/indian-express-malayalam/media/media_files/2025/06/11/F2NghpDw3ZiWIT8gaues.jpg)
Source: Freepik
കഴുത്തിന്റെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി. വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലായാൽ ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം എന്നീ രണ്ട് രോഗാവസ്ഥകൾക്ക് സാധ്യതയുണ്ട്.
തൈറോയ്ഡ് ഗ്രന്ഥി അധികമായി ഹോർമോണുകൾ ഉത്പാദിപ്പിക്കുമ്പോൾ ഹൈപ്പർതൈറോയിഡിസം സംഭവിക്കുന്നു. അതേസമയം, ഹൈപ്പോതൈറോയിഡിസം ആവശ്യമായ അളവിൽ ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ്. തടി കുറയുന്നു, വിശപ്പ് വർധിക്കുന്നു, രക്തമിടിപ്പ് കൂടുന്നു, ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥ, ഇടയ്ക്കിടെ വയറ്റിൽനിന്ന് പോവുക ഇതൊക്കെയാണ് ഹൈപ്പർതൈറോയിഡസത്തിന്റെ ലക്ഷണങ്ങൾ. സ്ത്രീകളിൽ ആർത്തവ ക്രമക്കേട്, മുടി കൊഴിച്ചിൽ, ഗർഭിണിയാകാനുള്ള ബുദ്ധിമുട്ട് എന്നിവയും കണ്ടുവരുന്നതായി ലൂർദ് ഹോസ്പിറ്റലിലെ എൻഡോക്രൈനോളജിസ്റ്റ് ഡോ.നവ്യ മേരി കുര്യൻ പറഞ്ഞു.
Also Read: വീട്ടിലെ ഭക്ഷണം കഴിച്ചു, വ്യായാമം ചെയ്തു; പ്രസവശേഷം യുവതി കുറച്ചത് 33 കിലോ
ഉപാപചയപ്രവർത്തനത്തെയും ഹോർമോണിന്റെ അളവിനെയും നിയന്ത്രിക്കുന്നതിനാൽ തൈറോയ്ഡ് ഗർഭാവസ്ഥയിലും നിർണായക പങ്ക് വഹിക്കുന്നു. ഹൈപ്പർതൈറോയിഡിസം പ്രീക്ലാംപ്സിയ, മാസം തികയാതെയുള്ള ജനനം, കുഞ്ഞിന് ഭാരക്കുറവ് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. തൈറോയ്ഡ് ഹോർമോണിന്റെ അളവ് പതിവായി നിരീക്ഷിക്കുന്നത് ഗർഭാവസ്ഥയിൽ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുകയും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്നു.
തൈറോയ്ഡ് തകരാർ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പെട്ടെന്ന് ശരീര ഭാരം കൂടുക അല്ലെങ്കിൽ കുറയുക, നിരന്തരമായ ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, മുടികൊഴിച്ചിൽ അല്ലെങ്കിൽ ക്രമരഹിതമായ ആർത്തവചക്രം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുക. കൂടാതെ, കുടുംബ പാരമ്പര്യമായി തൈറോയ്ഡ് തകരാറുണ്ടെങ്കിലും ജാഗ്രത വേണം.
Also Read: കുടലിന്റെയും കരളിന്റെയും ആരോഗ്യത്തിന് രാവിലെ ഈ 3 ഭക്ഷണങ്ങൾ കഴിക്കൂ
ജീവിതശൈലി തിരഞ്ഞെടുപ്പുകൾ തൈറോയ്ഡ് ആരോഗ്യത്തെ ബാധിക്കും. തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ അയോഡിൻ, സെലിനിയം, സിങ്ക് എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കണം. ദിവസേനയുള്ള വ്യായാമം ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാനും ആരോഗ്യകരമായ ഉപാപചയപ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കും. കൂടാതെ, സമ്മർദം കുറയ്ക്കുന്നതിനുള്ള ടെക്നിക്കുകളായ ധ്യാനം അല്ലെങ്കിൽ കൗൺസിലിങ് എന്നിവ പ്രയോജനകരമായിരിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.