/indian-express-malayalam/media/media_files/U2NHV8o9eqVbRf9gNqjB.jpg)
മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാരുടെ ഫലം
2024 മാർച്ച് 7 ന്, (1199 കുംഭം 23 ന്) ബുധൻ (Mercury) നീചരാശിയായ മീനത്തിലേക്ക് പ്രവേശിക്കുന്നു. മാർച്ച് 25 വരെ ബുധൻ മീനം രാശിയിൽ തുടരും. അതിൽ തന്നെ മാർച്ച് 14 വരെ മൗഢ്യം എന്ന അവസ്ഥയും ബുധനുണ്ട്. നീചവും മൗഢ്യവും ഒരുമിച്ച് സംഭവിക്കുന്നത് ഒരു ഗ്രഹത്തിനെ സംബന്ധിച്ച് വലിയ ദൗർബല്യമാണ്.
മനുഷ്യർക്ക് ജീവിതത്തിൽ ഉയർച്ചതാഴ്ചകളും, ശുഭാശുഭത്വങ്ങളും ഒക്കെ ഉള്ളതുപോലെ ഗ്രഹങ്ങൾക്കുമുണ്ട്, ഇപ്പറഞ്ഞ രണ്ടവസ്ഥകളും. ഉച്ചത്തിൽ നിൽക്കുന്ന ഗ്രഹത്തിൻ്റെ ശക്തി 100 പോയിൻ്റാണെന്ന് സങ്കല്പിക്കാം. എങ്കിൽ നീചത്തിൽ നിൽക്കുന്ന ഗ്രഹത്തിൻ്റെ ബലം പൂജ്യം തന്നെയാണ്. പന്ത്രണ്ടു രാശികളിൽ മീനം രാശി ഇപ്രകാരം ബുധൻ്റെ ശക്തികളെ നെല്ലിപ്പലകയിലെത്തിക്കുന്ന നീചരാശിയാകുന്നു. സൂര്യൻ്റെ സാമീപ്യത്താൽ ഗ്രഹങ്ങൾക്കുണ്ടാവുന്ന നിർജ്ജീവാവസ്ഥ തന്നെയാണ് 'മൗഢ്യം' എന്ന വാക്കിലൂടെ വിവക്ഷിക്കപ്പെടുന്നത്.
കുറച്ചുനാളായി ബുധൻ മൗഢ്യത്തിലാണ്. നീചവും മൗഢ്യവും ഏകകാലത്ത് സംഭവിക്കുമ്പോൾ ഒരു ഗ്രഹം, കവിവാക്യം വ്യക്തമാക്കും വിധം "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്ന അവസ്ഥയിലായിരിക്കും. പ്രസ്തുത ഗ്രഹത്തിന് യാതൊരു ഗുണവും ചെയ്യാൻ കഴിയില്ല. എന്നാൽ ദോഷം ചെയ്യാനായേക്കും.
ബുധൻ പ്രവേശിക്കുന്ന മീനം രാശിയിൽ രാഹു സ്ഥിതി ചെയ്യുന്നുണ്ട്. മാർച്ച് 14 ന് അവിടേക്ക് സൂര്യനും പ്രവേശിക്കുന്നു. ഈ പാപഗ്രഹങ്ങളുടെ ഇടയിൽ പെടുന്ന ബുധൻ്റെ നില കൂടുതൽ പരുങ്ങലിലാവും. ശരിക്കും "കടലിനും ചെകുത്താനും ഇടയിൽ" എന്ന അവസ്ഥയാവും ഇത്. കഷ്ടിച്ച് ഇരുപത് ദിവസങ്ങളാണ് ബുധന് മീനം രാശിയിൽ സ്ഥിതിവരുന്നത്.
മീനം രാശി വ്യാഴത്തിൻ്റെ വീടാണ്. ഗ്രഹങ്ങളുടെ ഇടയിൽ ശത്രു, മിത്രം, സമൻ എന്നീ മൂന്നുതരം ബന്ധങ്ങളുണ്ട്. ബുധന് 'സമൻ' ആണ് വ്യാഴം. എന്നാൽ വ്യാഴത്തിന് 'ശത്രു'വാണ് ബുധൻ. ഇക്കാര്യവും ബുധൻ്റെ മീനം രാശിയിലെ സഞ്ചാരഫലത്തെ സ്വാധീനിക്കുന്നതാണ്.
മേടം മുതൽ മീനം വരെയുള്ള 12 രാശികളിലും അഥവാ കൂറുകളിലും, അവയ്ക്കുള്ളിലായി വരുന്ന മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിലും ജനിച്ചവർക്ക് ബുധൻ്റെ ഈ ദുർബലാവസ്ഥ എന്തെല്ലാം ഫലങ്ങളാണ് നൽകുക എന്നതാണ് ഇവിടെ അപഗ്രഥിക്കുന്നത്.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
എട്ടാം രാശിയിലാണ് ബുധൻ സംക്രമിക്കുന്നത്. അഷ്ടമം അനിഷ്ടസ്ഥാനമാണ്. എന്നാൽ എട്ടിലെ ബുധൻ ഗുണപ്രദനാണ്. പക്ഷേ നീചത്വവും മൗഢ്യവുമുണ്ടെന്നതിനാൽ സമ്മിശ്രമായ ഫലമാവും കൈവരിക എന്നതും ഓർക്കേണ്ടതുണ്ട്. ഇഷ്ടകാര്യങ്ങളിൽ ചിലതൊക്കെ ലഭിച്ചേക്കും. അദ്ധ്വാനത്തിന് സാമാന്യമായ അംഗീകാരം പ്രതീക്ഷിക്കാം. മേലധികാരികളുടെ പ്രീതിയുണ്ടാവും. പഠനത്തിലും പരീക്ഷയിലും ഭാഗികമായ മെച്ചങ്ങൾ വരും. ചെലവ് അല്പം കൂടിയേക്കാം. വാഗ്ദാനം പാലിക്കുന്നതിൽ വീഴ്ച വരുന്നതാണ്. ചിലരുടെ ഭംഗിവാക്കുകൾ യഥാർത്ഥമായതാണെന്ന് തെറ്റിദ്ധരിച്ചേക്കാം. രഹസ്യമായി വെക്കുന്നവ പരസ്യമായേക്കും. ബന്ധുക്കളെ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ പകുതിവഴിയിൽ ഉപേക്ഷിക്കപ്പെടാം.
കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
ഏഴാം ഭാവത്തിലാണ് ബുധൻ സഞ്ചരിക്കുന്നത്. കന്നിരാശിയുടെ അധിപനാണ് ബുധൻ. അതിനാൽ ബുധന് ഏതെങ്കിലും തരത്തിൽ ബലക്ഷയം വരുന്നത് കന്നിക്കൂറിലെ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഹിതകരമാവില്ല. ബുധനോടൊപ്പം രാഹുവുമുള്ളതിനാൽ ആലസ്യം, കർമ്മപരാങ്മുഖത്വം, കളവ് പറയാനുള്ള വാസന ഇവ ഏറാം. ദേഹസുഖം കുറയുന്നതാണ്. ചെറിയ ആരോഗ്യപ്രശ്നങ്ങൾ വലുതാകാം. ഏഴാമെടം ദാമ്പത്യസ്ഥാനമാകയാൽ ജീവിത പങ്കാളിയുമായി പിണക്കത്തിന് ഇടയുണ്ട്. പ്രണയികൾ തമ്മിൽ വൈരസ്യമേറിയേക്കും. കൂട്ടുകച്ചവടത്തിൽ ദുർഘടങ്ങളുണ്ടാവും. സഞ്ചാരം കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടാവണമെന്നില്ല. ചെറുതോ വലുതോ ആയ അമളികൾ പറ്റാം. ധനപരമായി ശ്രദ്ധ വേണം. ബന്ധുക്കൾക്ക് വേണ്ടി നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെടാനിടയുണ്ട്
തുലാക്കൂറിന് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ)
ഭാഗ്യസ്ഥാനത്തിൻ്റെയും (ഒമ്പതാമെടം, മിഥുനം രാശി), വ്യയസ്ഥാനത്തിൻ്റെയും (പന്ത്രണ്ടാമെടം, കന്നി രാശി) അധിപനാണ് തുലാക്കൂറുകാർക്ക് ബുധൻ. ഗുണഫലങ്ങളാണ് മീനത്തിൽ സഞ്ചരിക്കുമ്പോൾ ബുധൻ സമ്മാനിക്കുക. രാഹുയോഗം, നീചം, മൗഢ്യം എന്നിവ കൂടി പരിഗണിച്ചാൽ ബുധൻ സമ്മിശ്ര ഫലങ്ങളാവും നൽകുന്നത് എന്ന് വ്യക്തമാവും. ധനപരമായ ഞെരുക്കം കുറയുന്നതാണ്. ഊഹക്കച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. ചെലവിൽ മിതത്വം വേണം. വ്യാപാരത്തിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന വിഭവങ്ങൾ ഉൾക്കൊള്ളിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രതയുണ്ടാവും. കായികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിജയം നേടാൻ കഴിയും. കുടംബാംഗങ്ങളുടെ ഇടയിൽ ഐക്യം നിലനിർത്താൻ കൂടുതൽ അദ്ധ്വാനിക്കേണ്ടി വരുന്നതാണ്. കടം തീർക്കാനുള്ള ശ്രമം ഭാഗികമായി ഫലം കണ്ടേക്കും. സമ്മിശ്ര രോഗങ്ങൾ ഉപദ്രവിച്ചുകൂടായ്കയില്ല. ആരോഗ്യ പരിശോധനകൾ അനിവാര്യം.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
അഷ്ടമാധിപത്യവും ലാഭാധിപത്യവും ഉള്ളതിനാൽ വൃശ്ചികക്കൂറുകാർക്ക് സ്വതേ ബുധൻ അനുകൂലനായ ഗ്രഹമാണെന്ന് പറയുക വയ്യ! അഞ്ചാമെടത്തായി സഞ്ചരിക്കുകയാൽ ഭാവന കാടുകയറും. ചെറിയ കാര്യം ചെയ്യുന്നതിന് മുൻപുപോലും ചിന്തയും പുനശ്ചിന്തയും ഉണ്ടാകുന്നതാണ്. നേട്ടങ്ങൾ കരഗതമാവുക പതുക്കെയാവും. ഉന്മേഷരാഹിത്യവും താല്പര്യക്കുറവും എല്ലാക്കാര്യങ്ങളിലും ഉണ്ടാകും. എളുപ്പമുള്ള വിഷയങ്ങൾ അല്പം കഠിനമായി അനുഭവപ്പെടാം. കരാറുകളുടെ കാലാവധി അവസാനിച്ചാലും വേണ്ടപ്പെട്ടവർ പുതുക്കാൻ തയ്യാറായേക്കില്ല. ബന്ധുവിരോധം ഭവിക്കാം. എഴുതുന്നതിൽ അക്ഷരത്തെറ്റുണ്ടാവുക, ഉച്ചാരണ വൈകല്യം വരിക, പാഠഭാഗങ്ങൾ മറക്കുക തുടങ്ങിയ പ്രശ്നങ്ങളും സാധ്യതകളാണ്.
Read More
- ബുധൻ ദുർബലനാകുമ്പോൾ, അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ ഫലം
- Weekly Horoscope (February 25– March 02, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 February 26 to March 03
- സമ്പൂർണ്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; February 25-March 02, 2024, Weekly Horoscope
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us