scorecardresearch

പഠനക്ലേശം, പരീക്ഷപ്പേടി, അലസത; ഈ 10 നാളുകാരായ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാർച്ച് മാസം സ്കൂൾ പരീക്ഷകളുടെ കാലമാണ്. ഈ മാസം, സൂര്യൻ കുംഭം-മീനം രാശികളിൽ സഞ്ചരിക്കുമ്പോൾ ജ്യോതിഷപ്രകാരം വിദ്യാർത്ഥികളുടെ പഠനത്തെ അത് എങ്ങനെ സ്വാധീനിക്കുന്നുവെന്ന് അറിയാം

astrology, horoscope, ie malayalam

മാർച്ച് മാസം തുടങ്ങുന്നത് 1198 കുംഭം 17 ന് ബുധനാഴ്ചയാണ്. മാർച്ച് 15 ന് 1198 മീനമാസം തുടങ്ങുന്നു. സൂര്യൻ കുംഭം – മീനം രാശികളിലായി സഞ്ചരിക്കുന്നു. മാർച്ച് ഒന്നിന് ചന്ദ്രൻ മകയിരം നക്ഷത്രത്തിലാണ്. 31 ന് ചന്ദ്രൻ ഒരു വട്ടം ഭ്രമണം പൂർത്തിയാക്കി പൂയം നക്ഷത്രത്തിലെത്തുന്നു. വ്യാഴം മീനം രാശിയിൽ തുടരുന്നു. ശനി കുംഭം രാശിയിലാണ്. ശുക്രൻ മാർച്ച് 12 വരെ ഉച്ചരാശിയായ മീനത്തിലും തുടർന്ന് മേടത്തിലും സഞ്ചരിക്കുന്നു. കഴിഞ്ഞ പത്ത്-പതിനൊന്ന് മാസമായി രാഹു മേടത്തിലും കേതു തുലാത്തിലും ആയി സഞ്ചാരം തുടരുകയാണ്.

ബുധൻ കുംഭത്തിലാണ് മാസാദ്യം. മാർച്ച് 16 മുതൽ 31 വരെ ബുധൻ തന്റെ നീചരാശിയായ മീനത്തിലൂടെയാണ് കടന്നുപോകുന്നത്. മാർച്ച് 12 വരെ ചൊവ്വ ഇടവത്തിലാണ്, പിന്നീട് മിഥുനത്തിലും. ഈ ഗ്രഹനിലയെ മുൻനിർത്തി രോഹിണി,മകയിരം പുണർതം, പൂരം, അത്തം,ചോതി പൂരാടം, ഉത്രാടം ചതയം രേവതി എന്നീ നക്ഷത്രങ്ങളിലും ജനിച്ചവരുടെ 2023 മാർച്ച് മാസത്തിലെ അനുഭവങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

ഈ നാളുകളാരായ വിദ്യാർത്ഥികളുടെ പഠനം, പരീക്ഷ എന്നീ കാര്യങ്ങളിൽ രക്ഷാകർത്തക്കൾ സൗമ്യമായും ക്ഷമയോടെയും അവർക്ക് പിന്തുണ നൽകുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്യേണ്ട സമയവുമാണ്.

രോഹിണി: ഗാർഹികമായും തൊഴിൽപരമായും അനുകൂലസാഹചര്യങ്ങൾ ഉദയം ചെയ്യും. പലകാലമായി കാത്തിരുന്ന കാര്യങ്ങൾ കൈവശം വന്നുചേരും. സർക്കാരിൽ നിന്നും അനുകൂലമായ മറുപടി ലഭിക്കും. വിദേശത്തു നിന്നും ശുഭവാർത്ത എത്തും. കലാപ്രവർത്തനം അംഗീകരിക്കപ്പെടും. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ വന്നുചേരും. പൊതുവേ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾ പഠനത്തിൽ അലസരാവാനിടയുണ്ട്. ആരോഗ്യ ജാഗ്രത കൈവിടരുത്.

മകയിരം: കലഹ സാഹചരങ്ങളെ അഭിമുഖീകരിക്കും. ചില സൗഹൃദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കും. തൊഴിൽപരമായി ഉണ്ടായിരുന്ന അലച്ചിൽ കുറയും. വ്യവഹാരങ്ങളിൽ അനുരഞ്ജനം സാധ്യമാകും. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവർ ആരോഗ്യ പരിശോധനകളിൽ അലംഭാവം കാട്ടരുത്. ലൗകിക സുഖാനുഭവങ്ങളിൽ മുഴുകും. പ്രണയബന്ധങ്ങൾ ദൃഢമാകാം. വിദ്യാർത്ഥികളുടെ പഠനകാര്യങ്ങളിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തുന്നത് നന്നായിരിക്കും.

പുണർതം: തൊഴിൽരംഗം വികസിപ്പിക്കും. പുതിയ കരാറുകളിൽ ഒപ്പുവെക്കും. അന്യദേശത്ത് കഴിയുന്നവർക്ക് സ്ഥിരമായോ താൽകാലികമായോ നാട്ടിലേക്ക് മടങ്ങാനാവും. ഭൂമിയിൽ നിന്നും ആദായം ഉണ്ടാകും. സജ്ജനങ്ങളുടെ പിന്തുണ ആത്മവിശ്വാസം വർദ്ധിപ്പിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നത് നന്ന്. കുടുംബാംഗങ്ങളുമായി ഉല്ലാസയാത്ര നടത്തും. മാതാപിതാക്കളുടെ ആരോഗ്യ പരിരക്ഷയിൽ അലംഭാവമരുത്. സ്വന്തം ആരോഗ്യകാര്യത്തിലും ഉദാസീനത പാടില്ല.

പൂരം: കച്ചവടത്തിൽ നിന്നും കരുതിയതിലധികം ആദായം സിദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഉദ്യോഗസ്ഥർക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉണ്ടാകും. അദ്ധ്വാനഭാരം അല്പം കൂടിയേക്കും. വിദ്യാർത്ഥികൾ പഠനത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടി വരും. പ്രണയികൾക്ക് ഊഷ്മളമായ അനുഭങ്ങൾ ഉണ്ടാകാം. ഗുരുജനങ്ങളെ സന്ദർശിച്ച് അവരുടെ അനുഗ്രഹം നേടുവാൻ സാധിക്കും. തൊഴിൽ തേടുന്നവർക്ക് പ്രതീക്ഷകൾക്ക് അനുസരിച്ച വിധത്തിലല്ലെങ്കിൽ പോലും എന്തെങ്കിലും തൊഴിൽ കൈവരുന്നതാണ്.

അത്തം: ജോലി സംബന്ധിച്ച് കൂടുതൽ അദ്ധ്വാനം ഉണ്ടാകും. നവസംരംഭങ്ങളിൽ ആശാവഹമായ പുരോഗതി വന്നെത്തും. കലാപരമായ കഴിവുകൾ അംഗീകരിക്കപ്പെടും. സാമ്പത്തികസ്ഥിതിക്ക് നേരിയ വളർച്ചയുണ്ടാകും. ഭക്ഷണകാര്യത്തിൽ നേരനീക്കം വന്നേക്കാം. വാഹനം വാങ്ങുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളും. കുടുംബാംഗങ്ങളെ ഒത്തിണക്കി കൊണ്ടുപോകുന്നതിൽ നയചാതുര്യം പ്രകടിപ്പിക്കും. ഓർമ്മക്കുറവ് പഠനത്തെ ബാധിക്കാനിടയുണ്ടെന്നതിനാൽ വിദ്യാർത്ഥികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ആരോഗ്യപരമായി സമ്മിശ്രമായ കാലമാണ്.

ചോതി: ഗാർഹികമായ അസ്വസ്ഥതകൾക്ക് ശമനം കൈവരും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. വ്യവഹാരങ്ങളിൽ അനുകൂലമായ വിധി പ്രതീക്ഷിക്കാം. ബുധന്റെ ബലഹാനിയാൽ വിദ്യാർത്ഥികൾ പഠനത്തിൽ അലസരായേക്കാം. ബന്ധുക്കളുടെ പിന്തുണ പ്രതീക്ഷിച്ചവിധം വന്നു ചേരണമെന്നില്ല. കച്ചവടത്തിൽ കൂടുതൽ മുതൽമുടക്ക് നടത്തുന്നതിന് കുറച്ചുകാലം കൂടി കാത്തിരിക്കുന്നതാവും ഉചിതം. സ്വന്തം ആരോഗ്യസ്ഥിതിയിൽ കൂടുതൽ ശ്രദ്ധ വേണം. ധനസ്ഥിതി മുഴുവനായും അനുകൂലാവസ്ഥയിലാണ് എന്ന് പറയാനാവില്ല.

പൂരാടം: സ്വാശ്രയത്വം അഭിമാനം വളർത്തും. ക്രിയാകുശലത വർദ്ധിക്കും. കുടുംബത്തിൽ തലപൊക്കുന്ന പ്രശ്നങ്ങളെ ഇലയ്ക്കും മുള്ളിനും കേടില്ലാത്തവിധം ഭംഗിയായി പരിഹരിക്കും. വിദ്യാർത്ഥികളുടെ പഠനത്തിന് രക്ഷിതാക്കളുടെ പ്രോത്സാഹനം കരുത്താകും. കായികമത്സരങ്ങളിൽ മികവ് കാട്ടും. തൊഴിൽപുരോഗതിക്ക് വായ്പാസഹായം പ്രയോജനപ്പെടുത്തും. ബന്ധു സംഗമം, കുടുംബ സദസ്സുകൾ എന്നിവയിൽ പങ്കെടുക്കാനാവും. ആരോഗ്യപ്രശ്നങ്ങൾ അല്പം പിൻവലിയുന്ന കാലമാണ്.

ഉത്രാടം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചില കിട്ടാക്കടങ്ങൾ കിട്ടാം. വാഹനം, ഗൃഹം, ഓഫീസ് ഇവ മോടി പിടിപ്പിക്കും. സഹോദരരുടെ നിലപാടുകൾ ആശ്വാസമേകും. പൊതുപ്രവർത്തകർക്ക് അനുയായികളുടെ പൂർണ പിന്തുണ സിദ്ധിക്കും. നക്ഷത്രനാഥനായ സൂര്യന് ശനിയോഗം വന്നതുമൂലം ചില സമ്മർദ്ദങ്ങളെ നേരിടേണ്ടി വരാം. കായികമായ അലച്ചിൽ ഏർപ്പെടാം. വിദ്യാർത്ഥികളെ ആലസ്യം ബാധിക്കാനിടയുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ വൈദ്യസഹായം നേടാൻ അമാന്തിക്കരുത്.

ചതയം: സാഹസങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും. പുതിയ സാമ്പത്തിക ബാധ്യതകൾ വരാതെ നോക്കേണ്ടതുണ്ട്. നിക്ഷേപങ്ങളിൽ നിന്നും ഭേദപ്പെട്ട ആദായം ലഭിക്കും. വ്യാപാര രംഗത്തെ മാന്ദ്യം പരിഹരിക്കാൻ പുതുവഴികൾ കണ്ടെത്തും. കുടുംബാംഗങ്ങളുമായി കൂടിയാലോചനകൾ നടത്താതെ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഗാർഹികമായ അനൈക്യങ്ങൾക്ക് വഴിവെക്കും. വിദ്യാർത്ഥികളുടെ പഠനക്ലേശം, പരീക്ഷപ്പേടി എന്നിവയ്ക്ക് വിദഗ്‌ദ്ധോപദേശം തേടുന്നത് കരണീയ കർമ്മമാവും.

രേവതി: ധനവരവേറുമെങ്കിലും ചെലവും കൂടും. ശമ്പളവർദ്ധനവ് പ്രതീക്ഷിച്ചവർക്ക് അല്പം നിരാശപ്പെടേണ്ടി വരാം. തൊഴിൽ തേടുന്നവർക്ക് ദൂരനാട്ടിൽ തൊഴിൽ കിട്ടിയേക്കും. വീടോ നാടോ വിട്ടുനിൽക്കേണ്ട സാഹചര്യങ്ങൾ ഉദയം ചെയ്യാം. അകാരണമായ ഉന്മേഷരാഹിത്യം കർമ്മരംഗത്ത് പ്രതിഫലിച്ചേക്കും. കുടുംബജീവിതത്തിൽ നല്ല അനുഭവങ്ങൾ വരാം. മക്കളുടെ ശ്രേയസ്സിൽ അഭിമാനിക്കാനാവും. വിദ്യാർത്ഥികളെ ആലസ്യം ബാധിച്ചേക്കാം. വാതരോഗത്തിന് ചികിത്സ തേടാൻ ഇടയുണ്ട്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: These 10 stars students must concentrate in study