/indian-express-malayalam/media/media_files/TeVBTexYDx9eWMaTxEg7.jpg)
2024 Horoscope and Astrological Predictions
2024 Horoscope Astrology and Astrological Predictions: ശുഭഗ്രഹങ്ങളിൽ ഏറ്റവും പ്രമുഖത്വമുള്ള വ്യാഴം അഥവാ ഗുരു 2024 മേയ് മാസം ഒന്നാം തീയതി വരെ മേടം രാശിയിലും തുടർന്ന് ഇടവം രാശിയിലും സഞ്ചരിക്കുന്നു. ശരാശരി ഒരുവർഷക്കാലമാണ് വ്യാഴം ഒരുരാശിയിൽ സഞ്ചരിക്കുക. ജനിച്ച കൂറിലോ അതുതൊട്ടെണ്ണിയാൽ വരുന്ന 3, 6, 8, 12 എന്നീ രാശികളിലോ സഞ്ചരിക്കുമ്പോൾ വ്യാഴം അശുഭഫലങ്ങളെ നൽകും. ജന്മരാശിയുടെ 4,10 എന്നീ രാശികളിൽ സമ്മിശ്രമായ ഫലത്തെയാവും നൽകുക. ജനിച്ച കൂറിന്റെ 2,5,7,9,11 എന്നീ രാശികളിൽ സഞ്ചരിക്കുന്ന വർഷത്തിൽ വ്യാഴം അനുകൂലമായിട്ടുള്ള ഫലങ്ങളേയും സൃഷ്ടിക്കുന്നു.
ശനി കുംഭം രാശിയിലാണ് 2023 ൽ സഞ്ചരിക്കുന്നത്. 2024 ൽ ശനിക്ക് രാശിമാറ്റമില്ല. കുംഭത്തിൽ തന്നെ തുടരും എന്ന് സാരം. രണ്ടരവർഷക്കാലമാണ് ശനി ഒരു രാശിയെ കടക്കാൻ കൈക്കൊള്ളുന്ന കാലം. മകരം, കുംഭം, മീനം എന്നീ കൂറുകാരുടെ ഏഴരശനിക്കാലം തുടരുകയാണ്. ഇടവം, ചിങ്ങം, വൃശ്ചികം എന്നീ കൂറുകാരുടെ കണ്ടകശനിക്കാലവുമാണ്. കർക്കിടകക്കൂറിൽ ജനിച്ചവരുടെ അഷ്ടമശനിക്കാലമാണിപ്പോൾ.
തുലാം, മിഥുനം എന്നീ കൂറുകളിൽ ജനിച്ചവർക്ക് ശനി യഥാക്രമം 5,9 എന്നീ ഭാവങ്ങളിലാകയാൽ സമ്മിശ്രഫലങ്ങൾ നൽകും. അഥവാ ശുഭാശുഭരഹിത ഗ്രഹമായി പ്രവർത്തിക്കും. ചുരുക്കത്തിൽ ജന്മരാശിയുടെ 3, 6, 11 എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ മാത്രമാണ് ശനി ഉന്നതമായ സൽഫലങ്ങൾ നൽകുന്നത്. അതു പ്രകാരം നോക്കിയാൽ 2025 വരെ കുംഭം രാശിയിൽ തുടരുന്ന ശനി ധനു, കന്നി, മേടം എന്നീ കൂറുകളിൽ ജനിച്ചവർക്കാവും 2024 ൽ കൂടുതൽ ഗുണഫലങ്ങൾ നൽകുകയെന്ന് വ്യക്തമാണ്.
രാഹുവിനെ ശനിയെപ്പോലെയും കേതുവിനെ ചൊവ്വയെപ്പോലെയും കരുതണം എന്നാണ് ജ്യോതിഷനിയമങ്ങൾ വ്യക്തമാക്കുന്നത്. രാഹുവും കേതുവും 2023 ഒക്ടോബർ അവസാനം മുതൽ യഥാക്രമം മീനം, കന്നി എന്നീ രാശികളിലാണ് സഞ്ചരിക്കുന്നത്. ഒന്നരവർഷക്കാലമാണ് ഒരുരാശിയിൽ രാഹുകേതുക്കളുടെ സഞ്ചാരം.
2024 ൽ രാഹുകേതുക്കൾക്ക് രാശിപ്പകർച്ചയില്ല. മീനം, ചിങ്ങം, മേടം എന്നീ കൂറുകളിൽ ജനിച്ചവർക്ക് രാഹുവും, കന്നി, കുംഭം, തുലാം എന്നീ കൂറുകളിൽ ജനിച്ചവർക്ക് കേതുവും പ്രായേണ ഈ വർഷം അനിഷ്ടകാരികളാവും.
ധനു മുതൽ കർക്കടകം വരെയുള്ള എട്ട് രാശികളിലായി 2024 ൽ ചൊവ്വ കടന്നു പോകുന്നു. ശരാശരി ഒന്നര മാസക്കാലമാണ് ചൊവ്വ ഒരുരാശിയിൽ ഉണ്ടാവുക. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ചൊവ്വ തന്റെ ഉച്ചരാശിയായ മകരം രാശിയിലാണ്. നവംബർ, ഡിസംബർ മാസങ്ങളിൽ നീചരാശിയായ കർക്കടകത്തിലും സഞ്ചരിക്കുന്നു.
ആദിത്യൻ, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ ശരാശരി ഒരുമാസക്കാലം ഒരു രാശിയിൽ സഞ്ചരിക്കുന്നു. ആദിത്യൻ പൂരാടം ഞാറ്റുവേലയിൽ സഞ്ചരിക്കുമ്പോഴാണ് പ്രായേണ പുതിയ ഇംഗ്ലീഷ് വർഷം പിറക്കുക. ചന്ദ്രൻ ഒരു ദിവസം ഒരു നക്ഷത്രമണ്ഡലത്തെ കടക്കുന്നു.
വ്യാഴം മേടരാശിയിൽ നിന്നും സംക്രമിക്കുന്നതു വരെ (മെയ് 1, 2024) ലോകത്തിൽ യുദ്ധത്തിന്റെ ഭീഷണി തുടരാം. സമാധാന ശ്രമങ്ങൾ പാളിയേക്കും. പണപ്പെരുപ്പം മൂലമുളള ആശങ്കകൾ ഉയരുന്നതാണ്. ജനാധിപത്യത്തിന്റെ ധ്വംസനം എവിടെയും ഒരു സാധാരണകാര്യം എന്നനിലയിൽ അരങ്ങേറാനിടയുണ്ട്. മനുഷ്യത്വം മരവിച്ചു പോകുന്ന അനുഭവങ്ങൾ ഉണ്ടായേക്കാം.
ഫെബ്രുവരിയിൽ ശനിക്കും മേയ്, ജൂൺ മാസങ്ങളിൽ വ്യാഴത്തിനും മൗഢ്യം വരികയാൽ പലതരത്തിലുള്ള കെടുതികൾ ഇക്കാലയളവിൽ അരങ്ങേറിയേക്കും. സാംക്രമിക രോഗങ്ങൾ ജീവിതത്തിന്റെ സ്വാഭാവിക താളങ്ങളെ ബാധിക്കാനിടയുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിലക്കാത്ത രാഷ്ട്രീയ തർക്കങ്ങൾ ഉയർന്നുവരുവാൻ ഇടയുണ്ട്.
ജൂൺ മാസം തൊട്ട് വ്യാഴം ഇടവം രാശിയിലൂടെ സഞ്ചരിക്കുകയാൽ പുത്തൻ പ്രതീക്ഷകൾ മനുഷ്യരാശിയെ ആഹ്ളാദിപ്പിക്കും. മനുഷ്യപ്രതിഭ ശാസ്ത്രീയമായ കണ്ടെത്തലുകളിൽ അഭിരമിക്കും. കലാപരമായ സംഭാവനകൾ ആഗോളമനുഷ്യന്റെ മനസ്സിനെ സന്തോഷിപ്പിച്ചേക്കാം.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടേയും 2024 ലെ സമ്പൂർണ്ണ വാർഷികഫലം ഇവിടെ അപഗ്രഥിക്കപ്പെടുന്നു.
അശ്വതി
ശനിയുടെ അനുകൂലത ഈ വർഷം മുഴുവൻ തുടരുന്നതിനാൽ സാമ്പത്തികമായ ഉന്നമനം പ്രതീക്ഷിക്കാം. നിക്ഷേപങ്ങൾക്കും തൊഴിൽപരമായ വളർച്ചയ്ക്കും സ്ഥാനക്കയറ്റത്തിനും ശനിയുടെ ബലം കാരണമാകുന്നതാണ്. ഏപ്രിൽ അവസാനം വരെ വ്യാഴം ജന്മരാശിയിൽ തുടരുകയാൽ മാനസിക ക്ലേശങ്ങളും സാമൂഹികമായ അംഗീകാരം കിട്ടാതിരിക്കലും ആശയക്കുഴപ്പങ്ങളും സാധ്യതകളാണ്.
മേയ് മാസം മുതൽ ഇക്കാര്യങ്ങൾ അനുകൂലമായിത്തീരും. ആഗ്രഹിച്ച വിഷയങ്ങളിൽ ഉപരിവിദ്യാഭ്യാസത്തിന് അവസരം ഉണ്ടാകുന്നതാണ്. വർഷത്തിന്റെ രണ്ടാം പകുതിയിൽ അവിവാഹിതർക്ക് വിവാഹസിദ്ധി ഭവിച്ചേക്കാം. രാഹുവിന്റെ അനിഷ്ടസ്ഥിതിയാൽ അപ്രതീക്ഷിത യാത്രകളും അധികച്ചെലവുകളും ഉണ്ടാവാം. പാദരോഗം, ഇഷ്ടബന്ധുക്കളിൽ ചിലർക്ക് ദുരിതങ്ങൾ, ശത്രുക്കളുടെ ഉപജാപം എന്നിവ വന്നുകൂടായ്കയില്ല.
ഭരണി
സ്വന്തം അഭിപ്രായമനുസരിച്ച് പ്രവർത്തിക്കാനും അത് കുടുംബത്തെക്കൊണ്ട് അംഗീകരിപ്പിക്കാനും സാധിക്കും. തൊഴിൽ തുടങ്ങാനും നിലവിലെ സംരംഭങ്ങളിൽ വിജയിക്കാനും കഴിയും. സാമ്പത്തിക ക്ലേശങ്ങൾക്ക് പരിഹാരമാവും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ഭവിച്ചേക്കാം. ജോലിതേടുന്നവർക്ക് നിരാശപ്പെടേണ്ടിവരില്ല. പഠനഗവേഷണാദികൾ പ്രതീക്ഷിച്ചവിധം തന്നെ പുരോഗമിക്കുന്നതാണ്.
മേയ്മാസത്തിനു ശേഷം പ്രണയസാഫല്യം, വിവാഹസിദ്ധി ഇവയുണ്ടാകുന്നതാണ്. സന്താനങ്ങളുടെ പഠനം, ജോലി എന്നിവ സംബന്ധിച്ച ആശങ്കകൾ ദൂരീകരിക്കപ്പെട്ടേക്കും. ആരോഗ്യപരായി ശ്രദ്ധ വേണ്ടതുണ്ട്. രാഹുവിന്റെ അനിഷ്ടസ്ഥിതിയാൽ മാനസിക പിരിമുറുക്കം, വാതജന്യരോഗങ്ങൾ എന്നിവയുണ്ടാവാം. ദുശ്ശീലങ്ങൾ ഉള്ളവർക്ക് അവമൂലം ക്ലേശസാധ്യത കാണുന്നു.
കാർത്തിക
ഗുണവും ദോഷവും കലർന്ന ഫലങ്ങളാവും ഇക്കൊല്ലത്തെ ഗ്രഹസ്ഥിതിമൂലം സംജാതമാവുക. ഗുണാനുഭവങ്ങളിൽ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പൂർത്തീകരണം, യോഗ്യതക്കനുസരിച്ചുള്ള ഉദ്യോഗപ്രാപ്തി, നിലവിലെ ജോലിയിൽ അധികച്ചുമതല, സ്ഥാനക്കയറ്റം എന്നിവ പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണം പൂർത്തിയായേക്കും. അന്യദേശത്ത്/ വിദേശത്ത് പഠന-തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തും.
കുടുംബജീവിതത്തിൽ സമാധാനം പുലരും. മക്കളുടെ ശ്രേയസും പിന്തുണയും സന്തോഷത്തിനും സംതൃപ്തിക്കും കാരണമാകുന്നതാണ്. പ്രതികൂല ഫലങ്ങളിൽ വയോജനങ്ങളുടെ രോഗം, അകാരണമായ മാനസിക പിരിമുറുക്കം എന്നിവ സാധ്യതകൾ. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കാതിരിക്കൽ, ജീവിതശൈലി രോഗങ്ങളുടെ ഉപദ്രവം, വീടുവിട്ട് നിൽക്കേണ്ട സ്ഥിതി എന്നിവയും ചില വിപരീത ഫലങ്ങളാണ്.
രോഹിണി
രാഹു അനുകൂലസ്ഥിതിയിൽ തുടരുന്ന വർഷമാകയാൽ നിഗൂഢമായ വരുമാനം വർദ്ധിക്കും. രാഷ്ട്രീയ ഗുണം, ഉപജാപങ്ങളിൽ വിജയം എന്നിവയുണ്ടാവും. എതിർപ്പുകളെ മറികടന്ന് ലക്ഷ്യത്തിലെത്തും. മേയ് മാസം മുതൽ ജന്മവ്യാഴം ഭവിക്കുകയാൽ ഗാർഹികമായും ഔദ്യോഗികമായും പലതരം സമ്മർദ്ദങ്ങളെ നേരിടേണ്ടി വരാം.
പഠനത്തിനോ തൊഴിലിനോ വിദേശത്ത് കൂടുതൽ അവസരം ലഭിച്ചേക്കാം. കണ്ടകശനി തുടരുന്നതിനാൽ വലിയ തോതിൽ പണം മുടക്കിയുള്ള പുതിയ തൊഴിൽ ഗുണകരമാവണമെന്നില്ല. നിലവിലെ ബിസിനസ്സ് രംഗത്ത് നന്നായി അധ്വാനിച്ചിട്ടും പുരോഗതി ഉണ്ടാവാത്തതിൽ വിഷമമുണ്ടാവും. ചിലപ്പോൾ ആലസ്യം ബാധിച്ചേക്കാം. ആരോഗ്യപരിശോധനകൾ കൃത്യമായി നടത്തേണ്ടതുണ്ട്.
മകയിരം
ഗുണദോഷഫലങ്ങൾ ആവർത്തിക്കുന്ന വർഷമാണ്. സങ്കീർണ്ണമായ അനുഭവങ്ങളും ആശയക്കുഴപ്പങ്ങളും ഭവിക്കും. തൊഴിലിൽ പരീക്ഷണങ്ങൾക്ക് മുതിരാതിരിക്കുകയാവും അഭികാമ്യം. നിലവിലെ ഉദ്യോഗം മടുപ്പിക്കാം. എന്നാൽ ജോലി ഉപേക്ഷിച്ചശേഷം പുതിയ അവസരങ്ങൾ തേടുന്നത് അത്ര അഭിലഷണീയം ആയിരിക്കില്ല.
വസ്തു/ ഭൂമി ഇടപാടുകൾ നടന്നുകിട്ടുമെങ്കിലും പ്രതീക്ഷിച്ച ആദായം ഉണ്ടായേക്കില്ല. രഹസ്യ ഇടപാടുകൾ ലാഭകരമാവും. സർക്കാർ ധനസഹായം, ചിട്ടി, വായ്പ തുടങ്ങിയവ പ്രയോജനപ്പെടുത്തും. അവിവാഹിതർക്ക് വിവാഹജീവിതത്തിൽ പ്രവേശിക്കാനാവും. ദമ്പതികൾക്കിടയിൽ ഭിന്നസ്വരങ്ങൾ ഉയരാം. ആത്മീയസാധനകൾ മന്ദീഭവിക്കുന്നതാണ്. കുടുംബത്തിലെ മുതിർന്ന വ്യക്തികളുടെ പരിരക്ഷയിലും വൈദ്യസഹായത്തിലും ശ്രദ്ധ വേണ്ടതുണ്ട്.
തിരുവാതിര
ഗുണാനുഭവങ്ങളും സാമ്പത്തിക മെച്ചവും ഏപ്രിൽ മാസം വരെ അഭംഗുരമായി വളരും. സ്ഥാനോന്നതി, പഠനപുരോഗതി, രാഷ്ട്രീയ നേട്ടം എന്നിവ തുടരപ്പെടും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ നല്ലതീരുമാനം കൈവരും. പുതുവീട്ടിൽ താമസം ആരംഭിക്കും. ആശിച്ച വാഹനം സ്വന്തമാക്കുന്നതാണ്. പതിനൊന്നിൽ നിന്നും വ്യാഴം പന്ത്രണ്ടിൽ വരികയാൽ വർഷത്തിന്റെ രണ്ടാം പകുതിക്ക് മേന്മകുറയുന്നതാണ്.
ഈശ്വരാധീനം മങ്ങുന്നതായി തോന്നും. രാഹുകേതുക്കളുടെ വിപരീതസ്ഥിതി മാനസികസ്വസ്ഥത, ഗൃഹസൗഖ്യം, തൊഴിൽ ഭദ്രത എന്നിവയെ ബാധിക്കാനിടയുണ്ട്. ദുർവാസനകൾ അധികരിച്ചേക്കാം. സുപ്രധാനകാര്യങ്ങളിൽ ആലോചനാശൂന്യമായ തീരുമാനം കൈക്കൊള്ളാനിടയുണ്ട്. ആരോഗ്യപരിരക്ഷ അനിവാര്യമാണ്.
പുണർതം
മിഥുനക്കൂറുകാരായ പുണർതം നാളുകാർക്ക് ഏപ്രിൽ മാസം വരെ നല്ലഫലങ്ങളും അതിനുശേഷം വർഷാന്ത്യം വരെ സമ്മിശ്രമായ ഫലങ്ങളും അനുഭവത്തിൽ വരും. എന്നാൽ കർക്കടകക്കൂറിൽ വരുന്ന പുണർതം നാളുകാർക്ക് ഏപ്രിൽ-മേയ് മാസം വരെ ഗുണദോഷപ്രദമായ അനുഭവങ്ങളും അതിനുശേഷം പതിനൊന്നാം വ്യാഴം ആരംഭിക്കുകയാൽ മെച്ചപ്പെട്ട ഫലങ്ങളും പ്രതീക്ഷിക്കാം.
ദോഷാനുഭവങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനവൈകല്യം, ആരോഗ്യപ്രശ്നങ്ങൾ, കടബാധ്യത, അർഹമായ പദവിയും ശമ്പളവർദ്ധനവും ലഭിക്കാതിരിക്കുക, ഭാഗ്യക്കുറവ് തുടങ്ങിയവ സാധ്യതകളാണ്. ഗ്രഹാനുകൂല്യം വരുമ്പോൾ തൊഴിൽ മുന്നേറ്റം ഉണ്ടാകുന്നതാണ്. അർഹമായ അവകാശങ്ങൾ ലഭിക്കും. അനാരോഗ്യം നീങ്ങും. മന:ശക്തിയുണ്ടാവും. ന്യായമായ ആഗ്രഹങ്ങളെല്ലാം നിറവേറപ്പെടുന്നതുമാണ്.
പൂയം
കർക്കടകക്കൂറിൽ വരുന്ന നക്ഷത്രമായതിനാൽ പ്രായേണ ഇക്കൊല്ലം ഗുണാനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കും. എന്നാൽ ആദ്യമാസങ്ങളിൽ കാര്യങ്ങൾ അത്ര ആശാവഹമാവില്ല. ഒമ്പതാം ഭാവത്തിലെ രാഹുസ്ഥിതി ഭാഗ്യഭ്രംശം, പിതാവിന് ക്ലേശം, ഉപാസനാഭംഗം എന്നിവ സൃഷ്ടിക്കാം. അഷ്ടമശനി സ്വക്ഷേത്രസ്ഥനാകയാൽ ദോഷശക്തി കുറയും. പത്തിലെ വ്യാഴസ്ഥിതിയും അനുകൂലമല്ല.
കർമ്മരംഗം ഉദാസീനമായി കാണപ്പെടും. എന്നാൽ 2024 ജൂൺമാസം മുതൽ വ്യാഴത്തിന്റെ പതിനൊന്നിലേക്കുള്ള മാറ്റത്താൽ പലതരം ശുഭാനുഭവങ്ങളും ചിരകാല സ്വപ്നങ്ങളുടെ സാക്ഷാൽകാരവും അനുഭവത്തിൽ വരും. മൂന്നിലെ കേതു അസാധ്യമെന്ന് കരുതിയ കാര്യങ്ങൾ നേടാൻ പ്രേരണയേകും. ഉന്നതരുടെ വിശ്വാസമാർജ്ജിക്കും. കച്ചവടത്തിൽ ലാഭം ഉയരുന്നതാണ്. വസ്തുവോ വീടോ വാങ്ങാനായേക്കും.
ആയില്യം
പ്രധാനപ്പെട്ട ഗ്രഹങ്ങൾ ഏപ്രിൽ മാസം വരെ പ്രതികൂല സ്ഥിതി തുടരുന്നു. അതിനാൽ അക്കാലത്ത് ഗുണപരമായ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. സാധാരണകാര്യങ്ങൾ മുടക്കം കൂടാതെ നടന്നേക്കും. കൂടുതൽ കടബാധ്യത വരാതെ ശ്രദ്ധിക്കണം. നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് അഭിലഷണീയമാവില്ല.
മക്കളുടെ ജോലി, വിവാഹം മുതലായവ നീണ്ടുപോയേക്കാം. എന്നാൽ മേയ് മാസം മുതൽ വ്യാഴത്തിന്റെ ശക്തമായ ആനുകൂല്യം കൈവരുന്നതിനാൽ ഗുണാനുഭവങ്ങൾ വന്നുതുടങ്ങും. സ്വന്തം തൊഴിലിൽ മെച്ചമുണ്ടാവുന്നതാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ പിണക്കം പരിഹരിക്കപ്പെടും. കടക്കെണിയിൽ നിന്നും അല്പാല്പമായി മോചനം കണ്ടുതുടങ്ങും. ഗൃഹം മോടി പിടിപ്പിക്കാനും പുതിയ വാഹനം വാങ്ങാനും സാധിക്കുന്നതാണ്. കുടുംബസമേതമുള്ള വിനോദയാത്രകൾക്ക് അവസരമൊരുങ്ങും.
മകം
രണ്ടാം ഭാവത്തിൽ കേതു, അഞ്ചിൽ ആദിത്യനും ചൊവ്വയും, ഏഴിൽ ശനി, എട്ടിൽ രാഹു, ഒമ്പതിൽ വ്യാഴം എന്നിങ്ങനെയുള്ള വർഷാരംഭത്തിലെ ഗ്രഹനില മകം നാളുകാർക്ക് അനുകൂലമല്ല. എന്നാലും മനസ്സിരുത്തി പ്രവർത്തിക്കുന്ന പക്ഷം തൊഴിലിൽ നേട്ടങ്ങൾ സിദ്ധിക്കുന്നതാണ്. തടസ്സങ്ങളെ അതിജീവിക്കുവാൻ കഴിയും. സാമ്പത്തിക ക്ലേശങ്ങൾക്ക് ഭാഗികമായെങ്കിലും അയവ് വരുന്നതാണ്. പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾക്ക് നല്ലചികിൽസ ലഭ്യമാക്കാനാവും. വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന് അവസരം സിദ്ധിക്കും.
അവിവാഹിതരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടായേക്കാം. ജൂൺമാസത്തിനു ശേഷം വലിയ മുതൽ മുടക്കാവശ്യമുള്ള സംരംഭങ്ങളിൽ ഏർപ്പെടാതിരിക്കുന്നത് ഉത്തമം. ഉദ്യോഗസ്ഥർക്ക് അപ്രതീക്ഷിത സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. ഏല്പിക്കപ്പെട്ട ചുമതലകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച സംഭവിച്ചേക്കാം. ആരോഗ്യപരമായും കരുതൽ വേണ്ടതുണ്ട്.
പൂരം
മുൻവർഷത്തിൽ അനുഭവിച്ച ദുരിതങ്ങൾക്ക് കുറവുവരാം. കച്ചവടത്തിൽ മുന്നേറ്റം ഭവിക്കുന്നതാണ്. ചർച്ചകളിലും സംവാദങ്ങളിലും സജീവമാകും.
പഠനം, ഗവേഷണം എന്നിവയിൽ ഏകാഗ്രതയും ദിശാബോധവും പ്രകടിപ്പിക്കും. കരാർ പണികൾ തുടർന്നും ലഭിക്കുന്നതാണ്. ഏജൻസികൾ / ഫ്രാഞ്ചൈസികൾ എന്നിവയിലൂടെ വരുമാനം വർദ്ധിപ്പിക്കാൻ സാധിച്ചേക്കും. ചെറുപ്പക്കാർക്ക് കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കാൻ സാഹചര്യം ഒരുങ്ങുന്നതാണ്. വർഷത്തിന്റെ രണ്ടാംപകുതിയിൽ താരതമ്യേന വെല്ലുവിളികൾ കൂടിയേക്കും. കൂടുതൽ മെച്ചപ്പട്ട ജോലിക്കായുള്ള അന്വേഷണം ഫലം കാണണമെന്നില്ല. ഗാർഹികമായി ചില പൊരുത്തക്കേടുകൾ ഉദയം ചെയ്യാം. ആരോഗ്യപരിപാലനത്തിൽ നല്ല ജാഗ്രത ആവശ്യമാണ്.
ഉത്രം
ചിങ്ങക്കൂറുകാരായ ഉത്രം നാളുകാർക്ക് (ഉത്രം ഒന്നാം പാദം) പ്രായേണ വർഷത്തിന്റെ ആദ്യപകുതി ശ്രേയസ്കരമാവും. കന്നിക്കൂറുകാരായ ഉത്രം നാളുകാർക്ക് (2,3,4 പാദങ്ങൾ) വർഷത്തിന്റെ രണ്ടാം പകുതിയാവും കൂടുതൽ മെച്ചപ്പെട്ടത്. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉയർന്ന വിജയശതമാനം കരസ്ഥമാക്കാനും ഇഷ്ടമുള്ള കോഴ്സുകളിൽ ചേർന്ന് ഉപരിപഠനം നടത്താനും സാധിക്കും. നവമാധ്യമങ്ങളിൽ തൊഴിൽ കണ്ടെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നതാണ്. ഭൂമി വാങ്ങാനുള്ള ആഗ്രഹം സാധിച്ചേക്കും. സാമ്പത്തികമായി വളർച്ചയുണ്ടാവും. വായ്പാ കുടിശ്ശികകൾ അടച്ചുതീർക്കാൻ കഴിയുന്നതാണ്. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിച്ചേക്കാം. സാംക്രമികരോഗങ്ങൾ ഭീഷണിയാവാം. ബന്ധുക്കളുടെ സഹകരണം കുറയുന്നതാണ്. മകന്റെ വിവാഹം ആർഭാടപൂർവ്വം നടത്താനാവും. തീർത്ഥാടനയോഗം അനുഭവത്തിൽ വരുന്ന വർഷമാണ്.
അത്തം
വ്യാഴം അഷ്ടമത്തിൽ സഞ്ചരിക്കുകയാൽ ഏപ്രിൽ മാസം വരെ ക്ലേശാനുഭവങ്ങൾ തുടരാം. സാമ്പത്തിക പരാധീനതകൾ നിലനിൽക്കാം. രാഷ്ട്രീയ പിന്തുണ ലഭിച്ചേക്കില്ല. നിഷ്പ്രയോജനകരമായ യാത്രകൾ ഉണ്ടാവും. ആരോഗ്യപരമായും ശ്രദ്ധ വേണ്ടതുണ്ട്. മേയ് മാസം മുതൽ കൃത്യമായ ലക്ഷ്യത്തോടെ പ്രവർത്തിക്കാനാവും. നവസംരംഭങ്ങളിൽ വളർച്ച വന്നുചേരും. ബിസിനസ്സ് വിപുലീകരണം സാധ്യമാകുന്നതാണ്. അന്യദേശത്ത് - വിദേശത്ത് ജോലിക്ക് അവസരം ലഭിക്കാം. പിതൃസ്വത്തിന്മേലുള്ള തർക്കം പരിഹരിക്കപ്പെടും. വീട് വാങ്ങാൻ സാഹചര്യമൊരുങ്ങും. പ്രണയികൾക്ക് ഹൃദയൈക്യം സാധ്യമാകും. അവിവാഹിതർക്ക് വിവാഹയോഗമുണ്ട്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ഭാഗ്യപരീക്ഷണങ്ങൾ ഭാഗികമായിട്ടെങ്കിലും വിജയിക്കുന്നതാണ്.
ചിത്തിര
കന്നി, തുലാം രാശികളിലായി സമവിഭക്തമായി വരുന്ന നക്ഷത്രമാണ് ചിത്തിര. കന്നിക്കൂറുകാർക്ക് വർഷാദ്യം ഗുണാനുഭവങ്ങൾ കുറയാം. ഏഴിലെ രാഹുവും ജന്മകേതുവും ആരോഗ്യപ്രശ്നങ്ങൾ, ബിസിനസ്സിൽ മുരടിപ്പ്, ദാമ്പത്യക്ലേശം എന്നിവയ്ക്ക് കാരണമാകാം. മേയ് മാസം മുതൽ പലതരം അഭ്യൂദയങ്ങൾ അനുഭവതലത്തിലെത്തും. സമൂഹത്തിന്റെ ആദരം ലഭിക്കുന്നതാണ്.
തുലാക്കൂറുകാർക്ക് മനസ്സിനിണങ്ങിയ ജീവിതക്രമം സ്വീകരിക്കാൻ കഴിയും. വിശിഷ്ട വ്യക്തികളുടെ സ്നേഹം സമ്പാദിക്കും. കൂട്ടകച്ചവടത്തിൽ ലാഭം വർദ്ധിക്കുന്നതാണ്. പ്രണയികൾക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാൻ സാധിക്കും. ന്യായമായ രീതിയിൽ സമ്പാദ്യം ഉണ്ടാകും. വർഷത്തിന്റെ രണ്ടാം പകുതിയിൽ ആത്മസംഘർഷം വരാം. ഉദ്യോഗത്തിൽ പ്രതീക്ഷിച്ച പദവി കിട്ടിയേക്കില്ല. ധനവിനിയോഗത്തിൽ നല്ല ശുഷ്കാന്തി പുലർത്തണം. വൈദ്യപരിശോധനകൾ മുടക്കരുത്.
ചോതി
സമ്മർദ്ദങ്ങളെ സഹജമായ പ്രായോഗികതയാൽ നേരിടും. സഹപ്രവർത്തകരുമൊത്ത് ഔദ്യോഗിക യാത്രകൾ വേണ്ടിവരുന്നതാണ്. വർഷാരംഭത്തിൽ ശുഭവാർത്തകൾ തേടിവരും. വീടോ വാഹനമോ വാങ്ങാനുള്ള ശ്രമം വിജയിക്കുന്നതാണ്. തൊഴിൽരഹിതർക്ക് ചെറിയ വരുമാനമാർഗം തുറക്കപ്പെടും.
മകളുടെ വിവാഹം ഭംഗിയായി നടക്കും. കുടുംബകാര്യങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തുന്നതാണ്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിന്റെ അംഗീകാരവും പിന്തുണയും ലഭിക്കാം. വർഷത്തിന്റെ രണ്ടാം പകുതിയിൽ വ്യാഴത്തിന്റെ അനിഷ്ടസ്ഥിതിയാൽ പ്രതികൂലതകൾ ഉണ്ടാവാം. ബിസിനസ്സിൽ ഉന്മേഷരാഹിത്യം അനുഭവപ്പെടുന്നതാണ്. വാതം, സാംക്രമിക രോഗങ്ങൾ ഇവയ്ക്ക് വൈദ്യസഹായം വേണ്ടി വന്നേക്കാം.
വിശാഖം
തുലാക്കൂറിൽ മുക്കാൽപ്പങ്കും വൃശ്ചികക്കൂറിൽ കാൽപ്പങ്കും ആയി വരുന്ന വിശാഖം നാളുകാർക്ക് ഇക്കൊല്ലം ഗുണപരമായി മുൻതൂക്കം ഭവിക്കും. കാര്യാലോചനകളിൽ ശക്തമായ നിലപാടുകൾ കൈക്കൊള്ളും. ഉപരിവിദ്യാഭ്യാസത്തിൽ ഇടയ്ക്ക് പ്രതിസന്ധികൾ വരാം. ഗവേഷകർക്ക് കൊല്ലത്തിന്റെ മധ്യഘട്ടം വളരെ മെച്ചപ്പെട്ടതാവും. ചെറുകിട സംരംഭകർക്ക് വ്യാപാരം വിപുലീകരിക്കാനായേക്കും.
ഭൂമിസംബന്ധിച്ച ക്രയവിക്രയത്തിൽ ലാഭം കിട്ടുന്നതാണ്. നിയമപ്രശ്നങ്ങൾക്കും വ്യവഹാരങ്ങൾക്കും നല്ല പരിസമാപ്തി ഉണ്ടാവും. പഴയവീട് പുതുക്കാനവസരം കിട്ടും. അനുരാഗികൾക്ക് അനുകൂലമായ വർഷമാണ്. കലാപ്രവർത്തകർ, അഭിനേതാക്കൾ, ഗായകർ തുടങ്ങിയവർക്ക് നല്ല അവസരങ്ങൾ ലഭിക്കാം. സന്താനജന്മത്താൽ ദാമ്പത്യജീവിതം സഫലമാവും. കഫജന്യരോഗങ്ങൾക്കും ഉദരരോഗത്തിനും വൈദ്യസഹായം വേണ്ടി വരാം.
അനിഴം
കണ്ടകശനി, പഞ്ചമരാഹു, ആറിലെ വ്യാഴം എന്നിവ ജീവിതത്തെ കുറച്ചൊക്കെ പ്രതികൂലമായി ബാധിക്കാം. ചിലർക്ക് വീടുവിട്ട് നിൽക്കേണ്ട സ്ഥിതി വന്നേക്കും. വാഹനത്തിന് പിഴ ഒടുക്കേണ്ട സാഹചര്യം ഉണ്ടാവാം. കൃത്യമായ ആസൂത്രണമില്ലായ്മ തൊഴിലിൽ പ്രതിഫലിക്കും. പ്രതീക്ഷിച്ചിരുന്ന സാമ്പത്തിക സഹായം വൈകുന്നതാണ്. കിടപ്പ് രോഗികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
മേയ് മാസത്തിൽ വ്യാഴം ഏഴാം ഭാവത്തിലേക്ക് മാറുന്നതിനാൽ പല കാര്യങ്ങളിലും നല്ലമാറ്റം വന്നുചേരും. മുൻപ് കഠിനമായി പരിശ്രമിച്ചിട്ടും നേടാത്ത കാര്യങ്ങൾ അനായാസമായി നേടും. അവിവാഹിതർക്ക് വിവാഹസാധ്യതയുള്ള കാലമാണ്. കൂട്ടുകച്ചവടം ലാഭത്തിലേക്ക് നീങ്ങും. പ്രയോജനമുള്ള, സന്തോഷമുള്ള യാത്രകൾ നടത്തും. ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനാവും.
തൃക്കേട്ട
2023 ലെ അനുഭവങ്ങളുടെ ആവർത്തനം തന്നെയാവും 2024 ലെ ആദ്യമാസങ്ങളിൽ. സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമം വിജയിക്കുന്നതാണ്. വരുമാന സ്രോതസ്സ് നിലനിർത്തും. മത്സരങ്ങളിലും അഭിമുഖങ്ങളിലും നേട്ടമുണ്ടാക്കും. യാത്രകൾ അധികരിച്ചേക്കും. കച്ചവടത്തിൽ നിന്നും ചെറിയ ലാഭവും അല്പമായ നേട്ടവും തടസ്സപ്പെട്ടേക്കില്ല. പുതിയ കരാറുകൾ വിചാരിച്ചത്ര ഗുണം ചെയ്യണമെന്നില്ല.
രാഷ്ട്രീയം, പൊതുപ്രവർത്തനം എന്നിവയിൽ താല്പര്യം ജനിച്ചേക്കും. മേയ് മാസം മുതൽ വ്യാഴം ഏഴാം ഭാവത്തിൽ സഞ്ചരിക്കുകയാൽ വിവാഹ സ്വപ്നം സാക്ഷാൽകരിക്കപ്പെടും. കുടുംബജീവിതം സ്വൈരപൂർണ്ണമാകും. രഹസ്യനിക്ഷേപങ്ങളിൽ നിന്നും ആദായം വർദ്ധിക്കുന്നതാണ്. സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കും. ഇച്ഛാശക്തി എതിർപ്പുകളെ മറികടക്കുന്നതാണ്.
മൂലം
2023 രണ്ടാം പകുതിയിൽ കൈവന്ന ഗുണഫലങ്ങൾ തുടരും. നക്ഷത്രാധിപനായ കേതുവിന് ബുധക്ഷേത്രത്തിൽ സ്ഥിതിയുള്ളതിനാൽ ബുദ്ധിപരമായ നീക്കങ്ങൾ നടത്താനും വിജയം വരിക്കാനും സാധിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധാലുക്കളാവും. ആഗ്രഹിച്ച വിഷയത്തിൽ ഉപരി വിദ്യാഭ്യാസം സാധ്യമാകുന്നതാണ്. തൊഴിലിൽ വികസനമുണ്ടാവും. മുതൽ മുടക്കിനനുസരിച്ചുള്ള ആദായം പ്രതീക്ഷിക്കാം.
ഉദ്യോഗസ്ഥർക്ക് അധികച്ചുമതലകളോ സ്ഥാനക്കയറ്റമോ കൈവരും. സഹപ്രവർത്തകരുടെ പിന്തുണ കരുത്തേകും. ജൂൺമാസം മുതൽ വ്യാഴത്തിന്റെ ആനുകൂല്യം കുറയുകയാൽ ദൈവാധീനക്കുറവ് അനുഭവപ്പെടും. ഗൃഹത്തിൽ ചില അസ്വസ്ഥതകൾ തലപൊക്കും. വീട് മാറേണ്ട സാഹചര്യം വരാം. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ വിഷമിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം.
പൂരാടം
വർഷത്തിന്റെ പകുതിവരെ ഗുണഫലങ്ങൾക്കാവും മുൻതൂക്കം. മകന്റെ പഠനം ഉന്നതിയിലേക്ക് കടക്കാം. മകൾക്ക് ജോലി ലഭിച്ചേക്കും. യുവജനങ്ങളുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടാകുന്നതാണ്. സഹോദരരുടെ പിന്തുണ ശക്തിയാകും. തൊഴിലിടത്തിൽ നല്ല അന്തരീക്ഷം സംജാതമാകുന്നതാണ്. ഏജൻസികളോ ഫ്രാഞ്ചൈസികളോ വരുമാനമാർഗമാകാം. വിദേശ പഠനം, തൊഴിൽ ഇവ പ്രതീക്ഷിക്കുന്നവർ നിരാശപ്പെടേണ്ടി വരില്ല.
വർഷത്തിന്റെ രണ്ടാം പകുതിയിൽ പല കാര്യങ്ങളിൽ മനക്ലേശങ്ങൾ കൂടാം. ഗൃഹത്തിന്റെ ജീർണ്ണോദ്ധാരണത്തിന് ചെലവേറും. കച്ചവടത്തിൽ ആലസ്യം ഭവിക്കാം. വയോജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. ഉദ്യോഗസ്ഥർക്ക് സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കും.
ഉത്രാടം
ധനുക്കൂറുകാർക്ക് (ഉത്രാടം ആദ്യപാദം) വർഷത്തിന്റെ ആദ്യപകുതി കൂടുതൽ ഗുണകരമാവും. മകരക്കൂറുകാർക്ക് (ഉത്രാടം 2,3,4 പാദങ്ങൾ) ജൂലൈ മുതലാവും മെച്ചപ്പെട്ട ഫലങ്ങൾ വന്നെത്തുക. പൊതുവേ ആത്മവിശ്വാസം വർദ്ധിക്കുന്ന കാലമാവും. സാങ്കേതിക വിഷയങ്ങളിൽ അറിവ് സമ്പാദിക്കും. മുഖ്യതൊഴിലിനൊപ്പം മറ്റൊരു വരുമാനമാർഗം കൂടി കണ്ടെത്തും. കൂട്ടുകച്ചവടത്തിൽ വിജയമുണ്ടാകും.
ഭാവനാപരവും കലാപരവുമായ പ്രവർത്തനങ്ങളിൽ വിജയിക്കും. കലാരംഗത്തുള്ളവർക്ക് അവസരങ്ങളുണ്ടാവും. ആത്മീയമായ സാധനകൾ വളരും. ക്ഷേത്രാടനത്തിലും തീർത്ഥാടനത്തിലും ആനന്ദം കണ്ടെത്തും. കഫജന്യരോഗങ്ങളിൽ കരുതൽ വേണം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത കുറയരുത്. ദാമ്പത്യപ്രശ്നങ്ങൾ സ്വൈരക്കേടുണ്ടാക്കാം. അനുരഞ്ജനത്തിന്റെ പാത മനശ്ശാന്തിയേകാം.
തിരുവോണം
സജീവവും ക്രിയാത്മകവും ആയ വർഷമാവും. ഇച്ഛാശക്തി ഉയരും. പുതിയ തീരുമാനങ്ങൾ കൈക്കൊള്ളും. അവ വിജയപഥത്തിലെത്തിക്കാൻ നന്നായി പ്രയത്നിക്കുവാൻ കഴിയും. സഹായകമായ നല്ല കൂട്ടുകെട്ടുകൾ ഉണ്ടാവുന്നതാണ്. നിക്ഷേപങ്ങളിൽ നിന്നും ആദായം ഉയരും. സാമ്പത്തിക ക്ലേശം ഒട്ടൊക്കെ പരിഹരിക്കാൻ സാധിക്കുന്നതാണ്.
വിദ്യാഭ്യാസപൂർത്തീകരണം, ന്യായമായ തൊഴിൽ, പ്രണയസാഫല്യം, വിവാഹസിദ്ധി, സന്താനപ്രാപ്തി ഇവയ്ക്കെല്ലാം അനുകൂലമായ കാലഘട്ടമാണ്. വസ്തുവാങ്ങാനോ, ഗൃഹനിർമ്മാണത്തിനോ സാഹചര്യമൊരുങ്ങും. ഭാഗ്യസ്ഥാനത്തിലെ കേതുവും ചൊവ്വയുടെ അനിഷ്ടസ്ഥാന സഞ്ചാരവും ശാരീരികവും മാനസികവുമായ ക്ലേശങ്ങൾക്ക് വഴിവെച്ചേക്കും. ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ ആവശ്യമാണ്.
അവിട്ടം
മകരക്കൂറിലും കുംഭക്കൂറിലും സമഭാഗമായി വരുന്ന നക്ഷത്രമാണ് അവിട്ടം. നക്ഷത്രനാഥനായ ചൊവ്വ വർഷാരംഭത്തിൽ മൗഢ്യത്തിലാണ്. കണ്ണീരും കഷ്ടവും കൂടുതലുണ്ടായ വർഷമാണ് പിൻമാറുന്നത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ചൊവ്വ ഉച്ചരാശിയിലാണ്. നേട്ടങ്ങൾ പലതുണ്ടാകും. നിലീനമായിക്കിടന്ന ആത്മശക്തി ഉണരും. എതിർപ്പുകളുടെ മുനയൊടിച്ച് മുന്നോട്ടു നീങ്ങും.
ഒരുരംഗത്തും വിജയിക്കാത്ത വർഷമായിരുന്നു, 2023. ആ ശോച്യത അവസാനിക്കും. പഠനത്തിൽ ദിശാബോധമുണ്ടാകും. അർഹതയ്ക്കനുസരിച്ച് തൊഴിൽ നേടുവാനാവും. കാര്യബോധവും പ്രാപ്തിയും കൈവന്നതായി മുതിർന്നവർ വിലയിരുത്തും. ഭൂമി വാങ്ങാനോ വിൽക്കാനോ സാധിക്കുന്നതാണ്. വിവാഹയോഗമുണ്ട്. കുംഭക്കൂറുകാർക്ക് ദുരിതങ്ങളിൽ നിന്നും സമാശ്വാസം ലഭിക്കും. മകരക്കൂറുകാർ ഉയരങ്ങളിലെത്തും.
ചതയം
കുംഭക്കൂറുകാർക്ക് ക്ലേശപ്രദമായ കാലമാണ് കടന്നുപോകുന്നത്. ജന്മശനി (ഏഴരശനി), രാഹു-കേതു ദുസ്ഥിതി, വ്യാഴപ്പിഴ എന്നിവയാൽ ദുരിതപർവ്വമാണ് തുടരുന്നത്. 2024 മേയ് മാസം മുതൽ ഈ ഗ്രഹപ്രതികൂലത നീങ്ങാം. അതുവരെ ആരോഗ്യപ്രശ്നങ്ങൾ, ദാമ്പത്യത്തിൽ അനൈക്യം, ഋണബാധ്യതകൾ ഇവയുണ്ടാകാം. ജാമ്യം നിൽക്കുന്നത് ശ്രദ്ധയോടെ വേണം. വ്യവഹാരാദികൾക്ക് മുതിരാതിരിക്കുകയാവും ഉത്തമം.
വ്യാഴം ഇടവരാശിയിൽ സഞ്ചരിച്ചു തുടങ്ങുമ്പോൾ ക്ലേശങ്ങൾക്ക് ലഘുത്വം സംഭവിക്കുന്നതാണ്. സ്ഥിരജോലി, വേതന വർദ്ധനവ് എന്നിവ പ്രതീക്ഷിക്കാം. ഗാർഹികമായി സ്വസ്ഥതയുണ്ടാവും. കലുഷമായ അന്തരീക്ഷം തെളിഞ്ഞു തുടങ്ങും. ദുർലഭമായിരുന്നവ സുലഭമാകുന്നതാണ്. സാമൂഹികമായ അംഗീകാരം കിട്ടും. ആരോഗ്യസ്ഥിതി മെച്ചമാകും.
പൂരൂരുട്ടാതി
കുംഭക്കൂറിലും മീനക്കൂറിലും വരുന്ന നക്ഷത്രമാണ്, പൂരൂരുട്ടാതി. തൊഴിൽ തേടുന്നവർക്ക് ഇക്കൊല്ലം നിരാശപ്പെടേണ്ടി വരില്ല. വിദേശത്ത് പോകാനുള്ള ആഗ്രഹം സാധിച്ചേക്കും. സാമ്പത്തികനില മെച്ചപ്പെടുന്ന വർഷമാണ്. അല്പാല്പമായി പണം ശേഖരിക്കാനും വർഷാവസാനം തരക്കേടില്ലാത്ത സമ്പാദ്യം നേടാനുമാവും.
വസ്തുവാങ്ങുന്നതിൽ കബളിപ്പിക്കപ്പെടാനിടയുണ്ട്. അതിനാൽ അക്കാര്യത്തിൽ നല്ല ജാഗ്രത ആവശ്യമാണ്. ജന്മശനിയുടെ കാലമാകയാൽ ആരോഗ്യകാര്യത്തിൽ കരുതൽ വേണ്ടതുണ്ട്. തടസ്സങ്ങൾ ഇടക്കിടെ അനുഭവത്തിൽ വരാം. നവമാധ്യമങ്ങളിൽ സാന്നിദ്ധ്യം ശക്തമാക്കും. ദുസ്ഥാനസ്ഥിതരായ രാഹുവും ശനിയും വിദ്യാഭ്യാസതടസ്സത്തിന് കാരണമാകാം.
ഉത്രട്ടാതി
രാഹുവും ശനിയും പ്രതികൂലത തുടരുന്ന വർഷമാണ്. എങ്കിലും ആദ്യപകുതിയിൽ നേട്ടങ്ങൾക്ക് മുഖ്യത്വം ഉണ്ടാവും. ഭൂമിലാഭം, ഗൃഹനിർമ്മാണാരംഭം, സാമ്പത്തികോന്നതി എന്നിവ സിദ്ധിക്കും. തൊഴിൽ തേടുന്നവർക്ക് സ്ഥിരമായ ആദായമാർഗം തുറക്കപ്പെടും. രാഷ്ട്രീയ, കലാ മത്സരങ്ങളിൽ വിജയം വരിക്കുന്നതാണ്. എതിർപക്ഷത്തിന്റെ ഉപജാപങ്ങളെ പ്രതിരോധിക്കും.
കുടുംബാംഗങ്ങളുമായി വിനോദയാത്ര നടത്തും. ജൂണിനുശേഷം തൊഴിലിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാവണമെന്നില്ല. പഠനത്തിൽ ശ്രദ്ധ കുറയാം. ഊഹക്കച്ചവടം കൊണ്ട് പറയത്തക്ക ഗുണമൊന്നും ഉണ്ടാവണമെന്നില്ല. അനുരാഗികൾക്ക് പ്രണയശൈഥില്യത്തിന് സാധ്യത കാണുന്നു. മിതവ്യയം ശീലിക്കുന്നത് ഉത്തമം. വൈദ്യപരിശോധനകൾ കുറയ്ക്കരുത്.
രേവതി
വാഗ്ദാനം പാലിക്കാൻ പരിശ്രമിക്കും. ഒട്ടൊക്കെ വിജയിക്കും. ഉദ്യോഗത്തിനായുള്ള കാത്തിരിപ്പിന് അവസാനം വന്നേക്കും. നേതൃസിദ്ധി അംഗീകരിക്കപ്പെടും. ബിസിനസ്സ് വിപുലീകരിച്ചേക്കും. സർക്കാരിൽ നിന്നും അനുമതി പ്രതീക്ഷിച്ചതിലും നേരത്തെ ലഭിക്കുന്നതാണ്. വായ്പകൾ കൈവരാം. ഋണബാധ്യതകളിൽ നിന്നും ഭാഗികമായ മുക്തിയുണ്ടാകും.
വ്യവഹാരങ്ങളിൽ അനുകൂലമായ തീർപ്പ് ഒരു സാധ്യതയാണ്. സാധാരണ കാര്യങ്ങൾ ഒന്നും തന്നെ മുടങ്ങുകയില്ല. വർഷത്തിന്റെ രണ്ടാം പകുതിയ്ക്ക് തിളക്കം കുറവായിരിക്കും. പുതിയ ഉദ്യമങ്ങളിൽ നേട്ടമുണ്ടാക്കണമെങ്കിൽ ഭഗീരഥപ്രയത്നം ആവശ്യമായി വരും. ജന്മരാഹു ആലസ്യമുണ്ടാക്കും. തുടക്കത്തിലെ ഊർജ്ജം പിന്നീട് നഷ്ടമാകുന്നതാണ്. സാംക്രമിക രോഗങ്ങൾ, പാദരോഗം, വിഷാദരോഗം ഇവ ഉപദ്രവിക്കാനിടയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.