ്പത്തിക സ്ഥിതി മോശമാവില്ല എന്നതുതന്നെയാണ്. സ്വയം തൊഴിലിൽ പുരോഗതിയുണ്ടാവും. ആലസ്യം അകന്ന് കർമ്മനിരതരാവാൻ കഴിയും. ചെറുകിട സംരംഭങ്ങളുമായി മുന്നോട്ടുപോകാൻ കാലം അനുകൂലമാണ്. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി ചുമതലകൾ വഹിക്കാനാവും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ പാരസ്പര്യവും ഐക്യവും വളരുന്നതാണ്. ഇഷ്ടവസ്തുക്കൾ സമ്മാനിക്കും. മകളുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടായേക്കും. ജന്മനാട്ടിൽ പോവാനും കുടുംബക്ഷേത്രത്തിൽ ആരാധന നടത്താനും അവസരം വരും. മാസത്തിന്റെ
രണ്ടാം പകുതിക്ക് മേന്മ കുറയുന്നതാണ്.
അനിഴം
കഴിഞ്ഞ രണ്ടുമാസങ്ങളെക്കാൾ പലനിലയ്ക്കും മേന്മയേറിയ ഫലങ്ങൾ ഈ മകരമാസത്തിൽ പ്രതീക്ഷിക്കാം. വിദ്യാഭ്യാസപരമായ പിൻനില മാറും. ദിശാബോധത്തോടെ പഠിക്കാൻ കഴിയും. ഉദ്യോഗാർത്ഥികൾക്ക് അർഹതയ്ക്കിണങ്ങിയഅവസരങ്ങൾ ലഭിക്കാനിടയുണ്ട്. വിരോധികളുടെ പ്രവർത്തനം കുറഞ്ഞുതുടങ്ങും. വാക് പാരുഷ്യം കൊണ്ട് മുൻപ് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അവർ പിണക്കം മറന്ന് വീണ്ടും സഹകരിക്കുന്നതാണ്.
സർക്കാർ-സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി, ശമ്പളവർദ്ധനവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്. സാമൂഹികമായ അംഗീകാരം ലഭിക്കും.
തൃക്കേട്ട
അകലങ്ങളിൽ കഴിയുന്നവർക്കും വീടുവിട്ടു നിൽക്കുന്നവർക്കും നാട്ടിലേക്ക് / വീട്ടിലേക്ക് മടങ്ങാനാവും. സംരംഭങ്ങൾ തുടങ്ങാൻ കാത്തിരിക്കുന്നവർക്ക് അനുകൂലമായ സാഹചര്യം ഉടലെടുക്കും. ശാസ്ത്രവിഷയങ്ങളിലെ ഗവേഷണം പുരോഗതിയിലെത്തും. പഴയവീട് മോടിപിടിപ്പിക്കാനാവും.
അറ്റകുറ്റപ്പണി കഴിഞ്ഞ് വാഹനം നിരത്തിലിറക്കാൻ കഴിയുന്നതാണ്. പിണങ്ങിനിന്ന ബന്ധുക്കൾ ഇണങ്ങും. ദാമ്പത്യജീവിതത്തിൽ സുഖവും സന്തോഷവും അനുഭവപ്പെടുന്നതാണ്. ഊഹക്കച്ചവടത്തിൽ നേട്ടങ്ങളുണ്ടാക്കും. സ്ഥിരരോഗികൾക്ക് ആശ്വസിക്കാനാവും. മാസത്തിന്റെ രണ്ടാം പകുതി കൂടുതൽ ഗുണഫലങ്ങൾ സൃഷ്ടിക്കുന്നതായിരിക്കും.
Check out More Horoscope Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us