scorecardresearch

Ramadan and Diabetes: റമദാൻ നോമ്പ് കാലത്ത് പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Ramadan and Diabetes: പ്രമേഹ രോഗികള്‍ വ്രതമെടുക്കാന്‍ പാടില്ല എങ്കില്‍ കൂടിയും ബഹുഭൂരിപക്ഷം രോഗികളും അത് എതു മത വിശ്വാസികളുമായിക്കൊളളട്ടെ അവര്‍ ആചാരങ്ങളുടെ ഭാഗമായി വ്രതമെടുക്കാറുണ്ട്

Ramadan and Diabetes: പ്രമേഹ രോഗികള്‍ വ്രതമെടുക്കാന്‍ പാടില്ല എങ്കില്‍ കൂടിയും ബഹുഭൂരിപക്ഷം രോഗികളും അത് എതു മത വിശ്വാസികളുമായിക്കൊളളട്ടെ അവര്‍ ആചാരങ്ങളുടെ ഭാഗമായി വ്രതമെടുക്കാറുണ്ട്

author-image
Jothydev Kesavadev
New Update
 Ramadan

Ramadan and Diabetes: റമദാൻ നോമ്പ് കാലവും പ്രമേഹവും

Ramadan and Diabetes: വിശുദ്ധ റമദാൻ നോമ്പുകാലത്ത് പ്രമേഹ രോഗികളിൽ നിന്നും പൊതുവേ ഉയരുന്ന സംശയമാണ് പ്രമേഹ രോഗികള്‍ക്ക് നോമ്പ് പിടിക്കാമോ? ഈ ചോദ്യം എത്രയോ കാലങ്ങളായി ചോദിക്കുന്നു.

Advertisment

നോമ്പ് പിടിക്കാമോ എന്നു ചോദിച്ചാല്‍ മതചാരപ്രകാരം വിശുദ്ധ ഖുറാന്‍ പറഞ്ഞിരിക്കുന്നത് ഗുരുതര രോഗമുളളവര്‍ വ്രതമെടുക്കരുത് എന്നാണ്. പ്രമേഹ രോഗികള്‍ വ്രതമെടുക്കാന്‍ പാടില്ലെങ്കില്‍ കൂടിയും ബഹുഭൂരിപക്ഷം രോഗികളും അത് ഏതു മത വിശ്വാസികളുമായിക്കൊളളട്ടെ അവര്‍ ആചാരങ്ങളുടെ ഭാഗമായി വ്രതമെടുക്കാറുണ്ട്.

വിശുദ്ധ ഖുറാനിലെ രണ്ടാം അധ്യായമായ അല്‍ബക്കറ 183, 185 സൂക്തങ്ങൾ​പ്രകാരം ഗുരുതര രോഗമുളളവര്‍ വ്രതമെടുക്കുന്നതിനു പകരം നന്മനിറഞ്ഞ കാര്യങ്ങൾ ചെയ്യുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ അത് ഏത് അവസ്ഥയിലാണെങ്കില്‍പോലും ഈ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഒരുപാട് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

പ്രമേഹമില്ലാത്തൊരാള്‍ വ്രതമെടുക്കുമ്പോള്‍ ശരീരഭാരം കുറയാം, രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം, കൊഴുപ്പ് ഇവയെല്ലാം അനുവദനീയമായ അളവുകളിലേക്കുവരാം. അങ്ങനെ ഗുണകരമായ പലതും സംഭവിക്കാം.

Advertisment

വളരെ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രമേഹമാണെങ്കിലും, പ്രമേഹത്തിന്റെ പ്രാരംഭവസ്ഥയിലാണെങ്കിലും, പകല്‍ മുഴുവന്‍ ഭക്ഷണം കഴിക്കാതിരിക്കുമ്പോഴും, ഇഫ്താര്‍ വേളയിലും, രാത്രികാലങ്ങളിലും, ഭക്ഷണം കൂടുതല്‍ കഴിക്കുമ്പോഴും, ശരീരത്തില്‍ പല വ്യതിയാനങ്ങളും സംഭവിക്കുന്നു. ഇത് പ്രമേഹ രോഗചികിത്സയിലും ഗുരുതരമായ പ്രത്യഘാതങ്ങള്‍ക്കു കാരണമാകുന്നു. International Diabetes Federation Diabetes & Ramadan Practical Guidelines പ്രകാരം രോഗികളെ മൂന്നു കാറ്റഗറിയായി തരംതിരിക്കാം.

  1. വെരി ഹൈ റിസ്‌ക്- വെരി ഹൈ റിസ്‌ക് എന്നു പറയുമ്പോള്‍ കഴിയുന്നതും നോമ്പ് എടുക്കാനേ പാടില്ല
  2. ഹൈ റിസ്‌ക്- ഹൈ റിസ്‌ക് നോമ്പ് എടുക്കാന്‍ പാടില്ല
  3. മോഡറേറ്റ് അല്ലെങ്കില്‍ ലോ റിസ്‌ക്- ഇവിടെ നോമ്പ് എടുക്കാം, പക്ഷെ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം.

നമുക്കിനി ഈ മൂന്ന് വിഭാഗങ്ങളെ കുറിച്ച് കൂടുതൽ അറിയാം:

കാറ്റഗറി 1

ഏറ്റവും കൂടുതല്‍ അപകടമുളള സാഹചര്യങ്ങള്‍, ഈ രോഗികള്‍ വ്രതമെടുക്കുവാന്‍ പാടില്ല. കഴിഞ്ഞ മൂന്നു മാസത്തിനിടെ രക്തത്തിലെ പഞ്ചസാര അപകടകരമാം വിധം കുറഞ്ഞുപോയിട്ടുളളവര്‍, കൂടിപ്പോയിട്ടുളളവര്‍, പ്രമേഹം കാരണമുളള വൃക്കരോഗമുളളവര്‍, പഞ്ചസാര കുറഞ്ഞുപോയാല്‍ അതു തിരിച്ചറിയുവാന്‍ കഴിയാത്തവര്‍, ചികിത്സ പരാജയപ്പെട്ടിട്ടുളള ടൈപ്പ് 1 പ്രമേഹരോഗികള്‍, പ്രായമായ പ്രമേഹരോഗികള്‍, ഒപ്പം, മറ്റ് പ്രമേഹസംബന്ധമായ രോഗങ്ങളും ഉളളവര്‍.

കാറ്റഗറി 2

ഹൈ റിസ്‌ക് ആണ്, വ്രതമെടുക്കാന്‍ പാടില്ല. ഇതില്‍ ഉള്‍പ്പെടുന്ന രോഗികള്‍ ഇവരൊക്കെയാണ്: ടൈപ്പ് 2 പ്രമേഹം, പക്ഷെ അനിയന്ത്രിതം, എപ്പോഴും പഞ്ചസാര കൂടിനില്‍ക്കുന്നു. പ്രമേഹത്തോടൊപ്പം മറ്റ് അനുബന്ധരോഗമുളള ആള്‍ക്കാര്‍, പ്രമേഹരോഗത്തോടൊപ്പം ഒരുപാട് ജോലി ചെയ്യേണ്ട ആള്‍ക്കാര്‍, അതോടൊപ്പം ചില ഔഷധങ്ങള്‍ പ്രമേഹത്തിനുവേണ്ടി ഉപയോഗിക്കുന്നവരും ഈ കാറ്റഗറിയില്‍പ്പെടും. എന്നാൽ, ടൈപ്പ് 1 പ്രമേഹം വളരെ നിയന്ത്രണ വിധേയമാണെങ്കില്‍പ്പോലും വ്രതമെടുക്കുന്നത് വളരെ അപകടമായിമാറും.

കാറ്റഗറി 3

ലോ ടു മോഡറേറ്റ് റിസ്‌ക് ആണ്. ഈ കാറ്റഗറിയില്‍പ്പെടുന്ന പ്രമേഹം നന്നായി ചികിത്സിക്കുന്ന രോഗികള്‍, ഉദാഹരണത്തിന് ഔഷധങ്ങള്‍ ഒന്നും ഉപയോഗിക്കാതെ, ഭക്ഷണ നിയന്ത്രണത്തിലൂടെ, വ്യായമത്തിലൂടെ പ്രമേഹം നിയന്ത്രിച്ച് നില നിര്‍ത്തികൊണ്ടുപോകുന്നവര്‍, മറ്റുചില പ്രത്യേക ഔഷധങ്ങള്‍ ഉപയോഗിക്കുന്നവര്‍, പഞ്ചസാര തീരെ കുറഞ്ഞുപോകുവാന്‍ സാധ്യതയില്ലാത്ത ഔഷധങ്ങള്‍ ഉപയോഗിക്കുന്നവര്‍ എന്നിവർ ഈ കാറ്റഗറിയിൽ പെടുന്നു.

ഒരു കാറ്റഗറിയിലും നമുക്ക് നോ റിസ്‌ക് ഇല്ല. അതായത് പ്രമേഹത്തിന്റെ പ്രാരംഭവസ്ഥയിലാണെങ്കിലും, പ്രമേഹം വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും വ്രതമെടുക്കുമ്പോള്‍ റിസ്ക് തീരെയില്ലാത്ത അവസ്ഥ വരുന്നില്ല, തലങ്ങളായി തരം തിരിക്കാന്‍ കഴിയും എന്നു മാത്രമേയുളളൂ.

Ramadan And Diabetes
നോമ്പ് പിടിക്കുമ്പോൾ ഗ്ലൂക്കോസ് താഴ്ന്നു പോകാതെ ശ്രദ്ധിക്കാം | ചിത്രം: ഫ്രീപിക്

നോമ്പ് പിടിക്കുന്ന സമയത്ത് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്?

നോമ്പ് പിടിക്കുന്ന സമയത്ത് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഗ്ലൂക്കോസ് താഴ്ന്നു പോകാതെ നോക്കുകയാണ്. ഗ്ലൂക്കോസ് താഴ്ന്നു പോവുകയാണെങ്കിൽ നോമ്പ് മുറിക്കേണ്ടി വരും. ഗ്ലൂക്കോസ് തീരെ താഴ്ന്നു പോകാതിരിക്കാൻ സഹായിക്കുന്ന ഔഷധങ്ങളുമുണ്ട്, ടെക്നോളജിയുമുണ്ട്.

ഗ്ലിറ്റൻസ്, ഗ്ലിഫ്രസെൻസ്, ജിഎൽപി1 തുടങ്ങിയ ഔഷധങ്ങൾ ഗ്ലൂക്കോസ് തീരെ കുറഞ്ഞു പോകാൻ സാധ്യതയില്ലാത്തതാണ്. ഗ്ലൂക്കോസ് മോണിറ്ററിങ് സെന്‍സേര്‍സ്, ഓട്ടോമേറ്റഡ് ഇൻസുലിൻ ഡെലിവറി സിസ്റ്റംസ് (ഇൻസുലിൻ പമ്പിന്റെ പുതിയ പേര്) എന്നിവ ഗ്ലൂക്കോസ് താഴ്ന്നു പോകാതെ ടെക്നോളജി പരമായി തടയുന്ന ഉപാധികളാണ്. ഇങ്ങനെയുള്ള ഉപാധികളൊക്കെ സാധിക്കുന്നവർക്ക് സ്വീകരിക്കാവുന്നതാണ്.

പുണ്യമാസക്കാലത്ത് വ്രതമെടുക്കുന്ന പ്രമേഹ രോഗികള്‍ക്ക് വ്യായാമം ആകാമോ?

കഠിനമായ വ്യായാമം പാടില്ല, ലഘുവായ വ്യായാമങ്ങള്‍ പ്രശ്‌നമില്ല. വ്യായാമവേളകളില്‍ രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകുവാനുളള സാധ്യത കൂടുതലാണ് അത് ഓർമവേണം. കൂടാതെ പ്രാര്‍ത്ഥാനവേളകള്‍, നിസ്‌കാരങ്ങള്‍ ഇവയെല്ലാം ലഘുവ്യായാമങ്ങളായി കൂടി പരിഗണിക്കാവുന്നതാണ്.

വിശുദ്ധ ഖുറാന്‍ നിര്‍ദ്ദേശപ്രകാരം പ്രമേഹം പോലെയുളള രോഗമുളളവര്‍ക്ക് വ്രതമെടുക്കേണ്ടതില്ല എന്ന ഇളവ് അനുവദിച്ചിട്ടുണ്ട്. അഥവാ നോമ്പ് സ്വീകരിക്കുവാന്‍ തയാറാവുകയാണെങ്കില്‍ വിദഗ്‌ദ്ധ നിര്‍ദ്ദേശം തേടുക.

ചില മരുന്നുകള്‍, ഉദാഹരണത്തിന് പുത്തന്‍ തലമുറയിലെ ചില ഗുളികളും ഇന്‍ജക്ഷനുകളും രക്തത്തിലെ പഞ്ചസാര തീരെ കുറഞ്ഞുപോകാതെയും, കൂടിപോകാതെയും സംരക്ഷിക്കുന്നവയാണ്. ഏറ്റവും നല്ലത് ഒരുപക്ഷേ ഇന്‍സുലിന്‍ പമ്പ് ചികിത്സയാണ്. രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകാതെ അത് എപ്പോഴും നമ്മെ സംരക്ഷിച്ചുകൊണ്ടിരിക്കും.

Read More

Diabetes Health Tips Ramadan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: