/indian-express-malayalam/media/media_files/9PzTdbqnha34dvzgPFxX.jpg)
Monthly Horoscope: ഇടവ മാസം നിങ്ങൾക്കെങ്ങനെ?
കൊല്ലവർഷത്തിലെ പത്താം മാസമാണ് ഇടവം. കുത്താൻ മുക്രയിട്ടു വരുന്ന കാളയാണ് ഇടവം രാശിയുടെ സ്വരൂപം. ഈ രാശി Taurus എന്ന് ഇംഗ്ലീഷിൽ വിളിക്കപ്പെടുന്നു. മേയ് മാസം 15 മുതൽ ജൂൺ 14 വരെയാണ് ഇടവം മാസം വരുന്നത് (31 തീയതികൾ). രാശിചക്രത്തിലെ രണ്ടാം രാശിയായ ഇടവത്തെ എടവം എന്നും സംബോധന ചെയ്യുന്നു. 31 ഡിഗ്രി മുതൽ 60 ഡിഗ്രി വരെയാണ് രാശിചക്രത്തിൽ ഇടവം രാശിയുടെ വ്യാപതി.
ആദിത്യൻ ഇടവം രാശിയിൽ കാർത്തിക, രോഹിണി, മകയിരം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ഇടവമാസം ഒന്നിന് ആയില്യം നക്ഷത്രമാണ്. മാസാന്ത്യമാകുമ്പോൾ ചന്ദ്രൻ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ഉത്രം നക്ഷത്രത്തിലെത്തുന്നു. ഇടവം 9 ന് വെളുത്തവാവും ഇടവം 23 ന് കറുത്തവാവും സംഭവിക്കുന്നു.
വ്യാഴം ഇടവം രാശിയിൽ കാർത്തിക നക്ഷത്രത്തിലാണ്. വ്യാഴമൗഢ്യം ഇടവം 21 വരെ തുടരും. ശുക്രൻ മാസാദ്യത്തിൽ മേടം രാശിയിലാണ്. ഇടവം 5 ന് ഇടവം രാശിയിൽ പ്രവേശിക്കുന്നു. ഇടവം 29ന് മിഥുനം രാശിയിലേക്ക് സംക്രമിക്കുകയാണ്. ശുക്രനും മൗഢ്യാവസ്ഥയിൽ തുടരുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ സഞ്ചരിക്കുകയാണ്. രാഹു മീനം രാശിയിൽ രേവതി നക്ഷത്രത്തിലും കേതു കന്നി രാശിയിൽ അത്തം നക്ഷത്രത്തിലും അപ്രദക്ഷിണ ഗതിയായി സഞ്ചരിക്കുകയാണ്.
ബുധൻ മേടം രാശിയിലാണ്. ഇടവം 17 ന് ഇടവം രാശിയിൽ പ്രവേശിക്കുന്നു. ഇടവം 21 ന് ബുധന് ക്രമമൗഢ്യം തുടങ്ങുന്നുണ്ട്. ചൊവ്വ മീനം രാശിയിലാണ്. ഇടവം 18 ന് മീനത്തിൽ നിന്നും മേടത്തിലേക്ക് വരുന്നു. ചൊവ്വ ഇടവമാസം 1 മുതൽ 18 വരെ രേവതിയിലും തുടർന്ന് അശ്വതിയിലും സഞ്ചരിക്കുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ തൃക്കേട്ട മുതൽ ചതയം വരെയുള്ള 7 നാളുകാരുടെ ഇടവമാസത്തിലെ നക്ഷത്രഫലം ഇവിടെ വിശദീകരിക്കുന്നു.
തൃക്കേട്ട
വിദ്യാഭ്യാസത്തിൽ ഉയർച്ചയുണ്ടാവും. ഗവേഷണം പൂർത്തിയാക്കുവാനും ഗവേഷണ പ്രബന്ധം പ്രസാധനം ചെയ്യാനും കഴിഞ്ഞേക്കും. ഉദ്യോഗാർത്ഥികൾക്ക് അന്യദേശത്ത് ജോലി തരപ്പെട്ടെന്ന് വരാം. മുഖ്യവരുമാനത്തിനൊപ്പം അനുബന്ധ ജോലികളിൽ നിന്നും ആദായം ലഭിക്കുന്നതാണ്. കൂട്ടുകാരുമായി ചേർന്ന് സംരംഭങ്ങൾക്ക് തുടക്കം കുറിച്ചേക്കും. സ്വന്തം മേഖലയിൽ വൈജ്ഞാനികമായ ആധിപത്യം ആദരിക്കപ്പെടും. പൊതുപ്രവർത്തകർക്ക് ജനവിധി അനുകൂലമായേക്കും. കലാസാഹിത്യ മേഖലകളിൽ അംഗീകാരം സിദ്ധിക്കുന്നതാണ്. രേഖകളിലും പ്രമാണങ്ങളിലും ഒപ്പിടുമ്പോൾ ജാഗ്രത വേണ്ടതുണ്ട്. പ്രശ്നങ്ങളോടുള്ള സമീപനങ്ങളും പ്രതികരണങ്ങളും അതിവൈകാരികമായിരിക്കുന്നതാണ്. രാശിനാഥന് രാഹുയോഗം തുടരുകയാൽ നിരുന്മേഷത ഭവിക്കാം.
മൂലം
അധികാരമുള്ള പദവികൾ ലഭിക്കാം. ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ സാധ്യത ശക്തമാണ്. കൃത്യമായ ആസൂത്രണത്തിലൂടെയും അധ്വാനത്തിലൂടെയും മറ്റുള്ളവർക്ക് ദുഷ്കരമായി തോന്നുന്ന പദവികൾ നേടും. കുടുംബത്തിൻ്റെ വിശേഷിച്ചും സഹോദരരുടെ സഹകരണം ഉണ്ടാവും. ബിസിനസ്സുകാർക്ക് വളർച്ചയുടെ കാലഘട്ടമാണ്. എന്നാൽ വമ്പിച്ച മുതൽ മുടക്കിന് കാലം അനുകൂലമല്ലെന്നത് മറക്കരുത്. വായ്പാ തിരിച്ചടവ് അനായാസമാകും. പ്രശ്നങ്ങളെ ബൗദ്ധികമായി സമീപിക്കുന്നതാണ്. സാമ്പത്തികമായ അപര്യാപ്തതയ്ക്ക് മാറ്റം വരുന്നതായിരിക്കും. ജീവിത പങ്കാളിയുടെ തൊഴിലന്വേഷണം സാർത്ഥകമാവുന്നതാണ്. കലാവാസനകൾ പരിപോഷിപ്പിക്കുന്നതിന് നേരം കണ്ടെത്തും. പ്രേമകാര്യത്തിൽ തടസ്സമോ എതിർപ്പോ ഉണ്ടായേക്കും. വാഹനം ഉപയോഗിക്കുന്നതിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്.
പൂരാടം
ജന്മനക്ഷത്രാധിപനായ ശുക്രൻ ഇടവമാസം മുഴുവൻ മൗഢ്യത്തിലാണ്. എന്നാൽ ഇടവം ആദ്യ ആഴ്ച സ്വക്ഷേത്രമായ ഇടവം രാശിയിൽ പ്രവേശിക്കുന്നുമുണ്ട്. അതിനാൽ ഗുണദോഷ സമ്മിശ്രമായ ഫലം പ്രതീക്ഷിക്കാം. ആദിത്യൻ ആറാം രാശിയിലാകയാൽ ആത്മവിശ്വാസമേറും. അധികാരത്തിനായുള്ള വടം വലിയിൽ വിജയിക്കുന്നതാണ്. പദവി നിർവഹണം സ്തുത്യർഹമാവും. സർക്കാരിൽ നിന്നും ലഭിക്കേണ്ട ലൈസൻസ്, രേഖകൾ തുടങ്ങിയവ കൈവശമെത്തിച്ചേരും. പിതൃബന്ധുക്കളുടെ സഹായം സിദ്ധിച്ചേക്കാം. ജന്മനാട്ടിൽ പോകാനും പഴയ ബന്ധങ്ങൾ പുതുക്കാനുമാവും. ഗാർഹികമായ സ്വൈരക്കേടുകൾ പതിയെ കുറഞ്ഞു തുടങ്ങുന്നതാണ്. ബിസിനസ്സിൽ നിന്നും തരക്കേടില്ലാത്ത ആദായം ഉണ്ടാവും. പഠനത്തിന് മികച്ച സ്ഥാപനത്തിൽ പ്രവേശനം കിട്ടുന്നതാണ്.
ഉത്രാടം
നക്ഷത്രാധിപനായ ആദിത്യൻ ഇടവം രാശിയിൽ ശുഭഗ്രഹങ്ങളായ വ്യാഴശുക്രന്മാരോട് ചേർന്ന് സഞ്ചരിക്കുകയാൽ കൂട്ടുകെട്ടുകൾ കൊണ്ട് ഗുണമുണ്ടാവും. പാർട്ണർഷിപ്പുകൾ വിജയത്തിലേക്ക് കടക്കുന്നതാണ്. എന്നാൽ വലിയ തോതിലുള്ള ഇൻവെസ്റ്റ്മെൻ്റിന് കാലം അനുകൂലമല്ല എന്നതോർക്കണം. ഉന്നതോദ്യോഗസ്ഥന്മാർ പിന്തുണയ്ക്കുകയാൽ കർമ്മരംഗം ശോഭനമാകുന്നതാണ്. വ്യവഹാരങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തിന് അയവ് വരുന്നതാണ്. അനുബന്ധ ജോലികളും ആദായകരമായേക്കും. കുടുംബ ബന്ധങ്ങളിൽ ഉണ്ടായ ഉലച്ചിൽ മാറ്റാൻ ആത്മാർത്ഥമായ പരിശ്രമം നടത്തേണ്ടി വരുന്നതാണ്. വയോജനങ്ങളുടെ സംരക്ഷണ വിഷയത്തിൽ സഹോദരരുമായി തർക്കത്തിലായേക്കും. സാമ്പത്തിക അച്ചടക്കം അനിവാര്യമായ ഘട്ടമാണ്.
തിരുവോണം
നേട്ടങ്ങൾ കുറയില്ല. എന്നാൽ സമ്മർദ്ദങ്ങളെ നേരിടേണ്ടി വരുന്നതാണ്. സഹായ വാഗ്ദാനങ്ങൾ ലഭിച്ചേക്കും. പ്രായോഗികമായ വിധത്തിൽ തന്നെയാവും എല്ലാക്കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോവുന്നത്. അധ്വാനത്തിൻ്റെ കരുത്ത് വരുമാനത്തിൽ പ്രതിഫലിക്കും. ഭാവനാപരമായും കലാപരമായും ഉള്ള കഴിവുകൾ വെളിച്ചപ്പെടുന്നതാണ്. കുട്ടികളെ സംബന്ധിച്ച കാര്യങ്ങളിൽ ആദ്യം തെല്ല് ആശങ്ക ഉയരാം. പിന്നീടവ പരിഹരിക്കപ്പെടും. സാമൂഹികമായ അംഗീകാരം ലഭിക്കുന്നതാണ്. ഊഹക്കച്ചവടത്തിൽ നിന്നും വരുമാനം പ്രതീക്ഷിക്കാം. സകുടുംബം അയൽ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുവാനായേക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്ന് സന്തോഷം ലഭിക്കുന്നതാണ്. പുതിയ സംഘടനകളോ പങ്കുചേരലുകളോ നടത്തിയേക്കും. വിമർശിക്കുന്നവരെ അതെ നാണയത്തിൽ തിരിച്ചടിക്കുന്നതാണ്. ആഡംബരവസ്തുക്കൾക്ക് ചെലവ് അധികരിക്കും. ആരോഗ്യപരമായി ശ്രദ്ധ വേണ്ടതുണ്ട്.
അവിട്ടം
നക്ഷത്രനാഥനായ ചൊവ്വയ്ക്ക് രാഹു യോഗം ഉള്ളത് ആത്മസംഘർഷത്തിന് കാരണമാകാം. തീരുമാനങ്ങളിൽ അനിശ്ചിതത്വം വരാം. നിരുന്മേഷതയും സാധ്യതയാണ്. തറവാട്ടു വീട്ടിൻ്റെ അവകാശം സംബന്ധിച്ച തർക്കങ്ങളിൽ അനുകൂലമായ വിധിയുണ്ടാവും. പുതിയ വാഹനം വാങ്ങാൻ കഴിഞ്ഞേക്കും. മകൻ്റെ ശ്രേയസ്സിൽ സന്തോഷവും അഭിമാനവും അനുഭവപ്പെടുന്നതാണ്. ദാമ്പത്യസുഖം, ഭോഗാനുഭവങ്ങൾ, ആവശ്യത്തിന് വിശ്രമം ഇവയുണ്ടാവും. ഊഹക്കച്ചവടം, ഇൻഷ്വറൻസ് മുതലായവയിൽ നിന്നും ധനാഗമം വന്നെത്തും. നവസംരംഭങ്ങളിൽ നേട്ടങ്ങൾ അല്പം പതുക്കയാവും വരിക. അറിയാത്ത വിഷയങ്ങളിൽ അഭിപ്രായം പറയാതിരിക്കുകയാവും നല്ലത്. വാതസംബന്ധമായ രോഗങ്ങൾ ഉപദ്രവിക്കാനിടയുണ്ട്.
ചതയം
വളരെയൊന്നും ആലോചിക്കാതെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൻ്റെ ഫലം അനുഭവസ്ഥമാകും. പ്രവർത്തന സ്വാതന്ത്ര്യം പരിമിതപ്പെടാം. കർമ്മരംഗത്ത് ചെറിയ വിജയങ്ങൾ സ്വന്തമാകുന്നതാണ്. പുതുജോലി തേടുന്നവർക്ക് അർഹതയ്ക്കനുസരിച്ച ജോലി ലഭിക്കാം. മോട്ടിവേഷണൽ ക്ളാസ്സുകൾ ഗുണം ചെയ്തില്ലെന്നു വരാം. എന്നാൽ പുതിയ ഭാഷയോ സാങ്കേതികവിദ്യയോ പഠിക്കാൻ താല്പര്യമേറും. ക്ഷമ പരീക്ഷിക്കപ്പെടും. സഹോദരസൗഖമുണ്ടാകുന്നതാണ്. ചെലവിലെ ധാരാളിത്തം തിരിച്ചടിയായേക്കാം. ബിസിനസ്സ് കാലോചിതമായി പരിഷ്കരിക്കുന്നതിൽ വൈമുഖ്യം ഉണ്ടാവും. മകളുടെ വിവാഹാലോചന സഫലമടയും. മംഗളകർമ്മത്തിന് മാനസികമായ ഒരുക്കം തുടങ്ങുന്നതാണ്. ആരോഗ്യപ്രശ്നങ്ങൾക്ക് വൈദ്യസഹായം അനിവാര്യമായേക്കാം.
Read More
- ഇടവത്തിൽ പ്രണയികൾക്കിടയിൽ ഇണക്കവും പിണക്കവും തുടരും, സാമ്പത്തിക ഞെരുക്കത്തിന് അയവുണ്ടാവും
- ഇടവത്തിൽ ദാമ്പത്യ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കും, വീടുവയ്ക്കാൻ സാഹചര്യം ഒത്തുവരും
- 2024 ജൂൺ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
- ഇടവമാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Monthly Horoscope for Edavam
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us