/indian-express-malayalam/media/media_files/2025/07/12/weekly-july-13-july-19-2025-07-12-12-43-19.jpg)
weekly Horoscope
Weekly Horoscope: ആദിത്യൻ മിഥുനം - കർക്കടകം രാശികളിലായി, പുണർതം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ, തൃതീയ മുതൽ നവമി വരെയുള്ള തിഥികളിലാണ്. അവിട്ടം മുതൽ ഭരണി വരെ നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു. ചൊവ്വ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലാണ്. ബുധൻ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിൽ തുടരുന്നു. ശുക്രൻ ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്.
ശനി മീനം രാശിയിൽ ഉത്രട്ടാതി രണ്ടാം പാദത്തിൽ സഞ്ചരിക്കുന്നു. വ്യാഴം മിഥുനം രാശിയിൽ തിരുവാതിര മൂന്നാം പാദത്തിൽ സഞ്ചരിക്കുന്നു. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി മൂന്നാം പാദത്തിലും കേതു ചിങ്ങം രാശിയിൽ ഉത്രം ഒന്നാം പാദത്തിലും തുടരുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ സമ്പൂർണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
അശ്വതി
വാരാദ്യം ചന്ദ്രൻ പത്തും പതിനൊന്നും ഭാവങ്ങളിലാകയാൽ ഞായർ മുതൽ ബുധൻ വരെ അഭീഷ്ടപ്രാപ്തി ഉണ്ടാവുന്നതാണ്. കർമ്മഗുണം കൈവരും. തൊഴിലിടത്തിൽ അധീശത്വം പ്രകടിപ്പിക്കുന്നതാണ്. അത് അംഗീകരിക്കപ്പെടാം. ഊഹക്കച്ചവടം, ബിസിനസ്സ്, ചിട്ടി, അധ്വാനത്തിൻ്റെ വേതനം എന്നിങ്ങനെ ധനാഗമം വന്നെത്തും. പ്രശംസ യാൽ മനസ്സന്തോഷം ജനിക്കുന്നതാണ്. തൊഴിലിൽ സംതൃപ്തിയുണ്ടാവും. ബുധനാഴ്ച ഉച്ചയ്ക്കുമേൽ,
വ്യാഴം മുഴുവൻ പലതരം തടസ്സങ്ങളെ അഭിമുഖീകരിക്കുന്നതാണ്. സുഗമത കുറയും. വെള്ളിയും ശനിയും സുഖഭക്ഷണ യോഗം, കാര്യസാദ്ധ്യം, ശുഭവാർത്താ ശ്രവണം ഇവ പ്രതീക്ഷിക്കാം.
ഭരണി
ജീവിതപുരോഗതിക്ക് അനുകൂലമായ സാഹചര്യങ്ങളാണ് ചുറ്റുമുള്ളത്. ആലസ്യം ഒഴിവാക്കണം. പ്രധാന തീരുമാനങ്ങൾ ആത്മവിശ്വാസപൂർവ്വം കൈക്കൊള്ളും. ക്രിയോത്സുകതയിൽ ന്യൂനം സംഭവിക്കില്ല. സാങ്കേതികവിദ്യയിൽ പുതിയ അറിവ് നേടും. കുടുംബസുഖം കുറയില്ല. മക്കളോട് കടുംപിടിത്തവും ആജ്ഞാശീലവും ഒഴിവാക്കുകയാവും ഉചിതം. പഞ്ചമഭാവത്തിലെ കേതുവും കുജനും സന്താന ഭാവത്തിൽ സഞ്ചരിക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. സഭകളിൽ ശോഭിക്കുന്നതിന് അവസരമുണ്ടാവും. ഗവേഷണം നടത്തി അവതരിപ്പിക്കുന്ന കാര്യങ്ങൾക്ക് സ്വീകാര്യത ലഭിച്ചേക്കും.
കാർത്തിക
തൊഴിലിടത്തിൽ സഹപ്രവർത്തകരുമായി കിടമത്സരമുണ്ടാവും. തർക്കങ്ങൾ ഒഴിവാക്കുക അഭികാമ്യം. അഭിമുഖങ്ങളിൽ നേട്ടമുണ്ടാക്കുന്നതാണ്. പുതിയ അവസരങ്ങൾ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വന്നേക്കില്ല. സാമ്പത്തിക ശോച്യത നീങ്ങുന്നതായിരിക്കും. ഓൺലൈൻ ആയി പുതുകാര്യങ്ങൾ പഠിക്കാൻ സാഹചര്യം കൈവരുന്നതാണ്. സുഖഭോഗങ്ങളുണ്ടാവും. പൂർവകാല സുഹൃത്തുക്കളുമായി വീണ്ടും സൗഹൃദം പുലരും. ഗൃഹനിർമ്മാണം തുടങ്ങുന്ന കാര്യത്തിൽ അവ്യക്തതകൾ വരാം. ഗൃഹത്തിലെ വയോജനങ്ങളുടെ ശുശ്രൂഷക്ക് നേരം കണ്ടെത്തുന്നതാണ്.
Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
രോഹിണി
ചന്ദ്രസഞ്ചാരം ഏറെക്കുറെ അനുകൂല രാശികളിലാണ്. ഭാഗ്യാനുഭവങ്ങൾ കൈവരും. നഷ്ടപ്പെട്ട സാധനങ്ങൾ തിരികെകിട്ടാം. പ്രവൃത്തികളിൽ നിന്നും മാനസികോല്ലാസമുണ്ടായേക്കും. കരുതിയതിനെക്കാൾ എളുപ്പത്തിൽ ചില പ്രശ്നങ്ങൾ പരിഹരിക്കാനാവും. കുടുംബത്തിന് ഒപ്പം പുറമേനിന്നും ഭക്ഷണം, കാഴ്ച കാണൽ, ഷോപ്പിംഗ് ഇത്യാദികൾ സാധ്യമാവും. ഓഫീസ് കാര്യങ്ങളിൽ മേലധികാരികൾ വ്യക്തത കൈവരിക്കാൻ ഉപദേശം തേടാം. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റം ഫലവത്താകും. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയാം.
മകയിരം
ആദർശവും പ്രായോഗികതയും സമന്വയിപ്പിക്കുന്നതിൽ വിജയിക്കും. അധികാരപൂർവ്വം പദവികൾ കൈയ്യാളും. സമ്മർദ്ദങ്ങളെ പുറത്തുകാട്ടില്ല. പ്രതിസന്ധികളുണ്ടായാൽ അവയെ ഭംഗിയായി മറികടക്കുവാനാവും. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിക്കുള്ള അപേക്ഷ പരിഗണിക്കപ്പെടും. കുടുംബകാര്യങ്ങൾക്ക് കൂടുതൽ നേരം കണ്ടെത്തുന്നതാണ്. കലാപ്രവർത്തനത്തിൽ നിന്നും ധനാഗമമുണ്ടാവും. മകളുടെ ജോലിസ്ഥലത്ത് പോയി താമസിക്കേണ്ട സാഹചര്യം ഉരുത്തിരിയാം. പുതിയ വാഹനം വാങ്ങുന്നത് പിന്നീടത്തേക്കാക്കുകയാവും ഉചിതം.
തിരുവാതിര
പുതിയ ആശയങ്ങൾ സുഹൃത്തുക്കളോട് ആവിഷ്കരിച്ച് അഭിനന്ദനം നേടുന്നതായിരിക്കും. വിദേശ പഠനത്തിന് ആഗ്രഹിക്കുന്നവർക്ക് ശുഭവാർത്തയെത്തും. കെട്ടിട നിർമ്മാണത്തിന് തദ്ദേശ ഭരണ സ്ഥാപനത്തിൻ്റെ അനുമതി ലഭിക്കുന്നതാണ്. വാരാദ്യം ചില തടസ്സങ്ങൾ ഉണ്ടായേക്കാം. അതിൽ മനസ്സ് മടുക്കാതിരുന്നാൽ പ്രയത്നങ്ങൾ സഫലമാവുന്നതാണ്. രോഗഗ്രസ്തർക്ക് ആശ്വാസം ഭവിക്കും. കുടുംബത്തിനായി വേണ്ടത്ര സമയം ചെലവഴിക്കാൻ കഴിഞ്ഞേക്കില്ല. ജോലിമാറുന്നതിനായി നിലവിലെ ജോലി വിടുന്നത് ഇപ്പോൾ നല്ല തീരുമാനമാവില്ല.
പുണർതം
സാങ്കേതിക ജോലികളിൽ ഏർപ്പെട്ടവർക്ക് പ്രതീക്ഷിച്ച അവസരം കൈവരും. മേലധികാരികളുടെ പ്രോൽസാഹനം ലഭിക്കുന്നതാണ്. കിട്ടാക്കടങ്ങൾ കിട്ടിയേക്കാം. വീടിൻ്റെ നവീകരണത്തിന് ഏർപ്പാടാക്കും. കരാർ പണികൾ പുതുക്കുമ്പോൾ വ്യവസ്ഥകൾ മനസ്സിലാക്കണം. നവീന ഇലക്ട്രോണിക് ഉല്പന്നം വാങ്ങിയേക്കും. വാരാദ്യം നവാരംഭങ്ങൾക്ക് ഉചിതമല്ല. ചെലവുകൾ അധികരിക്കാം. ദൗത്യങ്ങൾ ഏല്പിച്ചവർ പൂർത്തിയാക്കാത്തത് ഖേദത്തിനിടവരുത്തും. പിന്തുണകൾ സ്വീകരിക്കുമ്പോൾ അതിൻ്റെ പിന്നിൽ നിക്ഷിപ്ത താല്പര്യങ്ങളുണ്ടോ എന്ന് പരിശോധിക്കുക ഉചിതമാവും.
പൂയം
എത്ര പുതുക്കാൻ ശ്രമിച്ചാലും കാര്യങ്ങൾ പഴയതുപോലെ തുടരുന്നതിൽ മനസ്സ് മടുക്കും. കച്ചവടത്തിൽ പുരോഗതിയുണ്ടാവും. വിപണന തന്ത്രങ്ങൾ ഫലം കാണുന്നതായി തോന്നും. എന്നാൽ ഇപ്പോൾ കൂടുതൽ ധനം മുടക്കുന്നത് ഉചിതമായിരിക്കില്ല. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കുറയാൻ സാധ്യതയില്ല. ബന്ധുക്കളുടെ ആവശ്യങ്ങളോട് അനുകൂലത കാട്ടാത്തതിനാൽ ശത്രുത വരാം. വാക്കുകൾ ദുർവ്യാഖ്യാനിക്കാൻ ആരെങ്കിലും ശ്രമിച്ചെങ്കിൽ അത്ഭുതപ്പെടാനില്ല. ആരോഗ്യപരിപാലനത്തിൽ ഉദാസീനതയരുത്. തിങ്കളും ചൊവ്വയും അഷ്ടമരാശിയാകയാൽ എല്ലാക്കാര്യങ്ങളിലും കരുതൽ വേണ്ടതുണ്ട്.
ആയില്യം
ആദിത്യൻ പന്ത്രണ്ടിൽ നിന്നും ജന്മരാശിയിലേക്ക് കടക്കുകയാൽ അലച്ചിലും കാര്യനിർവഹണത്തിലെ ക്ലേശങ്ങളും തുടരുന്നതാണ്. ഞായർ മുതൽ ചൊവ്വ വരെ വാഹനം ഉപയോഗിക്കുന്നതിലും സാമ്പത്തിക കാര്യങ്ങളിലും കൂടുതൽ ശ്രദ്ധിക്കണം. പാരമ്പര്യ ജോലികൾ ചെയ്യുന്നവർക്ക് മടുപ്പ് തോന്നാനിടയുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ കൂടുതൽ കരുതലോടെ ഇടപെടേണ്ടതാണ്. വാക്കുകൾ വളച്ചൊടിക്കാൻ ആളുകളുണ്ടായേക്കാം. പഠനകാര്യത്തിൽ ഉദാസീനതക്ക് സാധ്യത കാണുന്നു. രക്ഷിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. പ്രണയികൾക്ക് സന്തോഷാവസരങ്ങൾ സംജാതമായേക്കും. ആത്മീയ സാധനകളിൽ കൂടുതൽ മുഴുകുന്നതാണ്.
മകം
കാര്യങ്ങൾ മാറിത്തുടങ്ങുന്നുവെന്ന് ആശ്വസിക്കാം. ജീവിതത്തിൽ സമരവും തിടുക്കവും ക്ലേശവും മാത്രമല്ല ഉള്ളതെന്നും ആശ്വാസവും ആഹ്ളാദവും കൂടിയുണ്ടെന്നും അറിഞ്ഞുതുടങ്ങും. സ്വജനങ്ങൾ പിണക്കം വെടിഞ്ഞ് മുന്നോട്ടുവരുന്നതാണ്. പാർട്ണർഷിപ്പ് ബിസിനസ്സിൽ ഉണർവ്വ് അനുഭവപ്പെടും. പുതിയ സംരംഭങ്ങൾ തത്കാലം തുടങ്ങരുത്. വ്യവഹാരങ്ങൾ കൂടിയാലോചനകളിലൂടെ പരിഹരിച്ചേക്കും. തൊഴിലിടത്തിൽ അമിതമായ ജോലിഭാരം ഉണ്ടായേക്കില്ല. വാഗ്ദാനം ലംഘിക്കുന്നവരോട് പൊറുക്കുവാനാവും. വയോജനങ്ങളുടെ പരിചരണത്തിൽ ശ്രദ്ധയുണ്ടാവണം.
പൂരം
കർമ്മഗുണം കുറയില്ല. നേട്ടങ്ങളുണ്ടാവും. പുതുകാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതാണ്. തടസ്സങ്ങൾ പരിഹരിക്കുന്നതിൽ സഹപ്രവർത്തകരുടെ സഹായം തേടും. സംഘടനയിൽ സമരസപ്പെടും. തൊഴിൽ ദാതാവിനോട് കയർക്കേണ്ട സാഹചര്യം വരാം. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ പ്രാവർത്തികമാക്കും. മകൻ്റെ കൂട്ടുകെട്ട് നിരീക്ഷിക്കേണ്ടതുണ്ട്. പരസ്യശാസനകൾക്ക് മുതിരാതിരിക്കുക അഭികാമ്യം. ന്യായമായ ആവശ്യങ്ങൾക്ക് പണം തടസ്സമാവില്ല. രോഗക്ലേശിതർക്ക് വാഗ്ദാനം ചെയ്തിരുന്ന സഹായധനം കൈമാറുന്നതാണ്. ആഴ്ചമധ്യത്തിലെ രണ്ടുദിവസങ്ങൾക്ക് മേന്മ കുറയാം.
Also Read: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ഉത്രം
ജോലിയിൽ കരുതിയത്ര ക്ലേശങ്ങൾ ഉണ്ടാവില്ല. ഒപ്പമുള്ളവരുടെ സഹകരണം വേണ്ടുവോളം കൈവരുന്നതാണ്. സുഹൃദ്വലയത്തിൽ കൂടുതൽ കാര്യതയുണ്ടാവും. മുഖ്യ വരുമാനം കൂടാതെ ഉപതൊഴിലുകളിൽ നിന്നും സാമ്പത്തികം വന്നെത്തും. സർക്കാരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കാര്യസാധ്യം പ്രതീക്ഷിക്കാം. ജീവിത പങ്കാളിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. അവധിക്കാലത്തുള്ള കുടുംബ യാത്രകൾക്ക് പദ്ധതി തയ്യാറാക്കും. ഇഷ്ടവിഷയങ്ങൾ വായിക്കുക, പഠിക്കുക, ആസ്വദിക്കുക മുതലായവ സാധ്യമാകും.
അത്തം
ചന്ദ്രഗ്രഹസഞ്ചാരം അഞ്ചുമുതൽ എട്ടുവരെ രാശികളിലാകയാൽ സമ്മിശ്രഫലങ്ങൾ ഭവിക്കാവുന്ന വാരമായിരിക്കും. തൊഴിലിൽ സമ്മർദ്ദങ്ങൾ വരാനിടയുണ്ട്. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞേക്കില്ല. അധികാരികളുടെ നീരസത്തിന് പാത്രമാകാം. പരാശ്രയത്വം മനക്ലേശത്തിന് കാരണമാകുന്നതാണ്. ജീവിതപങ്കാളിയുടെ ബിസിനസ്സിൽ നിന്നും വരുമാനം ഉയരും. ദാമ്പത്യസൗഖ്യം, ഗൃഹസ്വസ്ഥത ഇവ പ്രതീക്ഷിക്കാം. ഇഷ്ടസുഹൃത്തിൻ്റെ സന്ദർശനം സമാധാനം നൽകും. ഞായർ, വെള്ളി, ശനി ദിവസങ്ങൾക്ക് ഗുണം കുറയുന്നതാണ്.
ചിത്തിര
ഭാഗ്യം കൊണ്ട് തടസ്സങ്ങളെയും ആപത്തുകളെയും തരണം ചെയ്യും. കരുതിയതുപോലെ കാര്യങ്ങൾ നീങ്ങണമെന്നില്ല. പക്ഷേ മനസ്സും ശരീരവും അതിന്നൊപ്പം, വേഗത്തിൽ ഒത്തിണങ്ങുന്ന അനുഭവം ഉണ്ടാവും. സാമ്പത്തികമായ അലട്ടലുകൾ സഹനീയ മാവും. പോംവഴികൾ തെളിയുന്നതാണ്. ആരോഗ്യരക്ഷ അനിവാര്യമാണ്. കുടുംബം നൽകുന്ന പിന്തുണ എത്ര വലുതാണെന്ന് ഓർമ്മിക്കും. നവാരംഭങ്ങൾ അതിൻ്റെ താളം കണ്ടെത്തുന്നതാണ്. ചെറുയാത്രകൾ ഹർഷമേകും. വാരാദ്യത്തിലെ ശോകം പെട്ടെന്ന് തോഷമായി മാറും.
ചോതി
ഏകപക്ഷീയമായ തീരുമാനങ്ങൾ സഹപ്രവർത്തകരുടെ വിരോധത്തിന് കാരണമാകും. സ്വയം തൊഴിലിൽ അഭിവൃദ്ധിയുണ്ടാവും. പല കാര്യങ്ങളും തുടങ്ങുന്നതിൽ കാണിക്കുന്ന ഔത്സുക്യം നിലനിർത്തുന്നതിൽ കാണിക്കണമെന്നില്ല. ദൂരദേശത്തുനിന്നും ശുഭകരമായ സന്ദേശങ്ങൾ ലഭിക്കാം. വേണ്ടപ്പെട്ട ചിലരുടെ ദൂഷ്യവശങ്ങൾ ശ്രദ്ധയിൽപ്പെടും. സഹവർത്തിത്വം ഒഴിവാക്കാൻ തീരുമാനിക്കുന്നതാണ്. വിദ്യാഭ്യാസത്തിൽ നല്ല പുരോഗതി ദൃശ്യമാകും. കുടുംബ ജീവിതത്തിൽ സുഖവും ക്ഷേമവും ഭവിക്കും. ആരോഗ്യപരമായി ഗുണം കുറയുന്നുതാണ്.
വിശാഖം
സന്താനങ്ങളാൽ മനസ്സന്തോഷം ഉണ്ടാവുന്നതായിരിക്കും. ചില ആശങ്കകൾ അകലുന്നതാണ്. മന്ദഗതിയിലായ സ്വന്തം തൊഴിൽ മേഖലയ്ക്ക് ജീവശ്വാസം ലഭിക്കുന്നതായിരിക്കും. ഇഷ്ടാനിഷ്ടങ്ങൾ തുറന്നു പറയുകയാൽ ബന്ധുക്കളും സുഹൃത്തുക്കളും ശത്രുക്കളായേക്കും. വീട്ടുചെലവുകൾ കൂടി വരുന്നതിൽ ഉൽക്കണ്ഠയുണ്ടാവും. ഉദ്ദേശിച്ചിറങ്ങുന്ന കാര്യങ്ങൾ മുടക്കം കൂടാതെ പൂർത്തിയാക്കും. സ്ഥലംമാറ്റക്കാര്യത്തിൽ വലിയ പ്രതീക്ഷ വേണ്ടതില്ല. പിതാവിൻ്റെ ആരോഗ്യകാര്യത്തിലെ ഉദ്വേഗം കുറയാം. മുൻപു ചെയ്ത അബദ്ധങ്ങൾ തിരുത്താൻ അവകാശം കിട്ടുന്നതാണ്.
അനിഴം
പൂർവ്വിക സ്വത്തിൽ നിന്നും ധനാഗമമുണ്ടാവും. മേലുദ്യോഗസ്ഥരെ ഉപദേശിച്ച് കുഴപ്പത്തിലാവാൻ സാധ്യതയുണ്ട്. പ്രണയികൾക്ക് സന്തോഷിക്കുവാൻ സാഹചര്യം ഒത്തുവരുന്നതാണ്. കൂട്ടുകാരുമായി ചേർന്ന് പുതിയ ബിസിനസ്സ് തുടങ്ങുന്നതിൽ തീരുമാനം നീളാം. ഉന്മേഷക്കുറവ് മാറി ഉത്സാഹം വീണ്ടെടുക്കുന്നതാണ്. രാഷ്ട്രീയ പ്രവർത്തനത്തിൽ ദിശാബോധം കുറയും. വാഹനത്തിൻ്റെ അറ്റകുറ്റത്തിന് പ്രതീക്ഷിച്ചതിലും ചെലവുണ്ടാവുന്നതായിരിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ആരാധനകൾ തടസ്സപ്പെടില്ല.
തൃക്കേട്ട
കാര്യാലോചനകളിൽ ഉറച്ച നിലപാടുകൾ കൈക്കൊള്ളും. തൊഴിൽ തേടുന്നവർക്ക് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാനാവും. സമൂഹമധ്യത്തിൽ ബഹുമാന്യതയുണ്ടാവും. പദവികൾ ആഗ്രഹിക്കുന്നവർക്ക് അവ ലഭിക്കാം. വൈയക്തികമായ അഭിരുചികളിൽ കടുംപിടിത്തം ഉണ്ടാവില്ല. ദൂരയാത്രകളിൽ തത്കാലം താത്പര്യമുണ്ടാവില്ല. വരുമാനം മോശമാവില്ലെങ്കിലും പണച്ചെലവ് കുറയ്ക്കാൻ സ്വയം തീരുമാനിക്കുന്നതാണ്. കലാപ്രവർത്തനത്തിൽ കൂടുതൽ അഗാധത കൈവരും. കുടുംബത്തിൻ്റെ കാര്യങ്ങളിൽ കൂടുതൽ ആബദ്ധരായേക്കും.
മൂലം
മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ തടസ്സം കൂടാതെ നിർവഹിക്കാനാവും. പരാശ്രയത്വം ഉണ്ടാവില്ല. അധികാരികളോട് ദൂരം സൂക്ഷിക്കും. അവരുടെ ശരിയും തെറ്റും ചൂണ്ടിക്കാട്ടുന്നതിനാൽ സമ്മർദ്ദം ഉയരും. പക്ഷേ ന്യായത്തിൻ്റെ ഭാഗത്ത് നിന്നും മാറുകയില്ല. വിദ്യാഭ്യാസ വായ്പ കിട്ടാനിടയുണ്ട്. വാഗ്ദാനലംഘനം നടത്തിയ ബന്ധുവിനോട് കയർക്കാം. യാത്രകൾ വേണ്ടിവരുന്നതാണ്. സന്തോഷ സന്ദർഭങ്ങൾ കുറയില്ല. തത്കാലം പഴയ വാഹനം മതി എന്ന നിലപാടിലെത്താം. ദാമ്പത്യത്തിൽ സ്വൈരം ഉണ്ടാവും. ജീവിതപങ്കാളിക്ക് പാരിതോഷികം നൽകുന്നതാണ്.
Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
പൂരാടം
കർമ്മഗുണം കുറയുകയും കൂടുകയും ചെയ്യും. സ്വന്തം ബിസിനസ്സിൽ നടത്തിയ മാറ്റങ്ങളുടെ ഗുണം കണ്ടുതുടങ്ങുന്നതാണ്. ഉപഭോക്താക്കളുടെ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യും. ആരോഗ്യപരമായി ശ്രദ്ധയുണ്ടാവണം. ഈയാഴ്ച ചന്ദ്രന് രാഹു, ശനി യോഗം വരികയാൽ മനസ്സ് ഇടയ്ക്കിടെ അകാരണമായി മ്ളാനമാവും. സുഹൃത്തിൻ്റെ ആവശ്യങ്ങൾക്ക് കൈയ്യയച്ച് സഹായിക്കുന്നതാണ്. വ്യക്തിസ്വാതന്ത്ര്യത്തിൽ ഉറച്ചുനിൽക്കും. പഴയ കടബാധ്യതകൾ പരിഹരിക്കാൻ ശ്രമം തുടരുന്നതാണ്. ഗൃഹത്തിൻ്റെ നവീകരണം തുടരാം.
ഉത്രാടം
സർക്കാരിൽ നിന്നും കാര്യങ്ങൾ നേടിയെടുക്കാൻ സമയനഷ്ടം ഉണ്ടാവും. ജോലി തേടുന്നവർക്ക് അല്‌പം കൂടി കാത്തിരിക്കേണ്ടി വരുന്നതാണ്. ചെറുകിട സംരംഭങ്ങളിൽ നിന്നും ലാഭം വർദ്ധിക്കുന്നതാണ്. പുതിയ സൗഹൃദങ്ങളുണ്ടാവും. സംഘടനകൾ, റസിഡൻ്റ് അസോസിയേഷൻ ഇവയിൽ സജീവ സാന്നിദ്ധ്യം കൈക്കൊള്ളുന്നതായിരിക്കും. ദൂരദിക്കിൽ നിന്നും അനുകൂലമായ സന്ദേശം വരുന്നതാണ്. അനാരോഗ്യത്തിന് ചികിൽസ ഫലപ്രദമാവും. വിദ്യാർത്ഥികളുടെ പഠനത്തിനാവശ്യമായ തുക സ്പോൺസർഷിപ്പായി ലഭിക്കാം.
തിരുവോണം
തൊഴിലിൽ വളർച്ച തന്നെയാവും അനുഭവപ്പെടുന്നത്. എന്നാൽ സ്വന്തം പണം മുടക്കി ചെയ്യുന്ന തൊഴിലിൽ ഇനിയും അധ്വാനം ആവശ്യമാണ്. പൊതുവേ സാഹചര്യങ്ങൾ പൂർണ്ണമായും അനുകൂലമാണെന്ന് പറയാനാവില്ല. ആത്മനിയന്ത്രണം നഷ്ടമാകരുത്. ക്ഷോഭസാഹചര്യങ്ങൾ വരാം. നെഗറ്റീവ് ചിന്തകളെ മറികടക്കാനാവണം. വാഗ്ദാനങ്ങൾ പാലിക്കാൻ ക്ലേശിക്കുന്നതാണ്. പ്രതീക്ഷിച്ച പിന്തുണകൾ കിട്ടിയേക്കില്ല. എന്നാൽ മറ്റു ചില അനുകൂല സാഹചര്യങ്ങൾ സംജാതമാവുകയും ചെയ്യും. കുടുംബത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയുന്നതാണ്.
അവിട്ടം
ന്യായമായ ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടും. അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്നതാണ്. പിതാവിൻ്റെ തൊഴിലിൽ നിന്നും ലാഭം കുറയുകയാൽ നിർത്താൻ ആലോചന വരും. സമൂഹത്തിൽ ആദരണീയതയുണ്ടാവുന്നതാണ്. മരണവീട് സന്ദർശിച്ച് സന്തപ്തർക്ക് ആവശ്യമായ സഹായം ചെയ്തുകൊടുക്കും. അനാവശ്യമായ തിടുക്കം ഗുണം ചെയ്യില്ല. ഉപജാപങ്ങളിൽ പെടാതിരിക്കാൻ കരുതൽ വേണ്ടതുണ്ട്. ധനവിനിയോഗം പിശുക്കോളം പരിമിതപ്പെടുത്തും. ഇക്കാര്യത്തിൽ ഗാർഹികമായ അലോസരങ്ങൾ വന്നെത്തുന്നതാണ്.
ചതയം
കർമ്മരംഗത്ത് മാറ്റങ്ങൾ വരുത്താൻ കൂടിയാലോചിക്കും. വ്യക്തത ഉണ്ടായേക്കില്ല. എങ്കിലും വരുന്ന ഉത്സവക്കാലത്തിന് മുന്നേ വിപുലീകരണം വേണമെന്ന് തീരുമാനിക്കും. മാനസിക സംഘർഷങ്ങളാൽ രണ്ടുദിവസം സ്വസ്ഥതയോടെ ഇരിക്കാൻ ആഗ്രഹിക്കും. പക്ഷേ നടന്നേക്കില്ല. ദൂരയാത്രകൾ വേണ്ടെന്നുവെക്കുന്നതാണ്. സുഹൃത്തുക്കൾക്കുവേണ്ടി ജാമ്യം നിൽക്കുന്ന കാര്യത്തിൽ ജീവിതപങ്കാളിയുടെ എതിർപ്പുയരാം. വരുമാനത്തിനനുസരിച്ച് ചെലവ് ക്രമീകരിക്കും. ഗവേഷകർ പ്രബന്ധ രചന പൂർത്തിയാക്കും. പ്രണയിതാക്കൾക്ക് മാനസികോല്ലാസം ഭവിക്കുന്നതാണ്.
പൂരൂരുട്ടാതി
കാര്യവിജയം സൂത്രപ്പണികൾ കൊണ്ട് സാധ്യമാവില്ല എന്ന് ബോധ്യമാവും. പുതുതലമുറയുടെ ആത്മാർത്ഥതയിൽ അഭിമാനം തോന്നും. മുൻകൂട്ടിയെടുത്ത ചില തീരുമാനങ്ങൾ മാറ്റിവെച്ചേക്കും. ബന്ധുക്കൾക്കായുള്ള സന്ധിസംഭാഷണങ്ങൾ വിജയിക്കുന്നതാണ്. കലാരംഗത്ത് അവസരങ്ങൾ ലഭിക്കാം. കടം വാങ്ങിയ തുക മടക്കിക്കൊടുക്കാൻ ശ്രമം നടത്തിയേക്കും. വ്യവഹാരങ്ങൾക്ക് മുതിരാതിരിക്കുക കരണീയം. പഴയ കൂട്ടുകാരുടെ ഒത്തുചേരൽ സന്തോഷിപ്പിക്കും. രോഗഗ്രസ്തർക്ക് തുടർചികിൽസക്കു ശേഷം വീണ്ടും അസ്വസ്ഥത തോന്നാം.
ഉത്രട്ടാതി
മനസ്സിന് സ്വസ്ഥതയുണ്ടാവും, വാരാദ്യ ദിവസങ്ങളിൽ. പലതും ചെയ്യാനുണ്ടെന്നത് ഓർമ്മിക്കും. കുടുംബത്തിൻ്റെ പിന്തുണ ധൈര്യം പകരും. ഇടയ്ക്ക് മനശ്ചാഞ്ചല്യം അനുഭവപ്പെടും. മുൻ തീരുമാനങ്ങളിൽ നിന്നും പിന്മാറും. സ്വന്തം തൊഴിലിൽ നേട്ടങ്ങൾ, വിശിഷ്യാ സാമ്പത്തിക മെച്ചം വരും. എന്നാൽ അമിത ധനവ്യയം നിയന്ത്രിക്കാനാവാത്തതിൽ വിഷമമുണ്ടാവും. എതിർക്കുന്നവരുടെ വായടപ്പിക്കാൻ വൃഥാ ശ്രമം നടത്തും. എങ്കിലും ശത്രുക്കളെക്കൊണ്ട് അത്ര ഉപദ്രവം ഉണ്ടായേക്കില്ല. പൊതുപ്രവർത്തനത്തിൽ ഉന്മേഷം കുറയാം.
രേവതി
പ്രത്യുല്പന്നമതിത്വവും ബുദ്ധിപരതയും കൊണ്ട് ആപൽഘട്ടങ്ങളെ മറികടക്കുന്നതാണ്. പ്രതീക്ഷിച്ചതിൽ പകുതിയെങ്കിലും പൂർത്തിയാക്കുവാൻ സന്ദർഭം വരും. അധികാരികളുടെ അപ്രീതി വകവെക്കില്ല. നവസരംഭങ്ങളുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുന്നതാണ്. കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നതിനാൽ സംഘടനയിൽ അഭിനന്ദിക്കപ്പെടും. സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേരം കണ്ടെത്തിയേക്കും. കുട്ടികളുടെ ആവശ്യപ്രകാരം പുറമേനിന്ന് ഭക്ഷണം, ഷോപ്പിംഗ്, വിനോദവേളകൾ മുതലായവയ്ക്ക് തയ്യാറാവും. അകൽച്ചയിലായ സുഹൃത്തുക്കൾ അടുക്കാനുള്ള സാധ്യത കാണുന്നു.
Read More: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.