scorecardresearch
Latest News

Ramadan 2022: റമദാൻ വ്രതാനുഷ്ഠാനം എന്ത്? എന്തിന്? എങ്ങനെ?

Ramadan 2022: വരുന്ന 11 മാസത്തെ ഉത്തമ ജീവിതത്തിനുള്ള പരിശീലന കാലമായാണ് റമദാനിനെ വിശ്വാസി കണക്കാക്കുന്നത്. നോമ്പ്, സകാത്ത്, തുടങ്ങി റമദാൻ വ്രതാനുഷ്ഠാനത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങളെ കുറിച്ച് എഴുതുകയാണ് ഗവേഷക വിദ്യാർത്ഥിയായ ലേഖകൻ

Ramadan, Ramadan 2022, ie malayalam

നോമ്പും വിശ്വാസവും

ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തെതാണ് റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം. വിശ്വാസ പ്രഖ്യാപനം, ദിവസത്തിൽ അഞ്ച് നേരം നമസ്കാരം, സകാത്ത് അഥവാ നിർബന്ധ ദാനം, ജീവിതത്തിൽ ഒരിക്കൽ കഴിവുള്ളവൻ ഹജ്ജ് നിർവഹിക്കൽ എന്നിവയാണ് മറ്റു നാല് സ്തംഭങ്ങൾ. ഇവ അഞ്ചും നിർവഹിക്കുമ്പോൾ മാത്രമേ ഒരാൾ യഥാർത്ഥ ഇസ്ലാം മത വിശ്വാസിയാവുകയുള്ളൂ. ശാരീരികവും മാനസികവും സാമ്പത്തികവുമായ മാനങ്ങളുള്ളതാണ് ഇസ്ലാമിലെ മേൽപറഞ്ഞ നിർബന്ധ ആരാധനകൾ.

റമദാനിലെ നോമ്പ് ഒരേസമയം മാനസികവും ശാരീരികവുമായ മാനങ്ങൾ ഉൾക്കൊള്ളുന്ന ആരാധന കർമ്മമാണ്. ഇസ്ലാം മത വിശ്വാസ പ്രകാരം രണ്ട് തരം നോമ്പുകളുണ്ട്. ഒന്ന് നിർബന്ധ നോമ്പ് (ഫർദ് നോമ്പ്), രണ്ട്, ഐച്ഛിക നോമ്പ് (സുന്നത്ത് നോമ്പ്). നിർബന്ധ നോമ്പ് ആണ് ഇസ്ലാമിക കാലഗണന സമ്പ്രദായ പ്രകാരമുള്ള 12 മാസങ്ങളിൽ ഒന്നായ ‘റമദാൻ’ ലേതാണ്. മറ്റ് 11 മാസങ്ങളിലെ ചില വിശേഷ ദിവസങ്ങളിലും മറ്റും എടുക്കുന്ന നോമ്പാണ് ഐച്ഛിക നോമ്പ് അഥവാ സുന്നത്ത് നോമ്പ്. മറ്റു ആരാധന കർമ്മങ്ങളിൽനിന്ന് ചില വ്യത്യാസങ്ങൾ നോമ്പിനുണ്ട്. നോമ്പിനെ കുറിച്ച അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാം.

എന്താണ് വ്രതാനുഷ്ഠാനം?

സൗം എന്നാണ് ഖുർആനിൽ വ്രതാനുഷ്ഠാനത്തിന് നൽകിയിട്ടുള്ള പേര്. ഉപേക്ഷിക്കൽ, വെടിയൽ എന്നിവയൊക്കെയാണ് അതി ഭാഷാർഥം. പ്രഭാതം മുതൽ (ഇസ്‌ലാമിന്റെ സാേങ്കതിക സംജ്ഞ പ്രകാരം ഫജ്ർ) പ്രദോഷം വരെ അന്നപാനീയങ്ങളും ലൈംഗിക ബന്ധവും പൂർണമായും ഉപേക്ഷിക്കുക എന്നതാണ് നോമ്പിന്റെ ഭൗതിക രൂപം. ആരാധനാ കർമ്മങ്ങളിലും പ്രാർഥനകളിലും ദാനധർമ്മങ്ങളിലും വർധന വരുത്തി, സദാ ദൈവത്തെ ധ്യാനിച്ച്, മോശം വാക്കും പ്രവൃത്തിയും ഉപേക്ഷിച്ച് മനസ്സിനെ ശുദ്ധീകരിക്കുക എന്നതാണ് നോമ്പിന്റെ ആത്മീയ രൂപം. ബുദ്ധിയും പ്രായപൂർത്തിയും നോമ്പനുഷ്ഠിക്കാൻ ആരോഗ്യ ശേഷിയുമുള്ള എല്ലാ മുസ്‌ലിമിനും റമദാൻ വ്രതാനുഷ്ഠാനം നിർബന്ധമാണ്. രോഗികൾക്കും യാത്രക്കാർക്കും ആർത്തവകാരികൾക്കും പ്രസവരക്തമുള്ളവർക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും നോമ്പിൽ ഇളവുണ്ട്. ഏഴ് വയസ്സായ കുട്ടിയെ നോമ്പനുഷ്ഠിക്കാൻ രക്ഷിതാക്കൾ പരിശീലിപ്പിച്ചു തുടങ്ങണം.

മാസം കണ്ടാൽ നോമ്പ് തുടങ്ങും

നേരത്തെ സൂചിപ്പിച്ച പോലെ ഇസ്ലാമിലെ കാലഗണന സമ്പ്രദായമായ ഹിജ്റ വർഷത്തിലെ 12 മാസങ്ങളിൽ ഒന്നിന്റെ പേരാണ് റമദാൻ. തൊട്ടുമുമ്പുള്ള മാസത്തിന്റെ പേര് ശഅ്ബാൻ എന്നും ശേഷമുള്ള മാസത്തിന്റെ പേര് ശവ്വാൽ എന്നുമാണ്. ചന്ദ്രന്റെ പരിക്രമണം അടിസ്ഥാനപ്പെടുത്തിയാണ് വർഷവും മാസവും കണക്കാക്കാറുള്ളത്. ചന്ദ്രപ്പിറവി (New Moon) കണക്കാക്കിയാണ് മാസം നിർണയിക്കാറുള്ളത്. റമദാനിന്റെ തൊട്ടുമുമ്പുള്ള മാസമായ ശഅ്ബാൻ 29ന് വൈകിട്ട് ചന്ദ്രപ്പിറവി ദൃശ്യമായേക്കാം. ഈ ദിവസം മാസപ്പിറ കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചാൽ ഉത്തരവാദപ്പെട്ട മത മേലധ്യക്ഷൻമാർ (ഖാദി) അക്കാര്യം പരിശോധിച്ച് മാസപ്പിറ സ്ഥിരീകരിക്കുന്ന തോടെ റമദാൻ ആരംഭിക്കുകയായി. ഇനി അന്നേ ദിവസം മാസപ്പിറ ദൃശ്യമായില്ലെങ്കിൽ ആ മാസം മുപ്പത് ദിവസം കണക്കാക്കി അന്നേക്ക് രണ്ടാം നാൾ നോമ്പ് തുടങ്ങും. റമദാൻ അവസാനിക്കുന്നതും ഇങ്ങനെയാണ്. റമദാൻ 29ന് മാസപ്പിറവി ദൃശ്യമായാൽ പിറ്റേന്നാൾ ശവ്വാൽ ഒന്നാണ് അഥവാ ഈദുൽ ഫിത്വർ. മാസപ്പിറവി കണ്ടില്ലെങ്കിൽ അടുത്ത ദിവസം മുപ്പതാമത്തെ നോമ്പ് കൂടി അനുഷ്ഠിച്ച് പിറ്റേന്നാൾ പെരുന്നാൾ ആഘോഷിക്കും. കേരളത്തിൽ എവിടെയെങ്കിലും ഒരിടത്ത് മാസം കണ്ടാൽ ബാക്കി എല്ലായിടത്തും നോമ്പും പെരുന്നാളും പ്രഖ്യാപിക്കുകയാണ് പതിവ്.

അത്താഴവും നോമ്പുതുറയും

നോമ്പ് തുടങ്ങുന്നത് പ്രഭാതം മുതലാണെന്ന് സൂചിപ്പിച്ചല്ലോ. പൊതുവെ പുലർകാലത്തെ സുബഹ് ബാങ്ക് മുഴങ്ങുന്നതോട് കൂടിയാണ് ഒരു ദിവസത്തെ നോമ്പ് തുടങ്ങാറുള്ളത്. അതിന് മുമ്പ് അത്താഴം കഴിക്കൽ പുണ്യകരമാണ്.

പുലർച്ചെ എഴുന്നേറ്റ് സുബഹ് ബാങ്കിന് മുമ്പായാണ് അത്താഴം കഴിക്കാറുള്ളത്. വൈകുന്നേരത്തെ മഗ്രിബ് ബാങ്ക് വിളിക്കുന്നതോടെയാണ് നോമ്പ് തുറക്കുക. മറ്റുള്ളവരെ, വിശേഷിച്ച് പാവപ്പെട്ടവരെ നോമ്പ് തുറപ്പിക്കുന്നത്, അവർക്കായി വിഭവങ്ങൾ ഒരുക്കിനൽകുന്നത് ഏറെ പുണ്യമുള്ള പ്രവൃത്തിയാണ്. ലളിതമായ ഭക്ഷണമാണ് നോമ്പ് തുറക്ക് അഭികാമ്യം. എന്നാൽ, ഇന്ന് നോമ്പ് തുറ വേളകൾ ഭക്ഷണമേളകളായി മാറുന്നുണ്ട്. യഥാർത്ഥത്തിൽ നോമ്പിന്റെ ലക്ഷ്യത്തിന് വിരുദ്ധമാണ് ഇത്.

പുണ്യങ്ങളുടെ പൂക്കാലം

ചെയ്യുന്ന ഒരോ ആരാധന കർമ്മത്തിനും സൽപ്രവൃത്തികൾക്കും പരിധികളില്ലാത്ത പ്രതിഫലം ദൈവം വാഗ്ദാനം ചെയ്ത മാസമാണ് റമദാൻ. അതുകൊണ്ട് തന്നെ വിശ്വാസികൾ ഈ മാസം ആരാധന കർമ്മങ്ങളും ദാനധർമ്മങ്ങളും പ്രാർഥനകളും വർധിപ്പിക്കും. നമ്മുടെ നാട്ടിൽ റിലീഫ് പ്രവർത്തനങ്ങൾ നോമ്പുകാലത്ത് കൂടുതൽ സജീവമാകാനുള്ള കാരണം ഇതാണ്.

‘‘നോമ്പ് എനിക്കുള്ളതാണ്, ഞാനതിന് പ്രതിഫലം നൽകും’’ എന്നാണ് ദൈവം പറഞ്ഞിട്ടുള്ളത്. മറ്റെല്ലാ ആരാധന കർമ്മങ്ങളും ദൈവത്തിനുള്ളതായിരിക്കെ തന്നെ നോമ്പിനെ ‘‘എനിക്കുള്ളതാണ്’’ എന്ന് ദൈവം പ്രത്യേകം എടുത്തുപറഞ്ഞത് തന്നെ അതിന്റെ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. ദൈവവുമായി നേരിട്ടുള്ള ഇടപെടലാണ് നോമ്പ്.

സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും മനുഷ്യ മനസ്സിലെ സദാ വഴിപിഴപ്പിക്കാൻ വെമ്പി നിൽക്കുന്ന പിശാചുക്കൾ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യുന്ന മാസമാണ് ഇതെന്നാണ് ഇസ്ലാമിക വിശ്വാസം.

മനസ്സിന്റെ ശുദ്ധീകരണം

സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങളും ലൈംഗിക മോഹങ്ങളും വെടിഞ്ഞ്, സൽക്കർമ്മങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കു ന്നതിലൂടെ ഒരാളുടെ മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുന്നു എന്നതാണ് നോമ്പിന് പിന്നിലെ തത്ത്വം. മോശമായ ചിന്തയോ വാക്കോ പ്രവൃത്തിയോ നോമ്പിന് ഭംഗം വരുത്തും. അഹങ്കാരം, അസൂയ, വിദ്വേഷം, പക തുടങ്ങിയ ദുർവിചാരങ്ങളെല്ലാം ഉപേക്ഷിച്ച് തെളിഞ്ഞ മനസ്സിന് ഉടമയാകുക എന്നതാണ് നോമ്പിന്റെ മറ്റൊരു ലക്ഷ്യം.

ശരീരത്തിന്റെ ആസക്തികളെ നിയന്ത്രിച്ച്, ദൈവ മാർഗത്തിലുള്ള പരിപൂർണ സമർപ്പണമാണത്. വിശപ്പിന്റെ മൂർധന്യത്തിൽ എത്തിനിൽക്കുമ്പോഴും വിഭവ സമൃദ്ധമായ ഭക്ഷണം കൺമുന്നിൽ വെച്ചുനീട്ടിയാലും ദൈവത്തിന് വേണ്ടി തനിക്കത് വേണ്ടെന്ന് പറയാനുള്ള മനഃശക്തിയാണ് ഒരാൾ നോമ്പിലൂടെ സ്വായത്തമാക്കുന്നത്.

ഖുർആനിന്റെ മാസം

മനുഷ്യ കുലത്തിന് ആകെ സന്മാർഗ ദർശനമായി വിശുദ്ധ ഖുർആൻ അവതരിച്ച മാസമാണ് റമദാൻ. അതുകൊണ്ട് തന്നെ റമദാനിൽ ഖുർആൻ ആശയ പഠനത്തിനും പാരായണത്തിനും ഖുർആൻ ആശയ പ്രചാരണത്തിനും ഏറെ പ്രാധാന്യമുണ്ട്.

ഈ മാസം ഖുർആൻ ആദ്യാവസാനം പാരായണം ചെയ്യൽ ഏറെ പുണ്യമുള്ള ഒന്നായി കണക്കാക്കപ്പെടുന്നു. ഖുർആൻ അവതീർണമായ ഒരു രാവ് ഈ മാസത്തിലാണ്. ലൈലത്തുൽ ഖദ്ർ എന്നാണ് അതിന്റെ പേര്. ആയിരം മാസങ്ങളെക്കാൾ കനപ്പെട്ട ഈ രാവിൽ നിർവഹിക്കുന്ന ആരാധനകൾക്കും സൽകർമ്മങ്ങൾക്കും കണക്കില്ലാത്ത പ്രതിഫലം ലഭിക്കും എന്നാണ് വിശ്വാസം. ദൈവത്തിന്റെ മാലാഖമാരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ഈ രാവ് പക്ഷേ, റമദാനിലെ ഏത് ദിവസമാണെന്ന് കൃത്യമായി ഇസ്ലാം പറയുന്നില്ല. എന്നിരുന്നാലും റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ ഒന്നാകുമെന്ന് പ്രവാചക വചനങ്ങൾ പറയുന്നു.

സകാത്തിന്റെ മാസം, ദാന ധർമ്മങ്ങളുടെയും

ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ആണിക്കല്ലാണ് സകാത്ത് അഥവാ നിർബന്ധ ദാനം. ഇസ്ലാം മത വിശ്വാസി സകാത്ത് നൽകൽ നിർബന്ധമാണ്. നേരത്തെ സൂചിപ്പിച്ച പോലെ ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണ് സകാത്ത്. നിശ്ചിത വരുമാനമുള്ള ഏത് വ്യക്തിയും സമ്പത്തിന്റെ രണ്ടര ശതമാനം വർഷാവർഷം നിർധനർക്ക് നിർബന്ധ ദാനമായി നൽകണം. സകാത്ത് സമ്പന്നന്റെ ഔദാര്യമല്ല, നിർധനരുടെ അവകാശമാണ് എന്നാണ് ഇസ്ലാമിന്റെ തത്ത്വം. വർഷത്തിലൊരിക്കൽ ആണ് സകാത്ത് നൽകേണ്ടത്. സകാത്ത് റമദാനിൽ നൽകണമെന്ന് വ്യവസ്ഥ ഒന്നുമില്ലെങ്കിലും ഏത് സൽക്കർമത്തിനും കൂടുതൽ പ്രതിഫലം ലഭിക്കുന്ന മാസമായതിനാൽ പൊതുവെ റമദാനിനെ സകാത്തിന്റെ മാസമായി കൂടി കണക്കാക്കുന്നു. ദാനധർമ്മങ്ങളുടെ (സ്വദഖ) കൂടി മാസമാണ് റമദാൻ.

പാപമോചനത്തിന്റെ മാസം

ജീവിതത്തിൽ സംഭവിച്ചുപോയ ദുഷ്കർമ്മങ്ങളിൽ പശ്ചാത്തപിച്ച് ദൈവത്തിലേക്ക് മടങ്ങാനുള്ള ഉത്തമ അവസരമാണ് റമദാൻ. ചെയ്ത തെറ്റിൽ ഖേദിച്ച് മടങ്ങുന്നവരെ ദൈവത്തിന് ഏറെ ഇഷ്ടമാണ്. കുറ്റങ്ങൾ മാപ്പാക്കപ്പെടാൻ ഏറെ സാധ്യതയുള്ള മാസമാണ് റമദാൻ. അതിനാൽ വിശ്വാസികൾ ഈ മാസത്തിൽ പാപമോചന പ്രാർഥനകൾ അധികരിപ്പിക്കുന്നു.

രാത്രി നമസ്കാരം

റമദാനിലെ സവിശേഷ ആരാധന കർമ്മമാണ് രാത്രി നമസ്കാരം, തറാവീഹ് എന്നോ ഖിയാമുല്ലൈൽ എന്നോ ഇതിനെ വിളിക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് ആണെങ്കിൽ തറാവീഹ് എന്നും അൽപ്പം ഉറങ്ങിയ ശേഷം എഴുന്നേറ്റ് നമസ്കരിക്കുകയാണെങ്കിൽ അതിനെ ഖിയാമുല്ലൈൽ എന്നും വിളിക്കുന്നു.

പെരുന്നാൾ സന്തോഷം

നോമ്പ്കാരന് രണ്ട് സന്തോഷങ്ങളുണ്ടെന്നാണ് പ്രവാചകൻ മുഹമ്മദ് (സ) പഠിപ്പിച്ചിട്ടുള്ളത്. ഒന്ന് നോമ്പ് തുറക്കുമ്പോൾ, രണ്ട് പെരുന്നാൾ ആഘോഷിക്കുമ്പോൾ. നോമ്പിന്റെ പര്യവസാനമാണ് ചെറിയ പെരുന്നാൾ. അഥവാ ഈദുൽ ഫിത്വർ. ഈ ദിവസവും തുടങ്ങുന്നത് ദാനധർമ്മത്തിലൂടെയാണ്. അതിനെ സകാത്തുൽ ഫിത്വർ എന്ന് വിളിക്കുന്നു. പെരുന്നാൾ ദിവസം പാചകത്തിനുള്ളത് കഴിച്ച്, ധാന്യം മിച്ചമുള്ള ഒരോ വ്യക്തിയും ഈ നിർബന്ധ കർമ്മത്തിന്റെ ഭാഗമാകണം. ജനിച്ചുവീണ കുഞ്ഞിന് മുതൽ രോഗക്കിടക്കയിലുള്ള വയോധികർക്ക് വരെ ഇത് ബാധകമാണ്. അവരുടെ ഉറ്റവരാണ് അവർക്ക് വേണ്ടി ഈ കർമ്മത്തിൽ പങ്കാളിയാകേണ്ടത്. ശരാശരി രണ്ടര കിലോ അരിയാണ് സകാത്തുൽ ഫിത്വർ. ഇത് വിതരണം ചെയ്ത ശേഷം പുതുവസ്ത്രങ്ങൾ അണിഞ്ഞ് എല്ലാവരും പള്ളിയിലേക്കോ ഈദ്ഗാഹുകളിലേക്കോ ചെല്ലുന്നു. നമസ്കാരവും ഉദ്ബോധന പ്രഭാഷണവുമാണ് ഇവിടെ നടക്കുക. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്വായത്തമാക്കിയ ആത്മീയവും ശാരീരികവും സാമ്പത്തികവുമായ വിശുദ്ധിയുടെ ആഘോഷം കൂടിയാകുന്നു യഥാർഥത്തിൽ പെരുന്നാൾ ദിനം. വരുന്ന 11 മാസത്തെ ഉത്തമ ജീവിതത്തിനുള്ള പരിശീലന കാലമായാണ് റമദാനിനെ വിശ്വാസി കണക്കാക്കുന്നത്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Ramadan 2022 date sehri and iftar timings prayer time table significance and fasting rules