/indian-express-malayalam/media/media_files/X5LqxYk7lrLlMZUEWPVQ.jpg)
Photo Source: Pexels
അന്തരീക്ഷ താപനില ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് അത്യന്താപേക്ഷിതമാണ്. ശരീരത്തില്‍ നിര്‍ജ്ജലീകരണം തടയാന്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക. ദിവസവും 10 മുതല്‍ 12 ഗ്ലാസ് വെള്ളം വരെ നിര്‍ബന്ധമായും കുടിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിലൂടെ നിര്‍ജ്ജലീകരണം തടയാന്‍ സാധിക്കുമെന്നുള്ളത് ഒരു പൊതുധാരണ ആണ്. എന്നാല്‍ അതുകൊണ്ട് മാത്രം നിര്‍ജ്ജലീകരണം തടയാന്‍ സാധിക്കില്ലെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്.
''2 ലിറ്റര്‍ മുതല്‍ 2.5 ലിറ്റര്‍ വരെ വെള്ളം കുടിക്കുന്നുണ്ടെങ്കിലും അമിതമായി വിയര്‍ക്കുന്നതുമൂലം നിര്‍ജ്ജലീകരണം തടയാന്‍ സാധിക്കില്ല'' എന്ന് സി കെ ബിര്‍ല ഗ്രൂപ്പ് ഹോസ്പ്പിറ്റല്‍ ഇന്റേണല്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ.രാജീവ് ഗുപ്ത പറയുന്നു. അമിതമായി വിയര്‍ക്കുക, ഉയര്‍ന്ന താപനില, ദീര്‍ഘനേരം വെയില്‍കൊള്ളുക, ശാരീരിക പ്രവര്‍ത്തനങ്ങള്‍ മുതലായവ കൊണ്ടൊക്കെ എത്ര വെള്ളം കുടിച്ചാലും മതിയാകാതെ വരാം.
ജിന്‍ഡാല്‍ നേച്ചര്‍കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് ഡയറ്റീഷ്യന്‍ സുഷ്മ പറയുന്നത് ''ആവശ്യത്തിന് വെള്ളം കുടിച്ചുവെന്ന് കരുതുമ്പോഴും തളര്‍ച്ച, തലകറക്കം, നാവ് വരണ്ടിരിക്കുന്നത് പോലെ തോന്നുക, മൂത്രത്തിന്റെ അളവ് കുറയുക എന്നിങ്ങനെയുള്ള നിര്‍ജ്ജലീകരണ ലക്ഷണങ്ങളും അനുഭവപ്പെടാം.''
ശരീരത്തിലെ ഫ്‌ളൂയിഡുകളുടെ അളവ് നിയന്ത്രിക്കുന്നതിൽ ഉപ്പ് പ്രധാന പങ്കുപവഹിക്കുന്നുണ്ട്. അവശ്യത്തിന് ഉപ്പ് ശരീരത്തില്‍ ഇല്ലെങ്കിലും നമ്മുക്ക് ദാഹം അനുഭവപ്പെടും. ''വിയര്‍ക്കുമ്പോള്‍ ശരീരത്തിലെ ജലാംശം മാത്രമല്ല, സോഡിയം പോലെയുള്ള അവശ്യ ഇലക്ട്രോലൈറ്റുകള്‍ കൂടിയാണ് നഷ്ടപ്പെടുന്നത്. ഉപ്പ് കഴിക്കുന്നതിലൂടെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കുവാനും കഴിയുന്നു. അതിലൂടെ നിര്‍ജ്ജലീകരണം തടയാന്‍ സാധിക്കുന്നു,'' ഡോ.സുഷ്മ പറഞ്ഞു.
ആരോഗ്യകരമായ വൃക്കകളുടെ പ്രവര്‍ത്തനം ഉള്ളവരില്‍ സ്വഭാവികമായിതന്നെ സോഡിയം ക്ലോറൈഡ് ലെവല്‍ നിയന്തിക്കപ്പെടുന്നു. എന്നാല്‍ രക്തസമ്മര്‍ദ്ദം ഉള്ളവരുടെ ആരോഗ്യത്തെ അമിതമായ ഉപ്പിന്റെ ഉപഭോഗം പ്രതികൂലമായി ബാധിക്കും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം മാത്രമേ ഇത്തരത്തില്‍ ഉപ്പിന്റെ അളവില്‍ മാറ്റം വരുത്താന്‍ പാടുള്ളൂവെന്ന് ഡോ.ഗുപ്ത വ്യക്തമാക്കി.
ഒരാള്‍ ദിവസം 5 ഗ്രാമിലും കുറവ് ഉപ്പ് മാത്രമേ കഴിക്കാവൂ എന്നാണ് ലോകാരോഗ്യസംഘടന പോലും നിർദേശിക്കുന്നത്. ഹൃദയസംബന്ധമായ രോഗങ്ങളും മറ്റും തടയുന്നതിനാണ് ഇങ്ങനെയൊരു നിർദേശം വച്ചിരിക്കുന്നത്.
നിര്‍ജ്ജലീകരണം തടയാന്‍ ചെയ്യേണ്ട കാര്യങ്ങൾ
കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുവാന്‍ ശ്രദ്ധിക്കുക, ഇലക്ട്രോലൈറ്റുകള്‍ അധികമുള്ള ഭക്ഷണം കഴിക്കുക, പഴവർഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us