scorecardresearch

ശരീരഭാരം പെട്ടെന്ന് കുറയ്ക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകുമോ?

ശരീര ഭാരത്തിലെ പെട്ടെന്നുള്ള മാറ്റങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കും. 10 ശതമാനത്തിലധികം ശരീരഭാരം കുറയുന്നത് ഹൃദയത്തിന് ദോഷം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

ശരീര ഭാരത്തിലെ പെട്ടെന്നുള്ള മാറ്റങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കും. 10 ശതമാനത്തിലധികം ശരീരഭാരം കുറയുന്നത് ഹൃദയത്തിന് ദോഷം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

author-image
Health Desk
New Update
health

Source: Freepik

കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു യുവാവ് വളരെ വേഗത്തിൽ ശരീര ഭാരം കുറച്ചു. ഒരു വർഷത്തിനുള്ളിൽ വളരെ വേഗത്തിൽ ശരീരഭാരം കുറഞ്ഞതിനെ തുടർന്ന് അയാൾക്ക് ഹൃദയാഘാതം സംഭവിച്ചു, ആൻജിയോപ്ലാസ്റ്റി ആവശ്യമായി വന്നു. അപ്പോഴും അയാളുടെ ഹൃദയത്തിന്റെ 25 ശതമാനം മാത്രമേ പ്രവർത്തനക്ഷമമായിരുന്നുള്ളൂ. പെട്ടെന്ന് ശരീരഭാരം കുറഞ്ഞത് ശരീര പ്രവർത്തനങ്ങളിൽ പെട്ടെന്ന് മാറ്റം വരുത്തുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്തു. പെട്ടെന്ന് ശരീരഭാരം കൂട്ടുകയോ അല്ലെങ്കിൽ കുറയ്ക്കുകയോ ചെയ്യുന്നത് ശരീരത്തിനും ഹൃദയത്തിനും ആഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഡോ.സമീർ കുബ്ബ പറഞ്ഞു.

Advertisment

അതുകൊണ്ടാണ് ശരീരഭാരം കുറയ്ക്കൽ യാത്ര പതിയെയായിരിക്കണമെന്ന് ഞങ്ങൾ എപ്പോഴും ശുപാർശ ചെയ്യുന്നത്. ശരീര ഭാരത്തിലെ പെട്ടെന്നുള്ള മാറ്റങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കും. 10 ശതമാനത്തിലധികം ശരീരഭാരം കുറയുന്നത് ഹൃദയത്തിന് ദോഷം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭക്ഷണക്രമത്തിലെ മാറ്റങ്ങളും അമിതമായ ശാരീരിക വ്യായാമവും ഹൃദയത്തിന് സമ്മർദ്ദം ചെലുത്തിയേക്കാം. ശരീരത്തിൽ പെട്ടെന്നുള്ള ഏതൊരു മാറ്റവും വീക്കം ഉണ്ടാക്കുന്നു. ഇത് ഹൃദയത്തിലെ ധമനികളെ ചുരുക്കുകയും രക്തക്കുഴലുകളുടെ ഭിത്തികൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. ഇത് ധമനികളിൽ പ്ലാക്ക് (കൊഴുപ്പ് നിക്ഷേപം) അടിഞ്ഞുകൂടുന്നത് വേഗത്തിലാക്കുന്നു. ധമനിയുടെ ഭിത്തികൾക്ക് കേടുപാടുകൾ സംഭവിച്ചാൽ പ്ലാക്കിനെ പൊതിഞ്ഞിരിക്കുന്ന നാരുകളുള്ള ആവരണം ദുർബലമാകുകയും അത് പൊട്ടിപ്പോകാനുള്ള സാധ്യതയും കൂടുതലാണ്. 

മോശം ഭക്ഷണക്രമവും അമിതമായ വ്യായാമ മുറകളും നിർജ്ജലീകരണത്തിനും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്കും കാരണമായേക്കാം, പ്രത്യേകിച്ച് പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ അസന്തുലിതാവസ്ഥയ്ക്ക് ഇത് കാരണമാകും. ഇത് ഹൃദയത്തിന്റെ താളം തടസ്സപ്പെടുത്തുകയും ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാവുകയും ചെയ്യും. ഹൃദയത്തിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.

Advertisment

വേഗത്തിൽ ശരീര ഭാരം കുറയ്ക്കുന്നതും കർശനമായ ഭക്ഷണക്രമവും വലിയ അളവിലുള്ള ദ്രാവക നഷ്ടത്തിന് കാരണമാകുന്നു. ഇത് നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം, ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയേക്കാം. പോഷകാഹാരക്കുറവിനെ തുടർന്ന് ഹൃദയപേശികൾ ദുർബലമാകുന്ന കാർഡിയോമയോപ്പതി എന്ന ഒരു അവസ്ഥ ഉണ്ടാകാം, ഇത് ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാം.

ക്രാഷ് അല്ലെങ്കിൽ ഫാഡ് ഡയറ്റുകൾ ഹോർമോണുകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെയധികം കുറയുമ്പോൾ ഊർജ്ജ നില നിലനിർത്താൻ ശരീരം അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവയുൾപ്പെടെയുള്ള സ്ട്രെസ് ഹോർമോണുകൾ പുറത്തുവിടുന്നു. ഇതും ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകും. ഹൃദയാരോഗ്യം നിലനിർത്തുന്നതിന് പൊണ്ണത്തടി കുറയ്ക്കുന്നത് ആവശ്യമാണെങ്കിലും, വളരെയധികം കുറയ്ക്കുന്നത് നല്ലതല്ല. അതിനാൽ സമീകൃതാഹാരത്തിലൂടെയും പതിവ് വ്യായാമത്തിലൂടെയും പതിയെ ശരീരഭാരം കുറയ്ക്കുന്നതിൽ ശ്രദ്ധിക്കുക. എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നിയാൽ ഡോക്ടറെ സമീപിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Heart Attack Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: