മാർച്ച് മാസം തുടങ്ങുന്നത് 1198 കുംഭം 17 ന് ബുധനാഴ്ചയാണ്. മാർച്ച് 15 ന് 1198 മീനമാസം തുടങ്ങുന്നു. സൂര്യൻ കുംഭം – മീനം രാശികളിലായി സഞ്ചരിക്കുന്നു. മാർച്ച് ഒന്നിന് ചന്ദ്രൻ മകയിരം നക്ഷത്രത്തിലാണ്. 31 ന് ചന്ദ്രൻ ഒരു വട്ടം ഭ്രമണം പൂർത്തിയാക്കി പൂയം നക്ഷത്രത്തിലെത്തുന്നു.
വ്യാഴം മീനം രാശിയിൽ തുടരുന്നു. ശനി കുംഭം രാശിയിലാണ്. ശുക്രൻ മാർച്ച് 12 വരെ ഉച്ചരാശിയായ മീനത്തിലും തുടർന്ന് മേടത്തിലും സഞ്ചരിക്കുന്നു. കഴിഞ്ഞ പത്ത്-പതിനൊന്ന് മാസമായി രാഹു മേടത്തിലും കേതു തുലാത്തിലും ആയി സഞ്ചാരം തുടരുകയാണ്.
ബുധൻ കുംഭത്തിലാണ് മാസാദ്യം. മാർച്ച് 16 മുതൽ 31 വരെ ബുധൻ തന്റെ നീചരാശിയായ മീനത്തിലൂടെയാണ് കടന്നുപോകുന്നത്. മാർച്ച് 12 വരെ ചൊവ്വ ഇടവത്തിലാണ്, പിന്നീട് മിഥുനത്തിലും. ഈ ഗ്രഹനിലയെ മുൻനിർത്തി ആറ് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 മാർച്ച് മാസത്തിലെ ഫലങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
അശ്വതി: ദിശാബോധത്തോടെ കർമ്മരംഗത്ത് പ്രവർത്തിക്കും. പുതുയാത്രകൾ മനസ്സിൽ സന്തോഷം നിറയ്ക്കും. ഭവനനിർമ്മാണം പൂർത്തീകരിക്കും. പുതുവാഹനം വാങ്ങാൻ സാധിക്കും. ദൈവകാര്യങ്ങൾ നിറവേറ്റാനായത് ചാരിതാർത്ഥ്യത്തിന് കാരണമാകും. ഇഷ്ടവസ്തുക്കൾ വാങ്ങാൻ കണക്ക് നോക്കാതെ ധനം വ്യയം ചെയ്യും. പണം ചെലവ്ചെയ്ത് മുന്തിയ ഭക്ഷണം കഴിക്കും. മോടിയുള്ള വസ്ത്രങ്ങൾ വാങ്ങും. ആരോഗ്യപരിശോധനകളിൽ അലംഭാവം കാട്ടും.
ഭരണി: മനസ്സന്തോഷത്തിന് കാരണങ്ങൾ വന്നെത്തും. കലാപരമായ കാര്യങ്ങളിൽ സ്വയം സമർപ്പിക്കും. പുരസ്കാരങ്ങളോ അംഗീകാരങ്ങളോ ലബ്ധമാകും. തൊഴിലിൽ മുന്നേറും. ഉദ്യോഗക്കയറ്റം, ശമ്പളവർദ്ധന എന്നിവ ശക്തമായ സാധ്യതകളാണ്. അവിവാഹിതർക്ക് വിവാഹസിദ്ധി പ്രതീക്ഷിക്കാം. മത്സരങ്ങളിൽ നല്ല വിജയം കൈവരുന്നതായിരിക്കും. വിദേശത്ത് പോകാൻ സന്ദർഭമുണ്ടാകാം. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത കാത്തു സൂക്ഷിക്കുന്നതിൽ വിജയിക്കും. വരവേറും ; ചെലവും കൂടും.
കാർത്തിക: നക്ഷത്രനാഥനായ സൂര്യൻ രാഹുനക്ഷത്രമായ ചതയത്തിലൂടെ സഞ്ചരിക്കുന്നതിനാൽ മാസാദ്യം ചില ക്ലേശങ്ങൾ ഉണ്ടാകാം. ശത്രുക്കളാൽ വലയിതരാണോ എന്ന് ചകിതരായേക്കാം. രണ്ടാം ആഴ്ചമുതൽ കാര്യങ്ങൾ വരുതിയിലാകുന്നതായിരിക്കും. പ്രണയത്തിൽ നിന്നും സന്തോഷം ലഭിക്കാം. ധനസ്ഥിതി ഉയർന്നേക്കും. സുഹൃത്തുക്കളുടെ സഹകരണം പ്രതീക്ഷിച്ചതിലധികമായേക്കാം. പുതുപദ്ധതികൾ ഭംഗിയായിത്തന്നെ തുടങ്ങാനാവും. സർക്കാരിൽ നിന്നും വായ്പ / ധനസഹായം കിട്ടാനിടയുണ്ട്. കിടപ്പ് രോഗികൾക്ക് സമാശ്വാസ കാലമാണ്.
തിരുവാതിര: വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് അതിനവസരം ലഭിക്കും. കർമ്മരംഗത്ത് പുതിയ മേച്ചിൽപ്പുറങ്ങളിലെത്താനാവും. സർക്കാരിൽ നിന്നും ഉള്ള വായ്പ, ചിട്ടി മുതലായവ സാമ്പത്തിക ഞെരുക്കത്തിന് താൽക്കാലിക ശമനം ഉണ്ടാക്കും. സഹോദരരുമായി ഐക്യപ്പെടാനുള്ള ശ്രമങ്ങൾ വിജയിക്കണമെന്നില്ല. ഭൂമിയുടെ ക്രയവിക്രയങ്ങളിൽ തടസ്സങ്ങൾ വരാം. രാഷ്ട്രീയ പ്രവർത്തകർക്ക് എതിർപ്പുകൾ കൂടും. ശനി – സൂര്യ യോഗം മൂലം പിതാവിന് ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കാം. വാഹനം, യന്ത്രം, അഗ്നി എന്നിവ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത ഒട്ടും കുറക്കരുത്.
പൂയം: നക്ഷത്രനാഥനായ ശനി ശത്രുവായ സൂര്യനും മിത്രമായ ബുധനും ഒപ്പം നിൽക്കുകയാൽ ജീവിതത്തിൽ ശത്രുവിനെയും മിത്രത്തേയും സന്ധിക്കേണ്ടിവരും. അനുകൂല പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുമെന്ന് ഊഹിക്കാം. പുതിയ തൊഴിൽ സാധ്യതകൾ പ്രതീക്ഷിക്കാവുന്നതാണ്. ഇഷ്ടജനങ്ങളെ കാണാനാവും. ബന്ധുപ്രീതിയുണ്ടാവും. സാമ്പത്തിക ക്ലേശങ്ങൾ ഉയരാം. കടബാധ്യതകൾ വലച്ചേക്കാം. ആരോഗ്യപരമായ അശ്രദ്ധ വരുത്തരുത്. പുതിയ ചികിത്സാരീതികൾ സ്വയം അവലംബിക്കരുത്.
ആയില്യം: നവസംരംഭങ്ങൾ ആരംഭിക്കും. പക്ഷേ സാമ്പത്തികമായ പുതിയ ബാദ്ധ്യതകൾ വരുത്തുന്നത് കരുതിയാവണം. സർക്കാർ കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാവാം. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ അപ്രീതി നേരിടേണ്ടിവരും. സ്ഥാനക്കയറ്റം വൈകിയേക്കും. യാത്രകൾ കൊണ്ട് ചെറിയ നേട്ടങ്ങൾ വന്നെത്തും. ഗൃഹനിർമ്മാണം സംബന്ധിച്ച ആലോചനകൾ പുരോഗമിക്കും. സന്താനങ്ങളുടെ ശ്രേയസ്സ് സന്തോഷമേകും. ആരോഗ്യ പരിരക്ഷയിൽ അലംഭാവം അരുത്.