scorecardresearch

2023 മാർച്ച് മാസത്തിലെ ഗ്രഹയോഗങ്ങൾ

മാർച്ച് മാസത്തിൽ ചൊവ്വ, കേതു എന്നിവയൊഴികെ മറ്റ് ആറ് ഗ്രഹങ്ങൾ ‘കുറുമുന്നണി’ യായി പ്രവർത്തിക്കുന്നത് കാണാം

മാർച്ച് മാസത്തിൽ ചൊവ്വ, കേതു എന്നിവയൊഴികെ മറ്റ് ആറ് ഗ്രഹങ്ങൾ ‘കുറുമുന്നണി’ യായി പ്രവർത്തിക്കുന്നത് കാണാം

author-image
S. Sreenivas Iyer
New Update
astrology, horoscope, ie malayalam

ഒരു രാശിയിൽ ചിലപ്പോൾ ഒന്നിൽ കൂടുതൽ ഗ്രഹങ്ങൾ ഒത്തുചേരുന്നു. ഇത് രണ്ട് ഗ്രഹങ്ങളായാൽ ‘ദ്വിഗ്രഹയോഗം’ എന്നും മൂന്ന് ഗ്രഹങ്ങളായാൽ ‘ത്രിഗ്രഹയോഗം’ എന്നും അറിയപ്പെടുന്നു. ഇപ്രകാരമുള്ള ഗ്രഹയോഗം എല്ലാ രാശി / കൂറ് കാരെയും ഏതെങ്കിലും തരത്തിൽ സ്വാധീനിക്കുന്നു. നല്ലതോ ചീത്തയോ ആയ അനുഭവങ്ങൾ നൽകുന്നു. അത് എപ്രകാരമൊക്കെയാവും ?, ഏതൊക്കെ ഗ്രഹങ്ങളാണ് ഇങ്ങനെ യോഗം ചെയ്യുന്നത് ? തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഈ ലേഖനത്തിൽ അന്വേഷിക്കുന്നത്.

Advertisment

കുംഭം രാശിയിൽ സൂര്യൻ പ്രവേശിച്ചതോടെ (ഫെബ്രുവരി 13 മുതൽ) ശനി- സൂര്യയോഗമായി. അതിന് മുന്നേ തന്നെ സൂര്യസാമീപ്യത്താൽ ശനിക്ക് മൗഢ്യം തുടങ്ങിയിരുന്നു. ഗ്രഹങ്ങളുടെ ശക്തിക്ഷയത്തെയാണ് ‘മൌഢ്യം ‘ എന്ന് പറയുന്നതെന്ന കാര്യം ഇവിടെ ഓർമ്മിക്കാം. ഫെബ്രുവരി 2 മുതൽ മാർച്ച് 4 വരെ ശനി മൗഢ്യത്തിലാണ്. ഇത് ശനിദശ, ശനിയുടെ അപഹാരം എന്നിവയിലൂടെ കടന്നുപോകുന്നവരെ വിപരീതമായി സ്വാധീനിക്കുന്നു. അഥവാ ബാധിക്കുന്നു. ഫെബ്രുവരി 25 ന് കുംഭം രാശിയിലേക്ക് ബുധനും സംക്രമിച്ചു. അതോടെ കുംഭം രാശിയിൽ ഒരു ‘ത്രിഗ്രഹയോഗം ‘(സൂര്യൻ- ശനി- ബുധൻ) ആയി.

മീനം രാശിയിൽ വ്യാഴത്തിനൊപ്പം ഫെബ്രുവരി 15 മുതൽ ശുക്രനുമുണ്ട്. അവിടെ ഒരു ‘ദ്വിഗ്രഹയോഗം ‘ പ്രവർത്തിക്കുന്നു. മാർച്ച് 12 ന് ശുക്രൻ മീനത്തിൽ നിന്നും മേടത്തിലേക്ക് നീങ്ങുകയാണ്. മേടം രാശിയിൽ രാഹു ഉള്ളതിനാൽ പിന്നെ രാഹു-ശുക്ര ദ്വിഗ്രഹയോഗമായി. മാർച്ച് 14 ന് സൂര്യനും, 16 ന് ബുധനും മീനത്തിലേക്ക് കടക്കുന്നതോടെ, മൂന്നോ നാലോ ദിവസം ഏകാന്തതയിൽ ആയ വ്യാഴത്തിന് പുതിയ കൂട്ടായി. അങ്ങനെ മീനം രാശിയിൽ വ്യാഴം- സൂര്യൻ-ബുധൻ എന്നിവ ചേർന്നുള്ള ‘ത്രിഗ്രഹയോഗം ‘ ഉണ്ടാവുന്നു.

മാർച്ച് മാസത്തിൽ ചൊവ്വ, കേതു എന്നിവയൊഴികെ മറ്റ് ആറ് ഗ്രഹങ്ങൾ ‘കുറുമുന്നണി’ യായി പ്രവർത്തിക്കുന്നത് കാണാം. (ചന്ദ്രൻ രണ്ടേകാൽ ദിവസത്തിലൊരിക്കൽ വീതം ഓരോ രാശിയിൽ കൂടി കടന്നുപോകുന്നതിനാൽ ചന്ദ്രന്റെ കാര്യം ഇവിടെ പരിഗണിച്ചിട്ടില്ല). ഇത് സൃഷ്ടിക്കുന്ന ഫലങ്ങൾ എന്തൊക്കെയാവും എന്നാണ് ഇനി പരിശോധിക്കുന്നത്.

Advertisment

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): മുതൽ മുടക്കുകൾ ലാഭം നൽകും. അധികാരികളുടെ പ്രീതി കൈവരും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പുതിയ ആദായമാർഗങ്ങൾ തെളിഞ്ഞു കിട്ടും. പുതുസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുവാദം / അനുമതി ലഭിക്കുന്നതായിരിക്കും. സ്ഥാനക്കയറ്റം ഉണ്ടാവും. രാഷ്ട്രീയത്തിലെ എതിർശബ്ദങ്ങളെ അവഗണിച്ച് സ്വന്തം തീരുമാനങ്ങൾ നടപ്പിൽ വരുത്തും. ബന്ധുക്കളുടെ നിർലോഭമായ സഹായം മാർച്ച് ആദ്യപകുതി വരെ അഭംഗുരമായി തുടരും. മാർച്ച് രണ്ടാം വാരത്തിന് ശേഷം ശുക്രൻ ജന്മരാശിയിലേക്ക് പകരുകയാൽ സുഖഭോഗങ്ങൾ ഉണ്ടാകും.

ഇടവക്കൂറിന് (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ): പത്താം ഭാവത്തിലെ ത്രിഗ്രഹയോഗം തൊഴിൽ നേട്ടങ്ങളെ സൂചിപ്പിക്കുന്നു. സ്ഥാനക്കയറ്റം, ശമ്പളവർദ്ധനവ് ഇവ പ്രതീക്ഷിക്കാം. വാക്കിന് ആജ്ഞാസ്വരം കലരും. രണ്ടാം വാരത്തിനുശേഷം ആഢംബരത്തിന് പണച്ചെലവ് ഉണ്ടാകും. പാഴ്ച്ചെലവും ഒരു പ്രവണതയായി മാറാം. ചിലപ്പോൾ വിവേകമില്ലാതെ പ്രവർത്തികളിൽ മുഴുകും. വീട്ടിലായാലും കർമ്മമേഖലയിലായാലും അധികാരം ആർക്കും വിട്ടുകൊടുക്കില്ല. ചൊവ്വ ജന്മരാശിയിൽ നിന്നും നീങ്ങുന്നത് ഒരു ആശ്വാസമാണ്.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ): ഭാഗ്യഭാവത്തിലെ ത്രിഗ്രഹയോഗം ചില ഗുണങ്ങൾക്ക് വഴിവെക്കാം. ജന്മരാശിയുടെ നാഥനായ ബുധൻ ഭാഗ്യനാഥനായ ശനിക്കൊപ്പം നിൽക്കുകയായാൽ നല്ല കാര്യങ്ങളും അപ്രതീക്ഷിത നേട്ടങ്ങളും വന്നെത്താം. കഴിവിലധികമായിട്ടുള്ള ശുഭഫലങ്ങളും വന്നുചേരാം. രണ്ടാം വാരത്തിനുശേഷം ശുക്രൻ പതിനൊന്നിൽ വരുന്നു. ഭോഗസിദ്ധി, ധനവർദ്ധനവ്, ദേഹസൗഖ്യം, അംഗീകാരം എന്നിവ തൽഫലങ്ങൾ. എന്നാൽ ബുധന് നീചം സംഭവിക്കുന്നതിനാൽ ആത്മവിശ്വാസം കുറയാനും തെറ്റായ നിഗമനങ്ങളിൽ എത്തിപ്പെടുവാനും സാധ്യതയുണ്ട്.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം): രണ്ടാം ഭാവനാഥനായ സൂര്യന് അഷ്ടമഭാവസ്ഥിതി വരികയാൽ പണച്ചെലവ് ഏറും. നേത്ര രോഗം, കാഴ്ചശക്തിക്കുറവ് ഇവ സാധ്യതകൾ. മാസത്തിന്റെ രണ്ടാം പകുതിയിൽ സഹായ സ്ഥാനാധിപനായ ബുധൻ നീചനാകുന്നതിനാൽ കിട്ടിവന്നിരുന്ന പിന്തുണ പിൻവലിക്കപ്പെടാം. ശുക്രൻ പത്തിലേക്ക് നീങ്ങുന്നതിനാൽ തൊഴിലിൽ ചെറിയ മാന്ദ്യം വന്നേക്കാം. ചൊവ്വ പന്ത്രണ്ടിൽ വരികയാൽ ദേഹസൗഖ്യക്കുറവ്, വ്യയാധികം, കലഹവാസന എന്നിവയും ചില സംഭവ്യതകളാണ്.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): ഏഴിലെ ഗ്രഹസമൃദ്ധി ദാമ്പത്യത്തെ അസന്തുഷ്ടമാക്കാം. മുൻ നിശ്ചയിച്ച ദൂരയാത്രകൾ തടസ്സപ്പെടാം. വിദേശസ്വപ്നങ്ങൾ പൂവണിയാൻ അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കും. കൂട്ടുകച്ചവടം നിലനിർത്താൻ ഏറെ ക്ലേശിക്കും. പ്രണയികൾക്ക് ഇച്ഛാഭംഗം ഉണ്ടാവാം. വിദ്യാർത്ഥികൾ കൂടുതൽ ജാഗ്രത പുലർത്തണം. ബുധൻ നീചത്തിലാവുന്നത് പഠനത്തെ ബാധിക്കാം. ഉഷ്ണരോഗങ്ങൾ, സൂര്യാഘാതം, അഗ്നിബാധ മുതലായ വിപൽസൂചനകൾക്ക് കരുതൽ വേണ്ടതുണ്ട്.

കന്നിക്കൂറിന് (ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ): ആറാം രാശിയിലെ രണ്ട് പാപഗ്രഹങ്ങൾ – സൂര്യനും ശനിയും- അനുകൂലമായ ഫലങ്ങളേകും. രോഗശാന്തി, മനസ്സന്തോഷം, ധനവരവ്, ബന്ധുസമാഗമം, ഉദ്യോഗാഭിവൃദ്ധി എന്നിവ പ്രതീക്ഷിക്കാം. ഏഴിലെ വ്യാഴശുക്രയോഗം പ്രണയ സാഫല്യം, ദാമ്പത്യസൗഖ്യം, യാത്രകൾ കൊണ്ട് നേട്ടം എന്നിവയെ സൂചിപ്പിക്കുന്നു. മാർച്ച് രണ്ടാം പകുതിയിൽ ശുക്രൻ രാഹുവുമായി ചേരുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. രാശിനാഥൻ ബുധന് നീചം വരുന്നതും നന്നല്ല. ആത്മശക്തിക്ക് ഉലച്ചിൽ വരാം.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ): പഞ്ചമത്തിലെ ത്രിഗ്രഹയോഗം മാനസിക ക്ലേശങ്ങൾക്ക് കാരണമാകാം. സന്താനങ്ങളെച്ചൊല്ലി വിഷമം വരാം. കുടുംബ വസ്തുക്കളുടെ പരിപാലനത്തിൽ വല്ല നിയമപ്രശ്നങ്ങളും ഏർപ്പെടാം. അകാരണമായ ഭയം മനസ്സിനെ മഥിക്കാം. മാർച്ച് പകുതിയോടെ ആരോഗ്യപരമായി ആശ്വാസം വരുന്നതായിരിക്കും. ധനവരവ് അധികരിക്കും. കുറച്ചുകാലമായി വലയം ചെയ്തിരുന്ന വിഷമക്കുരുക്കുകൾ അല്പാല്പമായി അഴിഞ്ഞുതുടങ്ങും.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): നാലാമെടത്തിലെ പാപഗ്രഹങ്ങൾ വീട്ടിൽ നിന്നും മാറി നിൽക്കാൻ പ്രേരിപ്പിച്ചേക്കും. സൗഹൃദങ്ങൾ കയ്പായി അനുഭവപ്പെടും. മാർച്ച് മാസം പകുതിയാകുന്നതോടെ അലച്ചിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങും. ബന്ധങ്ങളുടെ ഊഷ്മളത തിരിച്ചറിയും. കലാപരമായ കാര്യങ്ങളിൽ ആബദ്ധരാകും. ഭാവനാ ശക്തി ഉണരും. ഗുരുബുധയോഗം അരങ്ങുകൾ നൽകും. ശുക്രൻരാഹുയോഗം അമിതമായ പണച്ചെലവ് വരുത്താം. ആരോഗ്യപാലനത്തിൽ ശ്രദ്ധ കുറയരുത്.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): മൂന്നാം ഭാവത്തിലെ മൂന്ന് ഗ്രഹങ്ങൾ നിങ്ങളുടെ ആത്മവിശ്വാസം ഉയർത്തുന്നു. ക്ലേശങ്ങളെ മറികടക്കാൻ കരുത്തേകുന്നു. കഠിനമായി തോന്നിയിരുന്ന സാഹചര്യങ്ങൾ ഇപ്പോൾ അനുകൂലമായി മാറിത്തുടങ്ങിയിട്ടുണ്ട്. തൊഴിൽപരമായി പുതിയ ദിശാബോധം ഉണ്ടാകും. നാലാം ഭാവത്തിലേക്ക് സൂര്യനും ബുധനും കടക്കുമ്പോൾ ഗാർഹികാന്തരീക്ഷം അല്പം പ്രക്ഷുബ്ധമാകാം. ശുക്രൻ അഞ്ചിലേക്ക് കടക്കുമ്പോൾ സന്താനങ്ങളെച്ചൊല്ലിയുള്ള ആശങ്കകൾക്ക് അറുതിയാവാം. സുഹൃത്തുക്കളുടെ പിന്തുണയോടെ അനിഷ്ട സാഹചര്യങ്ങളെ ഒഴിവാക്കുന്നതിൽ വിജയിക്കും.

മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): രാശിനാഥനൊപ്പം അഷ്ടമാധിപനും ഭാഗ്യാധിപനും സ്ഥിതിചെയ്കയാൽ ഗുണാനുഭവങ്ങൾക്കാവും മുൻതൂക്കം ലഭിക്കുക. ധനസ്ഥിതി ഉയരും. പ്രതീക്ഷിച്ച സഹായം ലബ്ധമാകും. മാർച്ച് രണ്ടാം പകുതിയിൽ മൂന്നിലേക്ക് സൂര്യനും ബുധനും കടക്കുകയാൽ ഭാഗ്യാഭിവൃദ്ധി ഉണ്ടാവും. കാര്യവിജയം പ്രതീക്ഷിക്കാം. ശുക്രൻ രാഹുവുമായി ചേരുന്നതോടെ വീട്ടിലെ അനൈക്യങ്ങളും പടലപ്പിണക്കങ്ങളും വഴിമാറും. സന്താനങ്ങളെച്ചൊല്ലിയുള്ള ഉൽക്കണ്ഠകൾ നീങ്ങും. ആരോഗ്യപരമായി മെച്ചപ്പെട്ട കാലമായിരിക്കും.

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 12,3 പാദങ്ങൾ): ജന്മരാശിയിൽ ത്രിഗ്രഹങ്ങൾ ഉള്ളതിനാൽ വ്യക്തിത്വത്തിന് ശൈഥില്യം വരുന്നതായി തോന്നാം. ഭിന്നതാല്പര്യങ്ങൾ ഉയർന്നേക്കും. ചിലർ അലസരാകാനിടയുണ്ട്. കരുതിയ കാര്യങ്ങളിൽ വിജയം പതുക്കെയാവും. മാസമദ്ധ്യത്തിൽ ബുധാദിത്യന്മാർക്ക് രണ്ടിൽ ഗുരുയോഗം വരുന്നതിനാൽ ധനപരമായി മെച്ചം പ്രതീക്ഷിക്കാം. പ്രണയസാഫല്യം വരാം. മത്സരങ്ങളിൽ വിജയിക്കാം. വിദ്യാർത്ഥികൾ പരീക്ഷകളിൽ നല്ല പ്രകടനം നടത്താം. കിടപ്പ് രോഗികൾക്ക് സമാശ്വാസം പ്രതീക്ഷിക്കാം.

മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): പന്ത്രണ്ടാം രാശിയിലെ ഗ്രഹാധിക്യം കാരണം പ്രവാസത്തിന് സാധ്യത കൂടും. ചെലവിന് പല വഴികൾ വന്നുകൂടും. പാദരോഗങ്ങൾക്ക് ചികിൽസ വേണ്ടിവരാം. ദിനചര്യകൾ കൃത്യമാവില്ല. ജന്മരാശിയിലേക്ക് ബുധനും സൂര്യനും കടക്കുന്നതോടെ ദേഹക്ഷീണം വർദ്ധിക്കും. ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉയരാം. പഠിപ്പിൽ ശ്രദ്ധ കുറയാനിടയുണ്ട്. പ്രോജക്ടുവർക്കുകൾ ഇഴയും. ഗൃഹം മോടിപിടിപ്പിക്കാനോ വാഹനം നന്നാക്കാനോ ധനം കൂടുതൽ ചെലവാകാൻ ഇടയുണ്ട്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: