/indian-express-malayalam/media/media_files/2025/02/22/march-9-to-march-15-2025-weekly-horoscope-astrological-predictions-moolam-to-revathi-986855.jpg)
Weekly Horoscope
Weekly Horoscope: ആദിത്യൻ മിഥുനം - കർക്കടകം രാശികളിലായി, പുണർതം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ, തൃതീയ മുതൽ നവമി വരെയുള്ള തിഥികളിലാണ്. അവിട്ടം മുതൽ ഭരണി വരെ നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു.
ചൊവ്വ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലാണ്. ബുധൻ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിൽ തുടരുന്നു. ശുക്രൻ ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്.
ശനി മീനം രാശിയിൽ ഉത്രട്ടാതി രണ്ടാം പാദത്തിൽ സഞ്ചരിക്കുന്നു. വ്യാഴം മിഥുനം രാശിയിൽ തിരുവാതിര മൂന്നാം പാദത്തിൽ സഞ്ചരിക്കുന്നു. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി മൂന്നാം പാദത്തിലും കേതു ചിങ്ങം രാശിയിൽ ഉത്രം ഒന്നാം പാദത്തിലും തുടരുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: Karkidakam Horoscope: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മൂലം
മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ തടസ്സം കൂടാതെ നിർവഹിക്കാനാവും. പരാശ്രയത്വം ഉണ്ടാവില്ല. അധികാരികളോട് ദൂരം സൂക്ഷിക്കും. അവരുടെ ശരിയും തെറ്റും ചൂണ്ടിക്കാട്ടുന്നതിനാൽ സമ്മർദ്ദം ഉയരും. പക്ഷേ ന്യായത്തിൻ്റെ ഭാഗത്ത് നിന്നും മാറുകയില്ല. വിദ്യാഭ്യാസ വായ്പ കിട്ടാനിടയുണ്ട്. വാഗ്ദാനലംഘനം നടത്തിയ ബന്ധുവിനോട് കയർക്കാം. യാത്രകൾ വേണ്ടിവരുന്നതാണ്. സന്തോഷ സന്ദർഭങ്ങൾ കുറയില്ല. തത്കാലം പഴയ വാഹനം മതി എന്ന നിലപാടിലെത്താം. ദാമ്പത്യത്തിൽ സ്വൈരം ഉണ്ടാവും. ജീവിതപങ്കാളിക്ക് പാരിതോഷികം നൽകുന്നതാണ്.
പൂരാടം
കർമ്മഗുണം കുറയുകയും കൂടുകയും ചെയ്യും. സ്വന്തം ബിസിനസ്സിൽ നടത്തിയ മാറ്റങ്ങളുടെ ഗുണം കണ്ടുതുടങ്ങുന്നതാണ്. ഉപഭോക്താക്കളുടെ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യും. ആരോഗ്യപരമായി ശ്രദ്ധയുണ്ടാവണം. ഈയാഴ്ച ചന്ദ്രന് രാഹു, ശനി യോഗം വരികയാൽ മനസ്സ് ഇടയ്ക്കിടെ അകാരണമായി മ്ളാനമാവും. സുഹൃത്തിൻ്റെ ആവശ്യങ്ങൾക്ക് കൈയ്യയച്ച് സഹായിക്കുന്നതാണ്. വ്യക്തിസ്വാതന്ത്ര്യത്തിൽ ഉറച്ചുനിൽക്കും. പഴയ കടബാധ്യതകൾ പരിഹരിക്കാൻ ശ്രമം തുടരുന്നതാണ്. ഗൃഹത്തിൻ്റെ നവീകരണം തുടരാം.
ഉത്രാടം
സർക്കാരിൽ നിന്നും കാര്യങ്ങൾ നേടിയെടുക്കാൻ സമയനഷ്ടം ഉണ്ടാവും. ജോലി തേടുന്നവർക്ക് അല്‌പം കൂടി കാത്തിരിക്കേണ്ടി വരുന്നതാണ്. ചെറുകിട സംരംഭങ്ങളിൽ നിന്നും ലാഭം വർദ്ധിക്കുന്നതാണ്. പുതിയ സൗഹൃദങ്ങളുണ്ടാവും. സംഘടനകൾ, റസിഡൻ്റ് അസോസിയേഷൻ ഇവയിൽ സജീവ സാന്നിദ്ധ്യം കൈക്കൊള്ളുന്നതായിരിക്കും. ദൂരദിക്കിൽ നിന്നും അനുകൂലമായ സന്ദേശം വരുന്നതാണ്. അനാരോഗ്യത്തിന് ചികിൽസ ഫലപ്രദമാവും. വിദ്യാർത്ഥികളുടെ പഠനത്തിനാവശ്യമായ തുക സ്പോൺസർഷിപ്പായി ലഭിക്കാം.
Also Read: July Month Horoscope 2025: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
തിരുവോണം
തൊഴിലിൽ വളർച്ച തന്നെയാവും അനുഭവപ്പെടുന്നത്. എന്നാൽ സ്വന്തം പണം മുടക്കി ചെയ്യുന്ന തൊഴിലിൽ ഇനിയും അധ്വാനം ആവശ്യമാണ്. പൊതുവേ സാഹചര്യങ്ങൾ പൂർണ്ണമായും അനുകൂലമാണെന്ന് പറയാനാവില്ല. ആത്മനിയന്ത്രണം നഷ്ടമാകരുത്. ക്ഷോഭസാഹചര്യങ്ങൾ വരാം. നെഗറ്റീവ് ചിന്തകളെ മറികടക്കാനാവണം. വാഗ്ദാനങ്ങൾ പാലിക്കാൻ ക്ലേശിക്കുന്നതാണ്. പ്രതീക്ഷിച്ച പിന്തുണകൾ കിട്ടിയേക്കില്ല. എന്നാൽ മറ്റു ചില അനുകൂല സാഹചര്യങ്ങൾ സംജാതമാവുകയും ചെയ്യും. കുടുംബത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയുന്നതാണ്.
അവിട്ടം
ന്യായമായ ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടും. അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്നതാണ്. പിതാവിൻ്റെ തൊഴിലിൽ നിന്നും ലാഭം കുറയുകയാൽ നിർത്താൻ ആലോചന വരും. സമൂഹത്തിൽ ആദരണീയതയുണ്ടാവുന്നതാണ്. മരണവീട് സന്ദർശിച്ച് സന്തപ്തർക്ക് ആവശ്യമായ സഹായം ചെയ്തുകൊടുക്കും. അനാവശ്യമായ തിടുക്കം ഗുണം ചെയ്യില്ല. ഉപജാപങ്ങളിൽ പെടാതിരിക്കാൻ കരുതൽ വേണ്ടതുണ്ട്. ധനവിനിയോഗം പിശുക്കോളം പരിമിതപ്പെടുത്തും. ഇക്കാര്യത്തിൽ ഗാർഹികമായ അലോസരങ്ങൾ വന്നെത്തുന്നതാണ്.
Also Read: Marriage Compatibility: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
ചതയം
കർമ്മരംഗത്ത് മാറ്റങ്ങൾ വരുത്താൻ കൂടിയാലോചിക്കും. വ്യക്തത ഉണ്ടായേക്കില്ല. എങ്കിലും വരുന്ന ഉത്സവക്കാലത്തിന് മുന്നേ വിപുലീകരണം വേണമെന്ന് തീരുമാനിക്കും. മാനസിക സംഘർഷങ്ങളാൽ രണ്ടുദിവസം സ്വസ്ഥതയോടെ ഇരിക്കാൻ ആഗ്രഹിക്കും. പക്ഷേ നടന്നേക്കില്ല. ദൂരയാത്രകൾ വേണ്ടെന്നുവെക്കുന്നതാണ്. സുഹൃത്തുക്കൾക്കുവേണ്ടി ജാമ്യം നിൽക്കുന്ന കാര്യത്തിൽ ജീവിതപങ്കാളിയുടെ എതിർപ്പുയരാം. വരുമാനത്തിനനുസരിച്ച് ചെലവ് ക്രമീകരിക്കും. ഗവേഷകർ പ്രബന്ധ രചന പൂർത്തിയാക്കും. പ്രണയിതാക്കൾക്ക് മാനസികോല്ലാസം ഭവിക്കുന്നതാണ്.
പൂരൂരുട്ടാതി
കാര്യവിജയം സൂത്രപ്പണികൾ കൊണ്ട് സാധ്യമാവില്ല എന്ന് ബോധ്യമാവും. പുതുതലമുറയുടെ ആത്മാർത്ഥതയിൽ അഭിമാനം തോന്നും. മുൻകൂട്ടിയെടുത്ത ചില തീരുമാനങ്ങൾ മാറ്റിവെച്ചേക്കും. ബന്ധുക്കൾക്കായുള്ള സന്ധിസംഭാഷണങ്ങൾ വിജയിക്കുന്നതാണ്. കലാരംഗത്ത് അവസരങ്ങൾ ലഭിക്കാം. കടം വാങ്ങിയ തുക മടക്കിക്കൊടുക്കാൻ ശ്രമം നടത്തിയേക്കും. വ്യവഹാരങ്ങൾക്ക് മുതിരാതിരിക്കുക കരണീയം. പഴയ കൂട്ടുകാരുടെ ഒത്തുചേരൽ സന്തോഷിപ്പിക്കും. രോഗഗ്രസ്തർക്ക് തുടർചികിൽസക്കു ശേഷം വീണ്ടും അസ്വസ്ഥത തോന്നാം.
ഉത്രട്ടാതി
മനസ്സിന് സ്വസ്ഥതയുണ്ടാവും, വാരാദ്യ ദിവസങ്ങളിൽ. പലതും ചെയ്യാനുണ്ടെന്നത് ഓർമ്മിക്കും. കുടുംബത്തിൻ്റെ പിന്തുണ ധൈര്യം പകരും.
ഇടയ്ക്ക് മനശ്ചാഞ്ചല്യം അനുഭവപ്പെടും. മുൻ തീരുമാനങ്ങളിൽ നിന്നും പിന്മാറും. സ്വന്തം തൊഴിലിൽ നേട്ടങ്ങൾ, വിശിഷ്യാ സാമ്പത്തിക മെച്ചം വരും. എന്നാൽ അമിത ധനവ്യയം നിയന്ത്രിക്കാനാവാത്തതിൽ വിഷമമുണ്ടാവും. എതിർക്കുന്നവരുടെ വായടപ്പിക്കാൻ വൃഥാ ശ്രമം നടത്തും. എങ്കിലും ശത്രുക്കളെക്കൊണ്ട് അത്ര ഉപദ്രവം ഉണ്ടായേക്കില്ല. പൊതുപ്രവർത്തനത്തിൽ ഉന്മേഷം കുറയാം.
രേവതി
പ്രത്യുല്പന്നമതിത്വവും ബുദ്ധിപരതയും കൊണ്ട് ആപൽഘട്ടങ്ങളെ മറികടക്കുന്നതാണ്. പ്രതീക്ഷിച്ചതിൽ പകുതിയെങ്കിലും പൂർത്തിയാക്കുവാൻ സന്ദർഭം വരും. അധികാരികളുടെ അപ്രീതി വകവെക്കില്ല. നവസരംഭങ്ങളുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുന്നതാണ്. കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നതിനാൽ സംഘടനയിൽ അഭിനന്ദിക്കപ്പെടും. സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേരം കണ്ടെത്തിയേക്കും. കുട്ടികളുടെ ആവശ്യപ്രകാരം പുറമേനിന്ന് ഭക്ഷണം, ഷോപ്പിംഗ്, വിനോദവേളകൾ മുതലായവയ്ക്ക് തയ്യാറാവും. അകൽച്ചയിലായ സുഹൃത്തുക്കൾ അടുക്കാനുള്ള സാധ്യത കാണുന്നു.
Read More: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.