/indian-express-malayalam/media/media_files/5RF1ElG2TSQQGmnOsLB4.jpg)
ഡിസംബർ മാസഫലം: അശ്വതി മുതൽ രേവതി വരെ
December Month 2023 Astrological Predictions for stars Aswathi to Revathi: 2023 ഡിസംബർ 1 മുതൽ 16 വരെ വൃശ്ചികമാസവും ശേഷം ധനുമാസവും ആയിരിക്കും. സൂര്യൻ വൃശ്ചികം-ധനു രാശികളിലായി സഞ്ചരിക്കുന്നു. കേട്ട, മൂലം, പൂരാടം എന്നീ ഞാറ്റുവേലകളാണ് ഡിസംബറിൽ വരുന്നത്. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. വ്യാഴം വക്രഗതിയിൽ അശ്വതി നാളിലാണ്. രാഹു മീനത്തിൽ രേവതിയിലും കേതു കന്നിയിൽ ചിത്തിരയിലും അപസവ്യഗതിയായി തുടരുന്നു.
ചൊവ്വ വൃശ്ചികം രാശിയിലാണ്. ഡിസംബർ 27ന് ധനുവിൽ പ്രവേശിക്കുന്നു. നീണ്ടനാളായി ചൊവ്വ മൗഢ്യാവസ്ഥയിലുമാണ്. ബുധൻ ധനുരാശിയിലാണ്, മാസാദ്യം. പിന്നീട്, ഡിസംബർ 28 ന് വക്രഗതിയിൽ വൃശ്ചികത്തിലെത്തുന്നു. ഡിസംബർ 17 മുതൽ ബുധനും മൗഢ്യം തുടങ്ങുന്നു.
ശുക്രൻ ഡിസംബർ 25 വരെ തുലാം രാശിയിലും പിന്നീട് വൃശ്ചികത്തിലും സഞ്ചരിക്കുന്നു. ചന്ദ്രൻ ഡിസംബർ 1ന് പുണർതം നക്ഷത്രത്തിലാണ്. മാസാന്ത്യം ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മകം നക്ഷത്രത്തിൽ എത്തുന്നു. കൃഷ്ണപക്ഷ ചതുർത്ഥി മുതൽ വീണ്ടും കൃഷ്ണപക്ഷ പഞ്ചമി വരെയാണ് ചാന്ദ്രദിനങ്ങളായ ഡിസംബറിലെ തിഥികൾ വരുന്നത്. ഡിസംബർ 12ന് കറുത്തവാവും ഡിസംബർ 25ന് വെളുത്തവാവും സംഭവിക്കുന്നു.
ഇംഗ്ലീഷ് കലണ്ടറിലെ അവസാനമാസമാണ് ഡിസംബർ. കൊല്ലവർഷത്തിലെ നാലും അഞ്ചും മാസങ്ങളായ വൃശ്ചികവും ധനുവും ചേർന്നതാണ് ഈ ഇംഗ്ലീഷ് മാസം. അയനങ്ങളിൽ ദക്ഷിണായനത്തിലും ഋതുക്കളിൽ ശരത്- ഹേമന്തം എന്നിവയിലുമായി ഡിസംബർ മാസം ഉൾപ്പെടുന്നു.
മുകളിൽ വ്യക്തമാക്കിയ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരുടെ 2023 ഡിസംബറിലെ സമ്പൂർണ്ണ മാസഫലം ഇവിടെ അപഗ്രഥിക്കുന്നു.
അശ്വതി
ജന്മരാശിയിൽ നിന്നും രാഹു നീങ്ങിയതും ശനി വക്രഗതി ഉപേക്ഷിച്ച് പതിനൊന്നിൽ നേർസഞ്ചാരം തുടങ്ങിയതും അശ്വതി നാളുകാർക്ക് അനുകൂലമാണ്. സാമ്പത്തിക തടസ്സം നീങ്ങും. കടബാധ്യതകൾ ഭാഗികമായെങ്കിലും കുറയാം. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ അംഗീകാരം സിദ്ധിച്ചേക്കും. ജന്മത്തിലെ വ്യാഴം സൃഷ്ടിക്കുന്ന ക്ലേശങ്ങൾ ഒട്ടൊക്കെ തുടരുന്നതാണ്. പദവികൾ, അധികാരം, പുതുതൊഴിൽ എന്നിവ ലഭിച്ചാലും അവയിൽ ഉറപ്പ് കുറവായിരിക്കും. അനിശ്ചിതത്വം ഉണ്ടാവും. ആദിത്യൻ, ചൊവ്വ എന്നിവർ അഷ്ടമത്തിൽ സഞ്ചരിക്കുകയാൽ മേലധികാരികൾക്ക് അനിഷ്ടം തോന്നാം. ആരോഗ്യപ്രശ്നങ്ങൾ, വീഴ്ച, മുറിവ് തുടങ്ങിയവയും സാധ്യതകളാണ്.
ഭരണി
ഈ മാസം ആദ്യ ആഴ്ചയ്ക്ക് ശേഷം വ്യാഴം ജന്മരാശിയിൽ തുടരുന്നുണ്ടെങ്കിലും ജന്മനക്ഷത്രത്തിൽ നിന്നും മാറുന്നത് ആശ്വാസകരമാണ്. വ്യാപാര രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്താനാവും. ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് ചില പുതുവിഭവങ്ങൾ വിപണിയിലെത്തിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കാട്ടും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അതിനവസരം ഭവിക്കുന്നതാണ്. കുടുംബജീവിതത്തിലെ പിണക്കവും അകൽച്ചയും അവസാനിക്കുന്നതായിരിക്കും. ആദിത്യകുജന്മാരുടെ അഷ്ടമ സ്ഥിതിയാൽ സർക്കാർ സംബന്ധിച്ച കാര്യങ്ങളിൽ ആനുകൂല്യം ഉണ്ടായേക്കില്ല. ആരോഗ്യപരമായും നല്ല ജാഗ്രത വേണം.
കാർത്തിക
മേടക്കൂറുകാരുടെ അധിപനായ ചൊവ്വയ്ക്ക് സ്വക്ഷേത്ര സ്ഥിതി വരികയാൽ ആത്മശക്തി അധികരിക്കും. തടസ്സങ്ങളെ അനായാസം മറികടക്കും. എതിർശക്തികളെ തൃണവൽഗണിക്കുവാൻ സാധിക്കുന്നതാണ്. ഇടവക്കൂറിന്റെ അധിപനായ ശുക്രന് ആദ്യ രണ്ടാഴ്ച നീചം തുടരുന്നതിനാൽ ഇടവക്കൂറുകാർക്ക് കാര്യതടസ്സം, അലച്ചിൽ, പാരതന്ത്ര്യം ഇവ ഭവിക്കാം. മാസത്തിന്റെ രണ്ടാം പകുതിയിൽ നേട്ടങ്ങൾ ഉണ്ടാകും. അഭിപ്രായങ്ങൾക്ക് കുടുംബത്തിൽ തന്നെ പിന്തുണ കിട്ടുക എളുപ്പമാവില്ല. നവസംരംഭങ്ങൾക്ക് മുതൽമുടക്കുന്നത് കരുതലോടുകൂടിയാവണം. ഇഷ്ടജനങ്ങളുടെ പിന്തുണ പ്രതീക്ഷിച്ചത്ര ഉണ്ടാവില്ല. കലാപരമായ സിദ്ധികൾ ഉള്ളവർക്ക് മാസത്തിന്റെ രണ്ടാം പകുതിയിലാവും ശോഭിക്കാൻ കഴിയുക. കഫരോഗങ്ങൾ ശല്യകാരികളായേക്കാം.
രോഹിണി
ഏഴാം ഭാവത്തിൽ കുജനും ആദിത്യനും ഉള്ളതിനാലും ശുക്രന് നീചം വരികയാലും പ്രണയികൾക്ക് നല്ല കാലമല്ല. ദാമ്പത്യത്തിലും ഇച്ഛാഭംഗം, അനൈക്യം എന്നിവ ഭവിക്കാം. പഠിതാക്കൾക്ക് ഏകാഗ്രതയുണ്ടാവും. സോഷ്യൽമീഡിയകളിൽ പ്രവർത്തിക്കുന്നവർക്ക് പിന്തുണക്കുന്നവരുടെ എണ്ണം ഉയരാം. കണ്ടകശനിയുടെ പ്രവർത്തനം തൊഴിൽ രംഗത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കാനിടയുണ്ട്. മക്കളുടെ ഭാവി സംബന്ധിച്ച് ചില അവ്യക്തതകൾ ഉണ്ടായേക്കാം. ബിസിനസ്സ് യാത്രകൾ കൂടുന്നതാണ്. എന്നാൽ അതിനനുസരിച്ചുള്ള ഗുണാനുഭവങ്ങൾ വന്നുകൊള്ളണം എന്നില്ല. തൊഴിലിൽ ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചാൽ അതിന്റെ ഫലം സമീപഭാവിയിൽ തന്നെ അനുഭവത്തിലെത്തുന്നതാണ് എന്നത് ഓർമ്മയിലുണ്ടാവണം.
മകയിരം
ഇടവക്കൂറുകാർക്ക് ഉദ്യോഗസ്ഥലത്ത് സ്വൈരം കുറയും. കുടുംബജീവിതത്തിലും ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. കരുതി വച്ചിരുന്ന ധനം മറ്റാവശ്യങ്ങൾക്ക് ചെലവഴിക്കേണ്ടി വരാം. മിഥുനക്കൂറുകാരായ മകയിരം നാളുകാർക്ക് ഗുണാധിക്യമാണ് ഫലം. തൊഴിലും കൃഷിയും അഭിവൃദ്ധിപ്പെടുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം, വേതന വർദ്ധനവ് എന്നിവയിൽ ചിലതെങ്കിലും നടന്നേക്കും. തൊഴിൽ സ്ഥലത്ത് സാങ്കേതികമായ നവീനത്വം വരുത്തും. വിദ്യാർത്ഥികൾ പുതിയ കോഴ് സോ ഭാഷയോ പഠിക്കാൻ ശ്രമിച്ചേക്കും. പുതുവാഹനം വാങ്ങാൻ കാലം അനുകൂലമല്ല. ജീവിതശൈലി രോഗങ്ങൾ ഉപദ്രവിച്ചേക്കാം.
തിരുവാതിര
വ്യക്തി ജീവിതത്തിലെ ന്യായമായ ആവശ്യങ്ങൾ വലിയ തടസ്സങ്ങളില്ലാതെ നിറവേറപ്പെടുന്നതാണ്. കുടുംബാംഗങ്ങളുടെ ഐക്യം സന്തോഷമേകും. മകളുടെ വിവാഹാലോചനയിൽ ശുഭതീരുമാനമുണ്ടാകു ന്നതാണ്. സഹായ വാഗ്ദാനങ്ങൾ ആശ്വാസമേകിയേക്കും. കച്ചവടത്തിലെ ഉന്മേഷക്കുറവ് മാറ്റാൻ വഴികൾ തേടുന്നതാണ്. തൊഴിൽ അന്വേഷിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. പൊതുപ്രവർത്തനത്തിൽ സജീവമാകും. സംഘടനകളിൽ നേതൃപദവി ലഭിച്ചേക്കും. ഗൃഹനിർമ്മാണ പുരോഗതിക്ക് വായ്‌പകളുടെ സാധ്യത തേടുന്നതാണ്. വായന, ബൗദ്ധിക സംവാദങ്ങൾ, വിനോദയാത്ര തുടങ്ങിയവയ്ക്ക് സമയം കണ്ടെത്തുവാനാവും.
പുണർതം
കർമ്മകുശലത മുഴുവൻ പുറത്തെടുക്കുവാനാവും. സ്വന്തം തൊഴിലിൽ കഠിനാദ്ധ്വാനഫലമായി പുരോഗതി വന്നുതുടങ്ങും. ഉദ്യോഗസ്ഥർക്ക്, ആദിത്യനും ചൊവ്വയും ഇഷ്ടസ്ഥാനങ്ങളിൽ സഞ്ചരിക്കുകയാൽ പ്രധാനപ്പെട്ട ചുമതലകളും അധികാരവും കൈവരുന്നതാണ്. സന്താനങ്ങളുടെ ഭാവിക്കായി സാമ്പത്തിക നിക്ഷേപം നടത്താൻ സാധിക്കും. നാട്ടിലെ ഉത്സവനടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനം നടത്തും. വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കായി നല്ലതയ്യാറെടുപ്പ് സാധ്യമാകുന്നതാണ്. വ്യവഹാരങ്ങൾ അനുരഞ്ജനത്തിലൂടെ പരിഹരിച്ചേക്കും. കൃത്യമായ ആരോഗ്യപരിശോധനകൾ ഉപേക്ഷിക്കരുത്.
പൂയം
നക്ഷത്രാധിപനായ ശനിയുടെ വക്രഗതി അവസാനിക്കുകയാൽ വ്യക്തിജീവിതത്തിലെ ആശയക്കുഴപ്പങ്ങൾ മാറും. വ്യക്തമായ ദിശാബോധത്തോടെ തൊഴിൽ രംഗത്തും പ്രവർത്തിക്കാനാവും. ചെറുകിട സംരംഭങ്ങൾ വിജയിക്കുന്നതാണ്. ധനകാര്യം മോശമാവില്ല. എന്നാലും മിതവ്യയം ഉപേക്ഷിക്കരുത്. പൂർവ്വസുഹൃത്തുക്കളെ കാണാനും പഴയ ഓർമ്മകൾ പുതുക്കാനും സാധിച്ചേക്കും. പുതുവാഹനമോ വിലകൂടിയ ഇലക്ട്രോണിക് ഉല്പന്നമോ വാങ്ങാൻ കഴിയുന്നതാണ്. അവിവാഹിതരുടെ വിവാഹാലോചനകൾ നല്ല തീരുമാനത്തിലെത്തും. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ പരിചരണത്തിന് സമയം കണ്ടെത്തുന്നതാണ്.
ആയില്യം
നക്ഷത്രനാഥനായ ബുധന് മൗഢ്യം തീർന്നതിനാൽ വൃശ്ചികമാസത്തിൽ ഭാവിസംബന്ധിച്ച നല്ല തീരുമാനങ്ങൾ കൈക്കൊണ്ടേക്കും. കുടുംബപ്രശ്നങ്ങളിൽ ഉചിതമായ തീർപ്പുണ്ടാവും. എതിരാളികളുടെ പ്രവർത്തനങ്ങളെ ബുദ്ധിപൂർവ്വം നേരിടുന്നതായിരിക്കും. സ്ത്രീകളുടെ പിന്തുണ കിട്ടുന്നതാണ്. മക്കൾക്ക് മത്സരവിജയം, ജോലി എന്നിങ്ങനെയുള്ള ഗുണാനുഭവങ്ങൾ വന്നുചേരും. പിതൃകുടുംബക്കാരുമായുള്ള വസ്തുതർക്കം രമ്യതയിലെത്താം. കച്ചവടയാത്രകൾ ഭാഗികമായി വിജയിക്കുന്നതാണ്. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. കൈവായ്പകൾ സമയത്ത് മടക്കിക്കിട്ടണമെന്നില്ല.
മകം
ഒമ്പതാം ഭാവത്തിലെ വ്യാഴസ്ഥിതി കുറച്ചൊക്കെ നേട്ടങ്ങളും ഭാഗ്യാനുഭവങ്ങളും സമ്മാനിക്കും. പുരസ്കാരങ്ങൾക്ക് പരിഗണിക്കപ്പെടും. ഉദ്യോഗാർത്ഥികൾക്ക് അഭിമുഖങ്ങളിൽ ശോഭിക്കാൻ കഴിയും. ഗാർഹികമായ ചുമതലകൾ അധികരിച്ചേക്കാം. രാഹുവിന്റെ അഷ്ടമസ്ഥിതിയാൽ ചില പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടി വരുന്നതാണ്. കൊടുക്കൽ വാങ്ങലുകളിൽ നഷ്ടം പറ്റാനിടയുണ്ട്. വീട്ടിൽ നിന്നും അകന്ന് താമസിക്കേണ്ട സാഹചര്യം വന്നേക്കാം. രാത്രിയാത്ര കുറക്കുന്നത് നന്നായിരിക്കും. അമ്മയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണ്ടതുണ്ട്.
പൂരം
ആദ്യത്തെ രണ്ടാഴ്ച ഉദ്യമങ്ങളിൽ വിജയിക്കാനായേക്കില്ല. തിടുക്കത്തിൽ ദൗത്യങ്ങൾ ഏറ്റെടുക്കാതിരിക്കുക അഭികാമ്യം. അതിനുശേഷം അപ്രതീക്ഷിത നേട്ടങ്ങളും പ്രയത്നത്തിന് അംഗീകാരവും സിദ്ധിച്ചേക്കും. കലാകാരന്മാർക്ക് സ്വന്തം കലാപ്രവർത്തനത്തിൽ പൂർണമായും മുഴുകാനാവും. തൊഴിൽ തേടുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കാം. സുഗന്ധ ലേപനങ്ങൾ, വിലകൂടിയ ആഭരണങ്ങൾ ഇവ പാരിതോഷികമായി ലഭിക്കാൻ സാധ്യതയുണ്ട്. വിദേശ യാത്രകൾ നടത്താനായേക്കും. പ്രതിസന്ധികളിൽ ചില ഉറച്ച പിന്തുണകൾ കിട്ടും. കുടുംബാന്തരീക്ഷം ഏറ്റവും മെച്ചപ്പെട്ടതാണ് എന്നുപറയാനാവില്ല.
ഉത്രം
ഉന്നമനത്തിന് കൈമെയ്യ് മറന്ന് പ്രവർത്തിക്കും. പുതിയ ലക്ഷ്യങ്ങൾ കണ്ടെത്തും. പുതുതൊഴിലിനുള്ള പരിശ്രമങ്ങൾ ഫലം കാണുന്നതാണ്. അധികാരപദവിയിൽ ഉള്ളവരുടെ ഒത്താശ ലഭിക്കും. ചിട്ടി, ലോൺ മുതലായവ പ്രയോജനപ്പെടുത്തും. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകുന്നതാണ്. വിദ്യാർത്ഥികൾ കഠിനമായി തോന്നുന്ന വിഷയങ്ങൾ പഠിക്കാൻ പരിശീലന പദ്ധതികൾ പ്രയോജനപ്പെടുത്തും. കലാമത്സരങ്ങളിൽ വിജയിക്കുന്നതാണ്. കന്നിക്കൂറുകാർക്കാവും അല്പം മെച്ചം കൂടുക. വയോജനങ്ങൾക്ക് ആരോഗ്യപരമായി തെല്ല് ആശ്വാസം ലഭിച്ചേക്കും. ശുഭപ്രതീക്ഷയും സുഹൃത്തുക്കളൊത്തുള്ള സഹവർത്തിത്വവും മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താം.
അത്തം
സൂര്യനും കുജനും മൂന്നാം രാശിയിൽ സഞ്ചരിക്കുകയാൽ കർമ്മഗുണം ഉണ്ടാകും. സഹോദരരുടെ പിന്തുണ ലഭിക്കുന്നതാണ്. മത്സരങ്ങളിലും തെരഞ്ഞെടുപ്പുകളിലും വിജയിക്കും. സർക്കാർ കാര്യങ്ങളിൽ അനുഭവപ്പെട്ടിരുന്ന വിളംബം നീങ്ങുന്നതാണ്. ഉദ്യോഗസ്ഥർക്ക് പദവിക്കയറ്റം ഒരു സാധ്യതയാണ്. ശുക്രൻ ജന്മരാശിയിലും
രണ്ടാം രാശിയിലും സഞ്ചരിക്കുകയാൽ ഭോഗസുഖം, പാരിതോഷികം, ധനലബ്ധി മുതലായവ പ്രതീക്ഷിക്കാം. രാശിനാഥനായ ബുധനും മൗഢ്യം തീരുകയാൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ സാധിക്കും. വളരെ അനുകൂലമായ ഗ്രഹസ്ഥിതിയാകയാൽ വൃശ്ചികമാസത്തിൽ അഭ്യുദയം ഭവിക്കുന്നതാണ്.
ചിത്തിര
ജന്മനക്ഷത്രത്തിലൂടെ കേതു സഞ്ചരിക്കുകയാൽ മനക്ലേശവും രോഗാരിഷ്ടകളും ഫലം. വിശേഷിച്ചും കന്നിക്കൂറുകാരായ ചിത്തിരക്കാർക്ക്. എങ്കിലും നേട്ടങ്ങൾക്ക് തന്നെയാവും വൃശ്ചികമാസത്തിൽ പ്രാമുഖ്യം. പ്രബലരുടെ സഹായം പ്രതീക്ഷിക്കാം. കുറച്ചുനാളായി ശ്രമിച്ചിട്ടും സഫലമാകാത്ത കാര്യങ്ങൾ അനുഭവതലത്തിലെത്താം. ആത്മപരിശോധനയിലൂടെ സ്വയം തിരുത്താൻ കഴിയും എന്നതും പ്രധാനമാണ്. തർക്കങ്ങളിലും വിവാദങ്ങളിലും ഉറച്ചുനിൽക്കും. പ്രണയ സ്വപ്നങ്ങൾ ചിറകുവിരിച്ചേക്കാം. ദാമ്പത്യത്തിലും സംതൃപ്തി പ്രതീക്ഷിക്കാം. ന്യായമായ ആവശ്യങ്ങൾക്ക് ധനം വന്നുചേരുന്നതാണ്.
ചോതി
പാപഗ്രഹങ്ങൾ ജന്മരാശിയിൽ നിന്നും മാറിയത് വലിയ ആശ്വാസമാണ്. തുലാമാസത്തെക്കാൾ എന്തുകൊണ്ടും മെച്ചപ്പെട്ടതാവും വൃശ്ചികമാസം. ആരോഗ്യപ്രശ്നങ്ങൾ കുറയും. തൊഴിലിടത്തും വീട്ടിലും നിലനിന്ന കലുഷത അവസാനിച്ചേക്കും. ഏഴിൽ വ്യാഴം സഞ്ചരിക്കുകയാൽ ദാമ്പത്യജീവിതം സംതൃപ്തവുമാവുന്നതാണ്. മാസത്തിന്റെ പകുതിയിൽ ശുക്രൻ ജന്മരാശിയിൽ വരുന്നതോടെ ഭോഗസുഖമേറും. ആഢംബര വസ്തുക്കളും പാരിതോഷികങ്ങളും ലഭിച്ചേക്കാം. കലാകാരന്മാർക്കും ഗവേഷകർക്കും മുന്നേറ്റമുണ്ടാകുന്നതാണ്. ധനക്ലേശം ഒട്ടൊക്കെ പരിഹൃതമാവുന്നതാണ്.
വിശാഖം
തുലാക്കൂറുകാർക്ക് നേട്ടം കൂടും. മാനസിക പിരിമുറുക്കത്തിന് അയവുണ്ടാകും. വിശ്വസിച്ചേൽപ്പിക്കപ്പെട്ട ദൗത്യങ്ങൾ ഭംഗിയായി നിർവഹിക്കാനാവും. പതിവ് ജോലികൾക്ക് പുറമേ ഇഷ്ടം തരുന്ന മാനസികവ്യാപാരങ്ങളിൽ മുഴുകാനാവും. സുഹൃത്തുക്കളൊത്ത് യാത്രകൾക്കും സല്ലാപങ്ങൾക്കും നേരം കണ്ടെത്തുന്നതാണ്. വൃശ്ചികക്കൂറുകാർക്ക് മേലധികാരികളുടെ അപ്രീതിക്ക് പാത്രമാകേണ്ടി വരാം. കുടുംബാംഗങ്ങളോട് അകാരണമായി പിണങ്ങേണ്ട സ്ഥിതിയുണ്ടാകും. അത്യാവശ്യ ചിലവുകൾക്ക് നിക്ഷേപങ്ങളിൽ നിന്നും ധനം കൈക്കൊള്ളേണ്ടി വന്നേക്കും. വാഹനയാത്രയിൽ മത്സരബുദ്ധിയും തിടുക്കവും ഒഴിവാക്കേണ്ടതുണ്ട്.
അനിഴം
ജന്മരാശിയിൽ സൂര്യകുജന്മാർ സഞ്ചരിക്കുന്നു. പാപഗ്രഹങ്ങളുടെ ആധിപത്യത്താൽ വൃശ്ചികമാസത്തിൽ ക്ലേശങ്ങൾ ഉണ്ടാവാം. സുലഭവസ്തുക്കൾ ദുർലഭമാവുന്നതായി അനുഭവപ്പെടും. അദ്ധ്വാനം അംഗീകരിക്കപ്പെടണം എന്നില്ല. അലച്ചിലും യാത്രാക്ലേശവുമേറും. ആരോഗ്യപ്രശ്നങ്ങൾ ഉപദ്രവിക്കാം. ശുക്രനും കേതുവും പതിനൊന്നിൽ തുടരുകയാൽ ധനസ്ഥിതി മോശമാവില്ല. അതിനാൽ ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. ബുധന്റെ സ്വാധീനത്താൽ പഠനത്തിൽ പുരോഗതിയുണ്ടാവും. വിരുന്നുകളിലും വിനോദപരിപാടികളിലും സംബന്ധിച്ചേക്കും. ഉദ്യോഗസ്ഥലത്ത് എതിർപ്പുകളെ മറികടന്ന് പ്രവർത്തിക്കുന്നതാണ്.
തൃക്കേട്ട
ചെറിയ, വലിയ കാര്യങ്ങളിലെല്ലാം ജാഗ്രത വേണം. കൂടുതൽ വിയർപ്പൊഴുക്കേണ്ടി വന്നേക്കും, ചെറിയ നേട്ടങ്ങൾക്കുപോലും. തൊഴിലിലെ പുതിയ പരീക്ഷണങ്ങൾ വിജയിക്കാൻ സാധ്യത കുറവാണ്. നിലവിലെ വരുമാനമാർഗങ്ങൾ ഉപേക്ഷിക്കുന്നത് അഭികാമ്യമാവില്ല. വൃശ്ചികം ആദ്യ പകുതിയിൽ പ്രതീക്ഷിച്ച ആദായം വന്നെത്തും. രഹസ്യമാർഗങ്ങളിലൂടെയും വരുമാനം ഉണ്ടാകും. സ്ത്രീകളുടെ നിർലോഭമായ പിന്തുണ സിദ്ധിക്കാം. ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ ആരോഗ്യപരിപാലനത്തിൽ അലംഭാവം കാട്ടരുത്. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. കുടുംബബന്ധങ്ങളുടെ ഊഷ്മളത നിലനിർത്താൻ ക്ലേശിക്കുന്നതാണ്.
മൂലം
ഗുണദോഷ സമ്മിശ്രമായ മാസമാണ്. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാവും. പൊതുപ്രവർത്തകർക്ക് അണികളുടെ ശക്തമായ പിന്തുണ പ്രതീക്ഷിക്കാം. പ്രശ്നങ്ങളെ ധൈര്യപൂർവം നേരിടും. തർക്കങ്ങളിൽ ശക്തമായ നിലപാടുകൾ കൈക്കൊള്ളുന്നതാണ്. വസ്തുവാങ്ങാനോ, മതിൽകെട്ടാനോ, കൃഷിക്ക് നിലം ഒരുക്കാനോ ആയി വ്യയം ഉണ്ടായേക്കും. പിതാവിന്റെ നിലപാടുകൾ അനുകൂലമാവണമെന്നില്ല. പിതാവിന് ആരോഗ്യപരമായും ഗുണകരമായ കാലമല്ല. ഗൃഹത്തിൽ തന്നെ എതിരാളികളുള്ളതായി തോന്നാം. വിദ്യാഭ്യാസത്തിനോ ജോലിക്കോ വീടുവിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാവാം.
പൂരാടം
നക്ഷത്രനാഥനായ ശുക്രന്റെ പതിനൊന്നാം ഭാവസ്ഥിതി അനുകൂലമാണ്. കൂട്ടുകാരുടെ ഇടയിൽ പ്രാമാണ്യം ഏറും. വീട്ടുകാർ കൂടുതൽ അംഗീകരിക്കും. ധനപരമായും മെച്ചമുണ്ടാകും. എന്നാൽ അലച്ചിൽ അധികരിക്കും. പ്രയോജനരഹിതമായ കാര്യങ്ങൾ ചെയ്യേണ്ടി വരാം. അതിലൂടെ ധനനഷ്ടം വന്നേക്കും. അധികാരികളുടെ അപ്രീതി ഒരു സാധ്യതയാണ്. സർക്കാർ കാര്യങ്ങളിൽ തടസ്സമോ കാലതാമസമോ ഭവിക്കാനിടയുണ്ട്. ആഢംബര വസ്തുക്കൾ പാരിതോഷികമായി ലഭിച്ചേക്കാം. മക്കളുടെ കാര്യത്തിലുണ്ടായിരുന്ന ചില സങ്കടങ്ങളും ആശങ്കകളും മാറാം.
ഉത്രാടം
നക്ഷത്രാധിപന് നീചം കഴിയുന്നതിനാൽ കർമ്മരംഗത്തെ തടസ്സങ്ങളകലും. വ്യക്തിപരമായി മുടങ്ങിക്കിടന്ന കാര്യങ്ങൾ പുരോഗതിയിലേക്ക് നീങ്ങുന്നതാണ്. മകരക്കൂറുകാർക്ക് ധനപരമായി മെച്ചം പ്രതീക്ഷിക്കാം. നിക്ഷേപങ്ങളിൽ നിന്നും ആദായം വർദ്ധിക്കുന്നതാണ്. നവസംരംഭങ്ങൾക്കുള്ള പരിശ്രമങ്ങൾക്ക് സർക്കാർ തലത്തിൽ അനുമതി ലഭിച്ചേക്കും. മുൻകൈയ്യെടുക്കുന്ന പക്ഷം കിട്ടാക്കടങ്ങൾ ഭാഗികമായെങ്കിലും അനുഭവത്തിലെത്താം. ധനുക്കൂറുകാർക്ക് ഗൃഹത്തിൽ സ്വൈരം കുറയുന്നതാണ്. വീടിന് അറ്റകുറ്റപ്പണി വേണ്ടി വരാം. മകന്റെ വിവാഹകാര്യത്തിൽ ശുഭതീരുമാനങ്ങൾ ഉണ്ടായേക്കാം.
തിരുവോണം
വ്യാപാരവ്യവസായങ്ങൾ അഭിവൃദ്ധിപ്പെടുന്നതാണ്. കൃത്യമായ ആസൂത്രണവും വ്യക്തമായ ആവിഷ്കരണവും കർമ്മവിജയം ഉറപ്പിക്കും. ഉപജാപങ്ങളെ മറികടക്കുവാനാവും. ഉദ്യോഗസ്ഥന്മാർക്ക് സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് ഇവ സാധ്യതയാണ്. കിടപ്പുരോഗികൾക്ക് സമാശ്വാസമുണ്ടാവും. പുതിയ ചികിൽസകൾ ഫലവത്താകുന്നതാണ്. പലകാരണങ്ങളാൽ മുൻപ് ഒഴിവാക്കിയ ചിലരുടെ സഹായവും സഹകരണവും ഇപ്പോൾ ലഭിക്കുന്നതാണ്. പഠനം, ഗവേഷണം തുടങ്ങിയവയിൽ ശോഭിക്കാനാവും. ചെറുസംരംഭങ്ങൾ തുടങ്ങാൻ ഗ്രഹാനുകൂലത ഉള്ള കാലമാണ്.
അവിട്ടം
ബിസിനസ്സ് യാത്രകളിലൂടെ നേട്ടങ്ങളുണ്ടാവും. വ്യാപാര ഉടമ്പടികൾ പുതുക്കപ്പെടും. സഹപ്രവർത്തകരുടെ പ്രശ്നങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തും. ഊഹക്കച്ചവടത്തിൽ മോശമല്ലാത്ത നേട്ടങ്ങൾ വന്നുചേരും. കുടുംബ ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിക്കുന്നതാണ്. തർക്കത്തിൽ കിടന്ന വസ്തുക്കൾ വിൽക്കാനുള്ള ശ്രമം ഭാഗികമായി വിജയം കാണും. മകളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാവാം. കുംഭക്കൂറുകാരായ അവിട്ടം നാളുകാർക്ക് ഗുണവും ദോഷവും സമ്മിശ്രമായി അനുഭവപ്പെടുന്നതായിരിക്കും.
ചതയം
പത്താം ഭാവത്തിൽ സൂര്യൻ സഞ്ചരിക്കുന്നതിനാൽ ഉദ്യോഗസ്ഥർക്ക് ഗുണമുണ്ടാവും. രാഷ്ട്രീയരംഗത്തിൽ ശോഭിക്കുന്നതാണ്. സംഘടനാ പ്രവർത്തനം വിജയകരമായേക്കും. ജോലിക്കായുള്ള പരീക്ഷകളിലും അഭിമുഖങ്ങളിലും നല്ല പ്രകടനം നടത്തുവാനാവും. ബന്ധുക്കളുടെ കുടുംബപ്രശ്നങ്ങൾക്ക് ബുദ്ധിപരമായ പോംവഴികൾ ഉപദേശിക്കുന്നതാണ്. മാസത്തിന്റെ ആദ്യ പകുതിക്കുശേഷം ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കുന്നതാണ്. ഭൂമിസംബന്ധിച്ച ചില തലവേദനകൾ ഉണ്ടാവാനിടയുണ്ട്. വ്യവഹാരങ്ങൾക്ക് തുനിയാതിരിക്കുന്നത് ഉത്തമം.
പൂരൂരുട്ടാതി
വിജ്ഞാന സമ്പാദനത്തിന് കൂടുതൽ സമയം ചെലവഴിക്കും. ഗുരുജനങ്ങളുടെ അനുഗ്രഹം തേടും. കുടുംബത്തിൽ പുതിയ ചിട്ടവട്ടങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതാണ്. എന്നാൽ അതിന് പ്രതീക്ഷിച്ച സ്വീകാര്യതയൊന്നും ഉണ്ടാവാനിടയില്ല. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അദ്ധ്വാനം അധികരിച്ചേക്കും. ഏജൻസി/ ഫ്രാഞ്ചൈസി തുടങ്ങാനുള്ള ശ്രമം തുടരുന്നതാണ്. പാരമ്പര്യവസ്തു വിൽക്കുന്നതിലെ തടസ്സങ്ങൾ മാനസിക ക്ലേശത്തിനിടവരുത്തും. ബന്ധുക്കൾക്കൊപ്പം ആത്മീയ യാത്രകൾ നടത്തുന്നതാണ്. പണവരവ് മറ്റുമാസങ്ങളിലേതു പോലെയാവും.
ഉത്രട്ടാതി
പാപഗ്രഹങ്ങളായ ചൊവ്വയും ആദിത്യനും അഷ്ടമ ഭാവത്തിൽ നിന്നും മാറുന്നത് തെല്ല് ആശ്വാസമാകും. പന്ത്രണ്ടിലെ ശനിയും ജന്മരാഹുവും ക്ലേശ പ്രദങ്ങളാണെന്നത് എപ്പോഴും ഓർമ്മയിലുണ്ടാവണം. വലിയ മുതൽ മുടക്കുള്ള തൊഴിൽ തുടങ്ങാതിരിക്കുക അഭികാമ്യം. അസൗകര്യങ്ങളുണ്ടെങ്കിലും നിലവിലെ തൊഴിൽ ഉപേക്ഷിച്ച ശേഷം പുതുതൊഴിലിനായി യത്നം നടത്തുന്നത് ആശാസ്യമാവില്ല. കടം വാങ്ങി ആഢംബരത്തിന് മുതിർന്നേക്കും. പ്രണയികൾക്ക് ഇച്ഛാഭംഗത്തിനിടയുണ്ട്. വീടുപണി തുടങ്ങുന്നതിന് ചില സാങ്കേതിക തടസ്സങ്ങൾ വരാം. കൈവായ്പകൾ തിരികെ കിട്ടിയേക്കാം.
രേവതി
അപ്രസക്ത കാര്യങ്ങൾക്കായി സമയവും ഊർജ്ജവും ചെലവഴിക്കും. സ്വന്തം വ്യാപാര സ്ഥാപനത്തിന്റെ നടത്തിപ്പിൽ സമ്മർദ്ദം അധികമാവുന്നതാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ വേണ്ടത്ര വിജയിച്ചേക്കില്ല. കുടുംബജീവിതത്തിലും പൂർണസംതൃപ്തി പ്രതീക്ഷിക്കാനാവില്ല. മകളുടെ ഉപരിപഠനാവശ്യത്തിന് വായ്പ ലഭിക്കുന്നതാണ്. കലാകാരന്മാർക്ക് ചെറിയ അവസരങ്ങൾ കൈവന്നേക്കാം. സഹോദരരുടെ പിന്തുണ ആശ്വാസമേകും. പോലീസ്, സൈന്യം, അർദ്ധസൈന്യം മുതലായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റം, അംഗീകാരം തുടങ്ങിയവ സാധ്യതയാണ്.
Check out More Horoscope Columns Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.