/indian-express-malayalam/media/media_files/Z4bTrcjkJtbyL5vTCU67.jpg)
File Photo Express
യുഎസ് സംസ്ഥാനമായ ടെക്സസിലെ ഫാമിൽ ജോലി ചെയ്യുന്ന ഒരാളിൽ കഴിഞ്ഞ ദിവസമാണ് എച്ച്5എൻ1 (പക്ഷിപ്പനി) സ്ഥിരീകരിച്ചത്. ഡബ്ള്യുഎച്ച്ഒ ഔട്ട് ബ്രേക്കിങ് ന്യൂസ് പ്രകാരം 2024 മാർച്ച് 25ന് വിയറ്റ്നാമിലെ ഇരുപത്തിയൊന്നുകാരനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി പറയുന്നുണ്ട്. 2013ൽ കേരളത്തിൽ കുട്ടനാട്ടിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി പടർന്നു പിടിച്ചതിനെ തുടർന്ന് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. ഇന്ത്യയിൽ പക്ഷിപ്പനി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സ്ഥിതിഗതികൾ എപ്പോൾ വേണമെങ്കിലും മാറി വരാം, അതിനാൽ കരുതിയിരിക്കുക.
എന്താണ് എച്ച്1എൻ1? എച്ച്5എൻ1 മായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
പക്ഷികളിൽ കണ്ടുവരുന്ന ഇൻഫ്ളുവെൻസ വൈറസാണ് എച്ച്1എൻ1, എച്ച്5എൻ1 എന്നിവ. വ്യത്യസ്ത ജനിതക ഗ്രൂപ്പുകളിൽപ്പെടുന്ന ഈ ഇൻഫ്ളുവെൻസ വൈറസുകൾ മനുഷ്യരെ എളുപ്പത്തിൽ ബാധിക്കില്ല. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് ഇവ പകരുന്നത് അസാധാരണമാണ്. എന്നാൽ, ഇവ രണ്ടും അത്യന്തം അപകടകാരിയായ വൈറസുകളാണ്.
എച്ച്1എൻ1 വൈറസുകൾ പ്രതിരോധശേഷി കുറവുള്ളവരിലോ, ഗർഭിണികളിലോ, മറ്റ് രോഗാവസ്ഥയിലുള്ളവരിലോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണമാകും. എന്നാൽ ഉയർന്ന മരണനിരക്കിന് സാധ്യതയുള്ളതാണ് എച്ച്5എൻ1. അവ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ സൂചിപ്പിക്കുന്നുണ്ട്.
എച്ച്5എൻ1നെക്കുറിച്ച് ഇത്രയധികം ആശങ്കകൾ എന്തുകൊണ്ട്?
പ്രകടമായ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ആദ്യം കാണില്ലെങ്കിലും ജനിതകമാറ്റങ്ങൾ സംഭവിച്ച് അത്യന്തം വിനാശകാരി ആകുവാനുള്ള ശേഷി ഈ വൈറസിനുണ്ട്. ഏവിയൻ ഇൻഫ്ളുവെൻസ ബാധിച്ച വ്യക്തിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളും തുടർന്ന് മരണംവരെ സംഭവിക്കാമെന്ന് ഡബ്ള്യുഎച്ച്ഒ പറയുന്നു. ''നമ്മളിപ്പോൾ ഈ വൈറസിനോട് അപകടകരമായി അടുത്ത് കൊണ്ടിരിക്കുകയാണ്, ഇത് ഒരു പകർച്ചവ്യാധിക്ക് കാരണമാകും'' പിറ്റ്സ്ബർഗിലെ പക്ഷിപ്പനി ഗവേഷകനായ ഡോ. സുരേഷ് കുച്ചിപ്പുടി പക്ഷിപ്പനി ഗവേഷകരുടെ ഒരു യോഗത്തിൽ പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
2003 മുതൽ 2024 മാർച്ച് 25 വരെ ആകെ 888 പേരിലാണ് എച്ച്5എൻ1 സ്ഥിരീകരിച്ചിരിക്കുന്നത്. 23 രാജ്യങ്ങളിൽ നിന്നായി 463 മരണവും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ എല്ലാം തന്നെ എച്ച്5എൻ1 വൈറസ് ബാധിച്ച പക്ഷികളിൽ നിന്നോ അല്ലെങ്കിൽ വൈറസ് സാന്നിധ്യമുള്ള അന്തരീക്ഷത്തിൽ നിന്നോ പടർന്നുപിടിച്ചതാണ്.
മനുഷ്യരിലെ രോഗലക്ഷണങ്ങൾ എന്തെല്ലാം?
കണ്ണിന് അസ്വസ്ഥത അല്ലെങ്കിൽ കണ്ണിലെ ചുവപ്പ് ആയിരുന്നു ടെക്സസിൽ വൈറസ് ബാധിച്ച ആളിൽ കണ്ട ലക്ഷണങ്ങൾ. മനുഷ്യനിൽ എച്ച്5എൻ1 പകരുന്നതിനുള്ള സാധ്യതകൾ വളരെ കുറവാണ്. എന്നാൽ, വായുവിലൂടെയും സ്പർശനത്തിലൂടെയുമൊക്കെ വൈറസ് ശരീരത്തൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. പനി, ചുമ, ശരീരവേദന, ന്യൂമോണിയ, ശ്വാസതടസം എന്നിവയാണ് വൈറസ് ബാധിച്ച മനുഷ്യരിൽ കാണിക്കുന്ന രോഗലക്ഷണങ്ങളെന്ന് മുഷീരബാദ് കെയർ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ.സയിദ് അബ്ദുൾ അലീം പറഞ്ഞു.
എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാം
സെന്റേഴ്സ് ഫോർ ഡിസീസ് ആൻഡ് പ്രിവെൻഷൻ എച്ച5എൻ1 പടർന്നു പിടിക്കാതിരിക്കുവാൻ എന്തൊക്കെ മുൻ കരുതൽ എടുക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. അതു പ്രകാരം സുരക്ഷിതമല്ലാത്ത അല്ലെങ്കിൽ തുറസ്സായ ഇടങ്ങളിൽ ചത്തു കിടക്കുന്ന പക്ഷികളുടെയോ മൃഗങ്ങളുടെയോ അടുത്തേയ്ക്ക് പോകരുത്. പക്ഷികളിലും മൃഗങ്ങളിലും വൈറസ് സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞാൽ യാതൊരു സമ്പർക്കവും പാടില്ല. ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കാൻ ശ്രദ്ധിക്കണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.