scorecardresearch

നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും? മകം മുതൽ തൃക്കട്ട വരെ

മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങൾ ഉൾപ്പെട്ട പന്ത്രണ്ടുകൂറുകളിൽ ജനിച്ചവരുടെ പ്രണയിനി/കാമുകൻ/ജീവിത പങ്കാളി എങ്ങനെയുള്ള ആളാവും? 

മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങൾ ഉൾപ്പെട്ട പന്ത്രണ്ടുകൂറുകളിൽ ജനിച്ചവരുടെ പ്രണയിനി/കാമുകൻ/ജീവിത പങ്കാളി എങ്ങനെയുള്ള ആളാവും? 

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

ജീവിതം ഒന്നേയുള്ളു! അതിനാൽ ജീവിതത്തെ സംബന്ധിച്ച സർവ്വകാര്യങ്ങളും കരുതലോടെ വേണം എന്നായിരുന്നു, പൂർവ്വികരുടെ വിശ്വാസം. വിവാഹപ്പൊരുത്തം പ്രാധാന്യം നേടിയത് ഇക്കാരണത്താലാവണം. 

Advertisment

ജനിച്ച കൂറിനെ / ജന്മരാശിയെ കേന്ദ്രീകരിച്ച് ജീവിതത്തെ സംബന്ധിച്ച മിക്കകാര്യങ്ങളും നിർണ്ണയിക്കാനാവും. ജീവിത പങ്കാളിയുടെ കുടുംബ പശ്ചാത്തലം, രൂപം, പഠിപ്പ്, തൊഴിൽ, സംസ്കാരം തുടങ്ങിയവ അവരവരുടെ ജന്മരാശിയുടെ ഏഴാം രാശിയെ മുൻനിർത്തി ചിന്തിക്കുന്നു. "നല്ലേഴാമെടമുണ്ടെങ്കിൽ ഇല്ലം താനിന്ദ്രലോകമാം" എന്ന പഴമൊഴി പദ്യത്തിൻ്റെ പൊരുളിതാവാം.

ഏഴാം രാശി, രാശിയുടെ അധിപൻ, രാശിയിൽ നിൽക്കുന്ന ഗ്രഹം, രാശിയിലേക്ക് നോക്കുന്ന ഗ്രഹം ഇവയെല്ലാം ഭർത്താവിൻ്റെ/ഭാര്യയുടെ രൂപഭാവാദികളിലേക്ക് വിരൽചൂണ്ടുന്നു. ഒപ്പം ശുക്രൻ്റെ ബലാബലവും പ്രധാനമാണ്. 'ശുക്രനെ വിവാഹകാരകൻ' എന്ന് ജ്യോതിഷം വിളിക്കുന്നു. നല്ല വിവാഹത്തിനും, ദാമ്പത്യസൗഖ്യത്തിനും ഗ്രഹനിലയിലെ ശുക്രൻ്റെ സ്ഥിതി പരിഗണിക്കപ്പെടും. 

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും? അശ്വതി മുതൽ ആയില്യം വരെ

Advertisment

മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങൾ ഉൾപ്പെട്ട പന്ത്രണ്ടുകൂറുകളിൽ ജനിച്ചവരുടെ പ്രണയിനി/കാമുകൻ/ജീവിത പങ്കാളി എങ്ങനെയുള്ള ആളാവും? 

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

ചിങ്ങക്കൂറുകാരുടെ ഏഴാമെടമായി വരുന്നത് കുംഭം രാശിയാണ്. കുംഭം ഒരു സ്ഥിരരാശിയും പുരുഷരാശിയുമാണ്. വാക്കുകളിൽ സ്ഥിരതയുള്ളവരാവും, കുംഭം രാശിയിൽ ജനിക്കുന്നവർ. സ്ഥിരോത്സാഹികളുമാവും. ക്രമമായ അധ്വാനത്തിലൂടെ വിജയിക്കുന്ന ശീലം ഇവർക്കുണ്ടാവും. ശനിയാണ് രാശിനാഥനെന്നതിനാൽ ശനിയുടെ ഗ്രഹപരമായ സവിശേഷതകളും ഇവിടെ ഓർക്കണം. ചിങ്ങക്കൂറിൻ്റെ അധിപനായ ആദിത്യനും ശനിയും തമ്മിൽ ശത്രുതാബന്ധമാണ് പറയപ്പെടുന്നത്. സാമ്യങ്ങളെക്കാൾ വൈരുദ്ധ്യങ്ങളാവും അധികം. അതിനാൽ ചിങ്ങക്കൂറുകാരുടെ അനുരാഗത്തിലും ദാമ്പത്യത്തിലും കലഹവും അനൈക്യവും കടന്നുവരാം.  ഇവരുടെ ജീവിതപങ്കാളിയുടെ ബാല്യകൗമാരാദികൾ ക്ലേശകരമായിരുന്നിരിക്കണം. അതിൻ്റെ അനുരണനങ്ങൾ ഭാവിയെ സ്വാധീനിക്കാം. പ്രസന്നതയെക്കാൾ വിഷാദ ഭാവം കൂടുതലാവാനിടയുണ്ട്. തന്മൂലം ഇവർ സിനിക്കുകളാവും. അല്ലെങ്കിൽ ദാർശനിക വീക്ഷണം പുലർത്തും. ഏകാന്തതയെ ഇഷ്ടപ്പെടും. പ്രായവ്യത്യാസം മൂലമുള്ള പ്രശ്നങ്ങളും ദാമ്പത്യത്തിൽ കടന്നുവരാനുള്ള സാധ്യതയുണ്ട്. ഉറച്ച മനസ്സാണ് ചിങ്ങക്കൂറുകാരുടെ ഏഴാമെടത്തിൻ്റെ മൂലധനം. പ്രേമത്തിലും ദാമ്പത്യത്തിലും പങ്കാളിയെ ചേർത്തുപിടക്കുന്നു. കണ്ണീർപ്പാടങ്ങളുടെ വരമ്പത്ത് കൈകോർത്ത് നടന്ന് നഷ്ടസ്വപ്നങ്ങൾ മറക്കുകയും  നല്ലനാളയെ ഭാവന ചെയ്യുകയും ചെയ്യുന്നു.

Also Read: Daily Horoscope June 24, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)

കന്നിക്കൂറുകാരുടെ ഏഴാമെടം മീനം രാശിയാണ്. ഉഭയരാശിയും സ്ത്രീ രാശിയുമാണ് മീനം. തലയും വാലും അന്യോനം വിപരീതമായി കിടക്കുന്ന ഇരുമത്സ്യങ്ങളാണ് രാശിസ്വരൂപം. അതിനാൽ വൈരുദ്ധ്യങ്ങൾ ഉള്ള ആളാവും കന്നിക്കൂറുകാരുടെ കാമുകൻ/ കാമുകി. അഥവാ ഭാര്യ/ ഭർത്താവ്. ഭൗതികതയെ ഇഷ്ടപ്പെടും. എന്നാൽ ആത്മീയ സാധനകളാൽ ഏർപ്പെടുന്നവരുമാവും. ഇവർ പ്രവാസം ദീർഘകാലത്തേക്കോ അല്പകാലത്തേക്കോ നടത്താൻ സാധ്യതയുണ്ട്. മീനക്കൂറിൻ്റെ അധിപൻ വ്യാഴമാണ്. ഗ്രഹങ്ങളിൽ വ്യാഴത്തിനാണ് ഈശ്വരാംശം കൂടുതൽ. പരിമിതികളെ വേഗം തിരിച്ചറിയാനും തിരുത്താനും സന്നദ്ധതയുണ്ടാവും. വിദ്യാകാരകനായ ബുധൻ്റെ നീചരാശിയാണ് വ്യാഴം. പഠനത്തിൽ വല്ലകാരണവശാലും പിന്നിലായാലും അനുഭവസമ്പത്തും മൂല്യബോധത്താലും പരിമിതികളെ മറികടക്കും. സ്നേഹശീലരാവും. മീനം  ശുക്രൻ്റെ ഉച്ചരാശി കൂടിയാകയാൽ പ്രണയം ഇവരിൽ അടിമുടിയുണ്ടാവും.  ആജീവനാന്തം അതിൻ്റെ ഊഷ്മളത നിലനിർത്താനും ശ്രമിക്കും.
സ്നേഹം ഉറക്കുപാട്ട് മാത്രമല്ല ഉത്ഥാനമന്ത്രവും കൂടിയാണ്. തോൾ ചാഞ്ഞും മുഗ്ദ്ധാക്ഷരങ്ങൾ മൊഴിഞ്ഞും പ്രണയകാലത്തും ദാമ്പത്യത്തിലും എല്ലാം ജീവിതത്തെ സാന്ത്വന സംഗീതമാക്കി മാറ്റുവാൻ കന്നിക്കൂറുകാരുടെ ഒപ്പം ജീവിതസഹയാത്ര ചെയ്യുന്നയാളിനാവും.

Also Read: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

തുലാക്കൂറിന് (ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

ഏഴാമെടം മേടക്കൂറാണ്. മുട്ടനാട് (Ram) ആണ് മേടം രാശിയുടെ സ്വരൂപമായി വരുന്നത്. ചരരാശി, പുരുഷരാശി തുടങ്ങിയ സവിശേഷതകളുമുണ്ട്. രാശികളിൽ ഒന്നാമത്തേതുമാണ്. അതിനാൽ തുലാക്കൂറുകാരുടെ ജീവിത സഹചാരിക്ക് സഞ്ചാരപ്രിയത്വം സ്വതന്ത്രശീലം എന്നിവയുണ്ടാവും.  അയാൾ/ അവൾ പ്രായേണ അവരുടെ വീട്ടിലെ മൂത്തകുട്ടിയായേക്കും. മാറി വരുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിന് കഴിയുന്ന മാനസിക ഘടനയോട് കൂടിയ വ്യക്തിയാവും. സ്വാശ്രയ ജോലികളിലൂടെയാവും ജീവിതം കരുപ്പിടിപ്പിക്കുന്നത്. ചൊവ്വയാണ് മേടം രാശിയുടെ അധിപൻ. അതിനാൽ ശീലങ്ങളിൽ വഴക്കമില്ലായ്മയും കാർക്കശ്യവും കണ്ടേക്കും. സ്നേഹസാമ്രാജ്യത്തിൻ്റെ ഛത്രാധിപതിയാണ് എന്ന  ഗർവ്വ് അവരിൽ ചിലപ്പോൾ ഏകപക്ഷീയമായ അധികാരമായി പ്രത്യക്ഷപ്പെടാം. പ്രണയത്തിലെ വിലോലതയും വിലാസങ്ങളും വിവാഹശേഷം വരണ്ടുണങ്ങിയ നദിയുടെ പ്രതീതിയാവും സൃഷ്ടിക്കുക. അങ്ങനെയും ഒരു വശമുണ്ട്. ചെറിയ കാര്യങ്ങളിൽ ചിലപ്പോൾ കലഹസ്വരം ഉയർത്താം. വലിയ വിഷയങ്ങളിൽ സ്നേഹപാത തീർക്കാനും സാധിക്കുന്നവരാവും.

Also Read: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

വൃശ്ചികക്കൂറിന് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

ഏഴാമെടമായി വരുന്നത് ഇടവം രാശിയാണ്. സ്ഥിരരാശിയാണ് ഇടവം. ചുമതലകൾ ഏറ്റെടുക്കുന്നവരാവും. കുട്ടിക്കാലം തൊട്ട് കുടുംബത്തിനായി അധ്വാനിക്കും. വളർച്ചയിലെ തടസ്സങ്ങളെ അവഗണിക്കാനുള്ള മനക്കരുത്തുണ്ടാവും. വീട്, വസ്തു, വാഹനം തുടങ്ങിയവ സ്വന്തമാക്കണമെന്ന് കുട്ടിക്കാലം തൊട്ടുതന്നെ തീവ്രമായി ആഗ്രഹിക്കും. പഠനകാലത്ത് ഏകാഗ്രത പുലർത്തും. ലക്ഷ്യബോധവും കഠിനാധ്വാനവും ഇവരെ വിജയശ്രീലാളിതരാക്കുന്നതാണ്. ഇടവം രാശിയുടെ അധിപൻ ശുക്രനാകയാൽ പ്രണയം ഒരു ആജന്മവാസനയായി ഇവരിലുണ്ടാവും.  കൗമാരത്തിനും മുന്നേ അനുരാഗം മൊട്ടിടും. തേന്മാവിൽ മുല്ലവള്ളിയെന്നോണം ഞാറ്റുവേലകൾ അനുകൂലമാവുമ്പോൾ പടർന്നു കയറും. ജീവിതത്തോടുള്ള സ്നേഹമാണ് സത്യത്തിൽ ഇവരിൽ കാമവും ശൃംഗാരവും ലൈംഗികാഭിനിവേശവും ഒക്കെയായി മാറുന്നത്. ഭക്തിക്ക് നവവിധ ഭാവങ്ങളുണ്ടെന്ന് പറയുന്നതുപോലെ വൃശ്ചികക്കൂറുകാരുടെ പങ്കാളിയുടെ സ്നേഹശീലങ്ങൾക്കും നാനാഭാവങ്ങൾ ഉണ്ടായിരിക്കും. വേനലിലും വറ്റാത്ത അപൂർവ്വ നദികളെപ്പോലെയാണ് അവർ. പ്രണയകാലത്തിൽ കാമുകനോട്/ കാമുകിയോട്, പിന്നീട് ദാമ്പത്യത്തിൽ ഭാര്യയോട്/ ഭർത്താവിനോട് പ്രിയഭാവങ്ങളും ഹൃദയബന്ധവും കൂടുകയല്ലാതെ കുറയുന്നില്ല. ഒരു മുഴുവൻ ജീവിതവുമാണ് അവിടെ ഗ്യാരൻ്റിയാവുന്നത്.

Read More: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: