/indian-express-malayalam/media/media_files/2024/11/28/december-29-to-january-4-weekly-horoscope-astrological-predictions.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ ധനുരാശിയിൽ സഞ്ചരിക്കുന്നു. പൂരാടം ഞാറ്റുവേലക്കാലമാണ്. തിങ്കളാഴ്ച ധനുമാസത്തിലെ കറുത്തവാവ് വരുന്നു. പിറ്റേന്നു മുതൽ വെളുത്ത പക്ഷം തുടങ്ങുകയാണ്. ചൊവ്വ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിൽ വക്രഗതിയിൽ തുടരുന്നു. ബുധൻ വൃശ്ചികം രാശിയിൽ തൃക്കേട്ട നക്ഷത്രത്തിലാണ്. ജനുവരി 4 ന് ബുധൻ ധനുരാശിയിൽ പ്രവേശിക്കുന്നു. ശുക്രൻ കുംഭം രാശിയിലാണ്. വെള്ളിയാഴ്ച വരെ അവിട്ടത്തിലും തുടർന്ന് ചതയം നക്ഷത്രത്തിലും സഞ്ചരിക്കുന്നു.
ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം ഇടവം രാശിയിൽ രോഹിണിയിലുമാണ്. വ്യാഴം വക്രഗതിയിലാണ് എന്നത് പ്രസ്താവ്യം. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നി രാശിയിൽ ഉത്രം നക്ഷത്രത്തിലും സഞ്ചരിക്കും.
അശ്വതി
വാരാദ്യദിനം തന്നെ അഷ്ടമരാശി കഴിയുകയാൽ ഉന്മേഷത്തോടെ പ്രവൃത്തിനിരതരാവാൻ സാധിക്കുന്നതാണ്. തടസ്സങ്ങളെ അവഗണിച്ച് മുന്നേറും. ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാൻ പറ്റുന്നതാണ്. തൊഴിലിടത്തിൽ സമാധാനമുണ്ടാവും. ധനപരമായി ആഹ്ളാദിക്കാൻ കഴിയുന്നതാണ്. ഭോഗസുഖങ്ങൾ അനുഭവിക്കും. സുഹൃൽസംഗമങ്ങൾ സന്തോഷത്തിന് കാരണമാവും. സാങ്കേതിക ജ്ഞാനം നേടാൻ പരിശ്രമിക്കുന്നതാണ്. കുടുംബാംഗങ്ങൾ നിർദ്ദേശങ്ങൾ അംഗീകരിച്ചേക്കും. എതിർപക്ഷത്തിന് പറയാനുള്ളതും കൂടി കേൾക്കുവാൻ വൈമനസ്യം ഉണ്ടാവില്ല. കലാമത്സരങ്ങളിൽ വിജയം കൈവരിക്കും.
ഭരണി
8 മുതൽ 11വരെയുള്ള രാശികളിൽ ചന്ദ്രഗ്രഹത്തിൻ്റെ സഞ്ചാരം ഉള്ളതിനാൽ അനുകൂലമായ കാലഘട്ടമാണ്. ന്യായമായ ആഗ്രഹങ്ങൾ സാധിക്കാനാവും. മുഖ്യമായും കർമ്മരംഗത്ത് ഉണർവ്വ് പ്രതീക്ഷിക്കാം. തൊഴിലിൽ പ്രതിപത്തി വർദ്ധിക്കുന്നതാണ്. ചന്ദ്രന് ശുക്രശനിയോഗം വരികയാൽ സ്ത്രീകളിൽ നിന്നും വയോജനങ്ങളിൽ നിന്നും ധനാഗമം വന്നെത്തും. പ്രണയികളുടെ ഹൃദയൈക്യം ദൃഢമാകുന്നതാണ്. സ്വന്തം അഭിപ്രായത്തോട് ഒപ്പമുള്ളവരും ഐക്യം പ്രകടിപ്പിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ ശുഭാരംഭം ഉചിതമല്ല.
കാർത്തിക
സഹപ്രവർത്തകരുടെ പിന്തുണയോടെ വിഷമം പിടിച്ച ദൗത്യങ്ങളിൽ വിജയം വരിക്കും. ആദിത്യൻ അനുകൂല നിലയിൽ അല്ലാത്തതിനാൽ പിതാവിൻ്റെ അപ്രീതി സമ്പാദിക്കുന്നതാണ്. വാക്കുകളിൽ മിതത്വം പാലിക്കുന്നത് നന്നായിരിക്കും. കുടുംബ ക്ഷേത്രത്തിലെ പൂജാദികളിൽ സംബന്ധിക്കാനാവും. സാമൂഹ്യ മാധ്യമങ്ങളിൽ അനുയായികളേറും. കരാർ പണികൾ തുടർച്ചയായി ലഭിക്കുവാനിടയുണ്ട്. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധയുണ്ടാവണം. മുടങ്ങിയ വായ്പകളുടെ തിരിച്ചടവ് സാധ്യമാവും. ബുധൻ മുതൽ ശനി വരെ കൂടുതൽ മെച്ചപ്പെട്ട അനുഭവങ്ങൾ പ്രതീക്ഷിക്കാം.
രോഹിണി
മേലധികാരി ചെയ്തുവെച്ച അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കുകയാൽ അപ്രീതി നേടും. ആദിത്യൻ അഷ്ടമത്തിൽ സഞ്ചരിക്കുന്നത് ഔദ്യോഗികമായി ദോഷമുണ്ടാക്കും. പിതാവിൻ്റെ ജോലി, പദവി, ആരോഗ്യം എന്നിവയും ബാധിക്കപ്പെടാം. ഭൂമിയിൽ നിന്നും ആദായമുണ്ടാവുന്നതാണ്. സഹോദരരുടെ പിന്തുണ പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധിക്കുവാൻ കഴിയുന്നതാണ്. വളരെ മുൻപേയുള്ള അപേക്ഷ പ്രകാരം വിദേശത്ത് സ്ഥിരതാമസത്തിന് അനുമതി സിദ്ധിക്കും. ധനപരമായി മെച്ചമുണ്ടാവുന്നതാണ്. എന്നാൽ ധൂർത്ത് ഒഴിവാക്കണം.
മകയിരം
കൈവിട്ടുപോകും എന്ന് കരുതിയ വസ്തുവകകൾ തിരികെ വാങ്ങുവാനായേക്കും. വിശ്വാസയോഗ്യമല്ലാത്ത വ്യക്തികളുമായി ചങ്ങാത്തം ഒഴിവാക്കണം. സഹായാഭ്യർത്ഥന നിരസിക്കുകയാൽ ഉറ്റബന്ധുക്കൾ ശത്രുക്കളായേക്കും. തൊഴിലിടത്തിൽ പലതരം സമ്മർദ്ദങ്ങൾ ഉയരുന്നതാണ്. അവയെ സൗമ്യതയും ന്യായശീലവും കൊണ്ട് പരിഹരിക്കാനാവും. സ്ഥിരശമ്പളത്തിന് പുറമേ ചില ആദായങ്ങളും ലഭിക്കുന്നതാണ്. അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. യാത്രകൾ മൂലം ബിസിനസ്സ് അഭിവൃദ്ധിപ്പെടും. ആരോഗ്യ കാര്യത്തിൽ അലംഭാവമരുത്.
തിരുവാതിര
ഗൃഹനിർമ്മാണം ഏതാണ്ട് പൂർത്തീകരണത്തിലേക്ക് കടക്കും. ഉത്സാഹപൂർവ്വം ചുമതലകൾ നിർവഹിക്കും. കൂട്ടുകച്ചവടത്തിൽ പ്രതീക്ഷിച്ച മെച്ചം ഉണ്ടാക്കാൻ കഴിയില്ല. ഗൃഹത്തിലെ സ്വൈരക്കേടുകൾ ഭംഗിയായി പരിഹരിക്കും. ദാമ്പത്യത്തിൽ സ്വസ്ഥതയുണ്ടാവും. നവസംരംഭങ്ങൾ ആരംഭിക്കുന്ന കാര്യം എപ്പോഴും ചിന്തയിലുണ്ടാവും. സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായം പരിഗണിക്കും. കരുതിയതിലും വരുമാനം കിട്ടിയതിനാൽ പുതിയ ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയാം.
പുണർതം
സ്വാഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയാൽ സംഘടനയിൽ നിന്നും എതിർപ്പുണ്ടാവും. ചിത്തക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. ചില ദിവസങ്ങളിൽ തൊഴിൽ രംഗത്ത് അമിതപ്രയത്നം ആവശ്യമായേക്കും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ സന്ദർഭങ്ങൾ ഉണ്ടാവും. ഭാര്യാഭർത്താക്കന്മാരുടെ പിണക്കം തീരും. ധനകാര്യം മോശമാവില്ല. ഏജൻസി ഏർപ്പാടുകൾ ലാഭകരമാവുന്നതാണ്. ആടയാഭരണങ്ങൾക്കായി പണച്ചെലവ് ഉണ്ടാവും. മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾ ചിലപ്പോൾ പിന്നീടത്തേക്ക് മാറ്റിവെക്കാനിടയുണ്ട്. അഷ്ടമരാശിയാകയാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ശുഭകാര്യാരംഭം ഒഴിവാക്കുക ഉചിതം.
പൂയം
കാര്യനിർവഹണം സ്തുത്യർഹമാവും. എതിർപ്പുകളെ സമചിത്തതയോടെ നേരിടുന്നതാണ്. പലരുടേയും മിഥ്യാധാരണ നീങ്ങും വിധം പ്രവർത്തിക്കും. രാശിനാഥനായ ചന്ദ്രന് പക്ഷബലഹാനി ഉള്ളതിനാൽ പലപ്പോഴും ന്യായമായ പരിഗണന കിട്ടിയേക്കില്ല. മനക്ലേശം ആവർത്തിച്ചേക്കും. എന്നാൽ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നതാണ്. ഔദ്യോഗിക യാത്രകൾ ഗുണകരമാവും. കഫജന്യ രോഗങ്ങൾക്ക് ചികിൽസ വേണ്ടിവരാം. കലാകാരന്മാർക്ക് ആശിച്ച വിധത്തിലുള്ള അവസരം കിട്ടുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ എല്ലാക്കാര്യത്തിലും കരുതൽ വേണം.
ആയില്യം
സ്വന്തം തീരുമാനങ്ങൾ മറ്റുള്ളവരിൽ അടിച്ചേല്പിക്കുന്നതായി പരാതി ഉയരാം. കച്ചവടത്തിൽ നിന്നുമുള്ള ആദായം മോശമാവില്ല. സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കുന്ന കാര്യം മനസ്സിൽ ഇടം പിടിക്കും. എന്നാൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നതാണ്. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകാര്യമായി തോന്നും. ദൗത്യങ്ങൾ കഠിനമായാലും സമയബന്ധിതമായി പൂർത്തിയാക്കും. സർക്കാരിൽ നിന്നുള്ള അനുമതിപത്രം നേടാനാവും.
മകം
സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവുന്ന വാരമാണ്. തൊഴിലിടത്തിൽ സമാധാനമുണ്ടാവും. പുതിയ ദൗത്യങ്ങളൊന്നും ഏറ്റെടുക്കേണ്ടി വരില്ല. സുഹൃത്തുക്കളുടെ സർവ്വാത്മനാ ഉള്ള സഹകരണം ലഭിക്കും. വാക്കും പ്രവൃത്തിയും പിണങ്ങാതെ നോക്കണം. സാമ്പത്തിക സഹായം നൽകാൻ കഴിയാത്തതിനാൽ ബന്ധുക്കളുടെ അനിഷ്ടം നേരിടേണ്ടി വന്നേക്കാം. ദിനചര്യകൾ കൃത്യമായേക്കില്ല. മകൻ്റെ നിർബന്ധ ബുദ്ധി മൂലം മനക്ലേശത്തിന് സാധ്യതയുണ്ട്. ബുധൻ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ കൂടുതൽ സൗഖ്യമുണ്ടാവും.
പൂരം
ഉദ്ദേശിച്ച കാര്യങ്ങൾ തടസ്സം കൂടാതെ നിർവഹിക്കും. നവസംരംഭങ്ങൾക്ക് സാങ്കേതിക വിദഗ്ദ്ധരുടെ ഉപദേശം ആവശ്യമായി വരുന്നതാണ്. പാരമ്പര്യ തൊഴിലുകളിൽ വിശ്വാസമർപ്പിച്ച് മുന്നോട്ടുപോകും. ബന്ധുക്കളുടെ ആശയക്കുഴപ്പം പരിഹാരിക്കാൻ ആവശ്യമായ നിർദ്ദേശം നൽകും. ഉപരി വിദ്യാഭ്യാസ കാര്യത്തിൽ പല ആലോചനകൾ ഉയരും. സംയുക്ത സംരംഭങ്ങളോട് അപ്രിയം തോന്നിത്തുടങ്ങും. അനുരാഗികളുടെ ഹൃദയബന്ധം ദൃഢമാകുന്നതാണ്. വായ്പാ തിരിച്ചടവ് മുടങ്ങില്ല. അമിതമായ ആത്മവിശ്വാസം അപകടമുണ്ടാക്കും. കഫജന്യ രോഗങ്ങൾ ക്ലേശിപ്പിച്ചേക്കാം.
ഉത്രം
നക്ഷത്രനാഥനായ സൂര്യന് ചന്ദ്രയോഗവും ബുധയോഗവും വരികയാൽ ബുദ്ധിപരമായ തീരുമാനങ്ങൾ കൈക്കൊള്ളും. മനക്ലേശത്തിന് പരിഹാരം വന്നുചേരും. വ്യാപാര കാര്യങ്ങൾക്കായി യാത്രകൾ കൂടുന്നതാണ്. ഉപകാരം ചെയ്തുകൊടുത്തവർ അപകാരം ചെയ്യുന്നത് തിരിച്ചറിയും. പൊതുപ്രവർത്തകർക്ക് ജനവിശ്വാസം നേടാൻ കൂടുതൽ ആത്മാർത്ഥത വേണ്ടിവന്നേക്കും. ഔദ്യോഗിക പരിശീലനത്തിന് അറിയിപ്പ് ലഭിക്കുന്നതാണ്. യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ കുടുംബാംഗങ്ങളെ പ്രേരിപ്പിക്കും.
അത്തം
ആദർശം ഉപേക്ഷിക്കാൻ മനസ്സുണ്ടാവില്ല. എന്നാൽ പ്രായോഗികത മുന്നിട്ടു നിൽക്കും. ബിസിനസ്സുകാർ ഉപഭോക്താവിൻ്റെ താല്പര്യത്തിന് ചെവികൊടുക്കുവാൻ സന്നദ്ധത കാട്ടും. പുണ്യകർമ്മങ്ങളിൽ പങ്കാളിയാവുന്നതാണ്. സാമ്പത്തിക സ്ഥിതി മോശമാവില്ല. ശുക്രൻ ആറാമെടത്തിൽ സഞ്ചരിക്കുകയാൽ സ്ത്രീകളുടെ ശത്രുത സമ്പാദിക്കാം. പ്രണയകാര്യത്തിൽ തടസ്സം അനുഭവപ്പെടുന്നതാണ്. ഭൂമിയിൽ നിന്നും ചെറിയ ആദായമെങ്കിലും കൈവശമെത്തും. പഠനം, എഴുത്ത്, നിരൂപണം തുടങ്ങിയവയിൽ ശോഭിക്കുവാനാവും.
ചിത്തിര
കർമ്മരംഗത്ത് വിജയം നേടാനാവും. എല്ലാക്കാര്യത്തിലും പ്രായോഗിക പരിജ്ഞാനം തുണയ്ക്കുന്നതാണ്. സ്വന്തം നിലപാടുകളിൽ മായം ചേർക്കാതെ തന്നെ സുഹൃത്തുക്കളുടെ ഉപദേശം കൂടി മുഖവിലക്കെടുക്കും. മറ്റുള്ളവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്നതാണ്. വേലിയോ മതിലോ കെട്ടാനോ വൃത്തിയാക്കാനോ ഒക്കെ ആയി ഭൂമിസംബന്ധിച്ചുള്ള ചെലവുകളുണ്ടാവും. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ തടസ്സപ്പെടുന്നതാണ്. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കും. സഹോദരരുടെ സഹായം ലഭിക്കുന്നതാണ്.
ചോതി
സഹപ്രവർത്തകരുടെ ചുമതല കൂടി ഏറ്റെടുക്കേണ്ടി വരുന്നതാണ്. ബിസിനസ്സിൽ സാമ്പത്തിക പങ്കാളികളെ തേടും. വ്യക്തിത്വത്തിന് ഇണങ്ങാത്ത പ്രവൃത്തികളിൽ നിന്നും വിവേകപൂർവ്വം പിന്മാറുന്നതാണ്. വേണ്ടപ്പെട്ടവരുടെ വിഷമാവസ്ഥ പരിഹരിക്കാൻ ആത്മാർത്ഥമായ പരിശ്രമം നടത്തും. മകനുവേണ്ടി ഇരുചക്ര വാഹനം വാങ്ങിയേക്കും. പുതുവർഷത്തിൽ വ്യക്തിപരമായ ചില പ്രതിജ്ഞകൾ കൈക്കൊള്ളും. ഭാവനാശക്തിയും സൃഷ്ട്യുന്മുഖതയും കലാപരമായ വിജയം അനിവാര്യമാക്കും. ചിട്ടി, ഇൻഷ്വറൻസ് എന്നിവ മൂലമുള്ള ധനാഗമം പ്രതീക്ഷിക്കാം.
വിശാഖം
ആശയവിനിമയത്തിൽ അനർത്ഥം വരാതെ ശ്രദ്ധിക്കണം. സാങ്കേതിക പഠനത്തിൽ താല്പര്യമേറുന്നതാണ്. പുതുമയോടുള്ള ഭ്രമം വർദ്ധിക്കുമ്പോഴും പഴമയെ ഉപേക്ഷിക്കില്ല. സ്ത്രീകളുടെ പിന്തുണ നിർലോഭം ലഭിക്കും. സഹോദരർക്കിടയിൽ നിലനിന്ന തർക്കം രാജിയാവുന്നതാണ്. സുഹൃത്തുക്കളോട് ഹൃദയരഹസ്യം പങ്കുവെക്കുന്നത് കരുതലോടെയാവണം. തൊഴിലിടത്തിൽ സ്വസ്ഥത പ്രതീക്ഷിക്കാം. യോഗ്യതയും കഴിവും മേലധികാരികൾക്ക് ബോധ്യമാവുന്നതാണ്. വിരോധികളെ തമസ്കരിക്കും. ദുശ്ശീലം ഒഴിവാക്കാൻ പ്രതിജ്ഞയെടുക്കും. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകാര്യമാവും.
അനിഴം
ജീവിത സാഹചര്യങ്ങൾ തൃപ്തികരമാവില്ലെങ്കിലും ആരോടും പരാതി പറയാതിരിക്കാൻ ശ്രദ്ധിക്കും. അപ്രസക്ത വിഷയങ്ങൾ ഒഴിവാക്കി പ്രവൃത്തികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കിട്ടാനുള്ള പണം സമ്മർദ്ദം ചെലുത്താതെ തന്നെ കൈവശമെത്തും. ഗാർഹികാന്തരീക്ഷം ഒട്ടൊക്കെ തൃപ്തികരമാവും. വീട് മോടി പിടിപ്പിക്കാനോ അറ്റകുറ്റപ്പണി നടത്താനോ സാധ്യതയുണ്ട്. പരീക്ഷകളിലെ ഉയർന്ന നേട്ടം വിദ്യാർത്ഥികൾക്ക് പുത്തനുണർവ്വ് പകരുന്നതാണ്. തീർത്ഥാടനം, ദൈവിക സമർപ്പണം ഇവയ്ക്ക് നേരം കണ്ടെത്തുവാനാവും.
തൃക്കേട്ട
വാരാദ്യദിനങ്ങളിൽ സുഹൃൽ സമാഗമം, ബന്ധുഭവന സന്ദർശനം എന്നിവയുണ്ടാവും. തുടർ ദിവസങ്ങളിലെ കാര്യങ്ങളിൽ ആലോചിച്ചുള്ള നിശ്ചയമുണ്ടാവും. ഒറ്റയ്ക്ക് ലക്ഷ്യം നേടാൻ മാനസിക സന്നദ്ധത പുലർത്തും. ന്യായമായ ആവശ്യങ്ങൾ നിറവേറ്റാനാവും. കച്ചവടത്തിൽ ലാഭം കുറഞ്ഞേക്കാം. എങ്കിലും പ്രതീക്ഷിച്ച ധനം വന്നുചേരും. പൊതുപ്രവർത്തനത്തിൽ മുഴുകിയവർ സമ്മിശ്രമായ പ്രതികരണം ഏറ്റുവാങ്ങും. ചൊവ്വയും ബുധനും മെച്ചം കുറയുന്ന ദിവസങ്ങളായിരിക്കും. മറ്റുള്ള ദിവസങ്ങളിൽ ആത്മവിശ്വാസം വാക്കിലും കർമ്മത്തിലും നിറയുന്നതാണ്.
മൂലം
ശാരീരികമായ അവശതകളെ തരിമ്പും കൂസുകയില്ല. കഠിനമായിട്ടുള്ള ചുമതലകൾ പോലും സ്വയം നിർവഹിക്കുന്നതാണ്. പുതുതലമുറയെ ഒപ്പം ചേർക്കുന്നതിൽ ഔൽസുക്യം കാട്ടും. ഞായറാഴ്ച ബന്ധു സന്ദർശനം, ഇഷ്ടഭക്ഷണ യോഗം ഇവയുണ്ടാവും. തിങ്കളും ചൊവ്വയും വരവിലധികം ചെലവുണ്ടാകുന്നതാണ്. യാത്രാക്ലേശം അനുഭവപ്പെടും. ബുധനും വ്യാഴവും മനസ്സിനിണങ്ങിയ വ്യക്തികളുടെ സാമീപ്യം ലഭിക്കും. ശുഭവാർത്ത കേൾക്കുന്നതാണ്. ധനയോഗമുള്ള ദിവസങ്ങളായേക്കും. വെള്ളിയും ശനിയും കലഹസാഹചര്യങ്ങൾ ഉദയം ചെയ്യും. ആത്മസംയമനം വേണ്ടതുണ്ട്.
പൂരാടം
എല്ലാക്കാര്യങ്ങളിലും പ്രസന്നഭാവം പുലർത്താനാവും. സുഹൃത്തുക്കളുടെ വാക്കുകൾ ഗൗരവബുദ്ധ്യാ കേൾക്കുന്നതാണ്. ഗവേഷണം ത്വരിതപ്പെടുത്താൻ ശ്രമമാരംഭിച്ചേക്കും. കലകളോടുള്ള താത്പര്യം വർദ്ധിക്കുന്നതാണ്. തീവ്രപരിശീലനത്തിന് സന്ദർഭമുണ്ടാവും. കർമ്മരംഗത്ത് കൂടുതൽ ശ്രദ്ധ പുലർത്തേണ്ട സാഹചര്യം വരും. ധനവിനിയോഗത്തിൽ ജാഗരൂകത ആവശ്യമാണ്. പുതുവാഹനം വാങ്ങാൻ തത്കാലം അനുകൂലമല്ല, ഗ്രഹസ്ഥിതി എന്നത് ഓർമ്മയിലുണ്ടാവണം. കുടുംബകാര്യങ്ങളിൽ സ്വാഭാവിക താളം നിലനിർത്താൻ കഴിയുന്നതായിരിക്കും.
ഉത്രാടം
ഔദ്യോഗികവും അനൗദ്യോഗികവും ആയിട്ടുള്ള ചുമതലകൾ കൂടുന്നതാണ്. മനസ്സില്ലാമനസ്സോടെ അവ ഏറ്റെടുക്കും. പിതാവിൻ്റെ ആരോഗ്യം, ജോലി എന്നിവയിൽ തൃപ്തിക്കുറവുണ്ടാവും. സർക്കാർ കാര്യങ്ങൾ വിളംബകാലത്തിൽ നീങ്ങുന്നതാണ്. കുടുംബത്തിലെ വയോജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ജാഗ്രത വേണ്ടതുണ്ട്. ദാമ്പത്യത്തിൽ പിണക്കവും ഇണക്കവും ആവർത്തിക്കും. പ്രണയികൾക്ക് സന്തോഷിക്കാൻ കഴിഞ്ഞേക്കും. വിദേശപഠനത്തിനായി പരിശ്രമം നടത്തും. ഏജൻസി വ്യാപാരം മൂലം ധനസ്ഥിതി ഉയരുന്നതാണ്. ശത്രു അകത്തോ പുറത്തോ എന്ന സന്ദേഹം തുടരും. കഫജന്യ രോഗങ്ങൾ ഉപദ്രവിച്ചേക്കാം.
തിരുവോണം
നക്ഷത്രനാഥനായ ചന്ദ്രന് വാരാദ്യം പൂർണ്ണബലഹാനി വരികയാൽ സുപ്രധാന തീരുമാനങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ കൈക്കൊള്ളാതിരിക്കുന്നത് ഉത്തമം. അപ്രസക്ത വിഷയങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നതാണ്. ബന്ധുക്കളുടെ വാക്കുകൾ തള്ളണോ കൊള്ളണോ എന്ന സംശയമുണ്ടാവും. സ്വാശ്രയ വ്യാപാരത്തിൽ മെച്ചം ഭവിക്കുന്നതാണ്. ന്യായമായ ആവശ്യങ്ങൾക്കുള്ള ധനം കൈവശമെത്തും. ഊഹക്കച്ചവടത്തിൽ കരുതൽ വേണം. ചൊവ്വ ഏഴാം ഭാവത്തിൽ തുടരുകയാൽ ദാമ്പത്യത്തിൽ സൗഖ്യം കുറയുന്നതാണ്.
അവിട്ടം
മകരക്കൂറുകാർക്ക് പ്രവർത്തനങ്ങളിൽ വിജയം എളുപ്പമാവില്ല. പല കാര്യങ്ങളിലും അവസാന നിമിഷമാവും ഫലം ലഭിക്കുക. അപ്രതീക്ഷിത യാത്രകളുണ്ടാവും. ചിലവും അധികരിക്കാൻ സാധ്യത കാണുന്നു. കുംഭക്കൂറുകാർക്ക് ഉദ്യോഗത്തിൽ നേട്ടങ്ങൾ വന്നെത്തുന്നതാണ്. ബിസിനസ്സ് ലാഭകരമായേക്കും. പഠനത്തിൽ ഏകാഗ്രത പുലർത്തുന്നതാണ്. ശത്രുപക്ഷത്തെ പ്രതിരോധിക്കുക എളുപ്പമാവും. പൊതുവേ നക്ഷത്രനാഥൻ്റെ നീച / വക്രാവസ്ഥകൾ അവിട്ടം നാളുകാരിൽ ആകസ്മിക സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്നതാണ്.
ചതയം
മുൻപ് തടസ്സപ്പെട്ടിരുന്ന കാര്യങ്ങളിൽ ഇപ്പോൾ അനായാസേനയുള്ള നേട്ടം സാധ്യമാകും. വ്യാപാരികൾക്കും വ്യവസായികൾക്കും വില്പനയിൽ ഉയർച്ചയുണ്ടാവും. കിട്ടാക്കടം ഭാഗികമായെങ്കിലും കിട്ടാനിടയുണ്ട്. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കുന്നതാണ്. നറുക്കെടുപ്പ്, ചിട്ടി മുതലായവയിലൂടെ ധനാഗമത്തിന് സാധ്യത കാണുന്നു. സുഹൃത്തുക്കളുടെ ഇടയിൽ സ്വീകാര്യത വർദ്ധിക്കും. സംഘടനകളിൽ അനിഷേധ്യമായ സ്ഥാനം കൈവരുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ചെലവധികരിക്കാം. അലച്ചിലുണ്ടാവും.
പൂരൂരുട്ടാതി
പല നിലയ്ക്കും സംതൃപ്തി അനുഭവപ്പെടുന്ന വാരമാണ്. ന്യായമായ ആഗ്രഹങ്ങൾ തടസ്സം കൂടാതെ സഫലമാവും. ഭാവിക്കുതകുന്ന നല്ല തീരുമാനങ്ങൾ കൈക്കൊള്ളും. കലാമത്സരങ്ങളിൽ വിജയിക്കുന്നതാണ്. ഭോഗസുഖം ഉണ്ടാവും. കുടുംബത്തിൻ്റെ ആവശ്യങ്ങൾ അനപേക്ഷിതമായി നിറവേറ്റുന്നതിന് സാധിക്കും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ വർദ്ധിച്ചേക്കാം. മുഖ്യതൊഴിലിനൊപ്പം അനുബന്ധിത തൊഴിലിൽ നിന്നും സാമ്പത്തിക ലാഭം ഭവിക്കുന്നതാണ്. സമൂഹത്തിൽ സ്വീകാര്യതയേറും. ബുധൻ, വ്യാഴം ദിവസങ്ങളിൽ ആരോഗ്യക്ലേശം അനുഭവപ്പെടാനിടയുണ്ട്.
ഉത്രട്ടാതി
ഭാവിയെ സംബന്ധിച്ച പ്രധാനപ്പെട്ട പല കാര്യങ്ങളും തീരുമാനിക്കപ്പെടും. അവ നടപ്പിൽ വരുത്തുന്നതിന് കുടുംബാംഗങ്ങളുടെ സഹായം തേടുവാനും നിശ്ചയിക്കും. സാമ്പത്തിക വരവ് സന്തോഷമുണ്ടാക്കും. കിടപ്പ് രോഗികൾക്ക് സമാശ്വാസം ലഭിക്കുന്നതാണ്. സ്വകാര്യ സ്ഥാപനത്തിലെ ജോലി മാറുന്നതിൽ തിടുക്കം കാട്ടേണ്ടതില്ല. വായ്പകൾക്കുള്ള അപേക്ഷ പരിഗണിക്കപ്പെടാം. സ്വത്തുതർക്കം പരിഹരിക്കാനുള്ള ചുമതല വിശ്വസ്തരായ മദ്ധ്യസ്ഥരെ ഏല്പിക്കുന്നതാണ്. വെള്ളി, ശനി ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും നേട്ടമുണ്ടാവുന്നതാണ്.
രേവതി
ആലസ്യം വിട്ട് കർമ്മമേഖലയിൽ ഉന്മേഷപൂർവ്വം പ്രവർത്തനം തുടരും. ഗവൺമെൻ്റിൽ നിന്നും പ്രതീക്ഷിച്ച കാര്യങ്ങൾ നടന്നുകിട്ടുന്നതാണ്. ചെറുകിട സംരംഭകർക്ക് സീസണൽ ആയിട്ടുള്ള ബിസിനസ്സിൽ നിന്നും ലാഭം അധികരിക്കും. സഹപാഠികൾക്കൊപ്പം ആദ്യകാല ഗുരുക്കന്മാരെ സന്ദർശിക്കുന്നതാണ്. പിതാവിൻ്റെ ആരോഗ്യസ്ഥിതി സാധാരണനിലയിലാവുന്നത് ആശ്വാസത്തിന് കാരണമാകും. ജന്മനാട്ടിലെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുവാനാവും. ബന്ധുക്കളുടെ നിർബന്ധ ബുദ്ധി വിഷമിപ്പിച്ചേക്കും. കലാകാരന്മാർക്ക് അവസരങ്ങൾക്കായി അല്പം കൂടി കാത്തിരിക്കേണ്ടി വരുന്നതാണ്.
Read More
- Monthly Horoscope January 2025: ജനുവരി മാസത്തെ സമ്പൂർണ നക്ഷത്ര ഫലം
- Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി, ഏഴര ശനി, അഷ്ടമ ശനി ആർക്കൊക്കെ?
- Monthly Horoscope December 2024: ഡിസംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
- Monthly Horoscope for Dhanu: ധനു മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.