/indian-express-malayalam/media/media_files/AZsFAs1x7iOIIQWHOjSj.jpg)
Photo Source: Pexels
രുചികരവും പോഷക ഗുണങ്ങൾ നിറഞ്ഞതുമായ പഴമാണ് പപ്പായ. അവശ്യ പോഷകങ്ങളും എൻസൈമുകളും നിറഞ്ഞ പപ്പായ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ, പപ്പായ വെറും വയറ്റിൽ കഴിക്കാമോ?.
പ്രോട്ടീനുകളുടെ വിഘടനത്തിന് സഹായിക്കുന്ന ദഹന എൻസൈമായ പപ്പൈയ്ൻ പപ്പായയിൽ ധാരാളം അടങ്ങിയിട്ടുണ്ടെന്ന് മുംബൈയിലെ ഹിന്ദുജ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ ചൈതാലി റാണെ പറഞ്ഞു. കരോട്ടിനോയിഡുകൾ, ആൽക്കലോയിഡുകൾ, മോണോടെർപെനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെയെല്ലാം ഉറവിടമാണ് പപ്പായ. രക്തയോട്ടത്തിനും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ ഈ മൈക്രോ ന്യൂട്രിയന്റുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് അവർ പറഞ്ഞു.
പപ്പായ വെറും വയറ്റിൽ കഴിച്ചാൽ നിറയെ ആരോഗ്യ ഗുണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
വിഷാംശം നീക്കം ചെയ്യുന്നു: പപ്പെയ്ൻ എന്ന എൻസൈം ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. മാത്രമല്ല, സുഗമമായ മലവിസർജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.
അസിഡിറ്റിക്ക് ആശ്വാസം: നെഞ്ചെരിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പപ്പായ ആശ്വാസം നൽകും. ഇതിലെ പോഷകഗുണങ്ങൾ ഹൈപ്പർ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും.
ശരീര ഭാരം നിയന്ത്രിക്കും: കലോറി കുറവായതിനാൽ പപ്പായ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. വെറും വയറ്റിൽ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും സഹായിക്കും.
ആന്റിഓക്‌സിഡന്റ് പവർഹൗസ്: പപ്പായയിൽ കഫീക് ആസിഡ്, മൈറിസെറ്റിൻ, തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളായ സി, എ, ഇ എന്നിവയുമുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകൾ, തന്മാത്രകൾ എന്നിവയ്‌ക്കെതിരായി പ്രവർത്തിക്കുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.