/indian-express-malayalam/media/media_files/2025/02/22/march-16-to-march-22-2025-weekly-horoscope-astrological-predictions-598910.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Weekly Horoscope: ആദിത്യൻ മീനം രാശിയിൽ പൂരൂരുട്ടാതി -ഉത്രട്ടാതി ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ, ദ്വിതീയമുതൽ അഷ്ടമി വരെ തിഥികളിലാണ്. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ മൗഢ്യാവസ്ഥയിൽ തുടരുന്നു. വ്യാഴം ഇടവം രാശിയിൽ രോഹിണിയിലാണ്. രാഹു മാർച്ച് 17 ന്, മീനം 3 ന് ഉത്രട്ടാതിയിൽ നിന്നും പൂരൂരുട്ടാതിയിൽ പിൻഗതിയായി പ്രവേശിക്കുന്നു. കേതു കന്നിരാശിയിൽ ഉത്രത്തിലാണ്.
ചൊവ്വ മിഥുനം രാശിയിൽ പുണർതത്തിൽ സഞ്ചരിക്കുന്നു. ബുധൻ്റെ സഞ്ചാരം നീചക്ഷേത്രമായ മീനം രാശിയിൽ ഉത്രട്ടാതിയിലാണ്. മാർച്ച് 18 ന് ബുധൻ്റെ മൗഢ്യം ആരംഭിക്കുന്നു. ശുക്രൻ ഉച്ചസ്ഥനായി മീനം രാശിയിലാണ്. എന്നാൽ മാർച്ച് 18 മുതൽ ശുക്രന് വക്രമൗഢ്യം സംഭവിക്കുന്നുണ്ട്. ബുധശുക്രന്മാർക്ക് ഏകകാലത്തുതന്നെ മൗഢ്യം വരുന്നത് ശ്രദ്ധേയമാണ്.
ഇപ്രകാരമുളള ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ച വ്യക്തികളുടെ വാരഫലം ഇവിടെ അപഗ്രഥിക്കപ്പെടുന്നു.
അശ്വതി
പ്രവർത്തന മേഖല കൂടുതൽ ശക്തിപ്പെടുന്നതാണ്. അധികം ഊർജ്ജം ചെലവഴിക്കപ്പെടും. ഏകോപനവും നിർവഹണവും പരിചയസമ്പത്തിനാൽ കുറ്റമറ്റതാക്കും. തൊഴിലിടത്തിൽ സ്വീകാര്യത ഉയരുന്നതാണ്. സ്വകീയമായ സംരംഭങ്ങൾ നടത്തുന്നവർക്ക് സർക്കാർ അനുമതിക്കായി അലച്ചിലുണ്ടായേക്കും. വ്യക്തിപരമായി സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവുന്നതാണ്. നാലുഗ്രഹങ്ങൾ വ്യയസ്ഥാനത്തിൽ സഞ്ചരിക്കുകയാൽ ധനപരമായി നല്ല കരുതൽ വേണം. ദുർവ്യയത്തിനുള്ള പല വഴികൾ മുന്നിൽ കാത്തിരിക്കും. മനസ്സില്ലാമനസ്സോടെ യാത്രകൾ ചെയ്യേണ്ടി വരാം. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.
ഭരണി
നക്ഷത്രാധിപനായ ശുക്രന് വക്രമൗഢ്യം വരുന്നതിനാൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളരുത്. രണ്ടുവട്ടം ആലോചിച്ചുവേണം പ്രവർത്തിക്കാൻ. പകരക്കാരും ചുമതലപ്പെടുത്തിയവരും കൃത്യമായി കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണം. പ്രായോഗിക ബുദ്ധി പ്രവർത്തന മികവിന് കാരണമാകുന്നതാണ്. വരുമാനം മോശമാവില്ല. എന്നാൽ പലതരം ചെലവുകൾ ഉണ്ടാവാനിടയുണ്ട്. പുതുസംരംഭങ്ങൾക്ക് ഇപ്പോൾ അനുകൂല സമയമല്ല. പ്രണയികൾക്കിടയിൽ പാരസ്പര്യം കുറയാം. വിശ്രമത്തിന് സമയം വേണ്ടത്ര ലഭിച്ചേക്കില്ല. വാരാന്ത്യത്തിലെ ദിവസങ്ങൾ ക്ലേശകരമാവാം.
കാർത്തിക
സാമ്പത്തികമായി ഉണർവുണ്ടാവുന്ന വാരമായിരിക്കും. കാര്യങ്ങൾ നേടിയെടുക്കുക മുന്നത്തേതിലും എളുപ്പമുള്ളതായി അനുഭവപ്പെടും. കർമ്മമേഖലയിൽ നേട്ടങ്ങൾ കുറയില്ല. അധ്വാനത്തിലധികം ഫലങ്ങൾ വന്നെത്തും. സാമൂഹികമായ സ്വീകാര്യത ഉയരുന്നതാണ്. ഭാവനാപരതയും പ്രായോഗിക ബുദ്ധിയും സമന്വയിക്കപ്പെടും. എതിർപ്പുകളെ നിരാകരിക്കാനാവും. ദേഹസുഖവും ഭോഗപുഷ്ടിയും ഉണ്ടാവുന്നതാണ്. നിക്ഷേപങ്ങളെ സംബന്ധിച്ച് കരുതൽ വേണ്ട സന്ദർഭമാണ്. ആരെയും കണ്ണടച്ച് വിശ്വസിക്കരുത് എന്ന പഴഞ്ചൊല്ല് ഓർമ്മയിലുണ്ടാവണം. വെള്ളി, ശനി ദിവസങ്ങൾക്ക് ശുഭത്വം കുറയാം.
രോഹിണി
കർമ്മഗുണാഭിവൃദ്ധി അനുഭവപ്പെടും. മനം മടുപ്പിച്ചിരുന്ന മുൻ തടസ്സങ്ങൾ അകലുന്നത് ആശ്വാസമേകും. ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാൻ സന്നദ്ധത ഉണ്ടാവുന്നതാണ്. ചുറ്റപാടുമുള്ള യാഥാർത്ഥ്യങ്ങൾ മനസ്സിലിടം പിടിക്കും. സുഹൃൽബന്ധം ദൃഢമാകുന്നതാണ്. രോഗക്ലേശിതർക്ക് ചികിൽസ ഫലിക്കുന്നതായിരിക്കും. നറുക്കെടുപ്പ്, ചിട്ടി, ഇൻഷ്വറൻസ് ഇവയിലൂടെ ധനനേട്ടം കൈവരിക്കുന്നതാണ്. മകൻ്റെ നിർബന്ധശീലം മനപ്രയാസമുണ്ടാക്കും. ബിസിനസ്സുകാർക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞേക്കും. പരുഷവാക്കുകൾ ശത്രുക്കളെ സൃഷ്ടിക്കാം.
മകയിരം
കൂടുതൽ നേട്ടങ്ങൾ വരിക ഇടവക്കൂറിൽ ജനിച്ചവർക്കാവും. മിഥുനക്കൂറുകാർക്ക് തൊഴിലിൽ ചില സമ്മർദങ്ങൾ ഉണ്ടാവുന്നതാണ്. മുൻഗണന നിശ്ചയിക്കുന്നതിൽ പാകപ്പിഴകൾ വരാം. എന്നാലും മകയിരം നാളുകാർക്ക് സുഖാനുഭവങ്ങൾ കുറയാത്ത കാലമാണ്. വിശിഷ്ടവ്യക്തികളെ പരിചയപ്പെടാൻ അവസരമുണ്ടാവും. കലാകാരന്മാരുടെ കഴിവുകൾ തിരിച്ചറിയപ്പെടും. ശ്രമിക്കുന്ന പക്ഷം ജനങ്ങളുടെ സ്വീകാര്യത ഉണ്ടാവുന്നതാണ്. ഗൃഹത്തിൻ്റെ അറ്റകുറ്റത്തിന് ധനം ചെലവായേക്കും. വിദ്യാർത്ഥികൾക്ക് ഭാവിയെക്കുറിച്ച് ഉൽക്കണ്ഠ ഭവിക്കാം. പണമെടപാടുകളിൽ കരുതലുണ്ടാവണം.
തിരുവാതിര
നക്ഷത്രനാഥനായ രാഹുവിന് ശനിയുടെ നക്ഷത്രത്തിൽ ( ഉത്രട്ടാതി) നിന്നും വ്യാഴത്തിൻ്റെ നക്ഷത്രത്തിലേക്ക് (പൂരൂരുട്ടാതി) മാറ്റം വരുന്നത് ആശാസ്യമാണ്. അനുഭവിച്ചു പോരുന്ന പലതരം സമ്മർദ്ദങ്ങൾ കുറയാനിടയുണ്ട്. തൊഴിലിൽ മുഴുമനസ്സും കേന്ദ്രീകരിക്കാനാവും. കൂട്ടുകെട്ടുകൾ സ്വയം വിചാരണ ചെയ്ത് ശരിതെറ്റുകളറിയും. സ്ത്രീകളുടെ സഹായം ലഭിക്കുന്നതാണ്. ബന്ധുക്കളുടെ പ്രശ്നങ്ങൾക്ക് ബൗദ്ധികമായ പോംവഴി ഉപദേശിക്കും. കുടുംബവുമായി കൂടിയാലോചിക്കാതെ പുതിയ കാര്യങ്ങൾ തുടങ്ങരുത്. ധനവരവ് തൃപ്തികരമായിരിക്കും. രാഷ്ട്രീയ പ്രവർത്തനം സമ്മിശ്രഫലം നൽകും. വ്യായമം, ദിനചര്യ ക്രമീകരിക്കൽ എന്നിവയിൽ ആലസ്യമരുത്.
പുണർതം
കാര്യസാധ്യത്തിന് നയോപായങ്ങൾ എല്ലാം തന്നെ പുറത്തെടുക്കേണ്ടി വരുന്നതാണ്. സഹപ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ടു മുന്നോട്ടുപോവാനാവും. ബിസിനസ്സിൽ നേട്ടങ്ങൾ ഉണ്ടാവുന്ന കാലമാണ്. മാർക്കറ്റിംഗ് മേഖല പുഷ്ടിപ്പെടും. ടെക്നോക്രാറ്റുകൾക്ക് ജോലിഭാരം കൂടാം. ഉത്സവാദികളുടെ നടത്തിപ്പിൽ മുഴുനേരം അദ്ധ്വാനം ആവശ്യമായിരിക്കും. പുതുവാഹനം വാങ്ങാൻ അല്പം കൂടി കാത്തിരിക്കുയാവും ഉചിതമായത്. ഡിജിറ്റൽ രംഗത്ത് ധാരാളം അവസരങ്ങൾ തേടിവന്നേക്കും. ഇഷ്ടവസ്തുക്കൾ വില നോക്കാതെ വാങ്ങുന്നതാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങൾക്ക് ഗുണം കുറഞ്ഞേക്കും.
പൂയം
നക്ഷത്രാധിപനായ ശനിയ്ക്ക് മൗഢ്യം തുടരുന്നതിനാൽ ആശയക്കുഴപ്പം ഉണ്ടാവും. ജോലിഭാരം പതിവിലും കൂടുന്നതായിരിക്കും. പരാശ്രയം വേണ്ടിവരാം. വലിയ നേട്ടങ്ങളെക്കാൾ ചെറിയ കാര്യങ്ങൾ ഒരുവിധം നടന്നുകിട്ടുന്നതാണ്. ഭൂമികച്ചവടം പറഞ്ഞ തീയതിയിൽ നടന്നേക്കില്ല. തന്മൂലം മനക്ലേശം കൂടാം. പ്രണയികൾ സമ്മർദ്ദത്തെ അഭിമുഖീകരിക്കും. അറിവും കഴിവും പൂർണമായും പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല എന്നത് വിഷമകാരണമാവും. ഞായർ, ബുധൻ, വ്യാഴം തുടങ്ങിയ ദിവസങ്ങളിൽ താരതമ്യേന സന്തോഷം ഭവിക്കുന്നതാണ്.
ആയില്യം
നക്ഷത്രനാഥനായ ബുധന് വക്രമൗഢ്യം വരുന്നതിനാൽ കാര്യതടസ്സം ഭവിക്കാം. ലഘുപ്രയത്‌നം കൊണ്ട് നേടേണ്ടവ നീണ്ടുപോകുന്നതാണ്. ബന്ധുക്കളിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ഉണ്ടായേക്കില്ല. പലപ്പോഴും സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നതാണ്. ഭോഗസുഖം, വിരുന്നൂണ്, സുഹൃൽസമാഗമം ഇവയുണ്ടാവും. പാരമ്പര്യമായി ചെയ്യുന്ന തൊഴിലുകളിൽ നിന്നും നേട്ടങ്ങൾ വരും. സകുടുംബം ക്ഷേത്രാടനത്തിന് അവസരം ലഭിക്കാം. മകൻ്റെ/മകളുടെ ശാഠ്യം വിഷമിപ്പിക്കും. വായ്പയുടെ തിരിച്ചടവിന് ക്ലേശിക്കുന്നതാണ്. ഞായർ, തിങ്കൾ, വെള്ളി, ശനി ഗുണപ്രദ ദിവസങ്ങൾ.
മകം
ഗ്രഹങ്ങളുടെ അനിഷ്ടരാശി സഞ്ചാരം മനക്ലേശത്തിന് കാരണമാകാം. ചിലപ്പോൾ ധൈര്യക്കുറവോ, വിഷാദമോ ഉണ്ടാവും. ഇതികർത്തവ്യതാമൂഢത്വം ഭവിക്കാം. വിവേകവും ക്ഷമയും മൗനവും ഗുണകരമാവുന്നതാണ് പെട്ടെന്ന് തീരുമാനങ്ങളിൽ എത്തരുത്. മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാനും ശ്രമിക്കണം. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ആത്മവിശ്വാസം വരും. ചെലവുകളിൽ മിതത്വം പാലിക്കുന്നത് നന്നായിരിക്കും. ഈശ്വര സമർപ്പണത്തിന് നേരം കണ്ടെത്തും. മക്കളെ എപ്പോഴും കുറ്റപ്പെടുത്തുന്ന രീതി ഒഴിവാക്കണം.
പൂരം
സൂര്യൻ, രാഹു, ബുധൻ, ശുക്രൻ എന്നീ നാലുഗ്രഹങ്ങൾ അഷ്ടമത്തിൽ സഞ്ചരിക്കുന്നതിനാൽ പുതിയ സംരംഭങ്ങളിൽ പുരോഗതി കുറയാം. പ്രേമലോലുപർക്ക് വിഷാദം ഭവിക്കുന്നതാണ്. ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്തവിധം മനസ്സിനെ ശൈഥില്യം ബാധിക്കാം. സഹനവും മൗനവും ഇവിടെ അനിവാര്യം. കലഹ പ്രേരണകളെ ആവിധം ഒഴിവാക്കുക കരണീയം. വരവും ചെലവും എഴുതി സൂക്ഷിക്കുന്നത് നന്നായിരിക്കും. ഒപ്പം പണച്ചെലവ് നിയന്ത്രിക്കുകയും വേണ്ടതുണ്ട്. കൂട്ടുകാരുടെയോ സഹപ്രവർത്തകരുടെ യോ അഭിപ്രായം തേടുന്നത് സംഘർഷം കുറയ്ക്കാം. കുടുംബത്തിനൊപ്പം ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുന്നതാണ്.
ഉത്രം
നക്ഷത്രനാഥനായ ആദിത്യന് ത്രിഗ്രഹയോഗം ഉള്ളതിനാൽ സൗഹൃദം ഏറുന്നതാണ്. അതുമൂലം ഗുണവും ദോഷവും ഭവിക്കാം. പൊതുസമൂഹത്തിൽ കൂടുതലായി ഇടപഴകേണ്ടി വരുന്നതാണ്. ഏഴാം ഭാവത്തിൽ ശനി സഞ്ചരിക്കുന്നത് പ്രണയത്തെ തടസ്സപ്പെടുത്താനിടയുണ്ട്. ദാമ്പത്യത്തിൽ അനുരഞ്ജനം അനിവാര്യമായ ഘട്ടത്തിലാവും. കൂട്ടുകച്ചവടത്തിൽ ലാഭം കുറയുന്നതാണ്. വായ്പാ തിരിച്ചടവിൻ്റെ തീയതി മാറുന്നതിന് സാധ്യതയുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആവർത്തിത ശ്രമം ആവശ്യമാവും. വസ്തുവിൽ നിന്നും ആദായം ലഭിക്കാം.
അത്തം
രാശിനാഥനായ ബുധനും ഭാഗ്യാധിപനായ ശുക്രനും വക്രമൗഢ്യാദികൾ വരുന്നതിനാൽ കരുതൽ വേണം. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയില്ല. അതോടൊപ്പം മറ്റുള്ളവർ തനിക്ക് തന്ന വാക്കും ലംഘിക്കപ്പെടും. ആരോഗ്യപരമായി ശ്രദ്ധയുണ്ടാവണം. സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്. യാത്രകൾ ക്ഷീണിപ്പിക്കും. രോഗികളെ സന്ദർശിക്കാൻ നേരം കണ്ടെത്തുന്നതാണ്. മനസ്സന്തോഷം നൽകുന്ന കാര്യങ്ങൾക്ക് വിഘാതം ഉണ്ടാവാനിടയുണ്ട്. വ്യാപാര സ്ഥാപനത്തിൽ പകരക്കാരെ നിയമിക്കുന്നത് ശ്രദ്ധയോടെയാവണം. ദിനചര്യകൾ തെറ്റാം. ഉറക്കം കുറയുന്നതാണ്.
ചിത്തിര
കാര്യസാധ്യം എളുപ്പമാവും. മിക്കപ്പോഴും പ്രായോഗിക പരിചയം തുണയേകുന്നതാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സുഗമതയുണ്ടാവും. പ്രത്യേകിച്ചും തുലാക്കൂറുകാരായിട്ടുള്ള ചിത്തിര നാളുകാർക്ക്. വാഹനത്തിൻ്റെ അറ്റകുറ്റപ്പണി കഴിയുകയാൽ സഞ്ചാരക്ലേശം നീങ്ങുന്നതാണ്. കുടുംബത്തോടൊപ്പം മാളുകളിൽ ഷോപ്പിംഗ് നടത്തുക, പുറമേ നിന്നും ഭക്ഷണം കഴിക്കുക മുതലായവയ്ക്ക് സാഹചര്യം ഉണ്ടാവും. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒന്നോ രണ്ടോ ദിവസം ജില്ലയ്ക്ക് പുറമേ പോകേണ്ടി വരാം. വൃദ്ധരായ മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കും.
ചോതി
വാരാദ്യം അനുകൂല ഫലങ്ങൾ കുറയാം. മനസ്സിനെ വിഷാദം ബാധിക്കാനിടയുണ്ട്. പ്രതീക്ഷിക്കാത്ത കാര്യങ്ങൾക്ക് ചെലവേർപ്പെടാം. ചെറുയാത്രകളും സാധ്യതയാണ്. ബുധൻ മുതൽ കാര്യങ്ങൾ വരുതിയിലാകുന്നതാണ്. ഇഷ്ടജനങ്ങളുടെ സാമീപ്യം ലഭിക്കും. കച്ചവടത്തിൽ നിന്നും ലാഭം കിട്ടുന്നതാണ്. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പ്രയത്നം സഫലമാകും. ശുഭവാർത്താ ശ്രവണം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അഭിനന്ദനം കിട്ടുന്നതാണ്. കൂടിയാലോചനകളിൽ സ്വന്തം നിലപാടുകൾ, നിർദ്ദേശങ്ങൾ എന്നിവ നിർഭയം അറിയിക്കും.
വിശാഖം
തുലാക്കൂറുകാർക്ക് പൊതുവേ ക്ഷേമം നിറഞ്ഞ കാലഘട്ടമാണ്. പ്രവൃത്തികളിലെ തടസ്സം നീങ്ങും. ലഘുപ്രയത്നത്താൽ കാര്യസാദ്ധ്യം ഭവിക്കുന്നതാണ്. അധികാരികൾ പ്രോൽസാഹനമേകും. കുടുംബ പ്രശ്നങ്ങൾ വാരാദ്യം തലവേദന സൃഷ്ടിക്കാം. സഹിഷ്ണുതയും പ്രായോഗികതയും കൊണ്ട് അതിനെ അതിജീവിക്കാനാവും. സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്നത് കരുതലോടെ വേണം. വരവ് പ്രതീക്ഷിച്ചപ്പോലെ തന്നെയാവും. എന്നാൽ ചെലവ് അല്പം അനിയന്ത്രിതം ആകുന്നതാണ്. ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കുന്നതിന് നേരം കണ്ടെത്തും.
അനിഴം
നക്ഷത്രനാഥനായ ശനിയുടെ മൗഢ്യം തുടരുകയാണ്. ശനി സഞ്ചാരം കുംഭം രാശിയുടെ അവസാനഭാഗയിലാകയാൽ രാശിസന്ധിദോഷവും നിലവിലുണ്ട്. സ്വന്തം പണം മുടക്കി തൊഴിൽ ചെയ്യുന്നവർ "കയ്പായിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ' എന്ന സ്ഥിതിയിലാവും. പഠിപ്പിൽ ആലസ്യം വന്നെത്തുന്നതാണ്. കരാറുകൾ പുതുക്കിക്കിട്ടാൻ അധികാരികൾ തയ്യാറായേക്കില്ല. തൊഴിൽപരമായി സമ്മർദ്ദം കൂടുന്നതാണ്. വാരാദ്യ ദിവസങ്ങളിൽ പാഴ്ചെലവുകൾ കൂടാനിടയുണ്ട്. വീടുവിട്ടുനിൽക്കാൻ തോന്നും. ശത്രുക്കളെ പ്രതിരോധിക്കുകയാൽ മനസ്ഥൈര്യം ചോർന്നുപോകുന്നതാണ്. ഏകാന്തത അനുഭവപ്പെടാം.
തൃക്കേട്ട
ജീവിതത്തിൽ പരിവർത്തനത്തിൻ്റെ കാലഘട്ടമാണ്. അവ യാഥാർത്ഥ്യമാവാൻ കുറച്ചുകൂടി കാത്തിരിക്കണം. അതിനാൽ ഇപ്പോൾ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളരുത്. അനാവശ്യമായ തിടുക്കം ഒഴിവാക്കണം. കരാറുകൾ ഒപ്പിടുന്നത് മുഴവൻ നിബന്ധനകളും പഠിച്ചറിഞ്ഞിട്ടാവണം. ബന്ധുക്കൾക്ക് സഹായം ചെയ്യേണ്ടി വരുന്നതാണ്. വിദേശത്ത് പോകാൻ ഉത്സാഹിക്കുന്നവർ അതിനുള്ള ടെസ്റ്റുകൾ പാസ്സാവും. വ്യായാമം, ആരോഗ്യസംരക്ഷണം ഇവയിലെ ജാഗ്രത ഉപേക്ഷിക്കരുത്. ഉപാസനകൾക്കും സമർപ്പണങ്ങൾക്കും അവസരം ലഭിക്കുന്നതാണ്. ധനവിനിയോഗത്തിൽ ജാഗ്രത പാലിക്കണം.
മൂലം
നാലാമെടത്തിലെ ഗ്രഹബാഹുല്യം മനസ്സിൽ ചാഞ്ചല്യം ഉണ്ടാക്കും. വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ധൈര്യമുണ്ടാവില്ല. അപ്രസക്ത കാര്യങ്ങൾ ആലോചിച്ച് സ്വൈരം നഷ്ടമാകുന്നതാണ്. അമ്മവഴിയായ ബന്ധുക്കളുടെ കാര്യത്തിൽ ഏർപ്പെട്ട് ചില തിരിച്ചടികൾ വന്നേക്കാം. വാഹനം വാങ്ങാനിടയുണ്ട്. ആറു ഗ്രഹങ്ങൾ കർമ്മരംഗത്ത് ദൃഷ്ടി ചെയ്യുന്നത് നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും കാരണമാകും. അധികാരമോ പദവികളോ ലഭിച്ചേക്കാം. ഏറ്റെടുക്കുന്ന ചുമതലകൾ ഭംഗിയാക്കാൻ സാധിക്കുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങാൻ അത്ര ഗുണകരമായ കാലമല്ല.
പൂരാടം
മനസ്സുഖം കുറയാം. ചുറ്റുപാടുമുള്ള വ്യക്തികൾ, സംഭവങ്ങൾ എന്നിവയുടെ ന്യായാന്യായങ്ങളെക്കുറിച്ച് ആശയക്കുഴപ്പം ഏർപ്പെടുന്നതാണ്. സുഹൃത്തുക്കളുടെ വാക്കുകൾ ശ്രദ്ധിക്കും. എന്നാൽ അവ പ്രാവർത്തികമാക്കാൻ മുതിർന്നേക്കില്ല. ചെയ്യാനുള്ള ജോലികൾ ഭംഗിയായി നിർവഹിക്കും. മേലധികാരികളുമായിആശയഭിന്നത ഒരു സാധ്യതയാണ്. തൊഴിലന്വേഷകർക്ക് ചെറിയ വരുമാനമാർഗമെങ്കിലും തുറക്കപ്പെടാം. ബന്ധുസമാഗമത്തിന് അവസരം ഒരുങ്ങും. ക്ഷേത്രാടനാദികൾക്ക് സാഹചര്യം ഒത്തുവരുന്നതാണ്. കലാപ്രവർത്തനത്താൽ തൃപ്തിയുണ്ടാവും. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധ വേണ്ടതുണ്ട്.
ഉത്രാടം
സാമാന്യമായ നേട്ടങ്ങൾ പ്രതീക്ഷിച്ചാൽ മതി. കൂട്ടുകെട്ടിനാൽ ഗുണവും ദോഷവും ഉണ്ടാവാമെന്ന് ഓർക്കുക. ചിലരോട് ശക്തമായി സംസാരിക്കേണ്ടി വരുന്നതാണ്. സമ്മർദ്ദങ്ങൾ ഉണ്ടായാലും നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് ആശാസ്യമാവില്ല. മേലധികാരികളുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുക ക്ലേശകരമാവും. ജീവിതപങ്കാളിയുടെ കുടുംബ സ്വത്തിന്മേൽ നടക്കുന്ന വ്യവഹാരത്തിൻ്റെ വിധി അനുകൂലമായേക്കും. ആരോഗ്യക്ലേശങ്ങളെ അവഗണിക്കാൻ പാടില്ല. വാഹനോപയോഗത്തിൽ ശ്രദ്ധ കുറയരുത്. ബിസിനസ്സ് യാത്രകൾ ഗുണകരമായേക്കും.
തിരുവോണം
പലകോണുകളിൽ നിന്നും ആവശ്യപ്പെടാതെ തന്നെ സഹായം വന്നെത്തുന്നതാണ്. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുകൂലത പ്രതീക്ഷിക്കാം. മുൻപ് ക്ലേശിപ്പിച്ച കാര്യങ്ങൾ ഇപ്പോൾ ക്ഷിപ്രസാധ്യമാവും. സഹോദരരിൽ നിന്നും സഹായം വന്നെത്തുന്നതാണ്. കെട്ടിട നിർമ്മാണം ആശാവഹമാം വിധം പുരോഗമിക്കും. സ്വന്തം തൊഴിലിൽ ഉണർവുണ്ടാവുന്ന കാലമാണ്. വായ്പാ തിരിച്ചടവുകളിൽ മുടക്കമുണ്ടാവില്ല. മക്കളുടെ വാക്കും കർമ്മവും കൂട്ടുകെട്ടും സശ്രദ്ധം നിരീക്ഷിക്കും.
അവിട്ടം
മകരക്കൂറുകാർക്ക് അഷ്ടമരാശി കഴിഞ്ഞതിനാൽ പ്രവൃത്തിരംഗത്ത് ആശ്വാസവും വളർച്ചയും പ്രകടമാവും. തീരുമാനങ്ങൾ അവസരോചിതമായി കൈക്കൊള്ളും. ഒപ്പമുള്ളവരുടെ അഭിപ്രായം പരിഗണിക്കുന്നതാണ്. വാഗ്ദാനങ്ങൾ പാലിക്കപ്പെടും. മേലുദ്യോഗസ്ഥരുടെ പിന്തുണ പ്രതീക്ഷിക്കാം. കുംഭക്കൂറുകാർക്ക് ഞായറും തിങ്കളും മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നതാണ്. കലഹിക്കുന്നതിനുള്ള പ്രേരണയുണ്ടാവും. മറ്റുള്ള ദിവസങ്ങളിൽ കുറശ്ശെയായി ഗുണം വന്നുചേരുന്നതാണ്. അനുബന്ധമായി മറ്റൊരു തൊഴിൽ കൂടി ചെയ്യുന്നതിന് ആലോചിക്കും. പക്ഷേ ഉടനെ നടന്നുകിട്ടാൻ സാധ്യത കുറവാണ്.
ചതയം
വാക് - കുടുംബ - ധന സ്ഥാനത്ത് ആദിത്യനും രാഹുവും സഞ്ചരിക്കുന്നതുകൊണ്ടും അവിടെ ബുധശുക്രന്മാർ ഉള്ളതുകൊണ്ടും സംഭാഷണം ചിലപ്പോൾ കഠിനമാവും. മറ്റു ചിലപ്പോൾ മധുരമായും അനുഭവപ്പെടും. ധനപരമായി വരവും ചെലവും തുല്യമാവും. സർക്കാരിൽ നിന്നും നേടേണ്ട കാര്യങ്ങൾക്ക് ആവർത്തിത ശ്രമം ആവശ്യമായി വന്നേക്കും. ആൾക്കൂട്ടത്തിൻ്റെ ഇടയിൽ പെട്ടാലും ഏകാന്തത ഉണ്ടായേക്കാം. പ്രശ്നങ്ങളുടെ പോംവഴി കൃത്യമായി തെളിഞ്ഞുകിട്ടില്ല. കുടുംബത്തിൻ്റെ പിന്തുണ അധികം പ്രതീക്ഷിക്കേണ്ടതില്ല. ആരോഗ്യ ജാഗ്രത അനിവാര്യം.
പൂരൂരുട്ടാതി
സൂര്യനും ശനിയും ഇപ്പോൾ പൂരൂരുട്ടാതി നാളിലുണ്ട്. വാരമധ്യത്തിൽ ആദിത്യൻ അതിൽ നിന്നും മാറും. രാഹു പിൻഗതിയായി പൂരൂരുട്ടാതിയിൽ പ്രവേശിക്കുകയും ചെയ്യുന്നു. അതിനാൽ സങ്കീർണ്ണമായ ഫലങ്ങൾ അനുഭവപ്പെടാം. ആശയക്കുഴപ്പവും അവ്യക്തതയും ഉറപ്പാണ്. ആവശ്യമില്ലാത്ത തിടുക്കം ഉപേക്ഷിക്കണം. ചില ബന്ധങ്ങൾ പിണങ്ങിപ്പിരിയാം; ചിലത് ഇണങ്ങിച്ചേരാം. തൊഴിലിൽ നൂറുശതമാനം ശ്രദ്ധ ഉണ്ടാവില്ല. അങ്ങനെ ശ്രദ്ധിച്ചാലും പാളിച്ചകൾ വരാം. പണമെടപാടുകളിൽ കൃത്യത പുലർത്തണം. ആരോഗ്യകാര്യത്തിൽ അലംഭാവമരുത്. വയോജനങ്ങളുടെയും കുട്ടികളുടേയും പരിരക്ഷ പ്രധാനമാണ്.
ഉത്രട്ടാതി
ജന്മരാശിയിൽ നാലാമത്തെ ഗ്രഹമായി ആദിത്യനും സഞ്ചാരം തുടങ്ങിക്കഴിഞ്ഞു. ഒരാശ്വാസമുള്ളത് അഞ്ചാറുമാസമായി ഉത്രട്ടാതിയിൽ സഞ്ചരിക്കുന്ന രാഹു പൂരൂരുട്ടാതിയിലേക്ക് മാറുന്നു എന്നതാണ്. ജന്മനാട്ടിൽ നിന്നും വിട്ടുനിൽക്കേണ്ട സാഹചര്യം വരാം. ചിലർക്ക് ജന്മനാട്ടിലേക്ക് മടങ്ങാനാവും. ഇഷ്ടവിഷയത്തിൽ അന്യനാട്ടിൽ ഉപരിപഠനത്തിന് ഒരുക്കം തുടങ്ങും. സുഹൃത്തുക്കളോടും ബന്ധുക്കളോടും കലഹിക്കാനിടയുണ്ട്. നിർബന്ധ ബുദ്ധി മൂലം പ്രശ്നങ്ങളുണ്ടാവാനുള്ള സാധ്യത കാണുന്നു. ആരംഭിച്ച കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവുക ദുഷ്കരമായിത്തീരാം. ചെലവ് കൂടാനിടയുണ്ട്.
രേവതി
ജന്മരാശിയിൽ നാലുഗ്രഹങ്ങൾ സഞ്ചരിക്കുന്നുണ്ടെങ്കിലും അതിലൊരു ഗ്രഹവും രേവതിയിൽ ഇല്ല എന്നത് ആശ്വാസകരമാണ്. പ്രയത്നം വിഫലമാവില്ല. ന്യായമായ പ്രതിഫലം ലഭിക്കുകയും ചെയ്യും. അപ്രതീക്ഷിത യാത്രകളും യാത്രാക്ഷീണവും അല്പമായ ദേഹക്ലേശവും അനുഭവിക്കേണ്ടി വന്നേക്കും. സ്ഥാനമാനങ്ങൾ പ്രതീക്ഷിക്കുന്നുവെങ്കിൽ അവ ലഭിക്കാൻ തടസ്സങ്ങൾ ഉണ്ടാവുമെന്നതും ഓർമ്മിക്കണം. ആത്മരഹസ്യങ്ങൾ ആരോടും ഉരിയാടരുത്. കുടുംബപ്രശ്നങ്ങൾ പുറത്ത് പരിഹരിക്കാൻ ശ്രമിക്കുന്നതും കുഴപ്പത്തിനിടയാക്കും. ധനം ആവശ്യത്തിന് കൈവശമുണ്ടാവും. എന്നാൽ ധൂർത്തിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക നല്ലത്.
Read More
- Meenam Month Horoscope: മീന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- നക്ഷത്രങ്ങളിൽ തെളിയുന്ന സ്ത്രീ മനസ്സ്-അശ്വതി മുതൽ രേവതിവരെ
- Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി, ഏഴര ശനി, അഷ്ടമ ശനി ആർക്കൊക്കെ?
- Mercury Transit 2025: ബുധൻ നീചാവസ്ഥയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
- മാർച്ച് മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.