/indian-express-malayalam/media/media_files/2025/05/12/OilxbjjB5H2eS4FSfd8T.jpg)
Source: Freepik
ഭക്ഷണം പാചകം ചെയ്യാനായി ഉപയോഗിക്കുന്ന എണ്ണകൾ ആരോഗ്യത്തിന് ദോഷകരമാകുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് ദീർഘനാളായി ചർച്ചകൾ നടന്നുവരുന്നുണ്ട്. അവയിൽ സീഡ് ഓയിലാണ് പ്രധാന ശ്രദ്ധാകേന്ദ്രം. കരളിന് ദോഷം ചെയ്യുന്നതിൽ പഞ്ചസാരയും മദ്യവുമാണ് പ്രധാന കാരണമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ, സീഡ് ഓയിൽ അവയെ പിന്നിലാക്കിയിട്ടുണ്ടോ? ഇതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധർ ദി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് സംസാരിക്കുന്നു.
സൺഫ്ലവർ സീഡ്, സാഫ്ലോർ സീഡ്, കോട്ടൺ സീഡ് തുടങ്ങിയ ചില സീഡ് ഓയിലുകൾ ഉപയോഗിക്കാമെന്ന് ബെംഗളൂരുവിലെ ന്യൂട്രീഷ്യൻ എഡ്വിന രാജ് പറഞ്ഞു. ഇവയിൽ ലിനോലെയിക് ആസിഡ് എന്നറിയപ്പെടുന്ന ഒമേഗ-6 ഫാറ്റി ആസിഡുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. പക്ഷേ, അമിതമായ ഉപഭോഗം ശരീരത്തിൽ വീക്കം വർധിപ്പിക്കും. എണ്ണകളുടെ ആവർത്തിച്ചുള്ള ഉപയോഗം വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകും. ഇത് കാലക്രമേണ കരളിന് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു.
ഈ എണ്ണകൾ ഉയർന്ന അളവിൽ കഴിക്കുന്നത് കരളിൽ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയ്ക്ക് കാരണമായേക്കാമെന്നും കരൾ തകരാറിനും കരൾ രോഗത്തിനും കാരണമാകുമെന്നും ഡോ.സിംന.എൽ പറഞ്ഞു. എല്ലാ സീഡ് ഓയിലുകളും ഒരുപോലെ ദോഷം വരുത്തുന്നില്ല. ഫ്ളാക്സ് സീഡ് ഓയിലും ചിയ സീഡ് ഓയിലും ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. അവയ്ക്ക് വീക്കം തടയുന്ന ഗുണങ്ങളുണ്ട്, കൂടാതെ കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് അവർ പറഞ്ഞു.
സീഡ് ഓയിൽ പഞ്ചസാരയേക്കാളും മദ്യത്തേക്കാളും മോശമാണോ?
ഒമേഗ 6 കൂടുതലുള്ള സീഡ് ഓയിലുകളും, പ്രോസസ്ഡ് ഭക്ഷണത്തിന്റെ ഉയർന്ന ഉപഭോഗവും, ശുദ്ധീകരിച്ച ധാന്യങ്ങളും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും ലഹരിപാനീയങ്ങളും തീർച്ചയായും കരളിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഇവ ഇൻസുലിൻ റെസിസ്റ്റൻസിനും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനുമുള്ള സാധ്യത വർധിപ്പിക്കുകയും കരളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നുമെന്ന് രാജ് പറഞ്ഞു. വറുത്തതും ബേക്ക് ചെയ്തതുമായ വസ്തുക്കളിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റുകൾ കരൾ വീക്കം വർധിപ്പിക്കുന്നതിനും കേടുപാടുകൾ വരുത്തുന്നതിനും കാരണമാകുമെന്ന് അവർ വ്യക്തമാക്കി.
സീഡ് ഓയിലുകൾ അത്ര മോശമായതല്ല, അവ കരളിന്റെ ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കരളിന്റെ പ്രശ്നങ്ങൾക്ക് അവ മാത്രമല്ല ഉത്തരവാദി, അമിതമായി കഴിക്കുമ്പോൾ നിലവിലുള്ള പ്രശ്നങ്ങൾ അവ വർധിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു.
പകരം തിരഞ്ഞെടുക്കാവുന്നത് എന്ത്?
സീഡ് ഓയിലുകളുടെ സംസ്കരണ, ഉൽപാദന രീതികൾ പരിഗണിക്കേണ്ടത് പ്രധാനമാണെന്ന് ഡോ. സിംന അഭിപ്രായപ്പെട്ടു. കരളിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ളവർക്ക് ഉയർന്ന നിലവാരമുള്ളതും കുറഞ്ഞ അളവിൽ സംസ്കരിച്ചതുമായ സീഡ് ഓടിലുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് അവർ പറഞ്ഞു. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്, എണ്ണകൾ വീണ്ടും ചൂടാക്കരുതെന്ന് രാജ് മുന്നറിയിപ്പ് നൽകി. റൈസ് ബ്രാൻ ഓയിൽ, ഒലിവ് ഓയിൽ, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയവ മിതമായ അളവിൽ കഴിക്കാൻ അവർ നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.