/indian-express-malayalam/media/media_files/2025/03/03/UL4ody11J8feUU3ubI2e.jpg)
Source: Freepik
Heart Attack: ഇന്ത്യയിൽ ഹൃദയാഘാതം വർധിച്ചുവരികയാണ്. പ്രായമായവരെ മാത്രമല്ല, യുവാക്കളെയും കൂടുതലായി ബാധിക്കുന്നു. ഹൃദയാഘാതം തടയാൻ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതുണ്ട്. ശരിയായ ഭക്ഷണക്രമവും ജീവിതശൈലിയിലെ മാറ്റങ്ങളും ഹൃദയാഘാതം തടയാൻ സഹായിക്കും. ഹൃദയാഘാതം തടയാൻ സഹായിക്കുന്ന 5 ജീവിതശൈലി മാറ്റങ്ങൾ ഇവയാണ്.
1. പ്രോസസ്ഡും ജങ്ക് ഫുഡുകളും ഒഴിവാക്കുക
അനാരോഗ്യകരമായ കൊഴുപ്പുകൾ, പഞ്ചസാര, പ്രിസർവേറ്റീവുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന ജങ്ക് ഫുഡുകൾ, ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകങ്ങളായ വീക്കം, ഉയർന്ന കൊളസ്ട്രോൾ എന്നിവയ്ക്ക് കാരണമാകുന്നു. ഇതിനു പകരം, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന അവശ്യ പോഷകങ്ങൾ നൽകുകയും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
2. മതിയായ ഉറക്കം
ശരീര ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഉറക്കം. ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ ഉറക്കത്തിന്റെ പ്രാധാന്യം ആരോഗ്യ വിദഗ്ധർ ഊന്നിപ്പറയാറുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദ്രോഗ സാധ്യതയ്ക്കും കാരണമാകും. ഓരോ രാത്രിയും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കും.
3. സമ്മർദവും വികാരങ്ങളും നിയന്ത്രിക്കുക
സമ്മർദം ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും രക്തസമ്മർദം വർദ്ധിപ്പിക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും. യോഗ, ധ്യാനം, മൈൻഡ്ഫുൾനെസ്സ് തുടങ്ങിയ മാർഗങ്ങളിലൂടെ സമ്മർദം നിയന്ത്രിക്കുന്നത് ഹൃദയത്തെ സംരക്ഷിക്കും. ശാരീരിക പ്രവർത്തനങ്ങളിലൂടെയോ ഹോബികളിൽ ഏർപ്പെടുന്നതിലൂടെയോ വികാരങ്ങളെ നേരിടാൻ ആരോഗ്യകരമായ വഴികൾ കണ്ടെത്തേണ്ടതും പ്രധാനമാണ്.
4. വിറ്റാമിൻ ബി 12 ന്റെ അളവ് നിരീക്ഷിക്കുക
ഹൃദയാഘാതം തടയുന്നതിനുള്ള മറ്റൊരു ഘടകം വിറ്റാമിൻ ബി 12 ന്റെ അളവ് ഒപ്റ്റിമൽ ആയി നിലനിർത്തുക എന്നതാണ്. വിറ്റാമിൻ ബി 12 ന്റെ കുറഞ്ഞ അളവ് ഹോമോസിസ്റ്റീൻ എന്ന അമിനോ ആസിഡിനെ വർധിപ്പിക്കും. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
5. ഒമേഗ-3-സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുക
ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയാരോഗ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. ഒമേഗ-3-കൾക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്നും രക്തം കട്ടപിടിക്കുന്നത് കുറയ്ക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. സാൽമൺ, ഫ്ളാക്സ് സീഡുകൾ, വാൽനട്ട് തുടങ്ങിയ ഒമേഗ-3 അടങ്ങിയ ഭക്ഷണത്തിൽ കഴിക്കുന്നത് ഹൃദയാരോഗ്യം വർധിപ്പിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.