/indian-express-malayalam/media/media_files/cK29MI1RGYP4Vk8oEolf.jpg)
അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ ഫലം
2024 മാർച്ച് 7 ന്, (1199 കുംഭം 23 ന്) ബുധൻ (Mercury) നീചരാശിയായ മീനത്തിലേക്ക് പ്രവേശിക്കുന്നു. മാർച്ച് 25 വരെ ബുധൻ മീനം രാശിയിൽ തുടരും. അതിൽ തന്നെ മാർച്ച് 14 വരെ മൗഢ്യം എന്ന അവസ്ഥയും ബുധനുണ്ട്. നീചവും മൗഢ്യവും ഒരുമിച്ച് സംഭവിക്കുന്നത് ഒരു ഗ്രഹത്തിനെ സംബന്ധിച്ച് വലിയ ദൗർബല്യമാണ്.
മനുഷ്യർക്ക് ജീവിതത്തിൽ ഉയർച്ചതാഴ്ചകളും, ശുഭാശുഭത്വങ്ങളും ഒക്കെ ഉള്ളതുപോലെ ഗ്രഹങ്ങൾക്കുമുണ്ട്, ഇപ്പറഞ്ഞ രണ്ടവസ്ഥകളും. ഉച്ചത്തിൽ നിൽക്കുന്ന ഗ്രഹത്തിൻ്റെ ശക്തി 100 പോയിൻ്റാണെന്ന് സങ്കല്പിക്കാം. എങ്കിൽ നീചത്തിൽ നിൽക്കുന്ന ഗ്രഹത്തിൻ്റെ ബലം പൂജ്യം തന്നെയാണ്. പന്ത്രണ്ടു രാശികളിൽ മീനം രാശി ഇപ്രകാരം ബുധൻ്റെ ശക്തികളെ നെല്ലിപ്പലകയിലെത്തിക്കുന്ന നീചരാശിയാകുന്നു. സൂര്യൻ്റെ സാമീപ്യത്താൽ ഗ്രഹങ്ങൾക്കുണ്ടാവുന്ന നിർജ്ജീവാവസ്ഥ തന്നെയാണ് 'മൗഢ്യം' എന്ന വാക്കിലൂടെ വിവക്ഷിക്കപ്പെടുന്നത്.
കുറച്ചുനാളായി ബുധൻ മൗഢ്യത്തിലാണ്. നീചവും മൗഢ്യവും ഏകകാലത്ത് സംഭവിക്കുമ്പോൾ ഒരു ഗ്രഹം, കവിവാക്യം വ്യക്തമാക്കും വിധം "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്ന അവസ്ഥയിലായിരിക്കും. പ്രസ്തുത ഗ്രഹത്തിന് യാതൊരു ഗുണവും ചെയ്യാൻ കഴിയില്ല. എന്നാൽ ദോഷം ചെയ്യാനായേക്കും.
ബുധൻ പ്രവേശിക്കുന്ന മീനം രാശിയിൽ രാഹു സ്ഥിതി ചെയ്യുന്നുണ്ട്. മാർച്ച് 14 ന് അവിടേക്ക് സൂര്യനും പ്രവേശിക്കുന്നു. ഈ പാപഗ്രഹങ്ങളുടെ ഇടയിൽ പെടുന്ന ബുധൻ്റെ നില കൂടുതൽ പരുങ്ങലിലാവും. ശരിക്കും "കടലിനും ചെകുത്താനും ഇടയിൽ" എന്ന അവസ്ഥയാവും ഇത്. കഷ്ടിച്ച് ഇരുപത് ദിവസങ്ങളാണ് ബുധന് മീനം രാശിയിൽ സ്ഥിതിവരുന്നത്.
മീനം രാശി വ്യാഴത്തിൻ്റെ വീടാണ്. ഗ്രഹങ്ങളുടെ ഇടയിൽ ശത്രു, മിത്രം, സമൻ എന്നീ മൂന്നുതരം ബന്ധങ്ങളുണ്ട്. ബുധന് 'സമൻ' ആണ് വ്യാഴം. എന്നാൽ വ്യാഴത്തിന് 'ശത്രു'വാണ് ബുധൻ. ഇക്കാര്യവും ബുധൻ്റെ മീനം രാശിയിലെ സഞ്ചാരഫലത്തെ സ്വാധീനിക്കുന്നതാണ്.
മേടം മുതൽ മീനം വരെയുള്ള 12 രാശികളിലും അഥവാ കൂറുകളിലും, അവയ്ക്കുള്ളിലായി വരുന്ന അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിലും ജനിച്ചവർക്ക് ബുധൻ്റെ ഈ ദുർബലാവസ്ഥ എന്തെല്ലാം ഫലങ്ങളാണ് നൽകുക എന്നതാണ് ഇവിടെ അപഗ്രഥിക്കുന്നത്.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
ബുധൻ പന്ത്രണ്ടാം ഭാവത്തിലാണ് നീചം പ്രാപിച്ചിരിക്കുന്നത്. പൊതുവേ പന്ത്രണ്ടാമെടം ഗ്രഹങ്ങൾക്ക് ഗുണപ്രദമല്ല. വ്യയം, ശരീരക്ലേശം, അമിത യാത്രകൾ, ശത്രൂപദ്രവം എന്നിവ പന്ത്രണ്ടില ഗ്രഹം നൽകാൻ സാധ്യതയുളള ഫലങ്ങളിൽ പ്രധാനമായവ. വീടുവിട്ടു നിൽക്കേണ്ട സാഹചര്യവും ഫലത്തിൽ ഉൾപ്പെടുന്നുണ്ട്. ആത്മശക്തി ചോരുന്നതായി തോന്നിയേക്കാം. മറ്റുളളവരുടെ സ്വാധീനത്തിന് എളുപ്പം വഴങ്ങുന്ന അനുഭവം ഉണ്ടാകും. ധനപരമായി ശ്രദ്ധ വേണം. ഓർമ്മപ്പിശക് വരാനിടയുണ്ട്. സഹോദരന്മാർക്ക് ഗുണപരമായ കാലമല്ല. മക്കളുടെ പഠനം, പരീക്ഷ ഇത്യാദികളിൽ തികഞ്ഞ ശ്രദ്ധ വേണം. മറവികേട് സംഭവിക്കാം. സഹായ വാഗ്ദാനങ്ങൾ നിറവേറപ്പെടുകയില്ല.
ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറിന് ഏറ്റവും ഹിതകരമായ പതിനൊന്നാം ഭാവത്തിലാണ് ബുധൻ വരുന്നത്. അവിടെ രാഹുവും സ്ഥിതിചെയ്യുന്നത് ഗുണകരമാണ്. പതിനൊന്നിൽ എല്ലാ ഗ്രഹങ്ങളും അനുകൂലരായിരിക്കും എന്നത് ജ്യോതിഷപണ്ഡിതന്മാർ സമ്മതിക്കുന്ന നിയമമാണ്. ബുധൻ നീചാവസ്ഥയിൽ ആണ് എന്നുവന്നാലും ഇടവക്കൂറിൻ്റെ ലാഭഭാവമായ മീനത്തിലെ സ്ഥിതി പ്രയോജനകരമാണ്. ബന്ധുക്കൾ പിണക്കം മറന്ന് സഹകരിക്കുന്നതായിരിക്കും. പഠനം, പരീക്ഷ എന്നിവയിൽ ശോഭിക്കാനാവും. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള ചുമതലകൾ വഹിക്കാൻ ഇടവരും. പ്രൊമോഷൻ സാധ്യത തള്ളിക്കളയാനാവില്ല. ഹാസ്യ പരിപാടികളിൽ താത്പര്യമുണ്ടാവും. മനസ്സിനെ ബാധിച്ചിരിക്കുന്ന സംഘർഷങ്ങൾക്ക് അയവുണ്ടാകുന്നതാണ്. കച്ചവടത്തിൽ സുഗമത ഭവിക്കും. ഏജൻസികൾ / കമ്മീഷൻ ഏർപ്പാടുകൾ എന്നിവയിൽ നിന്നുമുള്ള ആദായം വർദ്ധിക്കുന്നതാണ്. ചില രഹസ്യ നിക്ഷേപങ്ങളിലൂടെയും ധനാഗമം പ്രതീക്ഷിക്കാം. പൊതുക്കാര്യങ്ങളിൽ സ്വീകാര്യത ഉണ്ടാവും.
മിഥുനക്കൂറിന് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ)
മിഥുന രാശിയുടെ നാഥനാണ് ബുധൻ. അധിപഗ്രഹത്തിന് നീചമൗഢ്യാദികൾ വരുന്നത് ഗുണകരമാവില്ല. എന്നാൽ മിഥുനത്തിൻ്റെ പത്താം ഭാവമാണ് മീനം. പത്താം ഭാവത്തിൽ ബുധൻ ഗുണഫലദാതാവാണെന്നുമുണ്ട്. ആകയാൽ സമ്മിശ്രഫലമാവും ബുധൻ്റെ ഇപ്പോഴത്തെ രാശി സംക്രമണം മിഥുനക്കൂറിന് സമ്മാനിക്കുക. തൊഴിൽപരമായി ചില അനുകൂലതകൾ ഉണ്ടാവാം. ഏജൻസി ഏർപ്പാടുകൾ ലാഭം നേടും. ദിവസവേതനക്കാർക്ക് തൊഴിൽരഹിത ദിവസങ്ങൾ ഉണ്ടായേക്കില്ല. എന്നാൽ വലിയ മുതൽമുടക്കുള്ള വ്യാപാരത്തിന് ഇപ്പോൾ മുതിരരുത്. ഉദ്യോഗസ്ഥർക്ക് ജോലിഭാരം അല്പം കൂടാം. ദൂരസ്ഥലത്തുനിന്നും നാട്ടിലേക്കുള്ള പ്രതീക്ഷിക്കുന്ന സ്ഥലം മാറ്റ ഉത്തരവ് വൈകാം. ബന്ധുക്കളുമായുള്ള പിണക്കം നീങ്ങുന്നതാണ്. പഠനത്തിൽ ഏകാഗ്രതയുണ്ടാവും. പതിവ് ആരോഗ്യപരിശോധനകൾ മുടക്കരുത്. സമ്മിശ്രമായ രോഗങ്ങൾ വിഷമിപ്പിച്ചേക്കാം.
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)
ഭാഗ്യസ്ഥാനമായ മീനത്തിൽ രാഹു നിൽക്കുകയാൽ ഇപ്പോൾ കുറച്ചുകാലമായി മിഥുനക്കൂറുകാരുടെ ഭാഗ്യാനുഭവങ്ങൾക്ക് ക്ഷീണാവസ്ഥയുണ്ട്. നീചാവസ്ഥയിലുള്ള / മൗഢ്യാവസ്ഥയിലുള്ള ബുധൻ കൂടി ചേരുന്നതോടെ ഭാഗ്യസ്ഥിതിക്ക് കൂടുതൽ മങ്ങൽ ഏർപ്പെടുന്നതാണ്. നേട്ടങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാവുന്നതാണ്. അർഹതയ്ക്ക് അംഗീകാരം കിട്ടിയേക്കില്ല. പിതാവിന് ആരോഗ്യപ്രശ്നങ്ങൾ, തൊഴിലിൽ തരംതാഴ്ത്തൽ മുതലായവ സംഭവിക്കാം. കൂട്ടുകാർക്കൊപ്പം തീർത്ഥാടനം പ്രതീക്ഷിക്കുന്നവർക്ക് യാത്രാതടസ്സം പോലുള്ളവ സംഭവിക്കാം. ദേഹസുഖക്കുറവ് ഒരു സാധ്യതയാണ്. വരുമാനത്തെക്കാൾ പണച്ചെലവ് അധികരിക്കാം. ഗുരുക്കന്മാർക്കെതിരെ സംസാരിക്കേണ്ട സ്ഥിതി സംജാതമാകുന്നതാണ്.
Read More
- Daily Horoscope February 26, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- Weekly Horoscope (February 25– March 02, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 February 26 to March 03
- സമ്പൂർണ്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; February 25-March 02, 2024, Weekly Horoscope
- കുംഭമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: 1199 Monthly Horoscope for Kumbham
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.