/indian-express-malayalam/media/media_files/ueQkROeTSI50OPldOUkT.jpeg)
Source: Freepik
പ്രമേഹ ബാധിതരുടെ ജീവിതം ബുദ്ധിമുട്ടേറിയതാണ്. കൃത്യസമയത്ത് മരുന്ന് കഴിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുക, ശരിയായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക ഇവയൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ചില ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നതിന് ഇടയാക്കും. ഇവയിൽ ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളും പാനീയങ്ങളും ഉൾപ്പെടുന്നു.
ഈ ഭക്ഷണങ്ങൾ ഡയറ്റിൽനിന്നും ഒഴിവാക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. എന്നാൽ, ചിലർക്ക് ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാലും അതിന് സാധിക്കാതെ വരാം. ഭക്ഷണം മാത്രമല്ല, മറ്റ് ജീവിതശൈലി ഘടകങ്ങളും പ്രമേഹ നിയന്ത്രണത്തെ ബാധിക്കുന്നുണ്ട്. പ്രമേഹ നിയന്ത്രണത്തെ ബുദ്ധിമുട്ടിലാക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പഞ്ചസാരയ്ക്കു പകരം ശർക്കരയോ തേനോ ഉപയോഗിക്കുക
പ്രമേഹ ഭക്ഷണത്തിൽ പഞ്ചസാരയോട് നോ പറയണം. മിതമായി മാത്രം വല്ലപ്പോഴും കഴിക്കാം. എന്നാൽ, പഞ്ചസാരയ്ക്ക് പകരം ശർക്കര അല്ലെങ്കിൽ തേൻ ഉപയോഗിക്കുന്നത് സഹായിക്കില്ല. ശർക്കര, തേൻ എന്നിവയിലും പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന കാര്യം മറക്കരുത്, അവ അമിതമായി കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കും.
ധാരാളം കാർബോഹൈഡ്രേറ്റുകൾ കഴിക്കുക
ലളിതമാണെങ്കിൽപ്പോലും ധാരാളം കാർബോഹൈഡ്രേറ്റുകൾ കഴിക്കുന്നത് ഒഴിവാക്കണം. കാരണം, അവ വേഗത്തിൽ ദഹിപ്പിക്കപ്പെടുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നതിന് കാരണമാകും. സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ ദഹിപ്പിക്കാൻ കൂടുതൽ സമയമെടുക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. അതിനാൽ, ഓട്‌സ്, ക്വിനോവ അല്ലെങ്കിൽ ബ്രൗൺ റൈസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക.
ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ല
നിങ്ങൾ കഴിക്കുന്ന പ്രോട്ടീന്റെ അളവും പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. പ്രോട്ടീൻ പതുക്കെ ഗ്ലൂക്കോസായി വിഘടിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്നു. ദിവസം മുഴുവൻ എല്ലാ ഭക്ഷണത്തിലും പ്രോട്ടീൻ ഉണ്ടായിരിക്കണം.
ഭക്ഷണം ഫൈബർ ഉപയോഗിച്ച് ആരംഭിക്കരുത്
നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണം കഴിച്ചാണ് നമ്മുടെ ദിവസം തുടങ്ങുന്നത്. അതിനുപകരം സാലഡ് അല്ലെങ്കിൽ സൂപ്പ് തിരഞ്ഞെടുക്കുക. നാരുകൾ അടങ്ങിയ ഭക്ഷണത്തിനുശേഷം സാലഡോ സൂപ്പോ കഴിക്കുന്നത് പഞ്ചസാര നിയന്ത്രണത്തിലാക്കാൻ സഹായിക്കും.
ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല
ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുന്നതാണ് പ്രമേഹം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന മറ്റൊരു കാര്യം. നിങ്ങൾ എല്ലാ ഭക്ഷണ മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ടാകാം, എന്നാൽ, ശാരീരികമായി സജീവമല്ല. ഇത് ശരീരത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കും. ദിവസത്തിൽ കുറച്ചുനേരം ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ ശ്രദ്ധ വയ്ക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.