scorecardresearch

ദാമ്പത്യത്തിൽ തൃപ്തി കുറയും, സ്വകാര്യജോലിയിൽ പിരിമുറുക്കം കൂടും; കുംഭമാസത്തിലെ 6 നാളുകാരുടെ നക്ഷത്രഫലം

പുണർതം, മകം, അനിഴം, ഉത്രാടം, ചതയം, പൂരുരുട്ടാതി തുടങ്ങിയ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ കുംഭത്തിലെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു

പുണർതം, മകം, അനിഴം, ഉത്രാടം, ചതയം, പൂരുരുട്ടാതി തുടങ്ങിയ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ കുംഭത്തിലെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു

author-image
S. Sreenivas Iyer
New Update
Kumbham Horoscope

Monthly Horoscope: കുംഭമാസം നിങ്ങൾക്കെങ്ങനെ?

സഞ്ചരിക്കുന്ന കാലത്തെയാണ് കുംഭമാസം എന്നുപറയുന്നത്. ഒഴിഞ്ഞ കുടമേന്തിയ പുരുഷനാണ് ഈ രാശിയുടെ സ്വരൂപം. 29 ദിവസങ്ങൾ മാത്രമുള്ള ഒരു ഹ്രസ്വമാസമാണ് കുംഭം. കൊല്ലവർഷം 1199 ൽ ധനു, കുംഭം എന്നിവ രണ്ടും 29 ദിവസങ്ങളുള്ള മാസങ്ങളാകുന്നു. 2024 ഫെബ്രുവരി 14 ന് കുംഭമാസം തുടങ്ങുന്നു. മാർച്ച് 13 ന്  അവസാനിക്കുന്നു.

Advertisment

കുംഭമാസത്തെപ്പോലെ ഫെബ്രുവരിക്കും ഈ വർഷം 29 ദിവസങ്ങളുണ്ടെന്നത് (Leap year ആകയാൽ) കൗതുകമാണ്. ആദിത്യൻ കുംഭം രാശിയിൽ അവിട്ടം, ചതയം, പൂരൂരുട്ടാതി എന്നീ ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. കുംഭം ഏഴാം തീയതി വരെ അവിട്ടം ഞാറ്റുവേലയും, തുടർന്ന് ഇരുപതാം തീയതി വരെ ചതയം ഞാറ്റുവേലയും ശേഷം പൂരൂരുട്ടാതി ഞാറ്റുവേലയുമാണ്. രേവതി നക്ഷത്രത്തിൽ തുടങ്ങി ഒരു തവണ രാശിചക്രഭ്രമണം നടത്തി അശ്വതി നക്ഷത്രത്തിൽ പ്രവേശിക്കുന്നതുവരെയാണ് കുംഭത്തിലെ ചന്ദ്രസഞ്ചാരം. 

കുംഭം ഒന്നിന് ശുക്ലപഞ്ചമി തിഥിയാണ്. കുംഭം 11 ന് വെളുത്തവാവും (പൗർണമിയും) കുംഭം 26 ന് കറുത്തവാവും  (അമാവാസിയും) സംഭവിക്കുന്നു. ശുക്ല ചതുർത്ഥിയിലാണ് കുംഭമാസം അവസാനിക്കുന്നത്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലും ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. ശനിക്ക് മകരം 30 മുതൽ മീനം 5 വരെ മൗഢ്യമുണ്ട്. കുംഭമാസം മുഴുവൻ ബുധനും മൗഢ്യത്തിലാണ്.

കുംഭമാസം 7 ന് ബുധൻ  മകരത്തിൽ നിന്നും കുംഭം രാശിയിലേക്കും കുംഭം 23 ന് കുംഭത്തിൽ നിന്നും മീനം രാശിയിലേക്കും സംക്രമിക്കുന്നു. ബുധന്റെ നീചരാശിയാണ് മീനം. അങ്ങനെ മൗഢ്യം, നീചസ്ഥിതി എന്നിവ സംഭവിക്കുകയാൽ ദുർബലനായി മാറുന്നു, ബുധൻ. ചൊവ്വ മകരം രാശിയിൽ തുടരുന്നു. ഉച്ചസ്ഥനാണ് മകരം രാശിയിലെ ചൊവ്വ. ആ രാശിയിൽ തന്നെ ശുക്രനും സഞ്ചരിക്കുന്നുണ്ട്. കുംഭം 23 ന് ശുക്രൻ കുംഭം രാശിയിലേക്ക് പകരുന്നു. 

Advertisment

മീനം രാശിയിൽ അപസവ്യഗതിയിൽ  രാഹുവും അപ്രകാരം കന്നിരാശിയിൽ കേതുവും സഞ്ചരിക്കുന്നു. രേവതി നക്ഷത്രത്തിലാണ് രാഹു. കേതു ചിത്തിരയിലാണ്; മാസമധ്യത്തോടെ അത്തം നക്ഷത്രത്തിൽ പ്രവേശിക്കും. ഈ ഗ്രഹനിലയെ മുൻനിർത്തി പുണർതം, മകം, അനിഴം, ഉത്രാടം, ചതയം, പൂരുരുട്ടാതി തുടങ്ങിയ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ കുംഭത്തിലെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു.

പുണർതം

വ്യാഴത്തിന്റെ പതിനൊന്നാം ഭാവസഞ്ചാരം ഗുണകരമാണ്. കർമ്മരംഗത്ത് മികവ് തുടരും. ബിസിനസ്സ് ലാഭകരമായി മുന്നേറുന്നതാണ്. ആദിത്യന്റെ അഷ്ടമസ്ഥിതി മാറുകയാൽ ഗവൺമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏർപ്പെട്ടിരുന്ന തടസ്സം നീങ്ങിത്തുടങ്ങും. ഉപരിപഠനത്തിന് അന്യനാട്ടിൽ പോകാൻ ആവശ്യമായ അനുമതിപത്രം ലഭിച്ചേക്കാം. കിടപ്പ് രോഗികൾക്ക് ആശ്വാസമനുഭവപ്പെടും. കർക്കടകക്കൂറുകാരായ പുണർതം നാളുകാർക്ക് ദാമ്പത്യസൗഖ്യം കുറഞ്ഞേക്കും. അലച്ചിലുണ്ടാവുന്നതാണ്. വാഗ്ദാനങ്ങൾ നടപ്പാക്കാൻ ക്ലേശിക്കും. മനസ്സിനിഷ്ടമില്ലാത്തവരുടെ സഹായം സ്വീകരിക്കേണ്ടി വരാം. പതിവുള്ള ആരോഗ്യ പരിശോധനകൾ മുടക്കരുത്.

മകം

കൃത്യമായി എല്ലാക്കാര്യങ്ങളും ആസൂത്രണം ചെയ്യും. പക്ഷേ പ്രായോഗികമായിട്ടുള്ള വിജയസാധ്യത കുറയാം. അപ്രതീക്ഷിതമായ സഞ്ചാരമുണ്ടാകും. ചോര ശല്യം, ശത്രുക്കളുടെ ഉപജാപം ഇവയും ചില സാധ്യതകളാണ്. പ്രതിരോധത്തിനും പ്രശ്നപരിഹാരത്തിനും കൂടുതൽ സമയം ചെലവഴിക്കപ്പെടാം. എഴുത്തുകാർക്കും കലാകാരന്മാർക്കും പ്രതിഭാവിലാസം തെളിയിക്കാൻ അവസരം കുറയുന്നതാണ്. ഭാര്യാഭർത്താക്കന്മാർക്ക് ഇടയിൽ ഹൃദയൈക്യത്തിന് മങ്ങൽ വരുന്നതായി തോന്നാം. കുട്ടികളുടെ ശ്രേയസ്സ് സന്തോഷമുണ്ടാക്കും. ഊഹക്കച്ചവടത്തിൽ നിന്നും പ്രതീക്ഷിക്കുന്ന ആദായം ഭവിക്കില്ല. വായ്പ, ചിട്ടി ഇവ നേടാനുള്ള  ശ്രമം ഭാഗികമായിട്ടാവും വിജയിക്കുക.

അനിഴം

നേട്ടങ്ങളും കോട്ടങ്ങളും മാറിമറിയുന്നതാണ്. കുറച്ചൊക്കെ സന്തോഷമുണ്ടാകും. ചെറിയ ചില തോൽവികളും വീഴ്ചകളും കൂടി വരാം. നാലാംഭാവത്തിൽ പാപഗ്രഹങ്ങളും ശുഭഗ്രഹങ്ങളും കൂടി സഞ്ചരിക്കുന്നതിനാൽ ഗൃഹാന്തരീക്ഷത്തിൽ ഭിന്നതകളും ഐക്യപ്പെടലുകളും ആവർത്തിക്കും. വാഹനയാത്രയിൽ ഏറ്റവും കരുതൽ വേണം. പഴയവീട് പുതുക്കിപ്പണിയാനുള്ള ഉദ്യമം ശ്രമകരമാവും. മാതൃകുടുംബത്തിലെ അനിഷ്ടം നേടും. സുഹൃത്തുക്കളുമായി വിനോദയാത്ര നടത്തും. വ്യാപാരസ്ഥാപനത്തിനായി വായ്പക്ക് അപേക്ഷ നൽകും. ഭൂമിയിൽ നിന്നുള്ള ആദായം കുറയില്ല. നേർവഴികൾ ഉപേക്ഷിച്ച് കുറുക്കുവഴികളിൽ സഞ്ചരിക്കാൻ ചിലർ പ്രേരിപ്പിച്ചേക്കും.

ഉത്രാടം

ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാവും. ഔദ്യോഗിക കൃത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. ഇവയ്ക്ക് നന്ദിയോ നല്ലവാക്കോ പ്രതീക്ഷിക്കേണ്ടതില്ല. മകൻ്റെ ഉപരിപഠന കാര്യത്തിൽ  ആശയക്കുഴപ്പം ഉടലെടുക്കാനിടയുണ്ട്. ധനുക്കൂറുകാർക്ക് കൂടുതൽ ഗുണമുണ്ടാവുന്നതാണ്. ലൈസൻസ് പുതുക്കുക, അനുമതിപത്രം ലഭിക്കുക തുടങ്ങിയ സർക്കാർ കാര്യങ്ങൾ എളുപ്പത്തിലാവും. വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ആശങ്ക നീങ്ങുന്നതാണ്. മകരക്കൂറുകാർ ചില വൈകാരിക പ്രതികരണങ്ങൾക്ക് മുതിർന്നേക്കും. സഹപ്രവർത്തകരോട് കലഹിക്കുന്നതാണ്. പാരമ്പര്യ വസ്തുക്കളിൽ തർക്കം ഉടലെടുക്കാം. ദാമ്പത്യത്തിൽ തൃപ്തി കുറയുന്നതാണ്.

ചതയം

ഹൃദ്യമല്ലാത്ത സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതാണ്. ജന്മസൂര്യനും ജന്മശനിയും അഹിതകർമ്മങ്ങളിലേക്ക് നയിക്കാം. ശരിതെറ്റുകളെക്കുറിച്ച് സൂക്ഷ്മജ്ഞാനം നഷ്ടമാകാൻ ഇടയുണ്ട്. തൊഴിലിൽ വൃഥാ അധ്വാനം കൂടാം. വീട്ടുകാർ തന്നെ മനസ്സിലാക്കുന്നില്ലെന്ന തോന്നൽ വർദ്ധിക്കും. പ്രതിയോഗികൾ ഊഹിച്ചതിനെക്കാൾ കരുത്തരായിരിക്കും.  ഭൂമി സംബന്ധിച്ച ഇടപാടുകളിൽ കബളിപ്പിക്കപ്പെടാം. സാധാരണ ചെയ്യുന്ന പ്രവൃത്തികൾ ഒരുവിധം ഭംഗിയായി പൂർത്തിയാക്കും. പഠനത്തിൽ ആലസ്യം ഉണ്ടാവുന്നതാണ്. സ്വകാര്യജോലിയിൽ പിരിമുറുക്കം കൂടും. ക്ഷേത്രാടനയോഗം ഉണ്ട്. പതിവ് ആരോഗ്യ പരിശോധനകളിൽ അമാന്തമരുത്.

പൂരൂരുട്ടാതി

ഗുണദോഷസമ്മിശ്രമായ കാലമായിരിക്കും. ഗ്രഹാനുകൂല്യം വളരെക്കുറവായിട്ടുള്ള സന്ദർഭമാണ്. സുദൃഢമെന്ന് കരുതിപ്പോരുന്ന ബന്ധങ്ങളിൽ പോലും പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ വിള്ളൽ വരാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ / പരീക്ഷയുടെ തയ്യാറെടുപ്പിൽ ഏകാഗ്രത കുറയുന്നതായിരിക്കും. സാമ്പത്തികമായി ഞെരുക്കം അനുഭവപ്പട്ടേക്കാം. ഇലക്ട്രോണിക് / ഇലക്ട്രിക് ഉല്പന്നങ്ങൾ, ആഡംബര വസ്തുക്കൾ എന്നിവയ്ക്കായി ചെലവേർപ്പെടും. സംരംഭങ്ങളിൽ നിന്നും ലാഭം നാമമാത്രമാവും. ഉദ്യോഗസ്ഥർക്ക് ശമ്പളം, ആനുകൂല്യങ്ങൾ ഇവ വൈകാം. പുതിയ കാര്യങ്ങളുടെ തുടക്കം പിന്നീടത്തേക്കാക്കുന്നത് ഉചിതമായിരിക്കും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: