/indian-express-malayalam/media/media_files/uploads/2023/01/dates.jpg)
ഈന്തപ്പഴം പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്നു
ഈന്തപ്പഴം മധുരം കഴിക്കാനുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്തുക മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയോ കുറയുകയോ ചെയ്യാതെ ഊർജ്ജം നൽകുന്നു. ഈന്തപ്പഴം പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
“ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകൾ അടങ്ങിയ ഈന്തപ്പഴം വേഗത്തിൽ ഊർജം പകരും. അവയിൽ കൊഴുപ്പും പ്രോട്ടീനും കുറവാണെങ്കിലും സെലിനിയം, കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കളുടെ മികച്ച ഉറവിടമാണ്. ഈന്തപ്പഴം വിറ്റാമിനുകളാൽ സമ്പുഷ്ടമാണ്, പ്രത്യേകിച്ച് ബി-കോംപ്ലക്സും കരോട്ടിനോയിഡുകളും ഫിനോളിക്സും ഉൾപ്പെടെ ആവശ്യമായ ആന്റിഓക്‌സിഡന്റുകൾ വാഗ്ദാനം ചെയ്യുന്നു," നാനാവതി മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡയറ്റീഷ്യനും ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റുമായ ഡയറ്റ് ആൻഡ് ന്യൂട്രീഷനായ ഉഷാകിരൺ സിസോദിയ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
ഈന്തപ്പഴങ്ങളിലെ പോഷകഗുണം
ഈന്തപ്പഴം മികച്ച അളവിൽ നാരുകളും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ മറ്റ് പ്രധാന പോഷകങ്ങളും നൽകുന്നു. 100 ഗ്രാം ഈന്തപ്പഴത്തിന്റെ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ഇവയാണ്.
ഊർജ്ജം: 277 kcal 14 ശതമാനം പ്രതിദിന മൂല്യം (DV)
പ്രോട്ടീൻ: 1.81 g 4% DV
ആകെ കൊഴുപ്പ്: 0.15 g 0% DV
കാർബോഹൈഡ്രേറ്റ്സ്: 74.97 g 25% DV
ഡയറ്ററി ഫൈബർ: 6.7 g 27% DV
പഞ്ചസാര: 66.47 ഗ്രാം
പൊട്ടാസ്യം: 696 മില്ലിഗ്രാം 15% DV
കാൽസ്യം: 64 mg 6% DV
ഇരുമ്പ്: 0.90 mg 5% DV
മഗ്നീഷ്യം: 54 mg 13% DV
വിറ്റാമിൻ കെ: 2.7 µg 2% DV
വിറ്റാമിൻ B6: 0.249 mg 19% DV
ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ
ദഹനത്തെ സഹായിക്കുന്നു: ഈന്തപ്പഴം ഭക്ഷണത്തിലെ നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് ദഹനത്തെ സഹായിക്കുകയും ആരോഗ്യകരമായ മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു: ഈന്തപ്പഴത്തിൽ ഉയർന്ന പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയമിടിപ്പും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുന്നു.
എല്ലുകളുടെ ആരോഗ്യത്തിന് ഗുണം: ഈന്തപ്പഴത്തിൽ നല്ല അളവിൽ കാൽസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു: ഉയർന്ന പഞ്ചസാരയുടെ അംശം ഉണ്ടായിരുന്നിട്ടും, ഈന്തപ്പഴത്തിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും.
തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു: ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ, ഫിനോളിക് ആസിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ് ഈന്തപ്പഴം. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം നിലനിർത്താനും മെച്ചപ്പെടുത്താനും സഹായിക്കും.
പ്രമേഹരോഗികൾക്ക് ഈന്തപ്പഴം കഴിക്കാമോ?
പ്രമേഹരോഗികൾക്ക് മിതമായ അളവിൽ ഈന്തപ്പഴം കഴിക്കാം. “ഈന്തപ്പഴത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിലും അവയ്‌ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. ഇതിനർത്ഥം ഈന്തപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കില്ല എന്നാണ്, ”ഉഷാകിരൺ വിശദീകരിച്ചു.
പ്രമേഹ രോഗികൾ എപ്പോഴും അവരുടെ ഉപഭോഗത്തിൽ ജാഗ്രതയും മിതത്വവും പാലിക്കണം. ഒരുപക്ഷേ പ്രതിദിനം ഒന്നു, രണ്ടു ഈന്തപ്പഴം വരെ കഴിക്കാം.
എന്നിരുന്നാലും ആരോഗ്യ വിദഗ്ധനുമായി ഇത് നിങ്ങളുടെ ഭക്ഷണക്രമത്തിൽ യോജിക്കുമോയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
ഗർഭിണികൾക്ക് ഈന്തപ്പഴം ഗുണകരമാണോ?
ദഹനത്തെ സഹായിക്കുന്ന ഉയർന്ന നാരുകളുടെ അംശവും ഇലക്‌ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന പൊട്ടാസ്യവും കാരണം ഗർഭിണികൾക്ക് ഈന്തപ്പഴം ശുപാർശ ചെയ്യാറുണ്ട്. ഈന്തപ്പഴം കഴിക്കുന്നത് ലേബർ ഇൻഡ്യൂസ് ചെയ്യാൻ സഹായിക്കുന്നു.
"ഗർഭാവസ്ഥയുടെ അവസാന ആഴ്ചകളിൽ ഈന്തപ്പഴം കഴിക്കുന്നത് പ്രസവം സുഗമമാക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു, എന്നാൽ കൂടുതൽ ഗവേഷണം ആവശ്യമാണ്," ഉഷാകിരൺ പറഞ്ഞു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈന്തപ്പഴം പോഷകങ്ങളാൽ നിറഞ്ഞതാണെങ്കിലും, അവ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
- ഈന്തപ്പഴത്തിൽ പഞ്ചസാര കൂടുതലാണ്. അതിനാൽ അമിതമായ കലോറി ഉപഭോഗം ഒഴിവാക്കുന്നതിന് മിതമായ അളവിൽ കഴിക്കണം.
- ഈന്തപ്പഴം അമിതമായി കഴിക്കരുത്. നാരുകളുടെ അംശം കൂടുതലായതിനാൽ വയറു വീർക്കുന്നതിനോ ഗ്യാസ് പോലെയുള്ള ദഹന പ്രശ്‌നങ്ങൾക്കും കാരണമാകും.
- ഫ്രക്ടോസ് അസഹിഷ്ണുത ഉള്ളവർ ഈന്തപ്പഴം കഴിക്കുന്നത് പരിമിതപ്പെടുത്തണം. കാരണം ഇവയിൽ ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്.
- അപൂർവമാണെങ്കിലും ചിലർക്ക് ഈന്തപ്പഴത്തോട് അലർജി ഉണ്ടാകാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.