/indian-express-malayalam/media/media_files/2025/09/08/alia-bhatt-2025-09-08-15-20-41.jpg)
ആലിയ ഭട്ട്
ആലിയ ഭട്ടിന്റെ ഭക്ഷണക്രമത്തിൽ സാലഡുകൾക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ശരീര ഭാരം നിലനിർത്താൻ ഏറ്റവും ലളിതവും പരമ്പരാഗതവുമായ ഇന്ത്യൻ ഭക്ഷണങ്ങളിൽ ഉറച്ചുനിൽക്കാൻ ഇഷ്ടപ്പെടുന്ന നടിയാണ് ആലിയ ഭട്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ആലിയ വീഗൻ ആയി മാറിയത്. പഞ്ചസാര ഉൾപ്പെടുത്താത്ത തന്റെ ഭക്ഷണത്തെക്കുറിച്ചും പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരോഗ്യകരമായ ധാന്യങ്ങളും പയർവർഗ്ഗങ്ങളും കഴിക്കുന്നതിനെക്കുറിച്ചും ജനപ്രിയ ടെലിവിഷൻ ഷോയായ ആപ് കി അദാലത്തിലെ പഴയൊരു അഭിമുഖത്തിൽ ആലിയ പറയുകയുണ്ടായി.
"ഞാനൊരു യഥാർത്ഥ ഇന്ത്യക്കാരിയാണ്. സാലഡുകൾ കഴിക്കാൻ എനിക്ക് ഇഷ്ടമല്ല, പകരം പച്ചക്കറികൾക്കൊപ്പം ചോറും ദാലും ഇഷ്ടപ്പെടുന്നു. റൊട്ടിയാണെങ്കിൽ റാഗി റൊട്ടിയോ ജോവർ കൊണ്ടുള്ള റൊട്ടിയോ ആണ് ഞാൻ തിരഞ്ഞെടുക്കാറുള്ളത്. എന്റെ ഓപ്ഷനുകൾ മാറിക്കൊണ്ടേയിരിക്കും. ഞാൻ പഞ്ചസാര ഒട്ടും തൊടാറില്ല", ആലിയ ഷോയുടെ അവതാരകയോട് പറഞ്ഞു.
Also Read: നെയ്യ് കഴിക്കുന്നത് നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ചോറും ദാലും ചേർന്നുള്ള ഭക്ഷണം തിരഞ്ഞെടുക്കുന്നത് പോഷക ഗുണം നേടാൻ സഹായിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഇപ്സിത ചക്രവർത്തി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. "പല വീടുകളിലും ചോറും ദാലും പ്രധാന ഭക്ഷണങ്ങളാണ്, ഇവ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, അവശ്യ സൂക്ഷ്മ പോഷകങ്ങൾ എന്നിവയുടെ ബാലൻസ് നൽകുന്നു. വ്യത്യസ്ത ദാലുകളും അരി ഇനങ്ങളും സംയോജിപ്പിക്കുന്നത് ഈ ക്ലാസിക് ഭക്ഷണത്തിന്റെ പോഷക പ്രൊഫൈൽ വർധിപ്പിക്കും," അവർ പറഞ്ഞു.
"വെളുത്ത അരിയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കുക. നാരുകളും ആന്റിഓക്‌സിഡന്റുകളും ലഭിക്കാൻ തവിട്ട്, ചുവപ്പ്, അല്ലെങ്കിൽ ബ്ലാക്ക് അരി പോലുള്ള മുഴുവൻ ധാന്യ ഓപ്ഷനുകൾ ഉൾപ്പെടുത്തുക. പോഷകാഹാര ഗുണങ്ങൾ വർധിപ്പിക്കുന്നതിന് പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ ഉപയോഗിച്ച് ദാൽ തയ്യാറാക്കുക. പ്രോബയോട്ടിക്സിനായി തൈരോ സാലഡോ ഉപയോഗിച്ച് ജോടിയാക്കുക," ചക്രവർത്തി ശുപാർശ ചെയ്തു.
ആരോഗ്യകരമായ റൊട്ടികൾ
ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും ഏറ്റവും മികച്ച സസ്യ അധിഷ്ഠിത ഉറവിടങ്ങളിൽ ഒന്നാണ് റാഗി റൊട്ടിയെന്ന് ബെംഗളൂരുവിലെ ആസ്റ്റർ വൈറ്റ്ഫീൽഡ് ആശുപത്രിയിലെ ചീഫ് ക്ലിനിക്കൽ ഡയറ്റീഷ്യൻ വി.വീണ പറഞ്ഞു. ഈ പോഷകങ്ങൾ അസ്ഥികളുടെ ശക്തി വർധിപ്പിക്കുകയും ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. റാഗി റൊട്ടിയിലെ ഉയർന്ന നാരുകൾ ദഹനം, ഭാരം നിയന്ത്രിക്കൽ, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം എന്നിവയെ സഹായിക്കുന്നു.
ജോവർ റൊട്ടിയിൽ പ്രോട്ടീൻ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉത്തമമാക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു.
Also Read: പ്രമേഹം നിയന്ത്രിക്കാൻ പാവയ്ക്ക ജ്യൂസും ഉലുവ വെള്ളവും വേണ്ട; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
പഞ്ചസാര ഒഴിവാക്കുക
പഞ്ചസാര ഉപേക്ഷിക്കുക എന്നതിനർത്ഥം എല്ലാ കാർബോഹൈഡ്രേറ്റുകളും ഒഴിവാക്കുക എന്നല്ല; ടേബിൾ ഷുഗർ, ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ്, തേൻ പോലുള്ളവ ഒഴിവാക്കുക എന്നാണെന്ന് ഡൽഹിയിലെ സികെ ബിർള ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ.മനീഷ അറോറ പറഞ്ഞു. “കാർബോഹൈഡ്രേറ്റുകൾ അവശ്യ പോഷകങ്ങളാണ്. പക്ഷേ, പഞ്ചസാരയുടെ അമിതമായ ഉപഭോഗം ആരോഗ്യത്തിന് ഹാനികരമാകും,” ഡോ. അറോറ പറഞ്ഞു.
തുടക്കത്തിൽ, പഞ്ചസാര ഉപേക്ഷിക്കുന്നത് തലവേദന, ദേഷ്യം, ക്ഷീണം, തീവ്രമായ ആസക്തി തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. "തലച്ചോറ് പഞ്ചസാരയെ ഒരു ദ്രുത ഊർജ സ്രോതസായി ഉപയോഗിക്കുന്നതാണ് ഇതിനു കാരണം. ഒരു പുതിയ ശീലം രൂപപ്പെടുത്താൻ സാധാരണയായി 21 ദിവസവും അത് ദൃഢമാക്കാൻ ഏകദേശം 66 ദിവസവും എടുക്കും," ഡോ.അറോറ പറഞ്ഞു.
പഞ്ചസാര ഒഴിവാക്കിയതിലൂടെ ശരീരഭാരം കുറയുക, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുക, കൂടുതൽ ഊർജം എന്നിവ പലർക്കും അനുഭവപ്പെടുന്നുണ്ടെന്ന് ഡോ.അറോറ പറഞ്ഞു. 90 ദിവസത്തേക്ക് പഞ്ചസാര ഉപേക്ഷിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്തും, ഇത് ദീർഘകാല ആരോഗ്യകരമായ ശീലങ്ങൾക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More:25 കിലോ സിംപിളായി കുറയ്ക്കാം; ഈ 5 പാനീയങ്ങളിൽ ഒന്നു രാത്രിയിൽ കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.