scorecardresearch

ഗൃഹനിർമ്മാണം പുനരാരംഭിക്കും, പ്രണയ ജീവിതം തടസങ്ങളെ അതിജീവിക്കും; ജനുവരി ഗുണം ചെയ്യുമോ?

2025 ജനുവരി മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

2025 ജനുവരി മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

January Monthly Horoscope 2025

മൂലം

ജന്മരാശിയിൽ ആദിത്യൻ സഞ്ചരിക്കുകയാൽ ആയാസവും വിഭവനാശവും പ്രാഥമിക ഫലങ്ങൾ. ഇടപാടുകളിൽ കൃത്യത സൂക്ഷിക്കണം. ചില കാര്യങ്ങളിൽ വ്യക്തമായ ധാരണയുണ്ടാവില്ല. പലതും "വന്നപാട് ചന്തം" എന്ന മട്ടിൽ നേരിടും. സഹോദരരുടെ പിന്തുണയും പ്രോൽസാഹനവും ഉണ്ടാവും. സെമിനാറുകളിലും സിമ്പോസിയങ്ങളിലും പങ്കെടുക്കുന്നതാണ്. സംയുക്ത സംരംഭങ്ങളിൽ നിന്നും പിന്മാറി സ്വന്തമായി സ്ഥാപനം തുടങ്ങുന്ന കാര്യം ചിന്തയിലുണ്ടാവും. സാമ്പത്തിക വിനിയോഗത്തിൽ ജാഗ്രത ആവശ്യമാണ്. പൂർവ്വസുഹൃത്തുക്കളെ കണ്ടുമുട്ടാനാവും. പ്രത്യുപകാരം ചെയ്യുന്നതിന് അവസരം വന്നെത്തും. സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ അറിവു നേടും. വാഹനം ഉപയോഗിക്കുന്നതിൽ കരുതൽ വേണം.

Advertisment

പൂരാടം

ആദിത്യൻ്റെ അനുകൂലമല്ലാത്ത സഞ്ചാരത്താൽ പലതരം സ്വൈരക്കേടുകളും ദേഹമനക്ലേശങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. ന്യായമായിട്ടുള്ള കാര്യങ്ങൾ നടന്നുകിട്ടാൻ പോലും  തടസ്സങ്ങൾ വരുന്നതാണ്. സ്ത്രീകളുടെയും വയോജനങ്ങളുടെയും പ്രോൽസാഹനവും പ്രചോദനവും വലിയ ആശ്വാസം നൽകും. ഉപരിപഠനം സംബന്ധിച്ച ആലോചനകൾക്ക് ദിശാബോധമുണ്ടാവും.  ബന്ധുജനങ്ങളുടെ സമ്മർദ്ദ തന്ത്രങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. ചെറുപ്പക്കാരുടെ വിവാഹ കാര്യത്തിൽ  ശുഭതീരുമാനം ഭവിക്കാം. സാമ്പത്തികമായി വലിയ മെച്ചം ഉണ്ടാവുന്ന കാലമല്ല. ചെലവുകളിൽ നല്ല നിയന്ത്രണം ആവശ്യമാണ്. ഗൃഹനിർമ്മാണം പുനരാരംഭിക്കാനാവും. ആരോഗ്യ സൗഖ്യത്തിന് വ്യായാമം, ഭക്ഷണനിയന്ത്രണം ഇവ അനിവാര്യമാണ്.

ഉത്രാടം

ഗ്രഹങ്ങളുടെ അനുകൂല പ്രതികൂലതകൾ മാറിമറിയുകയാൽ ഗുണദോഷസമ്മിശ്രമായ കാലമാവും . സമയബന്ധിതമായി തീർക്കേണ്ടവ നീട്ടിവെക്കപ്പെടാം. ആസൂത്രണം ചെയ്ത പോലെ കാര്യങ്ങൾ നടത്താൻ കഴിയാതെ വരുന്നതാണ്. വാഗ്ദാനലംഘനത്താൽ ദുഷ്കീർത്തിക്ക് സാധ്യതയുണ്ട്. പ്രധാന കാര്യങ്ങളുടെ നിർവഹണത്തിന് പരാശ്രയത്വമുണ്ടാവും. ഉന്നതോദ്യോഗസ്ഥർക്ക് അപ്രീതിക്ക് ഇടയുണ്ട്. എന്നാലും ജീവിതത്തിൻ്റെ ഒഴുക്ക് മുന്നോട്ടേക്ക് തന്നെയാവും. കുടുംബാംഗങ്ങളുടെ, വിശിഷ്യാ ജീവിത പങ്കാളിയുടെ പൂർണ്ണപിന്തുണ ലഭിക്കുന്നതാണ്. സാമ്പത്തിക സ്ഥിതി മോശമാവില്ല. കിട്ടേണ്ട ധനം കൈവശമെത്തും. ജന്മദേശത്തിലെ ഉത്സവാദികളിൽ പങ്കെടുക്കുന്നതാണ്. പുതിയ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ തീരുമാനിക്കും.

തിരുവോണം

പന്ത്രണ്ടാം രാശിയിലും ജന്മരാശിയിലും ആദിത്യൻ സഞ്ചരിക്കുകയാൽ അലച്ചിലുണ്ടാവും. ഗവൺമെൻ്റിൽ നിന്നും കിട്ടേണ്ട അനുമതി രേഖകൾക്കായി നിരന്തര ശ്രമങ്ങൾ ആവശ്യമായി വരും. പുതിയ കാര്യങ്ങൾ തുടങ്ങുവാൻ കടമ്പകൾ ഏറെയുണ്ടാവും.  ചൊവ്വ ഏഴിൽ തുടരുന്നതിനാൽ ദാമ്പത്യത്തിൽ സ്വൈരം കുറയുവാനിടയുണ്ട്. ശുക്രൻ രണ്ടാം ഭാവത്തിലാകയാൽ മധുരമായി സംസാരിക്കും. കലകളിൽ താല്പര്യമേറും. സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങും. ധന വരവ് മോശമാവില്ല. വിദ്യാർത്ഥികൾക്ക് അല്പം ശ്രദ്ധക്കുറവ് സംഭവിക്കാം. ഇഷ്ടമില്ലാത്തവരുടെ സഹായം ലഭിച്ചേക്കും. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉണ്ടാവാനിടയുണ്ട്. ആരോഗ്യപരിപാലനം, പഠനം, ബിസിനസ്സ് നടത്തിപ്പ് ഇവയിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട മാസമാണ്.

Advertisment

അവിട്ടം

ഉത്തരവാദിത്വം അന്യരെ ഏല്പിക്കുന്നത് പിന്നീട് ക്ലേശത്തിന് ഇടവരുത്തും. സങ്കുചിത ചിന്തയുള്ള സുഹൃത്തുക്കളെ ഒഴിവാക്കിയേക്കും. ഔദ്യോഗിക പരിശീലനത്തിൽ പങ്കെടുക്കേണ്ടി വരുന്നതാണ്. പൂർവ്വിക സ്വത്ത് സംബന്ധിച്ചുള്ള തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ ഫലിക്കണമെന്നില്ല. അപ്രിയ സത്യങ്ങൾ വിളിച്ചു പറയുകയാൽ ശത്രുക്കളുടെ എണ്ണം വർദ്ധിക്കുന്നതാണ്. രാഷ്ട്രീയ പ്രവർത്തനം സമാധാന ഭംഗത്തിന് കാരണമായേക്കും. ശത്രുവിനേയും മിത്രത്തേയും തിരിച്ചറിയാനാവാതെ കുഴങ്ങും. സാമ്പത്തിക ഇടപാടുകൾ കൃത്യമായി നിർവഹിക്കാനാവും. ബിസിനസ്സ് പങ്കാളികളുമായി സമരസപ്പെടാൻ ക്ലേശിക്കുന്നതാണ്. മകളുടെ ജോലിക്കാര്യത്തിൽ അനിശ്ചിതത്വം വരാം.

ചതയം

ജന്മശനിക്കാലം തുടരുന്നുണ്ടെങ്കിലും ജന്മനക്ഷത്രത്തിൽ നിന്നും ശനി മാറുന്നത് ഏറ്റവും ആശ്വാസകരമാണ്. തൊഴിൽ രംഗത്ത് തുടർവിജയം പ്രതീക്ഷിക്കാം. നവസംരംഭങ്ങളുമായി മുന്നോട്ടു പോകുന്നതിന് സാഹചര്യം ഒത്തിണങ്ങും. വ്യാപാരത്തിൽ മുതലിറക്കിയ പണം തിരികെ ലഭിച്ചു തുടങ്ങുന്നതാണ്. പഠനയാത്രകൾ സന്തോഷമേകും. ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുകയാൽ ഭൗതിക നേട്ടങ്ങൾ വർദ്ധിക്കും. ഭോഗസുഖമുണ്ടാവും. പ്രായോഗിക ചിന്ത മുന്നിട്ടു നിൽക്കും. പ്രണയ ജീവിതം തടസ്സങ്ങളെ അതിജീവിക്കും. ശത്രുക്കളുടെ തന്ത്രങ്ങളെ നിർദ്ദാക്ഷിണ്യം എതിരിടുന്നതാണ്. വിദ്യാഭ്യാസത്തിൽ സുഗമതയും പുരോഗതിയും ദൃശ്യമാകും. കലാപരമായ യശസ്സ് ഉയരുന്നതാണ്. 

പൂരൂരുട്ടാതി

കുംഭക്കൂറുകാർക്ക് മാസത്തിൻ്റെ ആദ്യ പകുതി ഏറ്റവും ഗുണകരമാണ്. മുൻപ് പരിശ്രമിച്ചിട്ട് നടക്കാത്ത കാര്യങ്ങൾ നിർവ്വഹണത്തിൽ എത്തിക്കാനാവും.  ഉദ്യോഗത്തിൽ സംതൃപ്തി വന്നുചേരും. ബിസിനസ്സിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന തന്ത്രങ്ങൾ മെനയും. എതിർപ്പുകളെ കൈമെയ് മറന്ന് നേരിടുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കരുതൽ ധനം മറ്റു കാര്യങ്ങൾക്ക് ചെലവഴിക്കേണ്ട സ്ഥിതിയുണ്ടാവും. മീനക്കൂറുകാർക്ക് ആദിത്യൻ 10,11 ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ മാസം മുഴുവൻ അനുകൂലമാണ്. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയം വരിക്കാനാവും. യാത്രകൾ കൊണ്ട് ഉദ്ദിഷ്ടകാര്യം നേടാൻ കഴിയുന്നതാണ്. ബന്ധുജനങ്ങളുടെ പൂർണ്ണ പിന്തുണ പ്രതീക്ഷിക്കാം. ഗൃഹത്തിൽ സമാധാനം പുലരും.

ഉത്രട്ടാതി

കർമ്മഗുണം അഭിവൃദ്ധിപ്പെടുന്ന കാലമാണ്. മാറ്റിവെച്ചിരുന്ന പലകാര്യങ്ങളും പ്രവൃത്തിപഥത്തിലെത്തിക്കാൻ സാധിക്കുന്ന സാഹചര്യം വന്നെത്തുന്നതാണ്. ഔദ്യോഗിക പദവികളിൽ ഉയർച്ചയോ അധികാരമുള്ള ചുമതലയോ ലഭിക്കും.  ഉപരിപഠനത്തിലെ അവ്യക്തത നീങ്ങുന്നതാണ്. കുടുംബയോഗം വിളിച്ചുകൂട്ടാൻ മുൻകൈയെടുക്കും. വിദേശ യാത്രയ്ക്കുള്ള തടസ്സം നീങ്ങിയേക്കും. പാരമ്പര്യമായിട്ടുള്ള തൊഴിലിനോട് തോന്നിയിരുന്ന അനിഷ്ടം മാറുന്നതാണ്.  ദൈവിക സമർപ്പണങ്ങൾ പൂർത്തീകരിക്കും. മാനസിക വിഷാദം, അകാരണ ഭയം എന്നിവയ്ക്ക് ശമനം ഉണ്ടാവുന്നതാണ്. ജന്മരാഹു തുടരുകയാൽ സാഹസങ്ങൾ ഒഴിവാക്കുക കരണീയം. സാമ്പത്തികമായ അമളികൾ വരാതെ നോക്കേണ്ടതുണ്ട്.

രേവതി

തൊഴിൽ മേഖലയിൽ നിലനിന്ന മാന്ദ്യം നീങ്ങുന്നതാണ്. ഉന്മേഷവും പുരോഗതിയും പ്രകടമാവും. തൊഴിൽ തേടുന്ന ചെറുപ്പക്കാർക്ക് നിരാശപ്പെടേണ്ടി വരില്ല. അർഹതയ്ക്കനുസരിച്ചുള്ള ജോലി ലഭിക്കും. പണം മുടക്കിച്ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം. കുടുംബത്തിൻ്റെ, വിശേഷിച്ചും ജീവിത പങ്കാളിയുടെ പ്രോൽസാഹനം എല്ലാക്കാര്യത്തിലും കരുത്താകും. വലിയ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ആത്മവിശ്വാസം ഭവിക്കുന്നതാണ്. രോഗക്ലേശങ്ങൾക്ക് ചികിൽസാ മാറ്റത്താൽ ആശ്വാസമുണ്ടാവും. ഋണബാധ്യതകൾക്ക് ഭാഗികമായെങ്കിലും പോംവഴി തെളിയുന്നതാണ്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ധൈര്യവും പ്രത്യുല്പന്നമതിത്വവും പ്രകടിപ്പിക്കും. പഞ്ചമ ഭാവത്തിലെ ചൊവ്വയാൽ പ്രസവകാര്യങ്ങളിൽ ക്ലേശം അനുഭവപ്പെടാൻ സാധ്യതയുണ്ട്.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: