ഈന്തപ്പഴം വേനൽക്കാലത്ത് കഴിക്കാമോ അതോ ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് അവ കഴിക്കാമോ തുടങ്ങി ഈന്തപ്പഴത്തെ ചുറ്റിപ്പറ്റി ധാരാളം തെറ്റിദ്ധാരണകൾ ഉണ്ട്. ശാസ്ത്രീയമായി പറഞ്ഞാൽ, ഈന്തപ്പഴം എല്ലാ സീസണുകളിലും കഴിക്കാവുന്നതാണ്. ഈന്തപ്പഴം ചൂട് ഉണ്ടാക്കുന്നതാണെന്ന് പലരും വിശ്വസിക്കുന്നു. അതിനാൽ വേനൽക്കാലത്ത് അവ ഒഴിവാക്കുന്നതാണ് നല്ലതെന്ന് കരുതുന്നു. എന്നാൽ, ഈന്തപ്പഴത്തിൽ പ്രോട്ടീൻ വളരെ കുറവാണ്, അവ ഉണ്ടാക്കുന്ന ചൂട് ഒരു ദോഷവും വരുത്തുന്നില്ല. അവയിലെ വലിയ പോഷകമൂല്യം ആരും അവഗണിക്കരുത്.
ടൈപ്പ് 2 പ്രമേഹമുള്ളവർ ഈന്തപ്പഴം ഒഴിവാക്കണമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. എന്നാൽ ഈന്തപ്പഴം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ്, കൊളസ്ട്രോൾ, ശരീരഭാരം അല്ലെങ്കിൽ രക്തസമ്മർദം എന്നിവയിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്ന് ഗവേഷണ കണ്ടെത്തലുകളുടെ സമീപകാല അവലോകനം കാണിക്കുന്നു. നിയന്ത്രിത അളവിൽ വൈവിധ്യമാർന്ന ഈന്തപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർധനവിനെ തടയുമെന്ന് ചില പഠനങ്ങൾ കാണിക്കുന്നു. ഈന്തപ്പഴങ്ങളുടെ നെഗറ്റീവ് വശങ്ങളെക്കുറിച്ച് ഡാറ്റ കാണിക്കുന്നില്ല. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയോ ശരീരഭാരം വർധിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് പഠനം പറയുന്നു.
ഈന്തപ്പഴങ്ങൾ പോഷകങ്ങളാൽ നിറഞ്ഞതാണ്. അവ ശരിയായ രീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മികച്ച ഊർജം നൽകുന്നതാണ്. ഏകദേശം 100 ഗ്രാം ഈന്തപ്പഴത്തിൽ നിന്ന് 60 മുതൽ 70 ഗ്രാം വരെ കാർബോഹൈഡ്രേറ്റ് ലഭിക്കും. ഒരു ഈന്തപ്പഴം ഏകദേശം 15 ഗ്രാം ആണ്, ഇത് 40 മുതൽ 50 കിലോ കലോറിക്ക് തുല്യമാണ്. ഈന്തപ്പഴത്തിൽ മഗ്നീഷ്യം, സെലിനിയം, മാംഗനീസ്, ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
ഈന്തപ്പഴം ദൈനംദിനം വേണ്ട കലോറി അലവൻസിന്റെ ഭാഗമാക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ, അത് വളരെ എളുപ്പമാണ്. ഒരു ചപ്പാത്തി 80 കിലോ കലോറി ആണ്. അതിനാൽ ചപ്പാത്തിയുടെ എണ്ണവും ചോറിന്റെ ഭാഗവും കുറയ്ക്കുക, അന്നത്തെ ഭക്ഷണക്രമത്തിൽ രണ്ട് ഈന്തപ്പഴം ഉൾപ്പെടുത്തുക. ഇതിലൂടെ ഈന്തപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാം.
ഈന്തപ്പഴം ശരീരത്തിന് ഗുണകരമാകണമെങ്കിൽ, പ്രമേഹരോഗി എന്ന നിലയിൽ 17 ഇനം ഈന്തപ്പഴങ്ങളിൽ ഏതാണ് നിങ്ങൾക്ക് അനുയോജ്യമെന്ന് മനസിലാക്കണം. അതിന്റെ കലോറിയും കഴിക്കാവുന്ന അളവും അറിയേണ്ടത് അത്യാവശ്യമാണ്. ഇന്ത്യൻ ഇനം ഈന്തപ്പഴങ്ങളായ മെഡ്‌ജൂളിന് ഇടത്തരം ഗ്ലൈസെമിക് ലോഡുണ്ട്. സൗദിയിലെ ഈന്തപ്പഴ ഇനങ്ങളായ അജ്‌വ, ഷഖ്‌റ എന്നിവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് ലോഡുണ്ട് (യഥാക്രമം 8.5, 9.2).
ഈന്തപ്പഴം കഴിക്കുന്നതിനുള്ള ശരിയായ രീതിയും അറിഞ്ഞിരിക്കണം. പ്രോസസിങ് ഫൈബർ ഉള്ളടക്കം കുറയ്ക്കുന്നു, അതിനാൽ പായ്ക്ക് ചെയ്തവ ഒഴിവാക്കുക. വ്യായാമത്തിന് മുമ്പ് ഈന്തപ്പഴം കഴിക്കണം, ഫാസ്റ്റിങ്ങിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞിരിക്കും. കഠിനമായ വ്യായാമത്തിന് ശേഷവും അവ കഴിക്കാം, പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നട്സ് കൂടി കഴിക്കുക.
ലേഖനം എഴുതിയത് ഒബിസിറ്റി ആൻഡ് കൊളസ്ട്രോൾ ഫൗണ്ടേഷൻ സെന്റർ ഫോർ ന്യൂട്രീഷ്യൻ റിസർച്ചിലെ ഡോ.സീമ ഗുലാട്ടി